എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2020 നവംബര്‍ 14 1442 റബിഉല്‍ അവ്വല്‍ 27

ഇസ്‌ലാമോഫോബിയയുടെ പുതിയ വേര്‍ഷനുകള്‍

-അബ്ദുല്‍ ഗഫൂര്‍, പൂങ്ങാടന്‍  ജിദ്ദ

ഇസ്‌ലാം എന്ന ദൈവികമതം തുടക്കം മുതല്‍ തന്നെ ശത്രുക്കളാല്‍ നിരന്തരം ഭത്സിക്കപ്പെട്ടിരുന്നുവെന്നത് ചരിത്രം. വര്‍ത്തമാനകാലത്ത് അത്തരം ഗൂഢതന്ത്രങ്ങള്‍ അഭംഗുരം തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഫ്രാന്‍സിലെ കാര്‍ട്ടൂണും മുംബൈയിലെ വീട് വാടകക്കുവേണ്ടിയുള്ള കുപ്രസിദ്ധ പരസ്യവും പുതിയ സംഭവ വികാസങ്ങളില്‍ ചിലതാണ്.

സമുദായത്തെ നിരന്തരം പ്രകോപിക്കുക, അത്തരം പ്രകോപനങ്ങളുടെ ചൂണ്ടയില്‍ കൊത്തുന്നവരെ ഉപയോഗിച്ച് ഇവരെല്ലാം വളരെ മോശം ആളുകളാണെന്ന് വരുത്തിത്തീര്‍ക്കുക. ഇതാണ് ഇവര്‍ പയറ്റുന്ന കുതന്ത്രം.

ഇസ്‌ലാം സകല ചൂഷണങ്ങള്‍ക്കും എതിരായി നിലകൊള്ളുന്ന ഒരാദര്‍ശമാണ്. പലിശയും മദ്യവും വ്യഭിചാരവും അടക്കമുള്ള എല്ലാതരം ചൂഷണങ്ങളെയും അധര്‍മങ്ങളെയും ആഭാസങ്ങളെയും ഇസ്‌ലാം ശക്തമായി എതിര്‍ക്കുന്നു. അതിനാല്‍ത്തന്നെ ഇസ്‌ലാം നിരന്തരം വിമര്‍ശിക്കപ്പെടുകയും എതിര്‍ക്കപ്പെടുകയും ചെയ്യുന്നുവെന്നതാണ് വസ്തുത.

മുസ്‌ലിം നാമധാരികള്‍ ചെയ്യുന്ന തെറ്റുകളുടെ ഉത്തരവാദിത്തം ഇസ്‌ലാമിന്റെ പറ്റില്‍ എഴുതിവെക്കുന്നുവെന്നതാണ് നാം വര്‍ത്തമാന ലോകത്ത് കണ്ടുകൊണ്ടിരിക്കുന്നത്. മറ്റൊരു മതക്കാരന്‍ ചെയ്യുന്ന തെറ്റുകളെ അയാളുടെ മതത്തിന്റെ പേരില്‍ ആരും വരവുവെക്കുന്നതായി നാം കാണുന്നില്ല. ഇത് നമ്മുടെ നാട്ടിലും ലോകത്താകമാനവും നാം കണ്ടുകൊണ്ടിരിക്കുന്ന ഒരു ദുഷ്പ്രവണതയാണ്.

ഇസ്‌ലാം ഒരുവിധ തീവ്രവാദത്തെയും അംഗീകരിക്കുന്നില്ല, പ്രോത്സാഹിപ്പിക്കുന്നുമില്ല. ആരാധനയില്‍ പോലും തീവ്രത അരുതെന്നാണ് പ്രമാണങ്ങള്‍ പഠിപ്പിക്കുന്നത്. തീവ്രനിലപാടുകാരെ സമുദായനേതൃത്വം തള്ളിപ്പറഞ്ഞിട്ടേയുള്ളൂ. എത്രയോ സംഭവങ്ങള്‍ നമുക്ക് ഉദാഹരണമായി എടുത്തു പറയാന്‍ കഴിയും.

ഇസ്‌ലാം സമാധാനം പ്രസരിപ്പിക്കുന്ന മതമാണ്. ശാന്തവും സമാധാനപൂര്‍ണവുമായ ജീവിതാവകാശത്തിന്റെ മൗലികതയിലേക്കാണ് ഇസ്‌ലാം വിരല്‍ചൂണ്ടുന്നത്. ജീവിക്കാന്‍ അര്‍ഹതയുള്ള ഒരു ജീവിയുടെയും ജീവന്‍ അപഹരിക്കാനോ അപകടപ്പെടുത്താനോ പാടില്ലെന്ന് ഇസ്‌ലാം നിഷ്‌കര്‍ശിക്കുന്നു. അതുകൊണ്ടാണ് ശിക്ഷാ നിയമങ്ങളില്‍ കൊലപാതകത്തിന് കടുത്ത ശിക്ഷ നിശ്ചയിച്ചിരിക്കുന്നതെന്ന് നാം തിരിച്ചറിയണം.

ക്വുര്‍ആന്‍ ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ കല്‍പിക്കുന്നില്ല. എന്നിട്ടും ലോകത്തെവിടെയെങ്കിലും തീവ്രവാദികളാല്‍ നിരപരാധികള്‍ കൊല്ലപ്പെട്ടാല്‍ അത് ക്വുര്‍ആനില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു ചെയ്യുന്നതാണ് എന്ന് ചില സ്ഥാപിത താല്‍പര്യക്കാര്‍ ആക്രോശിക്കാറുണ്ട്.

എന്നാല്‍ ക്വുര്‍ആന്‍ പറയുന്നത് കാണുക: ''മറ്റൊരാളെ കൊന്നതിന് പകരമായോ, ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍, അത് മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന് തുല്യമാകുന്നു. ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍, അത് മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന് തുല്യമാകുന്നു'' (3:32). ''

ഒരു തരത്തിലുള്ള അവകാശ ലംഘനവും മതം അനുവദിക്കുന്നില്ല. ഭീകരത പ്രത്യക്ഷപ്പെടുന്നത് ആരില്‍ നിന്ന് എന്നതിനെ ആശ്രയിച്ചല്ല ഇസ്‌ലാം നിലപാടുകള്‍ നിര്‍ണയിച്ചിട്ടുള്ളത്. സമൂഹത്തില്‍ അസമാധാനവും അസ്വസ്ഥതകളും അരക്ഷിതാവസ്ഥയും ഇളക്കിവിടുന്ന പ്രവര്‍ത്തനം ആരില്‍നിന്നായാലും ഇസ്‌ലാം അംഗീകരിക്കുന്നില്ല. എല്ലാവിധ ഭീകരതകളെയും തീവ്രവാദത്തെയും അത് നിരാകരിക്കുകയാണ് ചെയ്യുന്നത്; വ്യക്തികളായാലും സംഘങ്ങളായാലും ശരി.

തീവ്രവാദത്തിന്റെയും ഭീകരതയുടെയും സീലടിച്ച് മുസ്‌ലിംസമുദായത്തെയും ഇസ്‌ലാമിനെയും ഇകഴ്ത്താനും നശിപ്പിക്കാനും ശ്രമിക്കുന്നത് വാസ്തവത്തില്‍ ഭീകരതയുടെ മറ്റൊരു വേര്‍ഷനാണ്.

ജിവിതവും മരണവും യാദൃച്ഛികമല്ലെന്നും മനുഷ്യന്റെ കര്‍മങ്ങള്‍ ഒരിക്കല്‍ വിചാരണ ചെയ്യപ്പെടുമെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. ജീവിതവും മരണവും യാഥാര്‍ഥ്യമാണെന്നതു പോലെ പരലോകവും സത്യമത്രെ. ആണായാലും പെണ്ണായാലും, ധനികനായാലും ദരിദ്രനായാലും, രാജാവായാലും പ്രജയായാലും സ്വന്തം കര്‍മങ്ങള്‍ കൊണ്ടേ അവിടെ രക്ഷ ലഭിക്കുകയുള്ളൂ.