സാന്ത്വനം തേടുന്നവർ

ഹസനത്ത് വി.പി

2024 നവംബർ 02, 1446 റ. ആഖിർ 30

ഭക്ഷണം കഴിഞ്ഞുള്ള ചർച്ചയിൽ വിഷയം ആരോരുമില്ലാത്ത, തനിച്ചു ജീവിക്കുന്ന ആ വൃദ്ധയായ ഉമ്മയായി. അവരെ ഒന്ന് സന്ദർശിക്കണമെന്നു ഞാനും മൂത്തമ്മയും തീരുമാനിച്ചു. പിറ്റേദിവസം അവിടെ എത്താനായി തിടുക്കം. ബസ്സിറങ്ങി മെയിൻ റോട്ടിൽനിന്നും ഇടവഴിയിലൂടെ നടന്നുനീങ്ങി. ചോദിച്ചറിഞ്ഞ് വീടു കണ്ടെത്തി.

മൺചുമരുള്ള ഒരു ഒറ്റമുറി വീട്. വീടിന്റെ പിൻവാതിലിനോട് ചേർന്നുള്ള ഷീറ്റിനടിയിൽ മൂന്നു കല്ലുകൾ വച്ചുള്ള അടുപ്പ്. നടക്കാൻ പ്രയാസപ്പെടുന്ന ഉമ്മ ചോദിച്ചു:

‘നിങ്ങൾ എങ്ങോട്ട് പോകുന്ന വഴിയാ?’

‘ഞങ്ങൾ നിങ്ങളെ കാണാൻ വന്നതു തന്നെയാണ്’ എന്ന മറുപടി കേട്ടപ്പോൾ ഉമ്മയ്ക്ക് വലിയ സന്തോഷമായി.

വല്ലപ്പോഴും ആരെങ്കിലുമൊക്കെ വരുമെന്നും വല്ലതുമൊക്കെ തരുമെന്നും അതുകൊണ്ട് അങ്ങനെ കഴിഞ്ഞുകൂടുന്നുവെന്നും അവർ വിശദീകരിച്ചു. അകത്തേക്ക് കയറിച്ചെന്നപ്പോൾ കണ്ടത് കിടക്കാനുള്ള ഒരു പായയും ചുമരിൽ അങ്ങിങ്ങായി തൂക്കിയിട്ട സഞ്ചികളും.

ഇവിടെയെല്ലാം ഞങ്ങൾ ഒന്ന് തട്ടിക്കൊട്ടി അടിച്ച് വൃത്തിയാക്കിത്തരാം എന്നു പറഞ്ഞപ്പോൾ ‘നിങ്ങൾക്ക് അത് പ്രയാസമാവില്ലേ’ എന്നായിരുന്നു പ്രതികരണം. മക്കളുണ്ടാകുന്നതിനു മുമ്പേ വിവാഹമോചിതയായതാണ്. മാതാപിതാക്കളുടെ കാലശേഷം ഒറ്റക്കായി.

വീടിനു പിന്നാമ്പുറത്ത് ഒരു കോണിൽ കിടക്കുന്ന ചൂലെടുത്തു ഞാൻ അടിച്ചുവാരിത്തുടങ്ങി. ഞങ്ങളുടെ വരവിൽ അസ്വസ്ഥരായ എലികൾ തലങ്ങും വിലങ്ങും പാഞ്ഞു.

ഉമ്മയുടെ നമസ്‌കാരക്കുപ്പായവും വസ്ത്രങ്ങളും അലക്കി ഉണങ്ങാനിട്ട ശേഷം ഞങ്ങൾ പുറപ്പെടാൻ ഒരുങ്ങവെ കട്ടൻ ചായ തരാൻ അവർ മറന്നില്ല. കുറച്ചു കാശ് കൈയിൽ കൊടുത്ത് സലാം പറഞ്ഞ്, ഇടക്കൊക്കെ വരാം എന്ന വാക്കോടെ ഞങ്ങൾ മടങ്ങി.

ഒരാളുടെ പ്രയാസം നാം നീക്കിക്കൊടുത്താൽ നാളെ അല്ലാഹു നമ്മുടെ പ്രയാസവും നീക്കിത്തരും എന്ന നബിവചനം അന്നേരം മനസ്സിന് സന്തോഷമേകി.

ഒരാഴ്ച കഴിഞ്ഞപ്പോൾ ആ ഉമ്മ അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നൽകി എന്ന വാർത്തയാണ് കേൾക്കാനായത്. വല്ലാതെ വിഷമിച്ച ഒരു നിമിഷമായിരുന്നു അത്. മരണത്തിലേക്കുള്ള ഒരുക്കത്തിന് റബ്ബ് നിശ്ചയിച്ചതനുസരിച്ചാണോ അന്ന് അവരെ സന്ദർശിച്ചത് എന്ന് തോന്നിപ്പോയി.

എത്രയെത്ര ആളുകളാണ് ഇതുപോലെ മറ്റുള്ളവരുടെ സഹായവും സാന്ത്വനവാക്കുകളും ആഗ്രഹിച്ച് അത് കിട്ടാതെ ദിവസങ്ങൾ കണ്ണീരോടെ തള്ളിനീക്കുന്നത്. നാം കണ്ണു തുറന്നു നോക്കാത്തതാണ് പ്രശ്‌നം.