അനുസരണക്കേടോ പ്രവാചകസ്നേഹം?

ബിസ്മിത എം തിരുവനന്തപുരം

2024 സെപ്തംബർ 28, 1446 റ. അവ്വൽ 25

ആഘോഷങ്ങളുടെ ലഹരി പടർന്നുകയറുകയാണിന്ന്. എന്തിനുമേതിനും ആഘോഷം! കാതടപ്പിക്കുന്ന ശബ്ദഘോഷങ്ങൾ...തെരുവീഥികളിലും അങ്ങാടികളിലും പോലും ഡാൻസ്...ഗതാഗത തടസ്സം സൃഷ്ടിച്ചുകൊണ്ടുള്ള ഘോഷയാത്രകൾ...ലഹരിയിൽ മുങ്ങിയുള്ള സന്തോഷ പ്രകടനങ്ങൾ...!

അച്ചടക്കപൂർണമായ ജീവിതം നയിക്കേണ്ടവരായ മുസ്‌ലിംകളെ ഇത്തരം രംഗങ്ങളിൽ കാണുവാൻ പാടില്ലാത്തതാണ്. എന്നാൽ എല്ലാ പേക്കൂത്തുകളിലും അവരിൽ പെട്ട യുവസമൂഹത്തിന്റെ പങ്കാളിത്തവും നാം കാണുന്നു! നബിയോടുള്ള സ്നേഹപ്രകടനത്തിന്റെ പേരിൽ നടന്നുകൊണ്ടിരിക്കുന്നതെന്താണ്? മേളക്കൊഴുപ്പിന്റെ അകമ്പടിയോടെയുള്ള റാലികൾ, ആർപ്പുവിളികൾ, വാഹനപ്പുറത്തേറിയും റോഡിലൂടെയുമുള്ള തുള്ളിച്ചാട്ടങ്ങൾ, ലജ്ജയില്ലാത്തവിധം ആൺ-പെൺ കൂടിച്ചേരലുകൾ...

ആരെയാണ് ഇവർ സ്നേഹിക്കുന്നത്? ജീവിതത്തിൽ ഒരിക്കൽപോലും തന്റെയോ മറ്റാരുടെയെങ്കിലുമോ ജന്മദിനം കൊണ്ടാടാത്ത, അതിന്റെ ഒരു സൂചനപോലും നൽകാത്ത റസൂലിനെയോ? നബിയുടെ വിടവാങ്ങലിനു മുമ്പോ അതിനു ശേഷമോ ഒരിക്കൽ പോലും അവിടുന്ന് പഠിപ്പിക്കാത്ത ഒരു കാര്യവും ജീവിതത്തിൽ കൊണ്ടുവരാതിരുന്ന, ഉത്തമസമൂഹം എന്ന് അല്ലാഹു വിഷേഷിപ്പിച്ച പ്രവാചകാനുയായികളെയോ?

തിരിച്ചറിയുക; നബിﷺയോടുള്ള സ്നേഹം ഒഴുകേണ്ടത് നബിയുടെ സുന്നത്തിനെ മുറുകെപിടിച്ചുകൊണ്ടാണ്, തെരുവുകളിൽ മുദ്രാവാക്യം മുഴക്കിക്കൊണ്ടും ഗതാഗത തടസ്സമുണ്ടാക്കി ജനങ്ങളെ വെറുപ്പിച്ചുകൊണ്ടുമല്ല. മതത്തിൽ നൂതനകാര്യങ്ങൾ ഉണ്ടാക്കിക്കൊണ്ടുമല്ല. നബിﷺ ഹജ്ജത്തുൽ വദാഇൽ പ്രസംഗിക്കവെ പറഞ്ഞു: “ഞാൻ നിങ്ങളിൽ രണ്ടു കാര്യങ്ങൾ വിട്ടേച്ചു പോകുന്നു. അത് മുറുകെപിടിക്കുന്നിടത്തോളം നിങ്ങളൊരിക്കലും വഴിപിഴക്കുകയേ ഇല്ല. അല്ലാഹുവിന്റെ കിതാബും നിങ്ങളുടെ പ്രവാചകന്റെ സുന്നത്തുമാണത്. അല്ലയോ ജനങ്ങളേ ഞാൻ നിങ്ങളോട് പറഞ്ഞത് നിങ്ങൾ കേൾക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യുക.’’

ഇർബാദ് ഇബ്നു സാരിയ(റ) പറയുന്നതായി ബൈഹക്വി ഉദ്ധരിക്കുന്നു: “ഒരിക്കൽ നബിﷺ ഞങ്ങൾക്ക് ഇമാമായി നമസ്‌കരിച്ചശേഷം ഞങ്ങൾക്ക് അഭിമുഖമായി തിരിഞ്ഞു. അങ്ങനെ വളരെ അർഥവത്തായ ഒരു ഉപദേശം ഞങ്ങൾക്ക് നൽകി. (ഞങ്ങളുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയും ഒരു ഉപദേശം ഞങ്ങൾക്ക് നൽകി). ഞങ്ങളുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയും ഹൃദയങ്ങൾ വിറക്കുകയും ചെയ്തു. അപ്പോൾ ഒരാൾ ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ, ഇതൊരു വിടവാങ്ങൽ ഉപദേശംപോലെയുണ്ടല്ലൊ, എന്താണ് അങ്ങ് ഞങ്ങളോട് കൽപിക്കുന്നത്?’ നബി ﷺ പറഞ്ഞു: ‘ഞാൻ നിങ്ങളോട് അല്ലാഹുവിനെ സൂക്ഷിക്കുവാനും (നേതൃത്വത്തെ) കേട്ട് അനുസരിക്കുവാനും ഉപദേശിക്കുന്നു; ഉണക്ക മുന്തിരിപോലുള്ള തലയുമായി ഒരു എത്യോപ്യൻ അടിമയാണ് നിങ്ങളുടെ നേതാവ് എങ്കിലും. തീർച്ചയായും എനിക്ക് ശേഷം നിങ്ങളിൽ ആർ ജീവിച്ചിരിക്കുന്നുവോ അവർക്ക് നിരവധി ഭിന്നതകൾ കാണാവുന്നതാണ്. അപ്പോൾ നിങ്ങൾ എന്റെ സുന്നത്തും സന്മാർഗികളായ ഖുലഫാഉർറാശിദീങ്ങളുടെ സുന്നത്തും പിൻപറ്റുക. അവ നിങ്ങൾ മുറുകെപിടിക്കുക. നിങ്ങളുടെ അണപ്പല്ലുകൾ കൊണ്ടതിനെ കടിച്ചുപിടിക്കുക. നൂതനമായ കാര്യങ്ങളെ നിങ്ങൾ സൂക്ഷിക്കുക. തീർച്ചയായും എല്ലാ നൂതന കാര്യങ്ങളും ബിദ്അത്ത് (അനാചാരം) ആകുന്നു. എല്ലാ ബിദ്അത്തുകളും വഴികേടുമാകുന്നു’’(അഹ്‌മദ്, അബൂദാവൂദ്, തിർമിദി, ഇബ്നുമാജ).