‘ദൈവം എന്താ ആരെയും രക്ഷിക്കാത്തേ?’
ടി.കെ അശ്‌റഫ്
2024 ആഗസ്റ്റ് 10, 1446 സ്വഫർ 06

ദൈവം എന്താ ആരെയും രക്ഷിക്കാത്തേ?’ വയനാട് ദുരന്തത്തെക്കുറിച്ച് ഒരു മൂന്നാം ക്ലാസ്സുകാരി അവളുടെ ഡയറിയിൽ എഴുതിയ ഈ ചോദ്യം സോഷ്യൽ മീഡിയയിൽ വൈറലാണ്. ആ കുട്ടിയുടെ നിഷ്‌കളങ്കമായ ഈ ചോദ്യം വായിച്ച പലരും പലവിധത്തിൽ പ്രതികരിച്ചത് കണ്ടു.
മോളേ, നിന്റെ ചോദ്യം ഉത്തരം കണ്ടെത്തേണ്ടതു തന്നെയാണ്. ചിലരെല്ലാം നിന്റെ ഡയറിക്കുറിപ്പ് പോസ്റ്റു ചെയ്തതിന് താഴെ ദൈവത്തെ പരിഹസിക്കുന്ന കമന്റുകൾകൊണ്ട് അർമാദിക്കുന്നത് നീ കണ്ടിരുന്നോ? ദൈവത്തെക്കുറിച്ച് പലർക്കും പലവിധ ധാരണകളാണുള്ളത്. അതിനനുസരിച്ച് ദൈവ ത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളിലും പ്രതികരണങ്ങളിലും മാറ്റം വരാം. ദൈവം എന്നാൽ ഈ പ്രപഞ്ചത്തിന്റെ സ്രഷ്ടാവാണ്. അവൻ ഏകനാണ്. എല്ലാ സൃഷ്ടികൾക്കും അവന്റെ ആശ്രയം ആവശ്യമാണ്. അവന് ആരുടെയും ആശ്രയം ആവശ്യമില്ല. അവൻ ആരെയും ജനിപ്പിച്ചിട്ടില്ല. അവൻ ജനിച്ചുണ്ടായവനുമല്ല. അവനു തുല്യനായിട്ട് യാതൊരുവനുമില്ല.
മേൽ വിശദീകരണത്തിൽനിന്നുതന്നെ പലരും മനസ്സിൽ സങ്കൽപിക്കുന്ന ദൈവമല്ല സാക്ഷാൽ ദൈവം എന്ന് വ്യക്തമായില്ലേ? നാം ഈ ലോകത്തേക്ക് വരുന്നതിനു മുമ്പ് ഈ മനോഹരമായ ഭൂമിയെ വാസ യോഗ്യമാക്കിയത്, വായു, വെള്ളം, വെളിച്ചം അടക്കമുള്ള അനുഗ്രഹങ്ങളെല്ലാം സജ്ജീകരിച്ചുവെച്ചത് ആ സാക്ഷാൽ ദൈവമാണ്. കൃത്യമായി സൂര്യൻ ഉദിക്കുന്നു, അസ്തമിക്കുന്നു. മഴപെയ്യുന്നു. വെയിൽ വരുന്നു. ഇതൊന്നും നമ്മുടെ ഭരണാധികാരികളുടെ നിയന്ത്രണത്തിലല്ല നടക്കുന്നത്. ഒരു മൊട്ടുസൂചി പോലും സ്വന്തമായി ഉണ്ടാകില്ലെന്ന് നമുക്കറിയാം. അപ്പോൾ സങ്കീർണമായ പ്രപഞ്ചം താനേ ഉണ്ടായി എന്നു പറയാൻ കഴിയില്ല. അതിന്റെ പിന്നിൽ തീർച്ചയായും ഒരു സ്രഷ്ടാവുണ്ട്. അവൻ ഈ ലോകം മനു ഷ്യർക്കു വേണ്ടിയാണ് പടച്ചിട്ടുള്ളത്. മനുഷ്യരാകട്ടെ പരീക്ഷിക്കപ്പെടാനുള്ളവരാണ്.
മോളേ, മനുഷ്യൻ യാതൊരു പോറലുമേൽക്കാതെ ജീവിച്ചാലും മരിക്കും. അത് എപ്പോഴാണെന്ന് ആർക്കുമറിയില്ല. ചിലപ്പോൾ സ്വാഭാവിക മരണമായിരിക്കും. അതല്ലെങ്കിൽ അപകട മരണമാകാം. മറ്റു ദുരന്തങ്ങളിലുമാകാം. എത്ര പുരോഗതി പ്രാപിച്ചാലും നമുക്ക് മരണത്തെ തടഞ്ഞുവെക്കാനാവില്ല. നാം ഒരു പരീക്ഷാഹാളിലാണ്. സ്രഷ്ടാവിനെ മാത്രം ആരാധിച്ച്, അവന്റെ തൃപ്തി നേടുകയെന്നതാണ് ഈ പരീക്ഷയിലുള്ള വിജയം. മരണമെത്തും മുമ്പ് നാം ദൈവത്തിന്റെ തൃപ്തി നേടിയിരിക്കണം. എന്നാൽ നമുക്ക് വിഷമിക്കേണ്ടതില്ല. ഏതു സമയത്ത്, എങ്ങനെ മരിച്ചാലും സ്രഷ്ടാവിന്റെ തൃപ്തി നേടിയാണ് നാം മരിക്കുന്നതെങ്കിൽ അടുത്ത ലോകത്ത് നമുക്ക് സ്വർഗമുണ്ട്.
ഇവിടെ നാം അനുഭവിക്കുന്ന ഒരു തലവേദനക്ക് പോലും നമുക്ക് വരും ലോകത്ത് പ്രതിഫലം ലഭിക്കും. മാരകമായ അസുഖം വന്നാലോ? അതും നമ്മുടെ കൊച്ചു കൊച്ചു പാപങ്ങൾ പൊറുക്കാൻ കാരണമാകും. വൻ ദുരന്തങ്ങളിൽ പെട്ടാലോ? നാം വിശ്വാസിയാണെങ്കിൽ രക്തസാക്ഷിയുടെ പ്രതിഫലം ലഭിക്കും. ജീവിതം ഒന്നേയുള്ളൂവെന്ന് വിചാരിക്കുമ്പോഴാണ് നമുക്ക് പല ചോദ്യങ്ങളുടെ മുമ്പിലും പകച്ചു നിൽക്കേണ്ടി വരുന്നത്. ഈ ലോകം പരീക്ഷയാണെന്നും പരലോകമാണ് യഥാർഥ ജീവിതമെന്നും വിശ്വസിക്കുന്ന ഒരാൾക്ക് ഇവിടെ സംഭവിക്കുന്ന ഏതൊരു ദുരന്തത്തെയും പോസിറ്റീവായി ഉൾക്കൊ ള്ളാൻ കഴിയും.
മോളേ, നാം ഇവിടെ സുഖസുന്ദരമായി ജീവിച്ചാലും മരണം ഉറപ്പാണ്. പരലോകമുണ്ടന്നതും അതുപോലെ ഉറപ്പാണ്. സ്രഷ്ടാവിന്റെ തൃപ്തി നേടാതെയാണ് നാം മരിക്കുന്നതെങ്കിൽ പരലോക ജീവിതം ഭയാനകരമായിരിക്കും.
ഈ ലോകത്ത് മനുഷ്യന്റെ ദുർബലത തിരിച്ചറിയാൻ വേണ്ടി ദൈവം ചില പരീക്ഷണങ്ങൾ തന്നേക്കാം. പരീക്ഷിക്കപ്പെട്ടവർക്ക് അതിലൂടെ പരലോകത്ത് രക്ഷ നൽകിയേക്കാം. ദുരന്തങ്ങൾക്ക് സാക്ഷികളായവർ അക്കാരണത്താൽ ലക്ഷ്യബോധമുള്ളവരാവുകയും ഒരിക്കലും മരണമില്ലാത്ത സ്വർഗലോകം നേടിയെടുക്കയും ചെയ്യുമ്പോൾ ദൈവം അവന്റെ സൃഷ്ടികളോട് കാണിക്കുന്ന കാരുണ്യമായി നമുക്കത് ബോധ്യപ്പെടും.
മോളേ, ദൈവം കാരുണ്യവാനാണ്. എത്ര പരീക്ഷണങ്ങൾ വന്നാലും അതിനെയൊക്കെ ഞങ്ങൾ അതിജീവിക്കുമെന്നും ദൈവം പോയി പണി നോക്കട്ടെ എന്നുമൊക്കെ നിന്റെ ഡയറിക്കുറിപ്പിന് താഴെ കമന്റ് ചെയ്യുന്നവർ വാസ്തവത്തിൽ അഹങ്കാരികളും നന്ദിയില്ലാത്തവരും അവിവേകികളുമാണ്.

