എന്തിനാണ് ഇടയാളന്മാർ?

ടി.കെ അശ്‌റഫ്

2024 ജൂലായ് 27, 1446 മുഹർറം 21

‘...നേരിട്ട് പടച്ചോനോട് പറഞ്ഞാൽ പോരേ, എന്തിനാണ് ഇടയാളന്മാർ’ എന്ന അദ്ദേഹത്തി‌‌െൻറ പ്രസംഗം സുന്നി വിശ്വാസധാരയെ ഇകഴ്ത്തുന്നതും പരിഹസിക്കുന്നതും സുന്നീ വിശ്വാസത്തെ വ്രണപ്പെടുത്തുന്നതുമാണ്...’

മേൽ വാചകം സുന്നി യുവജനസംഘം സംസ്ഥാന കമ്മിറ്റി 17/7/ 2024ന് മുസ്‌ലിം ലീഗ് നേതൃത്വത്തിനയച്ച കത്തിലെതാണ്!

സമസ്തയിലെ നിഷ്‌കളങ്കരായ സാധാരണക്കാർ വളരെ ഗൗരവപൂർവം ചിന്തിക്കേണ്ട ഒരു വിഷയമാണിത്. അല്ലാഹുവിനോട് നേരിട്ട് പ്രാർഥിക്കണമെന്ന കറകളഞ്ഞ തൗഹീദാണ് ലോകത്തു വന്ന മുഴുവൻ പ്രവാചകന്മാരും പ്രബോധനം ചെയ്തത്. ഒരു പ്രവാചകനും മുൻകഴിഞ്ഞ പ്രവാചകൻമാരെയോ മറ്റു മഹാന്മാരെയോ അല്ലാഹുവിലേക്കടുക്കാൻ ഇടയാളന്മാരാക്കിയിട്ടില്ല.

ക്വുർആൻ പഠിപ്പിക്കുന്ന ‘വസീല’ കൊണ്ട് ഉദ്ദേശ്യം സൽകർമങ്ങളിലൂടെ അല്ലാഹുവിലേക്കടുക്കലാണെന്നത് അഹ്‌ലുസ്സുന്നയുടെ സർവ ക്വുർആൻ വ്യാഖ്യാതാക്കളും വ്യക്തമാക്കിയ കാര്യമാണ്. അഹ്‌ലുസ്സുന്ന വൽജമാഅയുടെ പണ്ഡിതന്മാരെല്ലാം ഈ സന്ദേശം പ്രചരിപ്പിക്കാൻ അത്യധ്വാനം ചെയ്തവരുമാണ്.

അപ്പോൾ, ഇടയാളന്മാരില്ലാതെ നേരിട്ട് അല്ലാഹുവിനോട് പ്രാർഥിക്കണമെന്ന ആശയം എങ്ങനെയാണ് യഥാർഥ വിശ്വാസികളെ വ്രണപ്പെടുത്തുന്ന ആശയമായി മാറുന്നത്? എങ്ങനെയാണ് അവരെ ഇകഴ്ത്തുന്നതും പരിഹസിക്കുന്നതുമാകുന്നത്? എവിടേക്കാണ് ഈ സമുദായത്തെ ഇവർ നയിക്കുന്നത്?

ഈ കത്ത് അയക്കാനാധാരമായ സാഹചര്യം തീർത്തും വ്യത്യസ്തവുമാണ്. മുസ്‌ലിം ലീഗ് പ്രവർത്തകർ വ്യത്യസ്ത ഗ്രൂപ്പുകളായി നിൽക്കരുതെന്നും പാർട്ടിയിൽ ഒരൊറ്റ നേതാവേയുള്ളൂ എന്നും ആരും തന്നെ ഇടയാളന്മാരിലൂടെ ബന്ധപ്പെടേണ്ടതില്ലെന്നുമുള്ള സന്ദേശം പാർട്ടി സെക്രട്ടറി അണികൾക്ക് നൽകിയതി‌‌െൻറ ചുവടുപിടിച്ചാണ് ഇങ്ങനെ ഒരു പ്രസ്താവനയുമായി സുന്നി യുവജന സംഘം രംഗത്ത് വന്നിട്ടുള്ളത്!

എത്രമേൽ ബാലിശമാണ് ഇവരുടെ നിലപാട്!

അല്ലാഹുവിനോട് മാത്രമെ പ്രാർഥിക്കാവൂ എന്നതാണ് എ‌‌െൻറ നിലപാട് എന്ന് തുറന്നു പറഞ്ഞുകൊണ്ട് തന്നെയാണ് മുസ്‌ലിം ലീഗി‌‌െൻറ അമരത്തിരുന്ന മുൻകാല മുജാഹിദ് നേതാക്കളെല്ലാം കടന്നുപോയത്. അതി‌‌െൻറ പേരിൽ ആരും കൊട്ടും കുരവയുമായി രംഗത്ത് വന്നിട്ടില്ല. ഈയിടെയാണ് സമസ്തയിലെ ഒരു വിഭാഗം സ്വന്തം താൽപര്യ സംരക്ഷണത്തിനായി മുസ്‌ലിം ലീഗി‌‌െൻറ അടിത്തറയിളക്കുന്ന സമീപനങ്ങൾ ഒരു ഭാഗത്ത് സ്വീകരിക്കുകയും മറുഭാഗത്ത് അതി‌‌െൻറ സംരക്ഷകരായി രംഗത്ത് വരികയും ചെയ്യാനായി ലീഗിനുള്ളിൽ വഹാബിവൽക്കരണം നടക്കുന്നുവെന്ന ആക്ഷേപവുമായി ഇറങ്ങിപ്പുറപ്പെട്ടത്. അതിന് ലഭിക്കുന്ന ഏത് പുൽക്കൊടിയും എടുത്ത് ഉപയോഗിക്കുന്നതി‌‌െൻറ അവസാനത്തെ ഉദാഹരണമാണിത്.

പ്രവാചകൻമാരഖിലവും പ്രബോധനം ചെയ്ത ഒരാശയത്തെ മുൻനിർത്തി, അത് സുന്നികളുടെ വിശ്വാസത്തെ വ്രണപ്പെടുത്തുമെന്നൊക്കെ പറഞ്ഞു പാർട്ടി നേതൃത്വത്തെ മൂക്കുകൊണ്ട് ‘ക്ഷ’ വരപ്പിക്കാൻ ശ്രമിക്കുമ്പോൾ, ഇസ് ലാമി‌‌െൻറ കാതലായ ആദർശത്തിൽ മായം ചേർക്കാൻ ശ്രമിക്കുമ്പോൾ മൗനം പാലിക്കുന്നത് കുറ്റകരമാകും എന്നതിനാലാണ് ഇത്രയും കുറിച്ചത്. ചിലരുടെ സ്വാർഥതാൽപര്യ സംരക്ഷണം മാത്രമാണ് ഇത്തരം പ്രസ്താവനകളുടെ പിന്നിലെന്ന് തിരിച്ചറിവുള്ളവരാണ് സമുദായത്തിലുള്ളതെന്ന് അത്തരക്കാർ ഓർക്കുന്നത് നന്ന്.