തെരുവിലിറക്കപ്പെടുന്ന വൃദ്ധമാതാപിതാക്കൾ
മുഹമ്മദലി ചെർപ്പുളശ്ശേരി
2024 മെയ് 18, 1445 ദുൽഖഅദ് 10

ഏക മകനും മരുമകളും ചേർന്ന് വൃദ്ധയായ അമ്മയെ പട്ടിക്കൂടിനോട് ചേർന്നു കിടക്കുന്ന മുറിയിൽ പാർപ്പിച്ചു. അടുത്ത വീട്ടിൽ പിരിവിനു വന്ന ആളുകൾ മുറിയിൽനിന്ന് ഞരങ്ങലും മൂളലും കേട്ട് ചെന്നുനോക്കിയപ്പോഴാണ് കാര്യം അറിഞ്ഞത്. അമ്മയുടെ കാൽ വീണ് ഒടിഞ്ഞിരുന്നു. കിടന്ന കിടപ്പിൽതന്നെ മലമൂത്ര വിസർജനം നടത്തുന്നു...
എട്ടു മക്കളെ പെറ്റ ഒരു മാതാവും അവരുടെ പിതാവും വയസ്സുകാലത്ത് നോക്കുവാൻ ആളില്ലാതെ പീടികത്തിണ്ണയിൽ കഴിയുന്നു! കേസായി. പൊലീസ് ഇടപെട്ടു. കോടതി എട്ടു മക്കളെയും വിളിച്ചുവരുത്തി, മാതാപിതാക്കളുടെ സംരക്ഷണമേറ്റെടുക്കാൻ കൽപിച്ചു. ആരാണ് നോക്കുക എന്നതിൽ തർക്കമായി. അവസാനം ഒരു മകൻ നോക്കാൻ തീരുമാനിച്ചു. പക്ഷേ, ആ മകന് അവരെ നോക്കാൻ മറ്റുള്ളവർ കാശ് നൽകണം!
അടുത്തകാലത്ത് പത്രങ്ങളിൽ ഇത്തരത്തിലുള്ള ധാരാളം വാർത്തകൾ വന്നിട്ടുണ്ട്. ഭാവനയല്ല; പച്ചയായ യാഥാർഥ്യങ്ങൾ. പത്രക്കാരുടെ ശ്രദ്ധയിൽ പെടാത്ത എത്രയെത്ര സംഭവങ്ങൾ ഉണ്ടാകും!
ഗർഭം ചുമന്ന് നൊന്തുപ്രസവിച്ച മാതാവ്... രാപകൽ ഭേദമില്ലാതെ മക്കൾക്കുവേണ്ടി അധ്വാനിച്ച പിതാവ്... അവർ തെരുവിലേക്ക് പാഴ്‌വസ്തുപോലെ വലിച്ചെറിയപ്പെടുന്നു. അങ്ങ് അമേരിക്കയിലോ യൂറോപ്പിലോ അല്ല, നമ്മുടെ കേരളത്തിൽതന്നെ!
ധാർമിക ബോധമില്ലാത്ത ഒരു സമൂഹം ഇവിടെ വളർന്നുവരുന്നു എന്നത് നമ്മെ ചിന്തിപ്പിക്കേണ്ടതാണ്. ബന്ധങ്ങളെ ബന്ധനങ്ങളായി കാണുന്നവർ! സമ്പത്തിനപ്പുറം ബന്ധമില്ലെന്നു കരുതുന്നവർ.! ആർത്തിയോടെ സമ്പത്തിനു പുറകെ പായുന്നവർ! ഇവർക്കെങ്ങനെ വൃദ്ധരായ മാതാപിതാക്കളെ ശുശ്രൂഷിക്കാനും അവർക്ക് സ്‌നേഹവും കാരുണ്യവും പകർന്നുകൊടുക്കാനും കഴിയും?
സത്യവിശ്വാസികൾക്കിടയിൽ ഇങ്ങനെയുള്ളവരുണ്ടാകാവതല്ല. കാരണം കടുത്ത അപരാധമായിട്ടാണ് ഇസ്‌ലാം മാതാപിതാക്കളോടുള്ള കടമകൾ നിർവഹിക്കാത്തതിനെ കാണുന്നത്. മാതാപിതാക്കൾക്കു നന്മ ചെയ്യണമെന്നു മാത്രമല്ല, അവരോടുള്ള സംസാരവും പെരുമാറ്റവുമെല്ലാം മാന്യമായ നിലയ്ക്കായിരിക്കണമെന്നും ഇസ്‌ലാം നിഷ്‌കർഷിക്കുന്നു. വിശുദ്ധ ക്വുർആൻ പറയുന്നു:

“തന്നെയല്ലാതെ നിങ്ങൾ ആരാധിക്കരുതെന്നും മാതാപിതാക്കൾക്ക് നന്മ ചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരിൽ ഒരാളോ അവരിൽ രണ്ടുപേരും തന്നെയോ നിന്റെയടുക്കൽ വെച്ച് വാർധക്യം പ്രാപിക്കുകയാണെങ്കിൽ അവരോടു നീ ‘ഛെ’ എന്നു പറയുകയോ, അവരോട് കയർക്കുകയോ ചെയ്യരുത്. അവരോടു നീ മാന്യമായ വാക്കു പറയുകയും ചെയ്യുക. കാരുണ്യത്തോടുകൂടി എളിമയുടെ ചിറക് നീ അവരിരുവർക്കും താഴ്ത്തിക്കൊടുക്കുക. എന്റെ രക്ഷിതാവേ, ചെറുപ്പത്തിൽ ഇവർ ഇരുവരും എന്നെ പോറ്റിവളർത്തിയതുപോലെ ഇവരോടു നീ കരുണ കാണിക്കേണമേ എന്നു നീ പ്രാർഥിക്കുകയും ചെയ്യുക’’ (17: 23,24).
അബൂഹുറയ്‌റ(റ)യിൽനിന്ന് നിവേദനം.നബിﷺപറഞ്ഞു: “വാർധക്യം ബാധിച്ച മാതാപിതാക്കളെയോ അവരിൽ ഒരാളെയോ ലഭിച്ചിട്ടും സ്വർഗം നേടാൻ സാധിക്കാത്തവന് നാശം! അവന് നാശം! അവന് നാശം!’’(മുസ്‌ലിം).
മാതാപിതാക്കളുടെ ചങ്ങാതിമാരെ ആദരിക്കൽ പോലും അവരോടുള്ള ആദരവാണ് എന്നാണ് പ്രവാചകാധ്യാപനം.
അബ്ദുല്ലാഹിബ്‌നു ഉമർ(റ) ഒരിക്കൽ യാത്രയിലായിരിക്കെ ഗ്രാമീണനായ ഒരു മനുഷ്യനെ കാണുന്നു. ഉടനെ അദ്ദേഹം വാഹനപ്പുറത്തിനിന്ന് താഴെയിറങ്ങി. എന്നിട്ട് ആ ഗ്രാമീണനെ വാഹനത്തിൽ കയറ്റി; കടിഞ്ഞാണും പിടിച്ച് നടന്നു. മാത്രമല്ല വിലപ്പെട്ട ഒരു വസ്ത്രം അദ്ദേഹത്തെ പുതപ്പിച്ചു.
‘അബ്ദുല്ലാ, എന്താണ് നിങ്ങൾ ഇങ്ങനെയൊക്കെ ചെയ്യാൻ കാരണം’ എന്ന് കൂടെയുള്ളവർ ചോദിച്ചു. ‘ഈ മനുഷ്യന്റെ പിതാവ് എന്റെ പിതാവിന്റെ ഏറ്റവും അടുത്ത സ്‌നേഹിതനായിരുന്നു’ എന്നാണ് ഇബ്‌നു ഉമർ(റ) പ്രതികരിച്ചത്! ‘ഒരാൾ തന്റെ പിതാവിനോടോ മാതാവിനോടോ കാണിക്കുന്ന സ്‌നേഹത്തിൽ പെട്ടതാണ് അവരുടെ സ്‌നേഹിതരോട് ബന്ധം ചേർക്കൽ’ എന്ന് നബിﷺ പറഞ്ഞതായി ഞാൻ കേട്ടിട്ടുണ്ടെന്നും ഇബ്‌നു ഉമർ(റ) കൂട്ടിച്ചേർത്തു.
ഒരു മനുഷ്യൻ പ്രവാചകസന്നിധിയിൽ വന്നുകൊണ്ട് ‘എന്റെ മെച്ചപ്പെട്ട സഹവാസത്തിന് ഏറ്റവും അർഹൻ ആരാണെ’ന്ന് ചോദിച്ചപ്പോൾ പ്രവാചകന്റെ മറുപടി ‘നിന്റെ മാതാവ്’ എന്നായിരുന്നു. മൂന്നുതവണ ആവർത്തിച്ചു ചോദിച്ചപ്പോഴും ഇതായിരുന്നു മറുപടി. നാലാം തവണ ചോദിച്ചപ്പോഴാണ് ‘നിന്റെ പിതാവ്’ എന്നു മറുപടി പറഞ്ഞത്. നൊന്തുപ്രസവിച്ചു വളർത്തിയ മാതാവിനോട് കൂടുതൽ കടപ്പാടുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു. പിതാക്കളോട് വെറുപ്പുകാണിക്കുന്നത് നന്ദികേടാണെന്നും നബിﷺ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. വാർധക്യം തന്നെയും പിടികൂടുമെന്ന ചിന്തയെങ്കിലുമുള്ളവർ വൃദ്ധരായ മാതാപിതാക്കളെ വെറുക്കില്ല, തീർച്ച.
ആദർശശത്രുവായിട്ടും മഹാനായ ഇബ്‌റാഹീം നബി(അ) പിതാവിനോട് സ്‌നേഹത്തോടെയാണ് എപ്പോഴും പെരുമാറിയിട്ടുള്ളത്. പിതാവ് ഇങ്ങോട്ട് ശത്രുത കാണിച്ചു. ‘നിന്നെ കാണുന്നത് എനിക്ക് വെറുപ്പാണെന്നും നിന്നെ ഞാൻ എറിഞ്ഞോടിക്കും, എന്റെ മുമ്പിൽനിന്ന് ഞാൻ കാണാത്ത സ്ഥലത്തേക്ക് പോകൂ’ എന്നൊക്കെ പറഞ്ഞു. പക്ഷേ, ഇബ്‌റാഹീം(അ) പ്രകോപിതനായില്ല. കയർത്തു സംസാരിച്ചില്ല.
‘മോനേ, നിന്നെ അറുക്കണം എന്നതാണ് അല്ലാഹുവിന്റെ തീരുമാനം. സ്വപ്നത്തിൽ ഞാൻ അത് കണ്ടിരിക്കുന്നു. എന്താണു മോനേ നിന്റെ അഭിപ്രായം’ എന്ന് ഇബ്‌റാഹീം(അ) മകനായ ഇസ്മാഈലി(അ)നോട് ചോദിച്ചപ്പോൾ കൽപിക്കപ്പെട്ടതുപോലെ ചെയ്യാൻ പറഞ്ഞ് അല്ലാഹുവിനെയും പിതാവിനെയും അനുസരിക്കാൻ തയ്യാറായ സംഭവത്തിൽ നമുക്ക് ഗുണപാഠമില്ലേ?
മാതാപിതാക്കൾ അന്യമതക്കാരാണെങ്കിലും ആദർശവിശുദ്ധി കാത്തുസൂക്ഷിച്ചുകൊണ്ട് അവരോടുള്ള കടമകൾ നിറവേറ്റണമെന്നും വൃദ്ധരായ മാതാപിതാക്കൾക്കു ചെയ്യുന്ന സേവനം ദൈവമാർഗത്തിലുള്ള പലായനത്തെക്കാളും ധർമസമരത്തെക്കാളും ഉത്തമമാണെന്നും അവരുടെ തൃപ്തിയിലാണ് അല്ലാഹുവിന്റെതൃപ്തിയെന്നും അവരുടെ കോപത്തിലാണ് അല്ലാഹുവിന്റെ കോപമെന്നും കാരുണ്യത്തിന്റെ മതമായ ഇസ്‌ലാം വ്യക്തമാക്കുന്നു.
സ്‌നേഹം ഉള്ളിൽ വെച്ചാൽ പോരാ. അത് പ്രകടിപ്പിക്കണം. പ്രകടിപ്പില്ലെങ്കിൽ അവർക്ക് അത് മനസ്സിലാകില്ല. മാതാപിതാക്കളെ നന്നായി സ്‌നേഹിക്കുക, പരിഗണിക്കുക. അല്ലാഹുവിന്റെ തൃപ്തി ലഭിക്കാൻ അത് അനിവാര്യമാണ്. അല്ലാഹുവിന്റെ തൃപ്തി ലഭിക്കാത്തവർക്ക് സ്വർഗം ലഭിക്കില്ല.

