‘ഞെട്ടിത്തരിച്ച് കേരളം..!’
ടി.കെ അശ്‌റഫ്
2024 ആഗസ്റ്റ് 24, 1446 സ്വഫർ 20

പത്രങ്ങളും ചാനലുകളും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മുങ്ങിക്കുളിച്ചു നിൽക്കുകയാണ്. ഞെട്ടിത്തരിച്ച് കേരളം എന്നതാണ് പ്രധാന തലക്കെട്ട്. ഇവിടെ ഞെട്ടാനെന്തിരിക്കുന്നു? സിനിമാലോകം അത്ര സംശുദ്ധമല്ലെന്നും ലൈംഗിക അതിക്രമം അവിടെ പുതുമയുള്ളതല്ലെന്നും ആർക്കാണ് അറിഞ്ഞുകൂടാത്തത്? പല സന്ദർഭങ്ങളിലായി അവിടെ നിന്ന് പുറത്തു വന്ന വാർത്തകൾക്കും ചിലരുടെ തുറന്നുപറച്ചിലുകൾക്കും പല തവണ കേരളം സാക്ഷിയായതാണ്.
മലിനജലം കെട്ടിനിൽക്കുന്നിടത്ത് കൊതുക് മുട്ടയിടുമെന്നത് ആരെയും ഞെട്ടിക്കുന്ന വാർത്തയല്ല. ലൈംഗിക സദാചാരത്തിനും മദ്യമുക്തമായ സാമൂഹ്യനിർമിതിക്കും ഒട്ടും വിലകൽപിക്കാത്ത ഇടമാണ് സിനിമാലോകമെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് വലിയൊരു വിഭാഗം ഈ രംഗത്തേക്ക് കടന്നുചെല്ലുന്നത്.
സ്വന്തം അമ്മമാർ മുറിക്കുമുമ്പിൽ കാവൽ നിന്നുകൊണ്ട് പെൺമക്കളെ കാഴ്ചവെച്ചു കൊണ്ടാണ് അവർക്ക് സിനിമാലോകത്തേക്ക് പ്രവേശനമൊരുക്കുന്നതെന്നത് വെറും ആരോപണമാണോ? അല്ലെന്നത് ഇപ്പോൾ മാത്രം പുറത്തുവന്ന വിവരമൊന്നുമല്ല. കാപട്യത്തിന്റെ കുപ്പായം ആദ്യം അഴിച്ചു വെക്കണം. ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ വെളിച്ചത്ത് വന്ന എന്തെല്ലാം അരുതായ്മകളുണ്ടോ, അതെല്ലാം ഇവിടെ പ്രോത്സാഹിപ്പിക്കുന്നത് സിനിമ തന്നെയല്ലേ?
തുറന്ന ലൈംഗികതയാണ് പുരോഗമനത്തിന്റെ അടയാളമെന്ന് പ്രചരിപ്പിക്കുന്നത് സിനിമയല്ലേ? അവിഹിത ബന്ധത്തിന് കൺസെന്റ് മതി എന്ന് കൊട്ടിഘോഷിച്ചത് സിനിമകളല്ലേ? സ്വവർഗരതിയെ മഹത്ത്വവൽക്കരിച്ചതിലൂടെ അവാർഡ് വാങ്ങിയത് കാതൽ എന്ന സിനിമയല്ലേ? സ്ത്രീ-പുരുഷ അതിരുകൾ പ്രാകൃത മതങ്ങളുടെ ജല്പനമാണെന്ന് വരുത്തിത്തീർക്കുന്നതിൽ സിനിമകൾക്കുള്ള പങ്ക് നിഷേധിക്കാനാവുമോ?
സ്ത്രീ- പുരുഷ സുരക്ഷയ്ക്ക് രണ്ടു കൂട്ടരും ചില നിയമങ്ങൾ പാലിക്കണമെന്ന് പറയുമ്പോൾ അതിനെ പരിഹസിച്ചുകൊണ്ട് രംഗത്ത് വരുന്നവരിൽ സിനിമക്കാരുമില്ലേ? ധർമാധർധങ്ങൾക്ക് പുല്ലുവില കൽപിച്ച്, ലിബറലിസത്തിന്റെ കവാടം പുതുതലമുറക്ക് മുമ്പിൽ തുറന്നു കൊടുത്തത് സിനിമകളല്ലേ...? മദ്യത്തിനും മയക്കുമരുന്നിനും മാന്യതയുടെ പട്ടം നൽകിയ കുറ്റത്തിൽ നിന്ന് സിനിമാലോകത്തിന് കൈകഴുകാനാകുമോ? കുറ്റകൃത്യങ്ങളിലും ക്രൂരമായ കൊലപാതകങ്ങളിലും പിടിക്കപ്പെടുന്നവർ, തങ്ങൾക്ക് പ്രചോദനമായത് സിനിമയാണെന്ന് പ്രത്യേകം പേരെടുത്ത് പറഞ്ഞത് നമ്മൾ എത്രയോ കണ്ടതാണ്!
എന്റെ സിനിമ കണ്ട് കുറച്ചു കുടുംബങ്ങളെങ്കിലും വിവാഹമോചിതരായാൽ ഞാൻ ധന്യനായി എന്ന് വിളിച്ചു പറഞ്ഞ സിനിമാ സംവിധായകനെ നിങ്ങൾ മറന്നോ? സിനിമാലോകത്ത് മാത്രമല്ല; എവിടെയും ആരും പീഡിപ്പിക്കപ്പെടാൻ പാടില്ല. ലഹരിക്കും സാമ്പത്തിക തട്ടിപ്പിനും ഇരയാകാൻ പാടില്ല. അതിനായി ഇതിനെയെല്ലാം പ്രോത്സാഹിപ്പിക്കുന്ന സിനിമാ വ്യവസായത്തിന്റെ വേരിലാണ് ചികിത്സ വേണ്ടത്. എല്ലാ വൃത്തികേടും അഭിനയിച്ചു കാണിക്കുകയും സ്വന്തം ജീവിതത്തിൽ അതേ അനുഭവങ്ങൾ തിരിഞ്ഞുകൊത്തുമ്പോൾ മാത്രം എതിർപ്പുമായി രംഗത്തു വരുകയും ചെയ്യുന്നതിൽ അർഥമില്ല. ഉലക്ക വിഴുങ്ങി ചുക്കുകാപ്പി കുടിച്ചതുകൊണ്ട് കാര്യമിെല്ലന്നർഥം.

