എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2020 ജൂണ്‍ 06 1441 ശവ്വാല്‍ 14

വിഷസര്‍പ്പം; പോലീസിന്റെ അന്വേഷണ മികവ് ആശ്വാസമാവട്ടെ

-മുസ്ലിം ബിന്‍ ഹൈദര്‍

വിലക്കെടുത്ത വിഷസര്‍പ്പം കൊലയാളിയായത് കാതുമുളച്ചിട്ട് കേള്‍ക്കാത്തതാണ്. ലോക മനഃസാക്ഷിയെ ഞെട്ടിച്ച കൊലയിലും കൊലയാളികളിലും സൂരജ് ഇടംപിടിച്ചു കഴിഞ്ഞു. കാരണം പാളിപ്പോയ ആസൂത്രണ മികവ് അത്രമേല്‍ ചിന്തനീയമാണ്. ഭാര്യയേയും കുട്ടികളേയും സ്‌കൂട്ടര്‍ അടക്കം വെള്ളത്തിലേക്ക് തള്ളിയിട്ട എടവണ്ണപ്പാറക്കാരന്‍ കുടുംബനാഥനും കുത്തിയൊലിക്കുന്ന ആനക്കയം പുഴയിലേക്ക് എടുത്തെറിയപ്പെട്ട കുട്ടിയുടെ പിതൃ സഹോദരനും വര്‍ഷങ്ങള്‍ കാത്തുനിന്ന് കുടുംബ കണ്ണികളെ ഇല്ലായ്മ ചെയ്ത കൂടത്തായിയിലെ 'ജോളിക്കും' ശേഷം അലമാരയുടെ അടിയിലകപ്പെട്ട പാമ്പിനെ കാത്തും സഹധര്‍മിണിയുടെ മരണമണി മുഴക്കത്തിനായ് കാതോര്‍ത്തും ഉറക്കമിളച്ച് പ്രഭാതം പ്രതീക്ഷിച്ചിരുന്ന കൊല്ലം ജില്ലക്കാരന്‍ സൂരജും തുല്യതയില്ലാത്ത ക്രൂരതയുടെ ചരിത്രത്തില്‍ ഇടംപിടിക്കുകയാണ്. കൂടെപ്പിറപ്പുകളെ ശവപ്പറമ്പിന്റെ മൂകതയിലേക്ക് യാത്രയാക്കാന്‍ അത്രമേല്‍ 'കഷ്ടപ്പെട്ടിട്ടുണ്ടവര്‍'. അതിനാല്‍ ഇവരെ ലോക ഹൃദയത്തില്‍ നിന്ന് ഒരു മറവിക്കും ഏത് കാലപ്പഴക്കത്തിനും മാറ്റാനാകില്ല. കാരണം എല്ലാറ്റിലും വിനയായത് കൊല്ലപ്പെട്ടവരുടെ ഹൃദയത്തില്‍ കൊലയാളികളോടുള്ള വിലയേറിയ ചില  അക്ഷരങ്ങളാണ്. സ്‌നേഹം, വിശ്വാസം, ആര്‍ദ്രത, തണല്‍ തുടങ്ങിയ അനിര്‍വചനീയമായ ആ  സത്യങ്ങളിലാണ് ഈ കൊലയാളികളെല്ലാം മായം കലര്‍ത്തിയത്.

മിഠായി വാങ്ങിത്തന്ന കൈകള്‍ തന്നെ രക്ഷിക്കുമെന്ന് ആനക്കയം പുഴയുടെ ആഴങ്ങളില്‍ മരണത്തോട് മല്ലടിക്കുമ്പോള്‍ ആ കുട്ടി വിശ്വസിച്ചിരിക്കില്ലേ!

അത്യാവശ്യങ്ങളില്‍ അത്താണിയാണ് പിതാവെന്ന് അരീക്കോട്ടെ കുടുംബം വെള്ളക്കുഴിയില്‍ വീഴുമ്പോഴും വിശ്വസിക്കുന്നതില്‍ എന്താണ് തെറ്റ്?

സ്വന്തം മകന്റെ സ്വപ്‌നങ്ങള്‍ക്ക് കൂട്ടായി ഒരുവളെ കണ്ടെത്തി കൂടെ കൂട്ടുമ്പോള്‍ അവളെ നൂറ് ശതമാനം വിശ്വസിക്കുന്നതില്‍ ആ കുടുംബത്തെ എന്തിന് പഴിക്കണം? അവള്‍ പാകം ചെയ്യുന്ന ഭക്ഷണം സംതൃപ്തിയോടെ എന്തിനു ഭക്ഷിക്കാതിരിക്കണം? പക്ഷേ, എല്ലാം തെറ്റിച്ചു കളഞ്ഞല്ലോ ആ കരുണ വറ്റിയ മനുഷ്യക്കോലങ്ങള്‍!

സൂരജേ, ഓമനിച്ച പെണ്‍കുഞ്ഞിനെ വിശ്വാസപൂര്‍വ്വം കൈകളിലേക്ക് ബലിഷ്ടമായ കരാറോടെ നല്‍കുമ്പോള്‍ കാവലേകുമെന്ന് എല്ലാ മാതൃഹൃദയവും സ്വപ്‌നം കാണുന്നുണ്ട്. അതുകൊണ്ടാണല്ലോ വിഭവ സമൃദ്ധമായ ഭക്ഷണവും അളവറ്റ സ്‌നേഹവാത്സല്യവും നല്‍കി വീട്ടിലേക്ക് എന്നും നിന്നെ സല്‍ക്കരിക്കാറുള്ള ഭാര്യാമാതാവ് കഴിഞ്ഞ ദിവസം കൈവിലങ്ങുമായി മുന്നിലെത്തിയപ്പോള്‍ നിനക്കു നേരെ ആക്രോശിക്കാനും സങ്കടപ്പെടാനുമുള്ള കാരണം. ആ മാതൃഹൃദയത്തോടൊപ്പം മുഴുവന്‍ മനുഷ്യരും നിന്റെ ചെയ്തിയില്‍ അതീവ ദുഃഖിതരും രോക്ഷാകുലരുമാണ്.

കൊലയുടെ കാട്ടാള ഡിക്ഷ്ണറിയിലേക്കും പോലീസിന്റെ കുറ്റാന്വേഷണ ചരിത്രത്തിലേക്കും പുതു അധ്യായം നല്‍കിയ നിന്നോട് ഇനി സമൂഹത്തിനുള്ള കടപ്പാട് പരമാവധി ശിക്ഷ വാങ്ങിച്ചു നല്‍കുക എന്നതാണ്. അതിനായി പ്രാര്‍ഥിക്കുന്നു.

മുകളില്‍ സൂചിപ്പിച്ച എല്ലാ കേസുകളിലും പോലീസിന്റെ അന്വേഷണ മികവ് അഭിനന്ദനാര്‍ഹമാണ്. പഴുതടച്ച അന്വേഷണപാടവം കൈമുതലാക്കിയ നിയമപാലകര്‍ക്ക് അര്‍ഹിച്ച അംഗീകാരം തന്നെ ആ കാലങ്ങളില്‍ കിട്ടിയിട്ടുമുണ്ട്. ഇതിലും അത് കിട്ടേണ്ടതുണ്ട്.

വിലക്കെടുത്ത സര്‍പ്പം നടത്തിയ കൊലയിലും വരും നാളുകളില്‍ കൂടുതല്‍ വഴിത്തിരിവ് ഉണ്ടായേക്കാം. ഒളിച്ചിരിക്കുന്ന ഏതെങ്കിലും 'മൂര്‍ഖന്‍ തുണകളുണ്ടെങ്കില്‍'.

എല്ലാറ്റിനെയും നിയമത്തിനു മുന്നില്‍ ഹാജരാക്കാന്‍ കഴിയട്ടെ. അതെ, വേദനിക്കുന്ന ഹൃദയങ്ങള്‍ക്ക് പോലീസിന്റെ അന്വേഷണ മികവ് ആശ്വാസമാവട്ടെ. അതുവഴി ബഹുമാന്യ കോടതിയുടെ ഇടപെടലും.