എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2020 സെപ്തംബര്‍ 26 1442 സഫര്‍ 09

മുഹമ്മദ് നബി ﷺ  എന്ന മാതൃകാ ഗുരുനാഥന്‍

-അഹ്‌ലിയ യൂസുഫ്

1400 വര്‍ഷങ്ങള്‍ക്കു മുമ്പ്, ഒരു യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഒരു ഡിഗ്രിയും കരസ്ഥമാക്കിയിട്ടില്ലാത്ത, അക്ഷരജ്ഞാനം പോലുമില്ലാത്ത ഒരധ്യാപകനുണ്ടായിരുന്നു ഈ ലോകത്ത്. ലോകജനതയ്ക്കുതന്നെ മാര്‍ഗദര്‍ശിയായി പ്രപഞ്ചനാഥന്‍ നിയോഗിച്ച ഒരധ്യാപകന്‍; പ്രവാചകന്‍ മുഹമ്മദ് ﷺ .

ഏതെങ്കിലും പ്രത്യേക വിഷയത്തിലോ പ്രത്യേക ചുറ്റുപാടിലോ മാത്രം ഒതുങ്ങിയ അധ്യാപനമായിരുന്നില്ല അദ്ദേഹത്തിന്റെത്. ജാതി, മത, വര്‍ണ, വര്‍ഗ വ്യത്യാസങ്ങള്‍ നോക്കാത്ത, ഭൗതിക താല്‍പര്യങ്ങള്‍ ക്കതീതമായ അധ്യാപനം. മാനവരാശിയെ അജ്ഞതയുടെ അന്ധകാരത്തില്‍നിന്ന് അറിവിന്റെ വെളിച്ചത്തിലേക്ക് സ്‌നേഹപൂര്‍വം നയിച്ച, സല്‍സ്വഭാവത്തിന്റെ പൂര്‍ത്തീകരണം ലോകത്തിന് സമര്‍പ്പിച്ച അധ്യാപനം.

അനാഥമക്കളുടെ മുമ്പില്‍വച്ച് സ്വന്തം മക്കളെ ലാളിക്കരുതെന്ന് പഠിപ്പിച്ച കാരുണ്യത്തിന്റെ അധ്യാപകന്‍, അയല്‍വാസി പട്ടിണികിടക്കുമ്പോള്‍ വയറുനിറച്ച് ഭക്ഷണം കഴിക്കുന്നവന്‍ യഥാര്‍ഥ വിശ്വാസിയല്ല എന്നു പഠിപ്പിച്ച സ്‌നേഹ-സാഹോദര്യത്തിന്റെ അധ്യാപകന്‍, 'ജൂതനാണെങ്കിലും അയാള്‍ മനുഷ്യനല്ലേ' എന്ന ഓര്‍മപ്പെടുത്തലിലൂടെ മനുഷ്യത്വത്തിന്റെ മൂല്യം പഠിപ്പിച്ചുതന്ന അധ്യാപകന്‍.

സ്വന്തം മകള്‍ ഫാത്വിമയാണ് മോഷ്ടിച്ചെതെങ്കില്‍ പോലും മോഷ്ടാവിനുള്ള ശിക്ഷയായി അവളുടെ കരം മുറിക്കുമെന്ന് ഓര്‍മപ്പെടുത്തിയ നീതിയുടെ അധ്യാപകന്‍. പുഞ്ചിരിക്കുന്ന മുഖവുമായി തന്റെ സഹോദരനെ സമീപിക്കുന്നതുപോലും ധര്‍മമാണെന്ന് പഠിപ്പിച്ച മാതൃകാഗുരുനാഥന്‍; അതായിരുന്നു മുഹമ്മദ് നബി ﷺ .

തള്ളപ്പക്ഷിയില്‍ നിന്നും അകറ്റിയ പക്ഷിക്കുഞ്ഞിനെ തിരികെ അതിന്റെ മാതാവിലേക്ക് എത്തിച്ചുകൊടുക്കാന്‍ കല്‍പിച്ച കാരുണ്യത്തിന്റെ ഗുരുനാഥന്‍. തമാശയായി പോലും കള്ളം പറയരുതെന്ന് പഠിപ്പിച്ച സത്യത്തിന്റെ വഴികാട്ടി. അല്ലാഹുവിന്റെ ഭവനങ്ങളായ പള്ളികളില്‍ പ്രവേശിക്കുന്നതു മുതല്‍ തിരിച്ചിറങ്ങുന്നതുവരെ പാലിക്കേണ്ട അച്ചടക്ക മര്യാദകള്‍ പകര്‍ന്നുതന്ന മഹാനായ ഗുരു.

വഴിയില്‍നിന്നും ഉപദ്രവങ്ങള്‍ നീക്കുന്നത് പുണ്യമാണെന്നും നിന്റെ മനസ്സില്‍ ചൊറിച്ചിലുണ്ടാക്കുന്നതെല്ലാം പാപമാണെന്നും പഠിപ്പിച്ച മഹാന്‍. ആത്മാര്‍ഥത, ലാളിത്യം, സത്യസന്ധത, അനുകമ്പ തുടങ്ങിയ സ്വഭാവ ഗുണങ്ങള്‍ മുഹമ്മദ് നബി ﷺ  എന്ന ഗുരുനാഥന്റെ മുദ്രകളായിരുന്നു. ഒരേസമയം കുടുംബനാഥനായും സ്‌നേഹനിധിയായ പിതാവായും അനാഥകള്‍ക്ക് തണലായും രാഷ്ട്രത്തലവനായും സേനാനായകനായും മാതൃകകാണിച്ച സമാനതകളില്ലാത്ത ഗുരുനാഥന്‍.

യഥാര്‍ഥ അധ്യാപകന്‍ അറിവില്‍ വര്‍ധനവ് ആഗ്രഹിക്കുന്നവനാണ്. 'അല്ലാഹുവേ എനിക്ക് നീ അറിവു വര്‍ധിപ്പിച്ച് തരേണമേ' എന്ന് പ്രവാചകന്‍ പ്രാര്‍ഥിക്കുമായിരുന്നു. അറിവു നേടാന്‍ അനുചരന്മാരെ ഉപദേശിക്കുമായിരുന്നു.

എങ്ങനെ പ്രവാചകന്‍ ﷺ  അധ്യാപകരില്‍ ഉത്തമനായി? അവിടുന്ന് പഠിപ്പിക്കുന്ന കാര്യങ്ങള്‍ ആദ്യം സ്വന്തം ജീവിതത്തില്‍ പകര്‍ത്തി മാതൃക കാണിച്ചു, വര്‍ഗത്തിന്റെയും തൊലിയുടെ നിറത്തിന്റെയും ഇല്ലായ്മയുടെയും പേരില്‍ ഒരാളെയും തന്നില്‍നിന്ന് അകറ്റിനിര്‍ത്തിയില്ല. കേള്‍ക്കുന്നവര്‍ക്ക് മനസ്സിലാകുന്നവിധം കാര്യങ്ങള്‍ സാവകാശത്തിലും ആവര്‍ത്തിച്ചും പറഞ്ഞുകൊടുക്കും. ഉത്തമ സ്വഭാവത്തിനുടമയായ വ്യക്തിക്കുമാത്രമെ ഉത്തമനായ അധ്യാപകനാവാന്‍ കഴിയൂ. പ്രവാചകന്‍ എല്ലാവിധ ഉത്തമഗുണങ്ങളും ഒത്തിണങ്ങിയ ഗുരുനാഥനായിരുന്നു. പ്രിയ പത്‌നി ആഇശ്യ അവിടുത്തെ സ്വഭാവത്തെക്കുറിച്ച് പറഞ്ഞത്; അദ്ദേഹത്തിന്റെ സ്വഭാവം ക്വുര്‍ആനായിരുന്നു എന്നാണ്.

അവിടുന്ന് പുഞ്ചിരിച്ചിരുന്നു; എന്നാല്‍ പൊട്ടിച്ചിരിച്ചിരുന്നില്ല. ദുഃഖിച്ചിരുന്നു; എന്നാല്‍ വിലപിച്ചിരുന്നില്ല. ഔദാര്യവാനായിരുന്നു; എന്നാല്‍ അമിതവ്യയം ചെയ്തിരുന്നില്ല. കോപിക്കേണ്ട ഘട്ടത്തില്‍ കോപിച്ചിരുന്നു; എന്നാല്‍ അക്രമാസക്തനായിട്ടില്ല. ഇങ്ങനെ എണ്ണിയാല്‍ തീരാത്ത സല്‍സ്വഭാവത്തിനുടമയായിരുന്നു ആ അധ്യാപകന്‍.