എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2020 ജൂണ്‍ 27 1441 ദുല്‍ക്വഅദ് 06

ക്ഷമയുടെ അനിവാര്യത

-ഷെമിന്‍ അബ്ദുല്ല

ലക്കം 178ല്‍ അബ്ദുല്‍ ജബ്ബാര്‍ മദീനി എഴുതിയ ക്ഷമയെക്കുറിച്ചുള്ള ലേഖനം വായിച്ചു.  വിശദമായും വ്യക്തമായും ലളിതമായ രൂപത്തില്‍ അദ്ദേഹം വിഷയം അവതരിപ്പിച്ചിട്ടുണ്ട്.

അറിവുള്ളവരെ വിവേകമുള്ളവരാക്കുന്ന സ്വഭാവഗുണമാണ് ക്ഷമ എന്നത്. ഏതു ഘട്ടത്തിലായാലും വിശ്വാസികള്‍ ക്ഷമയുള്ളവരാകണം. അതിനാണ് അല്ലാഹു കല്‍പിക്കുന്നത്.

''സത്യവിശ്വാസികളേ, നിങ്ങള്‍ ക്ഷമിക്കുകയും ക്ഷമയില്‍ മികവ് കാണിക്കുകയും, പ്രതിരോധ സന്നദ്ധരായിരിക്കുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിച്ച് ജീവിക്കുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം'' (ക്വുര്‍ആന്‍ 3:200).

അല്ലാഹുവിന്റെ മതത്തില്‍  നിലകൊള്ളുന്ന അവസ്ഥയില്‍  മുസ്‌ലിംകളായി മരിക്കുന്നത് വരെയും സന്തോഷത്തിലും സങ്കടത്തിലും പ്രയാസത്തിലും പ്രതീക്ഷയിലും ക്ഷമ ഒഴിവാക്കാന്‍ പാടില്ലെന്നാണ് ഇതിന്റെ വിവക്ഷ. ക്ഷമിക്കാനും പരസ്പരം ക്ഷമ ഉപദേശിക്കാനും തയ്യാറായവര്‍ക്ക്  മാത്രമെ ഇഹത്തിലെ നഷ്ടത്തില്‍ നിന്നുപോലും രക്ഷ പ്രാപിക്കാനാവൂ എന്ന് ക്വുര്‍ആന്‍ അറിയിക്കുന്നു.

''പുറമെ, വിശ്വസിക്കുകയും ക്ഷമകൊണ്ടും കാരുണ്യംകൊണ്ടും പരസ്പരം ഉപദേശിക്കുകയും ചെയ്തവരുടെ കൂട്ടത്തില്‍ അവന്‍ ആയിത്തീരുകയും ചെയ്യുക'' (ക്വുര്‍ആന്‍ 90:17,18)

''സത്യവിശ്വാസികളേ, നിങ്ങള്‍ സഹനവും നമസ്‌കാരവും മുഖേന (അല്ലാഹുവിനോട്) സഹായം തേടുക. തീര്‍ച്ചയായും ക്ഷമിക്കുന്നവരോടൊപ്പമാകുന്നു അല്ലാഹു'' (2:153)

ഇതിന്റെ വിശദീകരണത്തില്‍ ഹാഫിദ് ഇബ്‌നു കഥീര്‍(റഹി) പറയുന്നു: 'ക്ഷമ മൂന്ന് വിധമാണ്. തിന്‍മകളും നിഷിദ്ധമായ കാര്യങ്ങളും ഒഴിവാക്കുന്നതിന്റെമേല്‍ ക്ഷമിക്കുക. അല്ലാഹുവിനെ അനുസരിച്ച് കര്‍മങ്ങള്‍ ചെയ്യുന്നതിന്റെമേല്‍ ക്ഷമിക്കുക. വിപത്തുകളുടെയും പരീക്ഷണങ്ങളുടെയുംമേല്‍ ക്ഷമിക്കുക എന്നിവയാണവ'' (ഇബ്‌നു കഥീര്‍ 1/224).

തിന്‍മകളും നിഷിധമായ കാര്യങ്ങളും ഒഴിവാക്കുന്നതില്‍ ക്ഷമിക്കുക എന്നാല്‍ തന്നിഷ്ടങ്ങളുടെ അടിമകളാക്കാതിരിക്കുക എന്നാണ് അര്‍ഥം. അതാണല്ലോ മതവിജ്ഞാനം നേടുന്നതിന് അധിക പേര്‍ക്കും തടസ്സമാകുന്നത്.

''പറയുക: വിശ്വസിച്ചവരായ എന്റെ ദാസന്‍മാരേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക. ഈ ഐഹികജീവിതത്തില്‍ നന്‍മ പ്രവര്‍ത്തിച്ചവര്‍ക്കാണ് സല്‍ഫലമുള്ളത്. അല്ലാഹുവിന്റെ ഭൂമിയാകട്ടെ വിശാലമാകുന്നു. ക്ഷമാശീലര്‍ക്കു തന്നെയാകുന്നു തങ്ങളുടെ പ്രതിഫലം കണക്കുനോക്കാതെ നിറവേറ്റി കൊടുക്കപ്പെടുന്നത്'' (ക്വുര്‍ആന്‍ 39:10).

ലഭിച്ച അറിവനുസരിച്ച് കര്‍മങ്ങള്‍ ചെയ്ത് ജീവിക്കുമ്പോള്‍ പലവിധ പരീക്ഷണങ്ങളും സഹിക്കേണ്ടി വരും. അവയ്ക്കുമുന്നില്‍ പതറാതെ ഉറച്ചുനില്‍ക്കണം. മാനസികവും ശാരീരികവും കുടുംബപരവും സാമൂഹികവുമായി ഏല്‍ക്കേണ്ടിവരുന്ന പരീക്ഷണങ്ങളില്‍ വലിച്ചെറിയാനുള്ളതല്ലല്ലോ ഇസ്‌ലാം നമുക്ക് നല്‍കിയ അറിവ്.