‘ഹലോ, നിങ്ങൾ എവിടെയാ?’
മജീദ് ബസ്താക്ക് കണ്ണൂർ
2024 മെയ് 11, 1445 ദുൽഖഅദ് 03

എത്ര നേരമായി വിളിക്കുന്നു, ഫോൺ എടുക്കുന്നില്ല! ഇങ്ങോട്ട് തിരിച്ചുവിളിക്കുന്നുമില്ല. രാവിലെ പോയതാ. എന്തുപറ്റി എന്നറിയില്ല.’ ഇത്തരം പരാതികൾ പലരും പറയുന്നത് നാം കേട്ടിട്ടുണ്ടാകും.
ചിലരങ്ങനെയാണ്; രാവിലെ വീടുവിട്ടിറങ്ങിയാൽ രാത്രി തിരിച്ചുവരുന്നതുവരെ അയാൾ എവിടെയെന്നറിയില്ല. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചാൽ അവരെ കിട്ടില്ല. ഇങ്ങനെ വീട്ടുകാർക്ക് പോലും അറിയാത്ത ഒരു വ്യക്തിയായി നാം ജീവിക്കുന്നുവെങ്കിൽ ഒരു പുനഃപരിശോധന ആവശ്യമാണ്. പുറത്തു പോയാൽ വീട്ടിലെ വിശേഷങ്ങൾ അന്വേഷിക്കണം. അല്ലെങ്കിൽ ഇങ്ങോട്ട് വരുന്ന കോൾ അറ്റൻഡ് ചെയ്യണം. ഞാൻ ഇന്ന സ്ഥലത്താണുള്ളത് എന്ന് ഭാര്യയും മാതാപിതാക്കളും അറിയണം. ജോലി സ്ഥലത്താണെങ്കിലും അതിനു സമയം കണ്ടെത്തണം. ഇങ്ങനെ നാം ചെയ്താൽ വീട്ടിലെ പല അസ്വസ്ഥതകൾക്കും പരിഹാരമാകും. വാഹനാപകടങ്ങൾ പെരുകിക്കൊണ്ടിരിക്കുന്ന വർത്തമാനകാലത്ത് പുറത്തു പോയ ഭർത്താവിന്റെ/മകന്റെ/പിതാവിന്റെ വിവരം ലഭിക്കാതിരുന്നാൽ വീട്ടിലുള്ളവർ അസ്വസ്ഥരാകുന്നത് സ്വാഭാവികം. പല കുടുംബിനികളുടെയും തലവേദനയുടെയും മറ്റു പലവിധ ശാരീരിക അസ്വസ്ഥതകളുടെയും കാരണം ഭർത്താക്കന്മാരുടെ ചില അശ്രദ്ധകളും ആവശ്യത്തിനു പരിഗണന ലഭിക്കാത്തതുമാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
വേറെ ചിലരുണ്ട്, ഒരാഴ്ച അല്ലെങ്കിൽ ഒരു മാസം, ചിലപ്പോൾ ഒരു വർഷം നാട്ടിൽ ഉണ്ടാവില്ല. തിരിച്ചുവരുന്ന വിവരം വീട്ടിലറിയിക്കാതെ വീട്ടുകാരെ ‘സർപ്രൈസ്’ ആക്കാൻ വേണ്ടി രാത്രി വീട്ടിലെത്തി, കതകിനു മുട്ടി വീഡിയോ എടുത്ത് റീൽസും ഷോട്ട്‌സും ഇട്ട് ലൈക്കിന്റെ എണ്ണം കൂട്ടാൻ ശ്രമിക്കുന്നവർ. ഇത് ശരിയല്ല.
ഒരു ഹദീസ് കാണുക: ജാബിറി(റ)ൽനിന്ന് നിവേദനം “ദീർഘ യാത്ര ചെയ്തു മടങ്ങി രാത്രിയിൽ അപ്രതീക്ഷിതമായി തന്റെ വീട്ടുകാരെ മുട്ടിവിളിക്കുന്നത്’ നബിﷺവിരോധിച്ചിരിക്കുന്നു’’ (ബുഖാരി)

