എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2020 ജൂലൈ 25 1441 ദുല്‍ഹിജ്ജ 04

'ഒരു സ്റ്റാറ്റസെങ്കിലും ഇട്ടോട്ടെ?'

-ഷിഹാന്‍ തോന്നയ്ക്കല്‍

എന്റെ മകന്റെ ജന്മദിനമായിരുന്നു കഴിഞ്ഞ മാസം. അല്ലാഹുവും റസൂലും പഠിപ്പിക്കാത്ത ഒരു കാര്യം ദീനില്‍ കടത്തിക്കൂട്ടരുത് എന്ന് പ്രബോധനം ചെയ്യുന്ന ഒരു കൂട്ടായ്മയില്‍ അംഗമായ എനിക്ക് എല്ലാ ദിവസത്തെയും പോലെ തന്നെയായിരുന്നു ആ ദിവസവും. എന്നത്തെയും പോലെ അവനെ സ്‌നേഹിക്കുകയും കളിപ്പിക്കുകയും ചെയ്തു. അല്ലാതെ ഒരു പ്രത്യേകതയും ആ ദിവസത്തിന് കല്‍പിച്ചില്ല.

എന്റെ ഭാര്യക്കും ജന്മദിനാഘോഷം ഒരു അനാചാരമാണ്, പാടില്ലാത്തതാണ് എന്ന് അറിയാമെങ്കിലും വാട്‌സാപ്പില്‍ ഒരു സ്റ്റാറ്റസ് എങ്കിലും ഇട്ടാലോ എന്ന ഒരു ചിന്ത അവള്‍ പ്രകടിപ്പിച്ചു. അത് വേണ്ട എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവള്‍ കേള്‍ക്കുകയും ചെയ്തു. നമ്മുടെ സ്റ്റാറ്റസ് കാണുന്നവരില്‍ വര്‍ഷങ്ങളായി മക്കളില്ലാതെ വിഷമിക്കുന്നവരുണ്ടാവാം, മക്കളെ നഷ്ടപ്പെട്ടവരുണ്ടാവാം, രോഗികളായ മക്കളെയോര്‍ത്തു വിഷമിക്കുന്നവരുണ്ടാവാം...

ഞാന്‍ ഇത് എഴുതുന്നതിനു തൊട്ടുമുമ്പ് കണ്ട ഒരു വീഡിയോ വളരെ വിഷമിപ്പിക്കുന്നതായിരിന്നു. വേദനകൊണ്ട് പുളയുന്ന 8 മാസം പ്രായമുള്ള ഒരു മോളുടെയും അവളെ ചികിത്സിക്കാന്‍ സഹായം തേടുന്ന മാതാപിതാക്കളുടെയും ദൈന്യമായ മുഖം കണ്ണില്‍നിന്നും മായുന്നില്ല. ഇവരെയൊക്കെ സമാധാനിപ്പിക്കാനാകുമോ നമ്മുടെ വാട്‌സാപ്പ് സ്റ്റാറ്റസുകള്‍ക്കും ഫേസ്ബുക്ക്  പോസ്റ്റുകള്‍ക്കും? അതല്ല അത് അവരുടെ സങ്കടം വര്‍ധിപ്പിക്കുമോ?

മക്കള്‍ മഹത്തായ അനുഗ്രഹം തന്നെയാണ്; പരീക്ഷണവും. ബര്‍ത്ത്‌ഡേ ആഘോഷം എന്ന പേരില്‍ ചായങ്ങളും ക്രീമുകളും തേച്ചുപിടിപ്പിച്ച് അന്നേദിവസം അവരെ കോമാളികളാക്കരുത്. ഇതില്‍ എന്ത് പുണ്യമാണുള്ളത്? ഈ കാട്ടിക്കൂട്ടലുകളില്‍ മുസ്‌ലിം സമുദായത്തിലുള്ളവര്‍ ഒട്ടും പിന്നിലല്ല. മക്കളുടെ ഫോട്ടോ പ്രിന്റുചെയ്ത കേക്ക് മുറിച്ചു കഴിക്കുന്നു! കണ്ണും മൂക്കും വായുമൊക്കെ വെവ്വേറെയായി! മദ്യസല്‍ക്കാരം പോലും ഇതിന്റെ ഭാഗമാകുന്നു പലയിടത്തും.

എല്ലാ കൊല്ലവും മുടങ്ങാതെ ബര്‍ത്ത്‌ഡേ ആഘോഷിക്കുന്നവരില്‍ പലരും മക്കളുണ്ടായാല്‍ 'അക്വീക്വ' അറവിന് പണം ചെലവഴിക്കാന്‍ മടികാണിക്കുന്നവരാണ് താനും. മക്കളോടുള്ള നമ്മുടെ സ്‌നേഹം ഇതുപോലുള്ള ആഘോഷങ്ങളില്‍ ഒതുക്കേണ്ടതല്ല. നല്ല മര്യാദകളും മതബോധവും അറിവും പകര്‍ന്നു നല്‍കി ഉത്തമ പൗരന്മാരും യഥാര്‍ഥ വിശ്വാസികളുമായി അവരെ വളര്‍ത്തുന്നതിലാണ് ശ്രദ്ധവേണ്ടത്.


സാഹചര്യം മനസ്സിലാക്കി ഉയര്‍ന്നുചിന്തിക്കുക

-ശിയാസ് മുഹമ്മദ്, നടക്കാവ്

മാസങ്ങള്‍ക്കു ശേഷം 'നേര്‍പഥം' പ്രിന്റഡ് ലക്കം കയ്യില്‍ കിട്ടി; അല്‍ഹംദുലില്ലാഹ്! കൊറോണക്കാലത്തെ സാങ്കേതിക തടസ്സങ്ങള്‍ കാരണം വാരിക പ്രിന്റ് ചെയ്തിരുന്നില്ലെങ്കിലും മുടങ്ങാതെ ഓണ്‍ലൈന്‍ പതിപ്പ് ലഭിച്ചിരുന്നതിനാല്‍ വായന മുടങ്ങിയിരുന്നില്ല. എന്നിരുന്നാലും സൂക്ഷിച്ചുവെക്കാനും സുഗമമായ വായനക്കും നല്ലത് പ്രിന്റഡ് കോപ്പിയായതിനാല്‍ കോപ്പി കയ്യില്‍ കിട്ടിയതില്‍ ഏറെ സന്തോഷം.

'തൊഴില്‍, വിദ്യാഭ്യാസം:  കൊറോണക്കാലം മലയാളികള്‍ക്ക് സമ്മാനിക്കുന്ന അവസരങ്ങള്‍' എന്നനബീല്‍ പയ്യോളിയുടെ ലേഖനം വര്‍ത്തമാനകാലത്ത് ഏറെ പ്രസക്തമായി. സാഹചര്യങ്ങളെ പോസിറ്റീവ് ആയിക്കണ്ട് ഉയര്‍ന്നു ചിന്തിക്കുകയാണ് ബുദ്ധി. എല്ലാ ലേഖകര്‍ക്കും അഭിനന്ദനങ്ങള്‍.