ആരൊക്കെയാണ്‌ ഇന്ത്യ വിടേണ്ടത്‌?

എസ്‌.എ റിയാദ്‌

2017 ജനുവരി 21 1438 റബിഉൽ ആഖിർ 22

നമ്മുടെ നാട്ടിൽ കുറച്ച്‌ കാലമായി ഇടയ്ക്കിടെ ഉയർന്നു കേൾക്കുന്ന ശബ്ദമാണ്‌ ഇന്നയിന്നയാളുകൾ `ഇന്ത്യ വിടണം; പാക്കിസ്ഥാനിൽ പോവണം` എന്നത്‌. ഇപ്പോൾ ബി.ജെ.പി കേരളഘടകം ജനറൽ സെക്രട്ടറി എ. എൻ. രാധാകൃഷ്ണനാണ്‌ പുതിയ കോലാഹലങ്ങൾക്ക്‌ തുടക്കം കുറിച്ചിരിക്കുന്നത്‌. സംവിധായകൻ കമലിനെ ലക്ഷ്യമിട്ടുകൊണ്ടാണ്‌ രാധാകൃഷ്ണന്റെ പ്രസ്താവനയെങ്കിലും കമൽ മാത്രമല്ല, സംഘ്പരിവാർ പദ്ധതികളെ വിമർശിക്കുന്ന എല്ലാവരും അവർ തയ്യാറാക്കിയ `രാജ്യവിരുദ്ധരുടെ` പട്ടികയിൽ പെടും. നോട്ടിന്റെ പേരിൽ മോദിയെ വിമർശിച്ചു എന്ന ഒറ്റക്കാരണത്താൽ എം. ടി. വാസുദേവൻ നായർ പോലും സംഘപരിവാറിന്റെ ഭീഷണികൾക്ക്‌ വിധേയമായി എന്നത്‌ വിഷയത്തിന്റെ ഗൗരവം സൂചിപ്പിക്കുന്നു. ജ്ഞാനപീഠജേതാവായ എം. ടി. യെ കുറിച്ച്‌ `നാലുകെട്ടുകാരൻ` ഇനി പാക്കിസ്ഥാനിൽ ജീവിക്കുന്നതാണ്‌ നല്ലത്‌ എന്നാണ്‌ സംഘ്പരിവാറുകാരൻ കുറിച്ചിട്ടത്‌. കേരളത്തിന്റെ സാമൂഹിക ജീവിതത്തിൽ പൗരോഹിത്യ മതങ്ങൾ സൃഷ്ടിച്ച അനാചാരങ്ങളെ തുറന്നെതിർത്തു എന്ന കാരണത്താൽ അങ്ങനെയുള്ളവരെ മുഴുവൻ ദേശദ്രോഹികളായി ചിത്രീകരിക്കാൻ തുനിയുന്നത്‌ രാജ്യം നേടിയ നവോത്ഥാനങ്ങൾക്ക്‌ മീതെ പൊന്തക്കാടുകൾ സൃഷ്ടിക്കൽ മാത്രമായിരിക്കും.

ഒരു വ്യക്തിയുടെ വീക്ഷണങ്ങളോടും നിരീക്ഷണങ്ങളോടും യോജിപ്പും വിയോജിപ്പും പ്രകടപ്പിക്കാൻ ഏതൊരാൾക്കും അവകാശമുണ്ട്‌. ഇന്ത്യൻ ഭരണഘടന പൗരന്‌ അഭിപ്രായ സ്വാതന്ത്ര്യം നൽകുന്നിടത്തോളം കാലം ഏതൊരാൾക്കും വ്യക്തിഗതമായ വീക്ഷണങ്ങൾ വെച്ച്‌ പുലർത്താം. അത്തരം വീക്ഷണങ്ങളെ വിമർശിക്കാൻ ആർക്കും സ്വാതന്ത്ര്യമുണ്ട്‌. പ്രധാനമന്ത്രിയും ഇതര മന്ത്രിമാരും ജുഡീഷ്വറിയും ബ്യൂറോക്രസിയും വിമർശനാതീതരല്ല. പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസയോഗ്യതയെ കുറിച്ച്‌ അന്വേഷിച്ചുകൊണ്ട്‌ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയ ആൾക്ക്‌ അത്‌ നൽകാതിരുന്നതിന്റെ പേരിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‌ പിഴ വിധിച്ച രാജ്യമാണ്‌ ഇന്ത്യ. അങ്ങനെ അറിയാനും പറയാനും വിമർശിക്കാനുമൊക്കെ അവകാശമുള്ള ജാതി മത പരിഗണനകൾ കൽപ്പിക്കാത്ത പൂർണ ജനാധിപത്യ രാജ്യമാണ്‌ ഇന്ത്യ.

എന്നാൽ തന്റെ വീക്ഷണങ്ങളോട്‌ യോജിക്കാത്തവരൊക്കെ രാജ്യത്തിനു പുറത്ത്‌ പോകണമെന്ന്‌ ആക്രോശിക്കുന്നതും വിയോജിക്കുന്നവരെയൊക്കെ പാക്കിസ്ഥാന്റെ വക്താക്കളായി ചിത്രീകരിക്കുന്നതും എന്തുമാത്രം അസംബന്ധമാണ്‌?! സംഘ്പരിവാർ പറയുന്നതൊക്കെ കണ്ണുമടച്ച്‌ അംഗീകരിക്കുന്നതാണ്‌ യഥാർഥ ദേശീയത എന്ന ദുർവ്യാഖ്യാനമാണ്‌ ഇവർ നൽകിക്കൊണ്ടിരിക്കുന്നത്‌. ഒരു ദേശത്തിന്റെ വികസനത്തിനും പുരോഗതിക്കും വേണ്ടി ആത്മാർഥമായി അണിചേർന്ന്‌ പ്രവർത്തിക്കുന്നതാണ്‌ ദേശാഭിമാനത്തിലധിഷ്ഠിതമായ യഥാർഥ ദേശീയത. സ്വന്തം രാജ്യത്തെ പൗരന്മാരെ മുഴുവൻ സ്വന്തം അധ്വാനഫലമായ സമ്പാദ്യത്തിനു വേണ്ടി വെയിലും മഴയും സഹിച്ച്‌ ക്യൂ നിർത്തി ആസ്വദിക്കുകയും സ്വദേശാഭിമാനത്തെ കാറ്റിൽപറത്തുകയും ചെയ്തവർ അന്യദേശീയതകളെ ആക്ഷേപിക്കുന്നതും തളർത്തുന്നതും തകർക്കുന്നതുമാണ്‌ ദേശീയതയുടെ ശരിയായ വ്യാഖ്യാനമെന്ന്‌ തെറ്റിദ്ധരിച്ചിരിക്കുന്നു. മനുഷ്യമനസ്സുകൾക്കിടയിൽ മതിൽക്കെട്ടുകളുയർത്തുകയല്ല ജനപഥങ്ങളെ കൂട്ടിയിണക്കുക എന്ന ഉദാത്തമായ ദൗത്യമാണ്‌ യഥാർഥ ദേശീയത നിർവഹിക്കേണ്ടത്‌.

ഇന്ത്യാ മഹാരാജ്യത്തിന്റെ സഹസ്രാബ്ദങ്ങൾ തൊട്ടുള്ള ചരിത്രം പരിശോധിക്കുമ്പോൾ ഏതെങ്കിലും മതവിഭാഗത്തിന്റെ പ്രദേശമല്ല അതെന്ന യാഥാർഥ്യം ആർക്കും ബോധ്യപ്പെടും. ഇന്ത്യയിൽ ബഹുസ്വരതയാണ്‌ എക്കാലവും നിലനിന്നത്‌. വൈവിധ്യങ്ങളും വൈജാത്യങ്ങളും ഉൾക്കൊണ്ടു കൊണ്ട്‌ നാനാത്വം പ്രകടമാകുമ്പോഴും ഒരു മതത്തിനും അപ്രമാദിത്തം കൽപിക്കാതെ ഒരൊറ്റ ജനതയെന്ന വിവേകപൂർണമായ ചിന്തയാണ്‌ ഇന്ത്യയെ നയിച്ചത്‌. ഏകീകരിക്കപ്പെട്ട നാഗരികതകളെയോ സംസ്കൃതികളെയോ രാജ്യം ഒരു കാലത്തും ഉൾക്കൊണ്ടിട്ടില്ല. മതങ്ങളും സംസ്കാരങ്ങളും ഭാഷകളും ആചാരങ്ങളും അനുഷ്ഠാനങ്ങളും ആഹാര, വേഷഭൂഷാദികളും പ്രാചീനകാലം തൊട്ടേ ഇന്ത്യക്കാരനിൽ വ്യത്യസ്തമാണ്‌. എല്ലാ രംഗത്തും യൂണിഫോമിറ്റിയാണ്‌ പുരോഗമനപരമെന്ന്‌ പ്രചരിപ്പിക്കുന്നവർ ഇന്ത്യയുടെ ആത്മാവിനെ തൊട്ടറിയാത്തവരാണ്‌.

ബഹുസ്വരതയും സഹിഷ്ണുതയുമാണ്‌ ഇന്ത്യയുടെ ആത്മാഭിമാനം ഉയർത്തുന്നതെങ്കിൽ ഇന്ത്യക്ക്‌ ഒട്ടും ചേരാത്ത ഒന്നാണ്‌ വർഗീയത. താൻ ഉൾക്കൊള്ളുന്ന വർഗത്തിൽ പെടാത്തവരുടെ അസ്തിത്വത്തെ അംഗീകരിക്കാതിരിക്കുകയോ അവരുടെ സ്വാതന്ത്ര്യം ഹനിക്കുകയോ അവരുടെ നാശം ആഗ്രഹിക്കുകയോ ചെയ്യുന്നതാണ്‌ വർഗീയത. ഏതൊരു വർഗത്തിനും സ്വയം സംഘടിക്കാൻ അവകാശമുണ്ട്‌. അത്‌ പക്ഷേ, മറ്റു വർഗങ്ങളുടെ ഉന്മൂലനത്തിനു വേണ്ടിയാവരുത്‌. ഇവിടെ തങ്ങളുടെ അഭിപ്രായങ്ങൾ അംഗീകരിക്കാത്തവർ ഇന്ത്യ വിട്ടുപോകണമെന്ന്‌ വിളിച്ചു പറയുന്നവർ ഇന്ത്യക്ക്‌ പരിചിതമല്ലാത്ത വർഗീയതയെയാണ്‌ മുന്നോട്ടു വെക്കുന്നത്‌. യഥാർത്ഥത്തിൽ ഇന്ത്യ തിരസ്കരിച്ച ഈ വാദം പേറുന്നവരാണ്‌ ഇന്ത്യക്ക്‌ പുറത്ത്‌ പോവാൻ ഏറ്റവും യോഗ്യർ.