എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2020 മെയ് 09 1441 റമദാന്‍ 16

മനുഷ്യാവകാശത്തിന്റെ അമേരിക്കന്‍ മാതൃക!

-ഹിലാല്‍ സി.പി

കൊവിഡ് പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിക്കാന്‍ വേണ്ടി വീടുകളില്‍ നിര്‍ബന്ധിതമായി തളച്ചിടപ്പെട്ടവരാണ് നമ്മള്‍. ഈ ഐസൊലേഷന്‍ നമ്മുടെ നന്മയ്ക്കും സമൂഹത്തിന്റെ ഒന്നടങ്കമുള്ള അതിജീവനത്തിനും വേണ്ടിയാണ്, സംശയമില്ല. എന്നാല്‍ ഇപ്പോള്‍ ഏറ്റവുമധികം പേര്‍ ദിനംപ്രതി രോഗം ബാധിച്ച് മരണപ്പെട്ടുകൊണ്ടിരിക്കുന്ന അമേരിക്കയിലെ നഗരങ്ങളില്‍ കാണുന്നത് ചില വൈകൃതങ്ങളാണ്. തങ്ങള്‍ക്ക് വീട്ടിനുള്ളില്‍ സ്വയം തളച്ചിടാന്‍ സാധ്യമല്ലെന്നും അത് തങ്ങളുടെ മനുഷ്യാവകാശത്തിന് മേലുള്ള കടന്നുകയറ്റമാണെന്നുമുള്ള വൈരുധ്യാത്മക വാദമാണ് അവര്‍ ഉന്നയിക്കുന്നത്. പോരാതെ, ഒട്ടനവധി കൊവിഡ് മരണങ്ങളുള്ള സ്‌റ്റേറ്റിലടക്കം ജനങ്ങള്‍ മാസ്‌കില്ലാതെ കൂട്ടത്തോടെ തെരുവിലിറങ്ങി 'സ്വാതന്ത്യ'ത്തിനായി മുറവിളികൂട്ടുന്നു!

പാശ്ചാത്യരെ സംബന്ധിച്ച് ഭരണകൂടത്തിന് ഒരു ലക്ഷ്മണരേഖയ്ക്കപ്പുറം തങ്ങളുടെ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാന്‍ അധികാരമില്ല. 'ലിബര്‍ട്ടി'ക്ക് വേണ്ടിയാണ് കോവിഡ് കാലത്തും അവര്‍ തെരുവിലിറങ്ങിയത്. അതാവട്ടെ, അരുതുകളില്ലാത്ത സ്വാതന്ത്ര്യമാണ് താനും. 'സ്വന്തം ജീവനെക്കാള്‍ അവര്‍ സ്വന്തം സ്വാതന്ത്ര്യത്തിന് വിലകല്‍പിക്കുന്നു' എന്ന വായന ശരിയല്ല. കാരണം ഈ രോഗം വളരെ വേഗത്തില്‍ പടരുന്ന ഒന്നാണ്. നിയമങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങുന്നവര്‍ മറ്റുള്ളവര്‍ക്ക് കൂടിയാണ് വിന വരുത്തിവെക്കുന്നത്. ഇത്തരം അള്‍ട്രാ ലിബറല്‍ വാദഗതിയൊന്നും ഇല്ലാത്ത, ജീവനില്‍ കൊതിയുള്ള മറ്റുള്ളവരുടെ മനുഷ്യാവകാശത്തിനുമേല്‍ കത്തിവെക്കുന്ന ഏര്‍പ്പാടായി അത് മാറുകയാണ്.

സമൂഹധാര്‍മികത പ്രഘോഷിച്ച സ്വതന്ത്രചിന്തയുടെ കേരളത്തിലെ ലോക്കല്‍ ബിസിനസ്സ്‌കാര്‍ക്കും ഇക്കാര്യത്തില്‍ 'ബല്യപിടി'യില്ല. ഒരാളുടെ മനുഷ്യാവകാശ പ്രകടനം ഇവിടെ മറ്റൊരാളുടെ മനുഷ്യാവകാശ ധ്വംസനമാകുന്നു എന്നതാണ് ഇവരെ കുഴപ്പിക്കുന്നത്. എന്തായാലും ഇക്കാര്യത്തില്‍ വല്ലാതെ കാടുകയറി നിങ്ങളുടെ സ്വതന്ത്രചിന്തയുമായി വരേണ്ട, ലോക്ക്ഡൗണ്‍ ലംഘിക്കാന്‍ പ്രേരിപ്പിച്ചു എന്ന് പറഞ്ഞ് നാടന്‍ പോലീസ് പടിക്കലെത്തും.

എന്നാല്‍ ഇതൊക്കെക്കണ്ട് മനുഷ്യാവകാശത്തിന് വേണ്ടി വല്ലാണ്ട് വാദിക്കുന്നവരാണ് സ്വതന്ത്രചിന്തകര്‍ എന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ആറു മാസം മുമ്പ് സ്ലോവാക്യയില്‍ ഇസ്‌ലാം മതത്തെ നിരോധിച്ചു എന്നുള്ള ഒരു വാര്‍ത്തയില്‍ നാസ്തിക ഗ്രൂപ്പില്‍ ഇന്നലെ വലിയ ചര്‍ച്ച നടക്കുകയാണ്. ഒരു മസ്ജിദ് പോലും കെട്ടിയുയര്‍ത്താന്‍ സ്ലോവാക്യന്‍ സര്‍ക്കാര്‍ സമ്മതിക്കാത്തത് കാട്ടി അവരുടെ നല്ല മനസ്സിന് ബിഗ്‌സല്യൂട്ട് കൊടുക്കുകയാണ് ഇവന്മാര്‍. ഇതെങ്ങാനും വല്ല സൗദിയിലോ മറ്റോ മറ്റേതെങ്കിലും മതത്തിനെതിരെ ആയിരുന്നെങ്കില്‍ ഇതേ ചര്‍ച്ചയുടെ ഗതി 'യു ടേണ്‍' എടുത്തേനെ. സ്ലോവാക്യന്‍ മാധ്യമങ്ങള്‍ ഈ നടപടിക്ക് എതിരാണ് എന്നും കാണാം.

ചുരുക്കത്തില്‍, ഇസ്‌ലാമോഫോബിയയുടെ കാലത്ത് ഇസ്‌ലാമിനെ തെറിപറയുക, ലോക്ക് ഡൗണ്‍ കാലത്ത് പ്രത്യേകതരം മനുഷ്യാവകാശം വിളമ്പുക തുടങ്ങിയവയാണ് ഇവരുടെ പ്രധാന പണികള്‍. അമേരിക്കയിലെ അള്‍ട്രാലിബറലുകളെ പിന്തുണക്കുകയും ഇസ്‌ലാമിന്റെ കാര്യമെത്തുമ്പോള്‍ ഇതേ മനുഷ്യാവകാശം സെലക്ടീവ് ആവുകയും ചെയ്യുന്ന സുന്ദര കാഴ്ചയാണ് കോവിഡ് കാലത്തും നമുക്ക് കാണാന്‍ കഴിയുന്നത്.