രോഗിയെയല്ല, രോഗാണുക്കളെയാണ് നശിപ്പിക്കേണ്ടത്

ടി.കെ.അശ്‌റഫ്

2017 നവംബര്‍ 18 1439 സഫര്‍ 29

ഗൗരി ലങ്കേഷ് അടക്കം പ്രമുഖരായ പല സാമൂഹ്യ പ്രവര്‍ത്തകരും കൊല്ലപ്പെട്ട സാഹചര്യത്തില്‍ കര്‍ണാടകയിലെ പുരോഗമന ചിന്തകരായ പതിനെട്ട് പ്രമുഖര്‍ക്ക് ഇന്റലിജന്‍സിന്റെ നിര്‍ദേശാനുസരണം സുരക്ഷ ഏര്‍പെടുത്തുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് നല്ലകാര്യം തന്നെ. ഫാഷിസത്തിനെതിരില്‍ നിലപാടെടുക്കുന്നവര്‍ക്ക് ജീവന് ഭീഷണിയുണ്ടാകുമ്പോള്‍ സുരക്ഷയൊരുക്കല്‍ സര്‍ക്കാറിന്റെ ബാധ്യത തന്നെയാണ്. മൊത്തം ജനങ്ങളുടെയും സുരക്ഷയില്‍ ജാഗ്രത പാലിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിന് തന്നെയാണല്ലോ.

എന്നാല്‍ ഇതിന്റെ മറുവശം കൂടി നാം കാണേണ്ടതുണ്ട്. സുരക്ഷ സ്വീകരിക്കുന്നവരുടെ സുരക്ഷിതത്വബോധം അന്ന് മുതല്‍ നഷ്ടപ്പെടുകയല്ലേ യഥാര്‍ഥത്തില്‍ സംഭവിക്കുന്നത്? അവരുടെ മാത്രമല്ല, കുടുംബത്തിന്റെയും സ്വസ്ഥത നശിക്കുന്നു. 

കൂടാതെ സമാനമേഖലകളില്‍ ഇടപെടുന്ന ആയിരങ്ങളുടെ നാവിനെയും തൂലികയെയുമാണ് ഫാഷിസ്റ്റുകള്‍ താഴിട്ട് പൂട്ടിയിരിക്കുന്നത്. എതിര്‍ ശബ്ദങ്ങളുടെ നാവരിയുന്നതോടെ വര്‍ഗീയ ധ്രുവീകരണത്തിന് വേഗതയേറും. 

അക്രമിക്കപ്പെടുമെന്ന് ഭയപ്പെടുന്നവര്‍ക്ക് കാവല്‍ ഏര്‍പെടുത്തുന്നതിലേറെ നല്ലത് നാടിന്റെ നാശത്തിന് ഇറങ്ങിത്തിരിച്ചവര്‍ക്ക് കടിഞ്ഞാണിടുകയല്ലേ? അതല്ലേ യഥാര്‍ഥ പരിഹാര മാര്‍ഗം? ഒരു ഗ്രാമത്തില്‍ കള്ളന്‍ ഇറങ്ങിയെന്ന് കേട്ടാല്‍ കള്ളനെ പിടിക്കുകയാണോ അതോ അതിന് ശ്രമിക്കാതെ ഗ്രാമത്തിലെ വീടുകള്‍ക്ക് മുഴുവന്‍ കാവല്‍ ഏര്‍പെടുത്തലാണോ ഉചിതമായ മാര്‍ഗം?

കക്ഷിരാഷ്ട്രീയത്തിന്റെയും വര്‍ഗീയതയുടെയും പേരിലുള്ള കൊലപാതകങ്ങള്‍, അക്രമങ്ങള്‍, വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍, പിടിച്ചുപറി, കൊള്ള, മോഷണം... അന്യന്റെ ജീവനും സമ്പത്തിനും വില കല്‍പിക്കാത്ത പ്രവര്‍ത്തനങ്ങള്‍! ഇതെല്ലാം നാട്ടില്‍ പെരുകിക്കൊണ്ടിരിക്കുകയാണ്. തെറ്റുകള്‍ക്കെതിരെ നിയമങ്ങള്‍ യഥേഷ്ടമുണ്ടെങ്കിലും നിയമലംഘനങ്ങള്‍ മുറയ്ക്ക് നടക്കുന്നു. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതെ സൈ്വരവിഹാരം നടത്തിക്കൊണ്ടിരിക്കുന്ന കാലമത്രയും കുറ്റകൃത്യങ്ങള്‍ കുറയുമെന്ന് ആശിക്കേണ്ടതില്ല. അനീതിക്കും അക്രമത്തിനും അഴിമതിക്കും കൂട്ടുനില്‍ക്കുന്നതില്‍നിന്ന് ഉത്തരവാദപ്പെട്ടവര്‍ പിന്‍മാറിയാലേ ജനങ്ങളില്‍ സുരക്ഷിത ബോധം വളരുകയുള്ളൂ. 

അന്യായമാണ് ഒരാള്‍ ചെയ്തതെങ്കിലും അയാള്‍ തന്റെ സമുദായക്കാരനോ, തന്റെ സ്വന്തക്കാരനോ ആണെന്നതിനാല്‍ അയാളെ പിന്തുണക്കുകയും സഹായിക്കുകയും ചെയ്യുന്നത് കടുത്ത അക്രമമാണ് എന്ന് പഠിപ്പിക്കുന്ന മതമാണ് ഇസ്‌ലാം. അതിനെയാണ് ഇസ്‌ലാം വര്‍ഗീയത എന്ന് വിശേഷിപ്പിച്ചത്. അത് വന്‍ വിപത്തുകള്‍ക്ക് വഴിവെക്കും. നാട്ടില്‍ അരാജത്വമുണ്ടാക്കും. ഭീതി പരത്തും. നിര്‍ഭയത്വം നഷ്ടപ്പെടുത്തും. 

ഒരു മതവിശ്വാസി തന്റെ വിശ്വാസവും തന്റെ മതവുമാണ് ശരി എന്ന് വിശ്വസിക്കുന്നത് വര്‍ഗീയതയാണോ? അവന്‍ തന്റെ മതനിര്‍ദേശമനുസരിച്ച് ജീവിക്കുന്നത് വര്‍ഗീയതയാണോ? മതം നിഷ്‌കര്‍ഷിക്കുന്ന കര്‍മാനുഷ്ഠാനങ്ങളില്‍ നിഷ്‌കൃഷ്ടത പുലര്‍ത്തുന്നത് വര്‍ഗീയതയാണോ? ഒരിക്കലുമല്ല! അങ്ങനെയുള്ള ഒരാളെക്കൊണ്ട് ആര്‍ക്കും ഒരു പ്രയാസവും ഉണ്ടാവുകയില്ല.

യഥാര്‍ഥത്തില്‍ അങ്ങനെയുള്ളവരെയാണ് ലോകത്തിന് ആവശ്യം. കാരണം അവര്‍ നന്മയുടെ കാവല്‍ക്കാരായിരിക്കും. അക്രമത്തിന് അവരുടെ ജീവിത നിഘണ്ടുവില്‍ സ്ഥാനമുണ്ടാകില്ല. അവരെ ഭയന്ന് ആരും ആര്‍ക്കും കാവല്‍ ഏര്‍പെടുത്തേണ്ടി വരികയുമില്ല.