ശഅ്ബാൻ മാസത്തിലെ അനാചാരങ്ങൾ
ഉസ്മാൻ പാലക്കാഴി
2024 ഫെബ്രുവരി 24, 1445 ശഅ്ബാൻ 14

അല്ലാഹു സൃഷ്ടിച്ചിട്ടുള്ള ദിവസങ്ങളും ആഴ്ചകളും അടങ്ങിയതാണ് മാസം. അല്ലാഹുവിന്റെ അടുത്ത് മാസങ്ങൾ പന്ത്രണ്ടാണെന്ന് വിശുദ്ധ ക്വുർആൻ (9:36) പറയുന്നുണ്ട്.
ചില മാസങ്ങൾക്ക് മറ്റു മാസങ്ങളെക്കാൾ ഇസ്‌ലാം ശ്രേഷ്ഠതയും പ്രത്യേകതയും നൽകിയിട്ടുണ്ട്. അത് അങ്ങനെ തന്നെ അംഗീകരിക്കുകയാണ് സത്യവിശ്വാസികൾ ചെയ്യേണ്ടത്. ഹിജ്‌റ വർഷത്തിലെ എട്ടാമത്തെ മാസമാണ് ശഅ്ബാൻ. വർഷത്തിലൊരിക്കൽ മനുഷ്യരുടെ കർമങ്ങൾ അല്ലാഹുവിങ്കലേക്ക്ഉയർത്തപ്പെടുന്നത് ഈ മാസത്തിലാണെന്ന് നബിﷺ പറഞ്ഞതായി കാണാം. അതുകൊണ്ടുതന്നെ റമദാൻ കഴിഞ്ഞാൽ നബിﷺ ഏറ്റവും കൂടുതൽ നോമ്പനുഷ്ഠിച്ചിരുന്നത് ശഅ്ബാൻ മാസത്തിലാണ്.
ഉസാമത് ഇബ്‌നു സൈദ്(റ) പറഞ്ഞു: “ഞാൻ ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ, (റമദാൻ കഴിഞ്ഞാൽപിന്നെ) ശഅ്ബാൻ മാസത്തിൽ അങ്ങ് വ്രതമനുഷ്ഠിക്കുന്നതുപോലെ മറ്റൊരു മാസത്തിലും അത്രയും വ്രതമെടുക്കുന്നത് ഞാൻ കണ്ടിട്ടില്ലല്ലോ.’ അപ്പോൾ നബിﷺ പറഞ്ഞു: ‘റജബിനും റമദാനിനും ഇടയിൽ ആളുകൾ (പരിഗണിക്കാതെ) അശ്രദ്ധരായി വിടുന്ന ഒരു മാസമാണത്. അതാകട്ടെ അല്ലാഹുവിങ്കലേക്ക് കർമങ്ങൾ ഉയർത്തപ്പെടുന്ന ഒരു മാസമാണ്. അതുകൊണ്ട് ഞാൻ നോമ്പുകാരനായിരിക്കെ എന്റെ കർമങ്ങൾ അല്ലാഹുവിങ്കലേക്ക് ഉയർത്തപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നു’’ (നസാഈ, ശൈഖ് അൽബാനി ഹസനെന്ന് വിശേഷിപ്പിച്ച ഹദീസ്).
പ്രത്യേക പ്രാധാന്യമുള്ള രണ്ടു മാസങ്ങൾക്കിടയിൽ വരുന്ന ഒരു മാസമാണ് ശഅ്ബാൻ. അഥവാ യുദ്ധം നിഷിദ്ധമാക്കപ്പെട്ട (പവിത്ര) മാസമായ റജബിനും ക്വുർആൻ അവതരിച്ച മാസമായ റമദാനിനും ഇടയിലുള്ള മാസം. ‘ജനങ്ങൾ അതിനെക്കുറിച്ച് അശ്രദ്ധയിലാണ്’ എന്ന പരാമർശം അതാണ് സൂചിപ്പിക്കുന്നത്.
നോമ്പുകൾ നോറ്റുവീട്ടാൻ ബാക്കിയുള്ളവർ അക്കാര്യവും ഈ മാസത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. ആഇശ(റ) പറയുന്നു: “റമദാനിലെ നോമ്പ് എനിക്ക് നോറ്റുവീട്ടാൻ ബാക്കിയുള്ളത് ശഅ്ബാനിലാണ് നോറ്റുവീട്ടാൻ എനിക്ക് കഴിഞ്ഞിരുന്നത്’’ (ബുഖാരി).
രോഗം കാരണത്താലോ മറ്റോ നോമ്പനുഷ്ഠിക്കാൻ കഴിയാതിരുന്നവരും ഇക്കാര്യം ശ്രദ്ധിക്കണം. ഒരിക്കലും നോമ്പെടുത്ത് വീട്ടാൻ കഴിയാത്തവർ ഫിദ്‌യ നൽകണം. ഒരു സാധുവിന് ഒരു നേരത്തെ ഭക്ഷണമാണ് ഫിദ്‌യ നൽകേണ്ടത്.
ചിലയാളുകൾ അനുഷ്ഠിക്കുന്ന ശഅ്ബാൻ പതിനഞ്ചിന്റെ രാവിലെ ‘സ്വലാത്തുൽ അൽഫിയ’ എന്ന നമസ്‌കാരം യാതൊരു പ്രമാണവുമില്ലാത്തതാണ്, ബിദ്അത്താണ്. ശഅ്ബാൻ പതിനഞ്ചിന് ഓരോ റക്അത്തിലും 10 തവണ വീതം സൂറത്തുൽ ഇഖ്‌ലാസ് പാരായണം ചെയ്യുന്ന, നൂറു റക്അത്ത് നമസ് കാരമാണ് അത്. അതിനെക്കുറിച്ച് ഇമാം നവവി(റഹി) പറയുന്നത് അത് വെറുക്കപ്പെട്ട ബിദ്അത്താണ് എന്നാണ്.
“തീർച്ചയായും നാം അതിനെ (ക്വുർആനിനെ) ഒരു അനുഗൃഹീത രാത്രിയിൽ അവതരിപ്പിച്ചിരിക്കുന്നു. തീർച്ചയായും നാം മുന്നറിയിപ്പ് നൽകുന്നവനാകുന്നു’’ (ക്വുർആൻ 44:3).
ഇതിലെ ‘അനുഗൃഹീത രാത്രി’ കൊണ്ടുള്ള വിവക്ഷ ശഅ്ബാൻ 15 ആണെന്ന് ഒരുവിഭാഗം വാദിക്കുക യും അന്ന് അവർ പ്രത്യേകം ആരാധനകൾ നിർവഹിക്കുകയും ചെയ്തുവരുന്നുണ്ട്. യഥാർഥത്തിൽ ഇത് വിശുദ്ധ ക്വുർആനിന്റെ ഖണ്ഡിതമായ തെളിവുകൾക്ക് വിരുദ്ധമാണ്. കാരണം ക്വുർആൻ പറയുന്നത്, അതിനെ ഒരു അനുഗൃഹീത രാവിലാണ് അവതരിപ്പിച്ചിട്ടുള്ളതെന്നാണ്. പ്രസ്തുത രാവുകൊണ്ട് ഉദ്ദേശി ക്കുന്നത് ലൈലത്തുൽ ക്വദ്‌റാണെന്ന് ക്വുർആൻ തന്നെ വ്യക്തമാക്കുന്നുണ്ട്: “തീർച്ചയായും നാം ഇതിനെ (ക്വുർആനിനെ) ലൈലത്തുൽ ക്വദ്‌റിൽ (നിർണയത്തിന്റെ രാത്രിയിൽ) അവതരിപ്പിച്ചിരിക്കുന്നു’’ (97:1). പ്രമാണങ്ങൾ പഠിപ്പിക്കുന്ന ഇബാദത്തുകളെ പരിഗണിക്കാതെ, പുതുനിർമിതികളുടെ പിന്നാലെ പോകുന്നവർ ഖേദിക്കേണ്ടിവരുന്ന ഒരു ദിവസം വരാനുണ്ടെന്നു തിരിച്ചറിഞ്ഞാൽ അവർക്കു നല്ലത്.

