എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2020 സെപ്തംബര്‍ 12 1442 മുഹര്‍റം 24

ദുരന്തങ്ങള്‍ നമ്മോട് പറയുന്നത്

-സ്വാദിക്വ് അലി. പി, ജാമിഅ അല്‍ഹിന്ദ്

ഇക്കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനാപകടമുണ്ടായപ്പോള്‍ നടന്ന രക്ഷാപ്രവര്‍ത്തനം പകര്‍ന്നുനല്‍കുന്ന പാഠം ചെറുതല്ല. ആളുകള്‍ നിമിഷനേരം കൊണ്ട് തടിച്ചുകൂടി. കോവിഡിന്റെ എല്ലാ പ്രതികൂലതകളെയും അവഗണിച്ചുകൊണ്ട് ജീവന്‍ രക്ഷിക്കുവാനുള്ള അവരുടെ ശ്രമത്തെ എങ്ങനെ ശ്ലാഘിച്ചാലും മതിയാകില്ല. മനുഷ്യത്വം എന്ന ഉദാത്തഗുണത്തിന്റെ പ്രാവര്‍ത്തിക രൂപമാണ് നമുക്കവിടെ ദര്‍ശിക്കാന്‍ സാധിച്ചത്. ആയിരങ്ങളാണ് അങ്ങോട്ട് ഒഴുകിയെത്തിയത്. അവരാരും കാഴ്ചക്കാരായി നോക്കിനില്‍ക്കാനും മൊബൈലില്‍ രംഗം പകര്‍ത്താനുമല്ല പാഞ്ഞെത്തിയത്; ഇന്ന് പലപ്പോഴും അതാണല്ലോ സംഭവിക്കാറുള്ളത്. അവരുടെ പരിശ്രമങ്ങള്‍ വളരെ ഫലവത്താവുകയും ചെയ്തു.  

ജാതിയും മതവും നോക്കാതെ, മനുഷ്യര്‍ എന്ന പരിഗണന മാത്രം നല്‍കി അവര്‍ പേമാരി കുത്തി ച്ചൊരിയുന്ന ആ രാത്രിയില്‍ അപകടത്തില്‍ പെട്ടവര്‍ക്കുവേണ്ടി പണിയെടുത്തു! ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞാല്‍ അത്രയും ആയി എന്ന മട്ടില്‍ അവര്‍ അവിശ്രമം കര്‍മനിരതരായി. ഔദ്യോഗിക രക്ഷാദൗത്യസേന പ്രവര്‍ത്തനസജ്ജമാകും മുമ്പ് നാട്ടുകാരുടെ ഈ അനൗദ്യോഗിക രക്ഷാപ്രവര്‍ത്തനം നടന്നത് തെല്ലൊന്നുമല്ല ആശ്വാസം പകര്‍ന്നത്.  

മനുഷ്യത്വത്തിന്റെ ഈ കേരള മാതൃക എന്നും ലോകം ഓര്‍ക്കും. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിലും ഈ മനുഷ്യത്വത്തിന്റെ ബഹിര്‍സ്ഫുരണം നാം കണ്ടതാണ്.

മനുഷ്യന്‍ അല്ലാഹു ആദരിച്ച ഒരു സൃഷ്ടിയാണ്. അല്ലാഹു പറയുന്നു: ''തീര്‍ച്ചയായും ആദം സന്തതികളെ നാം ആദരിക്കുകയും, കടലിലും കരയിലും അവരെ നാം വാഹനത്തില്‍ കയറ്റുകയും, വിശിഷ്ടമായ വസ്തുക്കളില്‍നിന്ന് നാം അവര്‍ക്ക് ഉപജീവനംനല്‍കുകയും, നാം സൃഷ്ടിച്ചിട്ടുള്ളവരില്‍ മിക്കവരെക്കാളും അവര്‍ക്ക് നാം സവിശേഷമായ ശ്രേഷ്ഠത നല്‍കുകയും ചെയ്തിരിക്കുന്നു'' (ക്വുര്‍ആന്‍ 17:70).

എങ്കില്‍ മനുഷ്യര്‍ പരസ്പരം ആദരിക്കുകയും സ്‌നേഹിക്കുകയും ചെയ്യേണ്ടതല്ലേ? ഈ ആദരവ് എവിടെ നഷ്ടപ്പെടുന്നുവോ അവിടെനിന്നു തുടങ്ങുന്നു സമൂഹത്തിന്റെ നാശം. ലോകത്ത് അടിമ സമ്പ്രദായവും കൊളോണിയല്‍ സമ്പ്രദായവും സ്വേച്ഛാധിപത്യവും സമ്മാനിച്ചത് മനുഷ്യര്‍ക്കിടയില്‍ വിഭജനം സൃഷ്ടിക്കുകയും അടിച്ചമര്‍ത്തുകയും മാനുഷികമൂല്യങ്ങളെ ചവിട്ടിമെതിക്കുകയും മനുഷ്യരെ നിന്ദിക്കുകയും ചെയ്തു എന്നുള്ളതാണ്.

കാലപ്രവാഹത്തില്‍ ഇത്തരം ജീര്‍ണതകള്‍ ഒരുപരിധിവരെയെങ്കിലും ഒലിച്ചുപോയി. മാനുഷിക മൂല്യങ്ങള്‍ സംരക്ഷിക്കുന്ന നിയമങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. മനുഷ്യാവകാശ സംഘടനകള്‍ ഇന്ന് എല്ലാ രാജ്യങ്ങളിലുമുണ്ട്. ആഗോളതലത്തിലും പ്രവര്‍ത്തിക്കുന്നുണ്ട്.

പറഞ്ഞുവന്നത് കേരളത്തിലെ ജനങ്ങളുടെ മനുഷ്യസ്‌നേഹത്തെ കുറിച്ചാണ്. ദുരന്തമുഖത്ത് എല്ലാ അഭിപ്രായവ്യത്യാസങ്ങളും വിഭാഗീയതയും മറന്ന് പ്രവര്‍ത്തിക്കുന്ന മലയാളികള്‍ക്കിടയില്‍ ഇടയ്ക്കിടെ രാഷ്ട്രീയ പകപോക്കലുകള്‍ നടക്കുന്നത് എന്തുകൊണ്ടാണ്?  മനുഷ്യരെ വളഞ്ഞിട്ട് അടിച്ചുവീഴ്ത്തി കൊത്തിനുറുക്കാനുള്ള ധൈര്യവും പ്രചോദനവും എവിടെനിന്നാണിവര്‍ക്ക് ലഭിക്കുന്നത്? ആരാണ് ഇവര്‍ക്ക് പിന്‍ബലം നല്‍കുന്നത്? ദുരന്തമുഖങ്ങളില്‍ സ്വജീവന്‍ പോലും അപകടത്തിലാകുമെന്നറിഞ്ഞുകൊണ്ട് മറ്റുള്ളവരെ രക്ഷിക്കാനിറങ്ങുന്ന മലയാളികള്‍ക്ക് ഒരു സഹോദരെ വടിവാളുകൊണ്ട് അരിഞ്ഞുവീഴ്ത്താന്‍ കഴിയുന്നതെങ്ങനെയാണ്?

ആവര്‍ത്തിക്കരുത് ഇത്തരം മനുഷ്യക്കുരുതികള്‍. അത് പ്രബുദ്ധകേരളത്തിന് അപമാനമാണ്. മാറണം നാം. വിചാരിക്കേണ്ടവര്‍ വിചാരിച്ചാല്‍ ഇതിന് അറുതിവരുത്താന്‍ കഴിയുമെന്നതില്‍ സംശയമില്ല.