എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2020 ഡിസംബര്‍ 05 1442 റബീഉല്‍ ആഖിര്‍ 20

പ്രവാചകന്മാരും പ്രബോധനവും

-മുഹമ്മദ് ബിലാല്‍, തൃശൂര്‍

ജനങ്ങള്‍ക്ക് സ്രഷ്ടാവിന്റെ സന്ദേശം എത്തിക്കുവാനാണ് പ്രവാചകന്മാര്‍ നിയോഗിക്കപ്പെട്ടത്. ഏകനായ അല്ലാഹുവിനെ മാത്രം ആരാധിക്കുവാനും അവന്റെ കല്‍പനകളും നിര്‍ദേശങ്ങളും അനുസരിച്ചു ജീവിക്കുവാനും അങ്ങനെ പരലോകരക്ഷ ലഭിക്കുന്നവരായി മാറുവാനുമാണ് അവര്‍ പ്രധാനമായും ജനങ്ങളെ ഉദ്‌ബോധിപ്പിച്ചത്. പ്രവാചകന്മാരുടെ ഉദ്‌ബോധനത്തിന്റെ ചില ഉദാഹരണങ്ങള്‍ കാണാം:

''അദ്ദേഹം (നൂഹ് നബി) പറഞ്ഞു: എന്റെ ജനങ്ങളേ, തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്കു വ്യക്തമായ താക്കീതുകാരനാകുന്നു. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും അവനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവിന്‍. എങ്കില്‍ അവന്‍ നിങ്ങള്‍ക്കു നിങ്ങളുടെ പാപങ്ങളില്‍ ചിലത് പൊറുത്തുതരികയും, നിര്‍ണയിക്കപ്പെട്ട ഒരു അവധിവരെ നിങ്ങളെ നീട്ടിയിടുകയും ചെയ്യുന്നതാണ്. തീര്‍ച്ചയായും അല്ലാഹുവിന്റെ അവധി വന്നാല്‍ അത് നീട്ടിക്കൊടുക്കപ്പെടുകയില്ല...'' (ക്വുര്‍ആന്‍ 71:2-6).

''അദ്ദേഹം (ഇബ്‌റാഹീം നബി) തന്റെ പിതാവിനോട് പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) എന്റെ പിതാവേ, കേള്‍ക്കുകയോ കാണുകയോ ചെയ്യാത്ത, താങ്കള്‍ക്ക് യാതൊരു ഉപകാരവും ചെയ്യാത്ത വസ്തുവെ താങ്കള്‍ എന്തിന് ആരാധിക്കുന്നു? എന്റെ പിതാവേ, തീര്‍ച്ചയായും താങ്കള്‍ക്ക് വന്നുകിട്ടിയിട്ടില്ലാത്ത അറിവ് എനിക്ക് വന്നുകിട്ടിയിട്ടുണ്ട്. ആകയാല്‍ താങ്കള്‍ എന്നെ പിന്തുടരൂ. ഞാന്‍ താങ്കള്‍ക്ക് ശരിയായമാര്‍ഗം കാണിച്ചുതരാം''(19:42,43).

മുഹമ്മദ് നബി ﷺ പറഞ്ഞു:'''... ഇതാണ് എന്റെ മാര്‍ഗം. ദൃഢബോധ്യത്തോടുകൂടി അല്ലാഹുവിലേക്ക് ഞാന്‍ ക്ഷണിക്കുന്നു. ഞാനും എന്നെ പിന്‍പറ്റിയവരും. അല്ലാഹു എത്ര പരിശുദ്ധന്‍! ഞാന്‍ (അവനോട്) പങ്കുചേര്‍ക്കുന്ന കൂട്ടത്തിലല്ല തന്നെ'' (12:108).

അല്ലാഹു പറയുന്നു: ''നബിയേ, തീര്‍ച്ചയായും നിന്നെ നാം ഒരു സാക്ഷിയും സന്തോഷവാര്‍ത്ത അറിയിക്കുന്നവനും താക്കീതുകാരനും ആയിക്കൊണ്ട് നിയോഗിച്ചിരിക്കുന്നു. അല്ലാഹുവിന്റെ ഉത്തരവനുസരിച്ച് അവങ്കലേക്ക് ക്ഷണിക്കുന്നവനും പ്രകാശം നല്‍കുന്ന ഒരു വിളക്കും ആയിക്കൊണ്ട്'' (33:45,46).

പ്രബോധനമെന്നത് നന്മയിലേക്കുള്ള ക്ഷണമാണ്. ഇനിയൊരു പ്രവാചകന്‍ വരാനില്ല. എന്നാല്‍ നന്മകല്‍പിക്കുകയും തിന്മവിരോധിക്കുകയും ചെയ്യല്‍ നിലനില്‍ക്കണം.

അല്ലാഹു പറയുന്നു: ''നന്‍മയിലേക്ക് ക്ഷണിക്കുകയും സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍ നിന്ന് വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളില്‍ നിന്ന് ഉണ്ടായിരിക്കട്ടെ. അവരത്രെ വിജയികള്‍''(3:104).

''സത്യവിശ്വാസികളും സത്യവിശ്വാസിനികളും അന്യോന്യം മിത്രങ്ങളാകുന്നു. അവര്‍ സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍നിന്ന് വിലക്കുകയും നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുകയും ചെയ്യുന്നു. അത്തരക്കാരോട് അല്ലാഹു കരുണ കാണിക്കുന്നതാണ്. തീര്‍ച്ചയായും അല്ലാഹു പ്രതാപിയും യുക്തിമാനുമാണ്''(9:71).

ഇതാകട്ടെ ഏറ്റവം ഉത്തമമായ വാക്കും പ്രവൃത്തിയുമാണ്. അല്ലാഹു പറയുന്നു:

''അല്ലാഹുവിങ്കലേക്ക് ക്ഷണിക്കുകയും സല്‍കര്‍മം പ്രവര്‍ത്തിക്കുകയും തീര്‍ച്ചയായും ഞാന്‍ മുസ്‌ലിംകളുടെ കൂട്ടത്തിലാകുന്നു എന്ന് പറയുകയും ചെയ്തവനെക്കാള്‍ വിശിഷ്ടമായ വാക്ക് പറയുന്ന മറ്റാരുണ്ട്?''(41:33).