എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2020 ആഗസ്ത് 08 1441 ദുല്‍ഹിജ്ജ 18

ആരാണ് ബുദ്ധിമാന്മാര്‍?

-നസീര്‍ ചെന്നൈ 

ക്വുര്‍ആന്‍ 3:190ല്‍ അല്ലാഹു പറയുന്നു: ''തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും രാപകലുകള്‍ മാറിമാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്.''

തുടര്‍ന്ന് അടുത്ത വചനത്തില്‍ ബുദ്ധിമാന്‍മാരുടെ ഗുണമായി അല്ലാഹു പറയുന്നു: ''നിന്നുകൊണ്ടും ഇരുന്നുകൊണ്ടും കിടന്നുകൊണ്ടും അല്ലാഹുവെ ഓര്‍മിക്കുകയും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയെ പറ്റി ചിന്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍. (അവര്‍ പറയും:) ഞങ്ങളുടെ രക്ഷിതാവേ! നീ നിരര്‍ഥകമായി സൃഷ്ടിച്ചതല്ല ഇത്. നീ എത്രയോ പരിശുദ്ധന്‍! അതിനാല്‍ നരകശിക്ഷയില്‍നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കണേ.''

'ബുദ്ധിശാലികള്‍ മാത്രമെ ആലോചിച്ച് മനസ്സിലാക്കുകയുള്ളൂ' എന്നു പറഞ്ഞ ശേഷം ക്വുര്‍ആന്‍ 3:8ല്‍ അല്ലാഹു പറയുന്നു: ''(അവര്‍ പ്രാര്‍ഥിക്കും:) ഞങ്ങളുടെ നാഥാ, ഞങ്ങളെ നീ സന്‍മാര്‍ഗത്തിലാക്കിയതിനു ശേഷം ഞങ്ങളുടെ മനസ്സുകളെ നീ തെറ്റിക്കരുതേ. നിന്റെ അടുക്കല്‍നിന്നുള്ള കാരുണ്യം ഞങ്ങള്‍ക്ക് നീ പ്രദാനം ചെയ്യേണമേ. തീര്‍ച്ചയായും നീ അത്യധികം ഔദാര്യവാനാകുന്നു.''

ചിന്തയുടെയും പ്രാര്‍ഥനയുടെയും അനിവാര്യതയാണ് ഈ വചനങ്ങള്‍ നമ്മെ അറിയിക്കുന്നത്. അര്‍ഥമറിഞ്ഞുകൊണ്ടുള്ള ക്വുര്‍ആന്‍ പാരായണമാണ് നമ്മെ ചിന്തയിലേക്കു നയിക്കുക. പ്രപഞ്ചത്തിലും നമ്മില്‍ തന്നെയുമുള്ള ഒട്ടനേകം ദൃഷ്ടാന്തങ്ങളെക്കുറിച്ച് ചിന്തിക്കുവാന്‍ നമുക്കാവണം. പ്രപഞ്ചനാഥന്റെ കഴിവും മഹത്ത്വവും അതുവഴി മനസ്സിലാക്കുവാനും അവനു കീഴ്‌പെട്ടു ജീവിക്കുവാനും നമുക്ക് സാധിക്കും.