ഭിന്നശേഷിക്കാരെ ചേർത്തുപിടിക്കാം
അൻവർ കണ്ണീരി, അമ്മിനിക്കാട്
2024 ഏപ്രിൽ 06, 1445 റമദാൻ 27

ഒരു നാട്ടിൽ പത്തു ഭിന്നശേഷിക്കാരുണ്ട് എന്ന് സങ്കൽപിക്കുക. അവർ പത്തുപേരും ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുന്നു എന്ന തോന്നലുപോലുമില്ലാതെ ജീവിക്കുന്നു. അവർ കുടുംബജീവിതം നയിക്കുന്നു, ജോലി ചെയ്യുന്നു, വാഹനമോടിക്കുന്നു, സാമൂഹിക വിഷയങ്ങളിൽ ഇടപെടുന്നു... ഇങ്ങനെ എല്ലാവരെയും പോലെ സാധാരണ ജീവിതം നയിക്കുന്നു. പരിമിതികൾ ഉൾക്കൊണ്ട് വീൽചെയറിലോ മറ്റു സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെയോ അവരുടെ ജീവിതം മുന്നോട്ടു പോകുന്നു. എങ്കിൽ, ആ നാട്ടിൽ ആരെങ്കിലും അപകടത്താലോ മറ്റോ ഭിന്നശേഷി വിഭാഗത്തിലേക്ക് മാറ്റിയെഴുതപ്പെട്ടാൽ; നാട്ടിലെ പത്തു ഭിന്നശേഷിക്കാർ സാധാരണപോലെ ജീവിക്കുന്നതറിയുന്ന ആ പതിനൊന്നാമന് വല്ലാത്തൊരു ആത്മവിശ്വാസമുണ്ടാകും.
ആരെങ്കിലും ജന്മനാലോ അപകടത്താലോ ഭിന്നശേഷിക്കാരനാ ണെങ്കിൽ അതിനെ അതിജീവിക്കുന്നവരെ നോക്കിയാണ് ആശ്വാസം കണ്ടെത്താൻ ശ്രമിക്കേണ്ടത്. പക്ഷേ, തളർന്നു പോയവരെ നോക്കിയാണ് പലരും നിലവിൽ താരതമ്യം ചെയ്യുന്നത്. സമൂഹം അവർക്ക് ആവശ്യമായ പരിഗണന കൊടുത്താലാണ് അവർ ഉയർന്നു വരിക. ഭരണകൂടം പോലും ഇവരുടെ കാര്യത്തിൽ വേണ്ടവിധം ഇടപെടുന്നില്ല എന്നതാണ് വസ്തുത.
സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തിലെ ആർക്കെങ്കിലുമാണ് അംഗവൈകല്യം സംഭവിക്കുന്നതെങ്കിൽ അവർക്ക് ലഭിക്കുന്ന മികച്ച ചികിത്സയും പിന്തുണയുമാണ് അവരെ മാനസികമായും ശാരീരികമായും പിടിച്ചുയർത്തുന്നത്. ഒരു പാവപ്പെട്ട വ്യക്തി സാധാരണ ജീവിതത്തിൽനിന്ന് ഒന്ന് തെന്നി വീൽചെയറിലോ കിടപ്പിലോ ആവേണ്ട സാഹചര്യം രൂപപ്പെട്ടാൽ അവർ പാടെ നിഷ്‌ക്രിയരാകുന്നു.
ചില അംഗപരിമിതർ വീൽചെയറിലിരിക്കുന്നതും എപ്പോഴെങ്കിലും ആരുടെയെങ്കിലും സഹായത്തോടെ പുറത്തു പോകുന്നതും സോഷ്യൽ മീഡിയയിലൂടെ ആഘോഷിക്കപ്പെടുന്നത് നാം കാണാറുണ്ട്. അതാണ് ഒരു ഭിന്നശേഷിക്കാരന്റെ യഥാർഥ ഉയർച്ച എന്ന് തെറ്റിദ്ധരിക്കുന്നവരുണ്ട്. അങ്ങനെയുള്ള ചിലരെ കണ്ട് ഭിന്നശേഷിക്കാരുടെ ‘ജീവിത വിജയം’ തീരുമാനിക്കരുത്. സ്ഥിരമായ ജോലിയോ വരുമാനമോ നേടി, ആരെയും അമിതമായി ആശ്രയിക്കാതെ സ്വന്തം കാലിൽ നിന്ന് ജീവിതം നയിക്കാൻ കഴിയുമ്പോൾ മാത്രമാണ് ഭിന്നശേഷിക്കാരൻ വിജയം കൈവരിക്കുന്നത്.
ഭിന്നശേഷിക്കാരുടെ പ്രയാസം കാണുമ്പോഴോ കേൾക്കുമ്പോഴോ അത് എന്റെതല്ല, എന്നെ ബാധിക്കുന്നതല്ല എന്ന ചിന്തയിൽ അവഗണിക്കുന്നുണ്ടെങ്കിൽ ഓരോ വ്യക്തിയും ഒരു കാര്യം തിരിച്ചറിയുക; വർത്തമാനകാലത്ത് അങ്ങനെയൊരവസ്ഥ ആർക്കും എപ്പോഴും വന്നെത്തിയേക്കാം.
നിങ്ങളുടെ മുന്നിൽ വീൽചെയറിൽ ഇരിക്കുന്ന രണ്ട് ഭിന്നശേഷിക്കാരുണ്ടെന്നു സങ്കൽപിക്കുക. ഒരാൾക്ക് പോളിയോ ബാധിച്ചു കാലിന് ക്ഷീണം സംഭവിച്ചു നടക്കാൻ കഴിയാത്ത സാഹചര്യവും മറ്റെയാൾക്ക് നട്ടെല്ലിന് ക്ഷതം സംഭവിച്ച് നടക്കാൻ കഴിയാത്ത സാഹചര്യവുമാണ്. പ്രഥമദൃഷ്ട്യാ രണ്ടു പേരും നടക്കാൻ കഴിയാത്തവരും വീൽചെയറിനെ അവലംബിക്കുന്നവരുമാണ്. എന്നാൽ നട്ടെല്ലിന് ക്ഷതം സംഭവിച്ചവൻ യൂറിൻ ബാഗ് സ്ഥിരമായി ഉപയോഗിക്കുന്നവനായിരിക്കും. മറ്റു പല പ്രയാസങ്ങളും വേദനകളും അയാൾ അനുഭവിക്കുന്നുണ്ടാകും. പക്ഷേ, പോളിയോ ബാധിച്ച വ്യക്തിയിൽ ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാകാനിടയില്ല. നേർക്കാഴ്ചയിൽ ഇരുവരും ഒരേപോലെയാണെങ്കിലും അനുഭവത്തിന്റെ തീക്ഷ്ണത വ്യത്യസ്തമായിരിക്കും എന്നർഥം. ഇക്കാര്യം സമൂഹം തിരിച്ചറിയേണ്ടതുണ്ട്.
ഭിന്നശേഷിക്കാരനുള്ള മികച്ച സമ്മാനം ഒരു വരുമാന മാർഗമാണ്. വീൽചെയറും മറ്റു ഉപകരണങ്ങളും സമ്മാനിക്കുന്നതു പോലെ ഏറ്റവും അത്യാവശ്യമായി സമ്മാനിക്കേണ്ടത് ഒരു ജോലിയാണ്; അവരുടെ ശാരീരിക ക്ഷമതയ്ക്കനുസരിച്ചുള്ള ജോലി. നിങ്ങളുടെ അറിവിലുള്ള ഒരു കടയിലോ മാളിലോ മറ്റോ ഒരു ഭിന്നശേഷിക്കാരനെ ജോലിക്കെടുക്കാനുള്ള ശ്രമം നടത്തുക. അത് ഒരു വ്യക്തിക്കോ സംഘടനക്കോ നിർവഹിക്കാം. ഒന്നല്ല, ഒരുപാടു പേരെ അങ്ങനെ ജീവിത സുസ്ഥിരതയിലേക്ക് കൈപിടിച്ചുയർത്താം.
ഒരു ഭിന്നശേഷിക്കാരന് സ്വന്തമായ ഒരു ജോലി നൽകുന്ന പോസിറ്റീവ് എനർജിയുടെ അളവ് വാക്കുകൾകൊണ്ട് വിവരിക്കാനാവില്ല. ഒരു ജോലിക്ക് ശ്രമിക്കുന്ന, അല്ലെങ്കിൽ ഒരു ജോലി ലഭിക്കുന്ന ഭിന്നശേഷിക്കാരൻ അവന്റെ യാത്രാ പ്രയാസങ്ങൾ പ്രകടിപ്പിക്കുമെന്നത് പ്രതീക്ഷിക്കേണ്ടതാണ്. ചിലർക്ക് യാത്രാസൗകര്യം ഉണ്ടായേക്കാം. എന്നാൽ അതില്ലാത്തവർക്ക് അവർക്കു പറ്റിയ വാഹനം ഏർപ്പെടുത്തിക്കൊടുക്കണം. അതിന് ഒരു സ്‌പോൺസറെ കണ്ടെത്താവുന്നതാണ്. ഈ സാധ്യതകളെ പരിമിതിയുടെ കൂട്ടിലിട്ട് നശിപ്പിക്കരുത്.
സ്‌കൂളുകളിലെ അധ്യാപകരും വിദ്യാർഥികളും ഒരുമിച്ച് അവരുടെ നാട്ടിലോ അറിവിലോ ഉള്ള ഭിന്നശേഷിക്കാരെ കണ്ടെത്തുക. അവരിൽ കൂടുതൽ ബുദ്ധിമുട്ടുണ്ട് അനുഭവിക്കുന്നവരെ കണ്ടെത്തി പരിചരണം ഏറ്റെടുക്കുക. അതിനു സാധ്യമല്ലെങ്കിൽ സാമൂഹ്യപ്രവർത്തകരുടെ ശ്രദ്ധയിൽ പെടുത്തുക. ഭിന്നശേഷിക്കാരെ വീട്ടിൽ ചെന്ന് ആദരിക്കുന്നത് അവർക്ക് ആത്മവിശ്വാസം പകരുമെന്നതിൽ സംശയമില്ല. താൻ അവഗണിക്ക പ്പെടുന്നവനല്ല എന്ന തോന്നൽ പകർന്നുകൊടുക്കൽ ചെറിയ കാര്യമല്ല.

