എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2020 ഏപ്രില്‍ 11 1441 ശഅബാന്‍ 18

കൊറോണ ഭീതിയെക്കാള്‍ ദാരിദ്ര്യഭയമോ?

-മുജീബ് തൊടികപ്പുലം

കടകളില്‍ സാധനങ്ങള്‍ കുറയുന്നു. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ചരക്ക് നീക്കം തടസ്സപ്പെടുന്നു.പണമുണ്ടങ്കിലും ഭക്ഷ്യവസ്തുക്കള്‍ കിട്ടാനില്ല എന്ന അവസ്ഥ വരുമോ? ആശങ്കകളാണ് എല്ലാവരിലും. ഈ അവസരത്തില്‍ വിശ്വാസികള്‍ മനസ്സിലാക്കേണ്ട ചില കാര്യങ്ങള്‍ ഉണര്‍ത്തട്ടെ.

''അല്ലാഹുവാണ് നിങ്ങളെ സൃഷ്ടിച്ചത്. എന്നിട്ടവന്‍ നിങ്ങള്‍ക്ക് ഉപജീവനവും നല്‍കി...'' (ക്വുര്‍ആന്‍ 30:40).

മനുഷ്യര്‍ക്ക് മാത്രമല്ല, എല്ലാ ജീവജാലങ്ങള്‍ക്കും അല്ലാഹുവാണ്  ഉപജീവനം നല്‍കുന്നത്: ''ഭൂമിയില്‍ യാതൊരു ജന്തുവും അതിന്റെ ഉപജീവനം അല്ലാഹു ബാധ്യത ഏറ്റതായിട്ടല്ലാതെ ഇല്ല. അവയുടെ താമസസ്ഥലവും സൂക്ഷിപ്പുസ്ഥലവും അവന്‍ അറിയുന്നു. എല്ലാം സ്പഷ്ടമായ ഒരു രേഖയിലുണ്ട്''(ക്വുര്‍ആന്‍ 11:6). ''സ്വന്തം ഉപജീവനത്തിന്റെ ചുമതല വഹിക്കാത്ത എത്രയെത്ര ജീവികളുണ്ട്! അല്ലാഹുവാണ് അവയ്ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത്. അവനാണ് എല്ലാം കേള്‍ക്കുകയും അറിയുകയും ചെയ്യുന്നവന്‍'' (ക്വുര്‍ആന്‍ 29:60).

ഉപജീവനത്തില്‍ ഓരോരുത്തര്‍ക്കും അവരുടെതായ അളവ് അല്ലാഹു നിശ്ചയിച്ചിട്ടുണ്ട്. നിശ്ചയിക്കപ്പെട്ടിട്ടുള്ള വിഭവങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടല്ലാതെ ഒരാളും മരണപ്പെടുകയില്ല. ജാബിര്‍ബിന്‍ അബ്ദുല്ല(റ)യില്‍ നിന്ന്: നബി ﷺ  പറഞ്ഞു: ''ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവെ ഭയപ്പെടുകയുക. അവനോട് നന്നായി തേടുകയും ചെയ്യുക. ഒരാത്മാവും അതിന് നിശ്ചയിച്ചിട്ടുള്ള വിഭവങ്ങള്‍ (രിസ്‌ക്വ്) പൂര്‍ത്തീകരിച്ചിട്ടല്ലാതെ മരണപ്പെടുകയില്ല, അത് പതുക്കെയാണെങ്കിലും. അതില്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക, തേട്ടം നന്നാക്കുകയും ചെയ്യുക. നിങ്ങള്‍ക്കവന്‍ അനുവദിച്ചവ സ്വീകരിക്കുകയും വിലക്കിയവ ഉപേക്ഷിക്കുകയും ചെയ്യുക'' (ഇബ്‌നുമാജ).

അല്ലാഹുവിന്റെ അതിവിശിഷ്ടമായ നാമങ്ങളില്‍ പെട്ട ഒരു നാമമാണ് 'അര്‍റസാക്വ്' (ഉപജീവനം നല്‍കുന്നവന്‍) എന്നത്: ''തീര്‍ച്ചയായും അല്ലാഹുതന്നെയാണ് ഉപജീവനം നല്‍കുന്നവനും ശക്തനും പ്രബലനും'' (ക്വുര്‍ആന്‍ 51:58).

ഉപജീവനത്തിനായി എല്ലാവരും അല്ലാഹുവിന്റെ ആശ്രയം ആവശ്യമുള്ളവരാണ്: (ക്വുര്‍ആന്‍ 35:15).

ഒരാള്‍ ഇമാം ഹസനുല്‍ ബസ്വരിയുടെ(റഹി) അടുത്ത് വന്ന് വരള്‍ച്ചയെയും ക്ഷാമത്തെയും കുറിച്ച് ആവലാതി പറഞ്ഞു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: 'നീ പാപമോചനം തേടുക. മറ്റൊരാള്‍ ദാരിദ്ര്യത്തെ കുറിച്ച് ആവലാതിപ്പെട്ടു. അവനോടും പാപമോചനം തേടാന്‍ ആവശ്യപ്പെട്ടു. മറ്റൊരാള്‍ സന്താനം ഇല്ലാത്തതിനെപറ്റി പറഞ്ഞു. അവനോടും പാപമോചനം തേടാന്‍ ആവശ്യപ്പെട്ടു. മറ്റൊരാള്‍ കൃഷി നശിച്ചതിനെപറ്റി പറഞ്ഞു. അവനോടും പാപമോചനം തേടാന്‍ ആവശ്യപ്പെട്ടു. ഈ മറുപടികളെല്ലാം കേട്ടുകൊണ്ടിരുന്ന റബീഅ് ഇബ്‌നു സ്വാബിഹ് എന്നയാള്‍ അദ്ദേഹത്തോട് ചോദിച്ചു: 'വ്യത്യസ്ത ആവശ്യങ്ങളുമായി വന്നവര്‍ക്കെല്ലാം താങ്കള്‍ പാപമോചനം തേടുക എന്ന ഒരേയൊരു മറുപടിയാണല്ലോ നല്‍കിയത്!' അപ്പോള്‍ ഹസനുല്‍ ബസ്വരിയുടെ(റഹി) പറഞ്ഞു: 'ഞാന്‍ എന്റെ വകയായി ഒന്നും പറഞ്ഞിട്ടില്ല. അല്ലാഹു സൂറതു നൂഹില്‍ പറയുന്നത് പാപമോചനം തേടുന്നവര്‍ക്ക് അല്ലാഹു അവരുടെ മനോവിഷമം അകറ്റുകയും അവര്‍ക്ക് ഉപജീവനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്നാണ്.''

ഇവിടെ പ്രത്യേകം മനസ്സിലാക്കേണ്ട ഒരു കാര്യം, പാപമോചനം തേടുന്നത് ഉപജീവനം വിശാലമായി കിട്ടുന്നതിന് വേണ്ടിയാകരുത്. അല്ലാഹുവിനോട് പാപമോചനം തേടുന്നത് പാപം പൊറുത്ത് കിട്ടുന്നതിന് വേണ്ടി മാത്രമായിരിക്കണം. അപ്പോള്‍ അല്ലാഹു പാപം പൊറുത്തുതരും. അതോടൊപ്പം അല്ലാഹു ഉപജീവനത്തില്‍ വിശാലത നല്‍കുകയും ചെയ്യും.

ഉമറുബ്‌നുല്‍ ഖത്ത്വാബില്‍(റ)നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: നബി ﷺ  അരുള്‍ ചെയ്തിരിക്കുന്നു: ''നിശ്ചയം, നിങ്ങള്‍ അല്ലാഹുവില്‍ യഥാവിധി കാര്യങ്ങള്‍ ഭരമേല്‍പിക്കുകയാണെങ്കില്‍, പക്ഷികള്‍ക്ക് ആഹാരം നല്‍കപ്പെടും പോലെ നിങ്ങള്‍ക്കും ആഹാരം നല്‍കപ്പെടും. അവ പ്രഭാതത്തില്‍ ഒട്ടിയ വയറുമായി പുറപ്പെടുന്നു. വൈകുന്നേരം നിറഞ്ഞ വയറുമായി മടങ്ങുന്നു'' (തിര്‍മിദി)

അല്ലാഹുവില്‍ ഭരമേല്‍പിക്കുകയെന്നത് ഒരു ജോലിയും ചെയ്യാതെ ചടഞ്ഞിരിക്കുന്നതിന്റെ പേരല്ലെന്ന് ഈ നബിവചനം മനസ്സിലാക്കിത്തരുന്നു.