എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2020 ആഗസ്ത് 15 1441 ദുല്‍ഹിജ്ജ 25

ധൂര്‍ത്ത് വെടിയുക

-മജീദ് ബസ്താക്ക്, കണ്ണൂര്‍

മനുഷ്യന്‍ ഒരു സമൂഹജീവിയാണ്. അവന്റെ നിലനില്‍പിന് ആവശ്യമായ എല്ലാ വസ്തുക്കളും അല്ലാഹു നല്‍കിയിട്ടുണ്ട്. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എല്ലാം. പക്ഷേ, ഒന്നിലും അമിതവ്യയം പാടില്ല. അമിതവ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല.

എന്താണ് അമിതവ്യയം അല്ലെങ്കില്‍ ധൂര്‍ത്ത്? പലരുടെയും വിചാരം പണം, ഭക്ഷണം ഇവ കൂടുതല്‍ ചെലവഴിക്കുന്നത് മാത്രമാണ് ധൂര്‍ത്ത് എന്നാണ്. എന്നാല്‍ വിശ്വാസിക്ക് ഒരു രംഗത്തും ധൂര്‍ത്ത് പാടില്ല. ഏത് വിഷയത്തിലും അല്ലാഹു നിശ്ചയിച്ച അതിരു ലംഘിക്കുന്നതാണ് ധൂര്‍ത്ത്.

വിശുദ്ധ ക്വുര്‍ആനില്‍ അല്ലാഹു പറയുന്നു: ''നിങ്ങള്‍ക്ക് നാം തന്നിട്ടുള്ള വിശിഷ്ടമായ വസ്തുക്കളില്‍ നിന്ന് നിങ്ങള്‍ ഭക്ഷിച്ചുകൊള്ളുക. അതില്‍ നിങ്ങള്‍ അതിരുകവിയരുത്. (നിങ്ങള്‍ അതിരുകവിയുന്ന പക്ഷം) എന്റെ കോപം നിങ്ങളുടെമേല്‍ വന്നിറങ്ങുന്നതാണ്. എന്റെ കോപം ആരുടെമേല്‍ വന്നിറങ്ങുന്നുവോ അവന്‍ നാശത്തില്‍ പതിച്ചു'' (20:81).

നമ്മുടെ നാടുകളില്‍ നടക്കുന്ന വിവാഹസല്‍ക്കാരമെടുത്താല്‍ ഏതൊക്കെ കാര്യങ്ങളിലാണ് ധൂര്‍ത്ത് ഇല്ലാത്തത് എന്ന് കണ്ടുപിടിക്കലായിരിക്കും എളുപ്പം. പലപ്പോഴും ബാക്കിവരുന്ന ഭക്ഷണം കുഴിച്ചുമൂടാറുണ്ട്! (ഈ കോവിഡ് കാലത്ത് ഏതായിരുന്നാലും എല്ലാറ്റിലും ഒരു നിയന്ത്രണമുണ്ട് എന്ന കാര്യം വിസ്മരിക്കുന്നില്ല).

ആളുകള്‍ ധൂര്‍ത്തടിക്കുന്നത് അഹങ്കാരപ്രകടനത്തിന്റെ ഭാഗമാണ്. വിവാഹ സല്‍ക്കാരങ്ങളില്‍ ഇത് നാം കാണുന്നു. അവിടെ കിടമത്സരമാണ് നടക്കാറുള്ളത്. അവന്‍ ഉണ്ടാക്കിയ വിഭവങ്ങളെക്കാളും രണ്ടെണ്ണമെങ്കിലും കൂടുതല്‍ എനിക്ക് ഉണ്ടാക്കണം എന്ന മത്സരബുദ്ധി.

ധൂര്‍ത്ത് ആപേക്ഷികമാണ്. എനിക്ക് ധൂര്‍ത്താകുന്നത് മറ്റൊരാള്‍ക്ക് ധൂര്‍ത്താകണമെന്നില്ല. ഓരോരുത്തരുടെയും സാമ്പത്തിക ശേഷിക്കനുസരിച്ചാണ് ഒരു കാര്യം ധൂര്‍ത്താണോ അല്ലയോ എന്ന് തീരുമാനിക്കപ്പെടുക. കോടിക്കണക്കിന് രൂപ വരുമാനമുള്ള ഒരാള്‍ തന്റെ മകളുടെ വിവാഹസദ്യക്ക് ഒരുപാടുപേരെ വിളിക്കുന്നതും ഒരു സാധാരണക്കാരന്‍  അതുപോലെ ചെയ്യുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. ഒന്നാമത്തേത് ധൂര്‍ത്താണെന്ന് നമുക്ക് ഒറ്റയടിക്ക് പറയാന്‍ പറ്റില്ല. കഴിവുള്ളവരെല്ലാം അങ്ങനെ ചെയ്യണമെന്നല്ല ഇപ്പറഞ്ഞതിനര്‍ഥം. എന്നാല്‍ അയാള്‍ ഭക്ഷണം പാഴാക്കിക്കളയുന്നുവെങ്കില്‍ അത് തെറ്റുതന്നെയാണ്.

ധനം ചെലവഴിക്കുമ്പോള്‍ അമിതമാവരുത്, എന്നാല്‍ പിശുക്കിപ്പിടിക്കുകയും ചെയ്യരുത്. മധ്യമ നിലപാട് സ്വീകരിക്കണം. ദാനം ചെയ്യുമ്പോള്‍ ഉള്ളത് മുഴുവന്‍ ചെയ്യരുത്. കുടുംബത്തിന് കരുതിവെക്കണം. ഒരിക്കല്‍ സഅദ്ബ്‌നു അബീ വക്വാസ് അംഗശുദ്ധി (വുദൂഅ്) വരുത്തുമ്പോള്‍ റസൂല്‍ ﷺ  ചോദിച്ചു, നിങ്ങളെന്തേ ധൂര്‍ത്ത് കാണിക്കുന്നതെന്ന്. അല്ലാഹുവിന്റെ റസൂലേ, വുദൂഇലും ധൂര്‍ത്തോ എന്ന് അദ്ദേഹം തിരിച്ചു ചോദിച്ചു. അതിന് നബി ﷺ  നല്‍കിയ മറുപടി 'നിങ്ങള്‍ നദിയില്‍ നിന്ന് വുദൂഅ് ചെയ്താലും വെള്ളം അമിതമായി ഉപയോഗിക്കരുത്' എന്നായിരുന്നു!

മതരംഗത്തും ഭൗതിക രംഗത്തും അതിരുകവിയാന്‍ പാടില്ല. പലിശയും വ്യഭിചാരവും സ്വവര്‍ഗ രതിയും മദ്യപാനവും ചൂതാട്ടവുമടക്കമുള്ള തിന്മകളെല്ലാം മതത്തിന്റെ അതിരുകള്‍ ലംഘിക്കലാണ്. നിഷിദ്ധ മാര്‍ഗത്തില്‍ ഉപയോഗിക്കുന്ന ധനം ധൂര്‍ത്തിന്റെ ഗണത്തില്‍ പെടുന്നു. പുരുഷന്റെ വസ്ത്രം നെരിയാണിക്ക് താഴെയിറങ്ങുന്നതില്‍ പോലും ധൂര്‍ത്തുണ്ട്.

'അല്ലാഹുവേ, ദാരിദ്ര്യത്തിലും സമ്പത്തുള്ളപ്പോഴും മിതത്വം പാലിക്കുന്നവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തണമേ' എന്ന് നബി ﷺ  പ്രാര്‍ഥിക്കാറുണ്ടായിരുന്നു.

''കുടുംബബന്ധമുള്ളവന്ന് അവന്റെ അവകാശം നീ നല്‍കുക. അഗതിക്കും വഴിപോക്കന്നും (അവരുടെ അവകാശവും). നീ (ധനം) ദുര്‍വ്യയം ചെയ്തുകളയരുത്. തീര്‍ച്ചയായും ദുര്‍വ്യയം ചെയ്യുന്നവര്‍ പിശാചുക്കളുടെ സഹോദരങ്ങളാകുന്നു. പിശാച് തന്റെ രക്ഷിതാവിനോട് ഏറെ നന്ദികെട്ടവനാകുന്നു'' (ക്വുര്‍ആന്‍ 17:26,27).