എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2020 ഡിസംബര്‍ 26 1442 ജുമാദല്‍ അവ്വല്‍ 11

മുഹമ്മദ് നബി ﷺ എന്ന അധ്യാപകന്‍

-മുഹ്‌സിന ടീച്ചര്‍ ഒതായി

1400 വര്‍ഷങ്ങള്‍ക്കു മുമ്പ്, ഒരു യൂണിവേഴ്‌സിറ്റിയില്‍നിന്നും ഒരു ഡിഗ്രിയും കരസ്ഥമാക്കിയിട്ടില്ലാത്ത, അക്ഷരജ്ഞാനം പോലുമില്ലാതിരുന്ന ഒരധ്യാപകനുണ്ടായിരുന്നു അറേബ്യയില്‍. ലോക ജനതയ്ക്കാകമാനം മാര്‍ഗദര്‍ശിയായ ഒരധ്യാപകന്‍. അത് മറ്റാരുമല്ല; മുഹമ്മദ് നബി ﷺ യാണ്. ലോകം കണ്ട ഏറ്റവും മികച്ച ഗുരുവര്യന്‍.

ജാതി, മത, വര്‍ണ, വര്‍ഗ വ്യത്യാസങ്ങള്‍ക്കതീതമായി എല്ലാവര്‍ക്കും വേണ്ടി അവിടുന്ന് ഉപദേശങ്ങള്‍ നല്‍കി; ഭൗതികമായ യാതൊരു നേട്ടവും പ്രതീക്ഷിക്കാതെ. മാനവരാശിയെ അജ്ഞതയുടെ അന്ധകാരത്തില്‍നിന്ന് അറിവിന്റെ വെളിച്ചത്തിലേക്ക് സ്‌നേഹപൂര്‍വം നയിച്ച ആ ഗുരുനാഥന്‍ ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രാധാന്യം നമ്മെ ബോധ്യപ്പെടുത്തി. സല്‍സ്വഭാവത്തിന്റെ പൂര്‍ത്തീകരണം സ്വജീവിതത്തിലൂടെ ലോകത്തിന് സമര്‍പ്പിച്ചു.

അനാഥ മക്കളുടെ മുമ്പില്‍വച്ച് സ്വന്തം മക്കളെ ലാളിക്കരുതെന്ന് പഠിപ്പിച്ച കാരുണ്യത്തിന്റെ അധ്യാപകന്‍, അയല്‍വാസി പട്ടിണികിടക്കുമ്പോള്‍ വയറുനിറച്ച് ആഹരിക്കുന്നവന്‍ നമ്മില്‍ പെട്ടവനല്ല എന്ന് മുന്നറിയിപ്പുനല്‍കിയ, 'ജൂതനാണെങ്കിലും അയാള്‍ മനുഷ്യനല്ലേ' എന്ന ഓര്‍മപ്പെടുത്തലിലൂടെ മനുഷ്യത്വത്തിന്റെ മൂല്യം പഠിപ്പിച്ചുതന്ന അധ്യാപകന്‍.

സ്വന്തം മകള്‍ ഫാത്വിമയാണ് മോഷ്ടിച്ചതെങ്കില്‍ പോലും മോഷ്ടാവിനുള്ള ശിക്ഷയായി അവളുടെ കരംഛേദിക്കുമെന്ന് ഒാര്‍മപ്പെടുത്തിയ നീതിയുടെ അധ്യാപകന്‍, പുഞ്ചിരിക്കുന്ന മുഖവുമായി തന്റെ സഹോദരനെ സമീപിക്കുന്നതുപോലും ധര്‍മമാണെന്ന് പഠിപ്പിച്ച മാതൃകാഗുരു, അതായിരുന്നു മുഹമ്മദ് നബി ﷺ .

തമാശയായി പോലും കള്ളം പറയരുതെന്ന് പഠിപ്പിച്ച സത്യത്തിന്റെ വഴികാട്ടി. അല്ലാഹുവിന്റെ ഭവനങ്ങളായ പരിശുദ്ധ പള്ളികളില്‍ പ്രവേശിക്കുന്നതു മുതല്‍ തിരിച്ചിറങ്ങുന്നതുവരെ പാലിക്കേണ്ട അച്ചടക്ക മര്യാദകള്‍ പകര്‍ന്നുതന്ന മഹാനായ ഗുരു. വഴിയില്‍നിന്നും ഉപദ്രവങ്ങള്‍ നീക്കുന്നത് പുണ്യകര്‍മമാണെന്നും മനസ്സില്‍ ചൊറിച്ചിലുണ്ടാക്കുന്നതെല്ലാം പാപമാണെന്നും പഠിപ്പിച്ച നന്മയുടെ വഴികാട്ടി.

ഒരേസമയം കുടുംബനാഥനായും സ്‌നേഹനിഥിയായ പിതാവായും അനാഥ സംരക്ഷകനായും രാഷ്ട്രത്തലവനായും സേനാനായകനായും മാതൃക കാണിച്ച സമാനതകളില്ലാത്ത ഗുരുനാഥന്‍.

യഥാര്‍ഥ അധ്യാപകന്‍ അറിവില്‍ വര്‍ധനവ് ആഗ്രഹിക്കുന്നവനാണ്. 'അല്ലാഹുവേ, എനിക്ക് നീ അറിവില്‍ വര്‍ധനവ് നല്‍കേണമേ' എന്ന് പ്രവാചകന്‍ ധാരാളമായി പ്രാര്‍ഥിക്കുകയും അതിനായി അനുചരന്മാരെ ഉപദേശിക്കുകയും ചെയ്യുമായിരുന്നു.

എന്തുകൊണ്ട് പ്രവാചകന്‍ ﷺ അധ്യാപകരില്‍ ഉന്നതനായി എന്ന ചോദ്യത്തിനുള്ള ഉത്തരം; അവിടുന്ന് പഠിപ്പിക്കുന്ന കാര്യങ്ങള്‍ ആദ്യം സ്വന്തം ജീവിതത്തില്‍ പകര്‍ത്തി മാതൃക കാണിച്ചു എന്നതാണ്. മത, വര്‍ഗ, വര്‍ണ വ്യത്യാസത്തിന്റെ പേരില്‍ ഒരാളെ പോലും അവിടുന്ന് അകറ്റിനിര്‍ത്തിയില്ല.

'താങ്കള്‍ മഹത്തായ സ്വഭാവത്തിലാകുന്നു' എന്ന് അല്ലാഹു വിശുദ്ധ ക്വുര്‍ആനിലൂടെ ആ പ്രവാചകനെ വിശേഷിപ്പിച്ചത് എത്രമാത്രം വലിയ ബഹുമതിയാണ്!

അവിടുന്ന് പുഞ്ചിരിച്ചിരുന്നു; എന്നാല്‍ പൊട്ടിച്ചിരിച്ചിരുന്നില്ല. ദുഃഖിച്ചിരുന്നു; എന്നാല്‍ വിലപിച്ചിരുന്നില്ല. ഔദാര്യവാനായിരുന്നു; എന്നാല്‍ അമിതവ്യയം ചെയ്തിരുന്നില്ല. കോപിച്ചിരുന്നു: എന്നാല്‍ അക്രമാസക്തനായിട്ടില്ല. ഇങ്ങനെ എണ്ണിയാല്‍ തീരാത്ത സല്‍സ്വഭാവത്തിനുടമയായിരുന്ന ആ അധ്യാപകനെ ഓര്‍മിക്കാതെ വിശ്വാസികള്‍ക്കെങ്ങനെ ജീവിതത്തിലെ ഓരോ നിമിഷവും തള്ളിനീക്കാനാകും?