എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2020 ജൂണ്‍ 20 1441 ശവ്വാല്‍ 28

'പ്രകാശവര്‍ഷം'

-മുഹമ്മദ് ശമീല്‍

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ഇസ്വ്‌ലാഹി കുടുംബത്തിലെ സഹപ്രവര്‍ത്തകന്‍ അദ്ദേഹം യു.എ.ഇയില്‍ക്വുര്‍ആന്‍ വിതരണം ചെയ്യാന്‍ പോയ ഒരു അനുഭവം പങ്കുവെച്ചു: 'സൗജന്യ ക്വുര്‍ആന്‍ പരിഭാഷ അവശ്യമുണ്ടെങ്കില്‍ വിളിക്കുക' എന്ന ഒരു പരസ്യം അദ്ദേഹം പത്രത്തില്‍ കൊടുത്തു. വിവിധ ഭാഗങ്ങളില്‍നിന്ന് അവശ്യക്കാര്‍ ബന്ധപ്പെട്ടു. അവയില്‍ ചിലത് വളരെ വൈകാരികമായ സാഹചര്യങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയും ചെയ്തു. അബുദാബിയില്‍ ഒരുപാട് ദൂരം താണ്ടിയെത്തിയ ഒരു വീട്ടിലെ അനുഭവം അതില്‍ ഏറെ സ്വാധീനിച്ച ഒന്നാണ് എന്ന് അദ്ദേഹം പറഞ്ഞു.

ക്വുര്‍ആന്‍ പരിഭാഷ വാങ്ങുമ്പോള്‍ അയാളുടെ കൈകള്‍ വിറച്ചതും സന്തോഷംകൊണ്ട് കണ്ണുകള്‍ നിറഞ്ഞതും ഹൃദ്യമായ ഒരു അനുഭവമായിരുന്നു. തിരിച്ചിറങ്ങുമ്പോള്‍ അയാളോട് ചോദിച്ചു: 'പരിഭാഷ ഉപയോഗപ്പെടുത്തില്ലേ?' 'ക്വുര്‍ആന്‍ ഉപയോഗിക്കാതിരിക്കുകയോ' എന്നായിരുന്നു അയാളുടെ മറുപടി.

വേറെയൊരു സംഭവം: അംബരചുംബികളായ കെട്ടിടങ്ങളോ, ഷോപ്പിംഗ് മാളുകളോ, ടൂറിസ്റ്റ് സ്‌പോട്ടുകളോ ഒന്നുമില്ലാത്ത, മരുഭൂമിയുടെ യഥാര്‍ഥമുഖം പേറുന്ന ഒരിടത്തുനിന്ന് ക്വുര്‍ആന്‍ ആവശ്യപ്പെട്ട് ഒരു വിളി വന്നു. ദൂരങ്ങള്‍ താണ്ടി അവിടെയെത്തിയപ്പോള്‍ ഒരു കൊച്ചു വീടാണ് കണ്ടത്. പ്രായമായ ഒരു പിതാവും അദ്ദേഹത്തിന്റെ പെണ്‍മക്കളും അവരുടെ ഭര്‍ത്താക്കന്മാരും ആ ചെറിയ വീട്ടിലാണ് കഴിയുന്നത്.

ചുളിവുവീണ കൈകളിലേക്ക് ക്വുര്‍ആന്‍ പരിഭാഷ വച്ചുകൊടുത്തപ്പോള്‍ വാര്‍ധ്യക്യത്തില്‍ മങ്ങിത്തുടങ്ങിയ ആ കണ്ണുകളില്‍ ഒരു പ്രകാശം തെളിഞ്ഞു. ഈ മനുഷ്യായുസ്സില്‍ നേടിയ മികച്ച സമ്പാദ്യം എന്തെന്ന് അദ്ദേഹത്തോട് ചോദിച്ചാല്‍ ഇപ്പോള്‍ എന്റെ കയ്യില്‍ കിട്ടിയ ഈ ഗ്രന്ഥമാണ് എന്ന് അയാള്‍ പറയുമായിരുന്നു; അത്രമേല്‍ പ്രകടമാണ് അയാളുടെ സന്തോഷം.

കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഒരിക്കല്‍ കൂടി ആ വീട്ടിലേക്ക് ഇദ്ദേഹം പോയി. കയ്യില്‍ അമാനി മൗലവിയുടെ തഫ്‌സീര്‍ കരുതിയിരുന്നു. വലിയ ക്വുര്‍ആന്‍ തഫ്‌സീര്‍ കയ്യില്‍ വാങ്ങി ആ വൃദ്ധന്‍ പറഞ്ഞു: 'ഞാന്‍ ഇത് മുഴുവന്‍ വായിച്ചു തീര്‍ക്കും, ഇന്‍ശാ അല്ലാഹ്.'

ഒരു ദിവസം ഒരു ഫോണ്‍ വന്നു. മറുതലയ്ക്കല്‍ ആ വൃദ്ധന്റെ മരുമകന്‍ ആയിരുന്നു, ആ വൃദ്ധനായ വിദ്യാര്‍ഥിയുടെ മരണവാര്‍ത്തയായിരുന്നു വിളിയിലെ ഉള്ളടക്കം.

ഈ സംഭവം പറഞ്ഞ ശേഷം സുഹൃത്ത് എന്നോട് പറഞ്ഞു: 'ക്വുര്‍ആന്‍ തഫ്‌സീര്‍ മുഴുവന്‍ വായിച്ച പ്രതിഫലം അല്ലാഹു ഉദ്ദേശിച്ചാല്‍ അയാള്‍ക്ക് ലഭിക്കും.'

'അന്ത്യനാളില്‍ ക്വുര്‍ആന്‍ അതിന്റെ ആളുകള്‍ക്ക് വേണ്ടി അല്ലാഹുവിനോട് ശുപാര്‍ശ പറയും' എന്ന പ്രവാചക വചനം ഓര്‍ത്തുപോകുന്നു. കേവല പാരായണമോ, ചടങ്ങ് തീര്‍ക്കുന്ന തരത്തിലുള്ള ഖത്തം തീര്‍ക്കലോ ആകാതെ അര്‍ഥം അറിഞ്ഞുള്ള പഠനമാവണം നമ്മുടെ പാരായണം.

ഒരു പ്രഭാഷകന്‍ അദ്ദേഹത്തിന്റെ പ്രസംഗങ്ങളില്‍ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമുണ്ട്; 'നമ്മുടെ വീട്ടില്‍ എല്ലാ ആധുനിക സൗകര്യങ്ങളും ഉണ്ട്. എന്നാല്‍ കേവലം 1600 രൂപ കൊടുത്താല്‍ കിട്ടുന്ന അമാനി മൗലവിയുടെ 4 വാള്യം തഫ്‌സീര്‍ വീട്ടില്‍ ഉണ്ടോ?' ഈ ചോദ്യം നാം സ്വയം ചോദിക്കുക.

സാമ്പത്തികമായി കഴിവുണ്ടെങ്കിലും സൗജന്യമായി ലഭിക്കുമോ എന്ന് പലരും അന്വേഷിക്കുന്നഒന്നാണ് വിശുദ്ധ ക്വുര്‍ആന്‍ പരിഭാഷ!

'നിങ്ങളില്‍ ഉത്തമന്‍ ക്വുര്‍ആന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവനാണ്' എന്ന പ്രവാചകവചനം ഉദ്ധരിച്ച മൂന്നാം ഖലീഫ ഉസ്മാന്‍്യ ക്വുര്‍ആന്‍ പഠനത്തിലും പാരായണത്തിലും ഏറെ മുന്നിലായിരുന്നു. അക്രമികള്‍ വീട് ആക്രമിച്ച്  വധിക്കുമ്പോഴും അദ്ദേഹം ക്വുര്‍ആന്‍ പരായണത്തിലായിരുന്നു. തുറന്നുവച്ച ക്വുര്‍ആനിലേക്ക് അദ്ദേഹത്തിന്റെ ചോര തെറിച്ച കാര്യം ചരിത്രത്തില്‍ കാണാവുന്നതാണ്.