എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2020 ഒക്ടോബര്‍ 17 1442 സഫര്‍ 30

അധാര്‍മികത: പരിഹാരമെന്ത്?

-മുഹമ്മദ് സഫീര്‍ അല്‍ഹികമി

വിവരസാങ്കേതികവിദ്യയുടെ ഉത്തുംഗതയിലെത്തിയ ലോകം നേട്ടങ്ങളുടെ അനന്ത വിസ്‌ഫോടനം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇരുകാലില്‍ മണ്ണില്‍ നടക്കുന്ന മനുഷ്യന്റെ കരസ്പര്‍ശങ്ങള്‍ വിണ്ണിലേക്കും പരന്നിരിക്കുന്നു. സാങ്കേതികത്വംകൊണ്ട് നേട്ടങ്ങളുടെ ഗിരിശ്രൃംഗമേറുമ്പോഴും സംസ്‌കാരത്തില്‍ മൃഗസമാനരായി മനുഷ്യര്‍ മാറുന്നുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വിദ്യ പകര്‍ന്നുനല്‍കേണ്ട ഗുരുവര്യര്‍ മനവും മാനവും തിരിച്ചറിയാനാവാത്ത ശിഷ്യഗണങ്ങളുടെ മാനം പിച്ചിച്ചീന്തുന്ന വാര്‍ത്തകള്‍ നിത്യസംഭവങ്ങളായി മാറുന്നു. അശരണര്‍ക്ക് ആശ്രയമാകേണ്ടവരും നിരാലംബര്‍ക്ക് അവലംബമാകേണ്ടവരും കുറ്റകൃത്യങ്ങളില്‍നിന്നും മുക്തരല്ല. നല്ല നാളെയുടെ വാഗ്ദാനങ്ങളെ വാര്‍ത്തെടുക്കേണ്ട കലാലയ മുറ്റങ്ങള്‍ ഇന്ന് അധാര്‍മികതയുടെ വിളനിലങ്ങളാണ്. കൊലപാതകങ്ങളും പീഡനങ്ങളും കുത്തഴിഞ്ഞ ലൈംഗികതയും ലഹരിമരുന്നുപയോഗവും ഇന്ന് മിക്ക കലാലയങ്ങളിലും സര്‍വസാധാരണമായിരിക്കുന്നു. ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കിടയിലും അനാരോഗ്യകരമായ പ്രവണതകള്‍ കാണുവാന്‍ സാധിക്കുന്നു. എല്ലാവരെയും അടച്ച് ആക്ഷേപിക്കുകയല്ല; അങ്ങനെ ചെയ്യുന്നവരെ മാത്രമാണ് ഉദ്ദേശിക്കുന്നത്.

ഭൗതിക വിജ്ഞാനത്തിന്റെ വര്‍ധനവ് അധാര്‍മികതയ്ക്ക് പരിഹാരമല്ല എന്ന് വര്‍ത്തമാനകാല വാര്‍ത്തകള്‍ നമുക്ക് വ്യക്തമാക്കിത്തരുന്നുണ്ട്. പിന്നെ എന്തുണ്ട് പരിഹാരമാര്‍ഗമായി?

ആറാം നൂറ്റാണ്ടില്‍ അറേബ്യയില്‍ ജീവിച്ചിരുന്ന അധമസമൂഹത്തെ ഉത്തമ സമൂഹമാക്കി മാറ്റി ലോകര്‍ക്ക് മാതൃകയാക്കിത്തീര്‍ത്ത ഒരു പരിഹാര മാര്‍ഗമുണ്ട്. അറേബ്യയില്‍നിന്നു തുടങ്ങി, ലോകത്തിന്റെ നാനാഭാഗങ്ങളില്‍ ധാര്‍മികതയുടെ വെളിച്ചം വിതറിയ, വിജ്ഞാനത്തിന്റെ ഗോപുരങ്ങളിലേക്ക് അനേകം രാജ്യങ്ങളെ കൈപിടിച്ചുയര്‍ത്തിയ ഒരേയൊരു പരിഹാര മാര്‍ഗം. ഉറയില്‍നിന്ന് പുറത്തെടുത്ത വാള്‍ രക്തം പുരളാതെ തിരിച്ചിടാന്‍ മടിച്ചവരെ മനുഷ്യരക്തം പവിത്രമാണെന്ന് ബോധ്യപ്പെടുത്തിയ വിജ്ഞാനം, പിറന്നുവീണത് പെണ്‍കുഞ്ഞായതിനാല്‍ അപമാനബോധത്താല്‍ അവളെ ജീവനോടെ കുഴിച്ചു മൂടിയവര്‍ക്ക് പെണ്‍കുഞ്ഞ് സൗഭാഗ്യമാണെന്ന തിരിച്ചറിവ് നല്‍കിയ സന്‍മാര്‍ഗം, മദ്യക്കോപ്പയില്‍ വീണു ചത്ത ഈച്ചയെ നോക്കി 'നീയെന്ത് ഭാഗ്യവാന്‍' എന്ന് കവിത ചൊല്ലിയവരെ മദ്യം കാണുന്നതേ അലര്‍ജിയുള്ളവരാക്കി മാറ്റിയ, എണ്ണമറ്റ സ്ത്രീകളുമായി ശയിക്കുന്നതില്‍ ലജ്ജയില്ലാതിരുന്നവരെ ലൈംഗികവിശുദ്ധി പാലിക്കുന്നവരാക്കി മാറ്റിയ ദൈവിക മാര്‍ഗദര്‍ശനം; അഥവാ ഇസ്‌ലാമികദര്‍ശനമാണ് ആ പരിഹാര മാര്‍ഗം.

അതെ, ഇരുണ്ട യുഗമെന്ന് ചരിത്രത്തില്‍ കുപ്രസിദ്ധിയാര്‍ജിച്ച സമൂഹത്തില്‍ ഭൂജാതനായ അന്തിമദൂതനിലൂടെ പൂര്‍ത്തീകരിക്കപ്പെട്ട ഏകദൈവത്തിന്റെ ഏകമതത്തിന്റെ അധ്യാപനങ്ങള്‍ക്ക് മാത്രമെ തിന്മയില്‍ അരങ്ങുതകര്‍ക്കുന്ന ജനപഥത്തെ നേര്‍വഴിയിലേക്ക് നയിക്കാന്‍ സാധ്യമാകൂ. ലോകാവസാനം വരെയുള്ളവര്‍ക്ക് മാര്‍ഗദര്‍ശനമായി അവതരിക്കപ്പെട്ട ക്വുര്‍ആന്‍, സമൂഹത്തെ നേര്‍പഥത്തിലേക്ക് വഴിനടത്തുകയും സല്‍കര്‍മങ്ങള്‍ക്ക് അനല്‍പമായ പ്രതിഫലം ലഭിക്കുമെന്ന വാഗ്ദാനം നല്‍കുകയും ചെയ്യുന്നു: ''തീര്‍ച്ചയായും ഈ ക്വുര്‍ആന്‍ ഏറ്റവും ശരിയായതിലേക്ക് വഴി കാണിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് വലിയ പ്രതിഫലമുണ്ട് എന്ന സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു'' (ക്വുര്‍ആന്‍: 17:9).