എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2020 ആഗസ്ത് 22 1442 മുഹര്‍റം 03

പ്രതിജ്ഞാവാചകങ്ങള്‍ ജീവിതബന്ധിയാവട്ടെ

-മുസ്ലിം ബിന്‍ ഹൈദര്‍, തൊടികപ്പുലം

കരിപ്പൂരിലെ ആ കറുത്ത രാത്രിയെക്കുറിച്ച് ഒരുപാട് കേട്ടറിഞ്ഞു; ഒരുപാട് വായിച്ചു. അനുഭവത്തിന്റെ ഇന്നലെയില്‍നിന്നായതുകൊണ്ട് അതത്രയും കേള്‍ക്കാനോ വായിക്കാനോ പ്രയാസവുമുണ്ടായില്ല. പലതിനും ഒരേ ആശയമായിട്ടും ഒട്ടും ആവര്‍ത്തനവിരസതയുണ്ടായില്ല!

വാഴ്ത്തിപ്പറയുന്നത് കേള്‍ക്കാനൊരു സുഖമാണ്. ആ സുഖം ഒരാളൊറ്റക്ക് ആഗ്രഹിക്കുകയും ആസ്വദിക്കുകയും ചെയ്യുമ്പോള്‍ മാത്രമാണത് തന്‍പോരിമയും ലോകമാന്യതയുമായി മാറുന്നത്. മാത്രവുമല്ല അയാള്‍ക്കല്ലാതെ ലോകത്ത് മറ്റാര്‍ക്കുമത് കേള്‍ക്കാന്‍പോലും ഇഷ്ടമാവുകയുമില്ല!

എന്നാല്‍ ഒരു ദേശം, അതുള്‍ക്കൊള്ളുന്ന ജില്ല പലകുറി പലരാല്‍ വാഴ്‌ത്തെപ്പെടുന്നുവെങ്കില്‍, അഭിമാനത്തോടെ അതിനെക്കുറിച്ച് സംസാരിക്കുന്നുണ്ടെങ്കില്‍ അതില്‍ അല്‍പം കഴമ്പ് കാണാതിരിക്കില്ല.

ആ കഴമ്പിന്റെ പ്രകടമായ അടയാളമാണ് കരിപ്പൂരിലെ റണ്‍വേക്കു താഴെ മൊബൈലിന്റെ ഇത്തിരിവെട്ടത്തില്‍ ജീവനുവേണ്ടി യാചിച്ചവര്‍ക്ക് ആദ്യം തുണയായതും. അതിനാല്‍ തന്നെയാണത് ചര്‍ച്ചയായതും ലോകം അംഗീകരിച്ചതും! ഏറെ അനുകരണീയ മാതൃകയായതുകൊണ്ട് സുമനസ്സുകളുടെ ആത്മാര്‍ഥമായ പ്രാര്‍ഥനകളില്‍ ഇടംനേടിയതും.

ഒട്ടും നിനച്ചിരിക്കാത്തൊരു പ്രശ്‌നത്തില്‍ കൈമെയ് മറന്ന് ഇടപെടേണ്ടിവരുമ്പോള്‍ അപാകതകളും പ്രയാസങ്ങളും സ്വാഭാവികം. എന്നാല്‍ അതിലും വലുത് അപരന്റെ ജീവന്‍ രക്ഷിക്കലാണെന്ന് തിരിച്ചറിഞ്ഞ് അവര്‍ ഓടിയടുത്തില്ലായെങ്കില്‍ മരണസംഖ്യ രണ്ടക്കത്തില്‍ നില്‍ക്കുമായിരുന്നില്ല. പ്രഥമഘട്ടത്തിലെ ചടുലമായ നീക്കങ്ങള്‍ ഒട്ടേറെ പേര്‍ ജീവിതത്തിലേക്ക് തിരിച്ചുനടക്കാന്‍ കാരണമായന്ന് പറയുമ്പോള്‍; രക്ഷപ്പെട്ടവരുടെ വാക്കുകളാണത് സത്യപ്പെടുത്തുന്നത്.

അപകടസ്ഥലത്തേക്ക് അടുക്കാതിരിക്കാന്‍ കാരണങ്ങള്‍ പലതുണ്ടായിട്ടും ഒന്നും നോക്കാതെ 'ഒരു പ്രദേശം' ഓടിയടുക്കുകയായിരുന്നു. എല്ലാവരെയും സ്‌നേഹിക്കാനും ബഹുമാനിക്കാനും കഴിയുന്ന വിശാല മനസ്സുണ്ടെങ്കില്‍ ആര്‍ക്കും പറ്റുന്ന പണിയാണിത്. അതുകൊണ്ടാണ് കൊണ്ടോട്ടിക്കാര്‍ക്കതിന് കഴിഞ്ഞതും.

മലപ്പുറത്തിന്റെ മഹിമയില്‍ നിഷ്‌കളങ്ക സ്‌നേഹത്തിന്റെ ഒട്ടേറെ അധ്യായങ്ങള്‍ വേറെയും വായിച്ചെടുക്കാനാവും. കടലുണ്ടിപ്പുഴയുടെ ആഴിയിലേക്ക് കൂകിപ്പാഞ്ഞെത്തിയ തീവണ്ടിയിലുള്ളവര്‍ക്ക് ആദ്യം തുണയായതും പൂക്കിപ്പറമ്പില്‍ തീജ്വാലയായി മാറിയ ബസ്സിലെ വിരലിലെണ്ണാവുന്നവരെങ്കിലും രക്ഷപ്പെട്ടതും ഈ സ്‌നേഹത്തിന്റെ നിദര്‍ശനങ്ങളായിരുന്നു.

 കേരളത്തില്‍ ഏറ്റവുംകുറച്ച് വൃദ്ധസദനങ്ങളുള്ള ജില്ലയും മറ്റൊന്നല്ലെന്നുള്ളത് സ്‌നേഹത്തിന്റെയും കരുതലിന്റെയും അടയാളമല്ലാതെ മറ്റെന്താണ്?

നമ്മുടെ സിരകളിലൂടെ ഓടുന്ന രക്തമൊന്നാണ്. അതിന്റെ നിറമൊന്നാണ്. നമ്മുടെ വായു ഒന്നാണ.് വെളളം ഒന്നാണ്. നാം വസിക്കുന്ന ഭൂമി ഒന്നാണ്. നമ്മുടെ ദൈവം ഒന്നാണ്. നമുക്കിടയിലെ എല്ലാ വൈവിധ്യങ്ങളും നിലനിര്‍ത്തിക്കൊണ്ടുതന്നെ മനുഷ്യരെന്ന ചിന്തയില്‍ പരസ്പരം സ്‌നേഹവും സഹായവും നല്‍കി ജീവിക്കുന്നതിന് പിന്നെ എന്താണ് തടസ്സം?

'ഇന്ത്യ എന്റെ രാജ്യമാണ്. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്...' എന്ന് തുടങ്ങുന്ന പ്രതിജ്ഞാവാചകങ്ങള്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഒരു കടമയെന്നോണം പറഞ്ഞിട്ടുണ്ടാവാം. ജീവിതത്തില്‍ അത് സഹജീവി സ്‌നേഹത്തിലൂടെ കാണിക്കാന്‍ സാധിക്കണം. അല്ലെങ്കില്‍ അത് വെറും പാഴ്‌വാക്കുകളാണ്.