എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2020 മാര്‍ച്ച് 28 1441 ശഅബാന്‍ 04

വെള്ളം: നാം ശ്രദ്ധിക്കേണ്ടത്

-ടി.കെ. ത്വല്‍ഹത്ത് സ്വലാഹി

അല്ലാഹു മനുഷ്യന് നല്‍കിയ, പകരം വെക്കാനില്ലാത്ത, സുപ്രധാനമായ അനുഗ്രഹങ്ങളില്‍ ഒന്നാണ് വെള്ളം. നമുക്ക് കുടിക്കാനും കുളിക്കാനും ഭക്ഷണം പാകംചെയ്യാനും വസ്ത്രം അലക്കാനുമെല്ലാം വെള്ളം കൂടിയേ തീരൂ.

എന്നാല്‍, ഇന്ന് ശുദ്ധജലത്തിന്റെ വിഷയത്തില്‍ വലിയ പരീക്ഷണത്തിലേക്കാണ് സമൂഹം നീങ്ങി ക്കൊണ്ടിരിക്കുന്നത്. ശുദ്ധജലത്തിന് വേണ്ടി മനുഷ്യര്‍ പരസ്പരം കലഹിക്കുന്ന കാലം വിദൂരമല്ലെന്നാണ് ആ രംഗത്ത് പഠനം നടത്തിയവര്‍ താക്കീത് നല്‍കുന്നത്. കിണറുകളും കുഴല്‍കിണറുകളും കുളങ്ങളും പുഴകളും അരുവികളും കനാലുകളുമെല്ലാം വറ്റിവരണ്ടുകൊണ്ടിരിക്കുന്നു.

ഈ സാഹചര്യത്തില്‍ നാം ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്:

1. ഒരു തുള്ളി വെള്ളം പോലും പാഴായി പോകുന്നില്ലെന്ന് നാം ഉറപ്പ് വരുത്തുക. 'ഒഴുകുന്ന പുഴയില്‍ നിന്ന് വുദൂഅ് ചെയ്യുമ്പോഴും വെള്ളം മിതമായേ ഉപയോഗിക്കാവൂ' എന്നാണല്ലോ പ്രവാചകാധ്യാപനം!

2. അല്ലാഹുവിന്റെ താക്കീതിനെ ഓര്‍ക്കുക: 'ഇനി, നിങ്ങള്‍ കുടിക്കുന്ന വെള്ളത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? നിങ്ങളാണോ അത് മേഘത്തിന്‍ നിന്ന് ഇറക്കിയത്, അതല്ല, നാമാണോ ഇറക്കിയവന്‍? നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ അത് നാം ദുസ്സ്വാദുള്ള ഉപ്പുവെള്ളമാക്കുമായിരുന്നു. എന്നിരിക്കെ നിങ്ങള്‍ നന്ദികാണിക്കാത്തതെന്താണ്?'' (ക്വുര്‍ആന്‍ 56:68-70).

'പറയുക: നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? നിങ്ങളുടെ വെള്ളം വറ്റിപ്പോയാല്‍ ആരാണ് നിങ്ങള്‍ ക്ക് ഒഴുകുന്ന ഉറവുവെള്ളം കൊണ്ടുവന്ന് തരിക?'' (67:30)

''ആകാശത്തുനിന്ന് നാം ഒരു നിശ്ചിത അളവില്‍ വെള്ളം ചൊരിയുകയും എന്നിട്ട് നാം അതിനെ ഭൂമിയില്‍ തങ്ങിനില്‍ക്കുന്നതാക്കുകയും ചെയ്തിരിക്കുന്നു. അത് വറ്റിച്ചുകളയാന്‍ തീര്‍ച്ചയായും നാം ശക്തനാകുന്നു'' (23:18).

3. വെള്ളം സമൃദ്ധമായി ലഭിക്കാന്‍ ഏകനായ റബ്ബിനെ മാത്രം ആരാധിക്കുകയും പാപമോചനപ്രാര്‍ഥനയിലൂടെ അവനിലേക്ക് അടുക്കുകയും ചെയ്യുക.

നൂഹ്‌നബി ﷺ  ജനതയോട് പറഞ്ഞത് കാണുക: ''അങ്ങനെ ഞാന്‍ പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനാകുന്നു. അവന്‍ നിങ്ങള്‍ക്ക് മഴ സമൃദ്ധമായി അയച്ചുതരും'' (71:10,11)


സ്വര്‍ഗത്തിലെ പാല്‍ചായ

-അബ്ദുല്‍ ഹകിം, എടത്തറ

''ഉസ്താദേ, സ്വര്‍ഗത്തില്‍ പാല്‍ചായ കിട്ട്വോ?''

നാലാം ക്ലാസിലെ നാസറിന്റെ ചോദ്യം കേട്ട് ഉസ്താദ് അമ്പരന്നു. ഇഹലോകത്ത് അല്ലാഹുവിനെ മാത്രം ആരാധിച്ചും നന്മചെയ്തും മറ്റുള്ളവരെ സഹായിച്ചുമൊക്കെ ജീവിച്ചു മരിച്ചുപോയാല്‍ കിട്ടുന്ന സ്വര്‍ഗീയ അനുഗ്രഹങ്ങളെക്കുറിച്ച് വിവരിക്കുമ്പോള്‍ ഇങ്ങനെയൊരു ചോദ്യം പ്രതീക്ഷിക്കാത്ത ഉസ്താദ് അവനോട് കാര്യം തിരക്കി.

അഞ്ചാം വയസ്സില്‍ മരിച്ചുപോയ, അവന്റെ അനിയനുവേണ്ടിയായിരുന്നു ആ ചോദ്യം. ബാപ്പാന്റെ ചായക്കടയിലെ തിരക്കുള്ള സമയത്ത് കളിക്കാന്‍ പോകുന്നതിനുമുമ്പായി ചെന്ന് പാല്‍ചായക്കുവേണ്ടി വാശിപിടിച്ചു കരഞ്ഞ അനിയനെ ബാപ്പ പിന്നീട് വരാന്‍ പറഞ്ഞ് ആട്ടിവിട്ടതിന് ഈ ജ്യേഷ്ഠന്‍ സാക്ഷിയാണ്. വീടിന്റെ അല്‍പം അടുത്താണ് ചായക്കട. വീട്ടില്‍നിന്ന് കിട്ടുന്ന കട്ടന്‍ചായ വേണ്ടെന്നു പറഞ്ഞാണ് അവന്‍ ബാപ്പാന്റെ ചായക്കടയില്‍ ചെന്നത്. എന്നാല്‍ സങ്കടത്തോടെ തിരിച്ചുപോയ അനുജന്‍ അപസ്മാരമിളകി കുളത്തില്‍ വീണു മരിക്കുകയാണുണ്ടായത്. കൊച്ചനിയന്റെ നടക്കാതെപോയ മോഹം സ്വര്‍ഗത്തില്‍ വെച്ചെങ്കിലും നടക്കുമോ എന്നതാണ് കൊച്ചു ജ്യേഷ്ഠന് അറിേയണ്ടത്! താന്‍ പഠിച്ചതും പഠിപ്പിച്ചതുമായ സാഹോദര്യ പാഠങ്ങളില്‍ മികച്ചതായി തോന്നിയ ഈ സ്‌നേഹം ഉസ്താദിനെ ഏറെ നൊമ്പരപ്പെടുത്തി. ആശിച്ചതെന്തും സ്വര്‍ഗത്തില്‍ ലഭിക്കുമെന്നു പറഞ്ഞ് ഉസ്താദ് അവനെ ആശ്വസിപ്പിച്ചു.

സ്‌നേഹവും സാഹോദര്യവും വിനഷ്ടമായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത് ഇത്തരം ആത്മാര്‍ഥ സ്‌നേഹം നിറഞ്ഞ മനസ്സിന്റെ ഉടമകളായ പുതുതലമുറ വളര്‍ന്നുവരേണ്ടതുണ്ട്.