ചരിത്രത്തിന്റെ പുനർനിർമിതി നൽകുന്ന അപായസൂചനകൾ

എസ്‌.എ

2017 ജനുവരി 14 1438 റബിഉൽ ആഖിർ 15

ഉന്നയിക്കുന്ന വാദങ്ങളെ ന്യായീകരിക്കാനായി ചരിത്ര സത്യങ്ങളുടെ ഒരു വശം മാത്രം കാണുന്നത്‌ ശരിയല്ലെന്നും അഭിഭാഷകന്റെ മനസ്സല്ല ന്യായാധിപന്റെ നിഷ്പക്ഷ മനസ്സാണ്‌ ഒരു ചരിത്രകാരന്‌ ഉണ്ടാകേണ്ടതെന്നും രാഷ്ട്രപതി പ്രണബ്‌ കുമാർ മുഖർജി പ്രസ്താവിച്ചത്‌ ഏറെ ശ്രദ്ധേയമാണ്‌. കേരള ഗവർണർ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത്‌ നടന്ന 77​‍ാമത്‌ ചരിത്ര കോൺഗ്രസ്സ്‌ ഉദ്ഘാടനവേളയിലാണ്‌ രാഷ്ട്രപതിയുടെ പ്രസ്താവന.

ഭാരതത്തിന്റെ ചരിത്രവും പാരമ്പര്യവും വക്രീകരിക്കുകയും അവയെ പുനരാഖ്യാനിക്കുകയും ചെയ്തുകൊണ്ട്‌ സാംസ്കാരികവും സാമൂഹികവുമായ ഗതിമാറ്റം അടിച്ചേൽപിച്ചുകൊണ്ടിരിക്കുന്ന വർത്തമാന ഇന്ത്യയുടെ പശ്ചാത്തലത്തിൽ ഈ പ്രസ്താവനക്ക്‌ വലിയ പ്രസക്തിയുണ്ട്‌. ഇന്ത്യാ മഹാരാജ്യത്തിന്റെ സർവോന്മുഖമായ പുരോഗതിക്ക്‌ ഒട്ടേറെ സംഭാവനകൾ നൽകിയ സമൂഹങ്ങളെയും വ്യക്തികളെയും തള്ളിപ്പറഞ്ഞു രാഷ്ട്രത്തിന്റെ അതിർത്തിക്ക്‌ പുറത്ത്‌ നിർത്തുവാനുള്ള ഗൂഢശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നുവെന്നത്‌ ചരിത്രകുതുകികൾക്ക്‌ മനസ്സിലാക്കാൻ പ്രയാസമില്ല.

പോയകാലത്തിന്റെ രേഖപ്പെടുത്തലും അതിനെക്കുറിച്ചുള്ള പഠനവുമാണല്ലോ ഹിസ്റ്ററി അഥവാ ചരിത്രം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. ഒരുവന്റെ അന്വേഷണ പരീക്ഷണങ്ങളുടെ രേഖപ്പെടുത്തൽ എന്നർഥം വരുന്ന `ഹിസ്റ്റോറിയ` എന്ന ഗ്രീക്ക്‌ പദത്തിൽ നിന്നാണ്‌ `ഹിസ്റ്ററി` എന്ന വാക്ക്‌ ഇംഗ്ളീഷിലെത്തിയത്‌. മനുഷ്യസമൂഹത്തിന്റെ മാത്രമല്ല പ്രപഞ്ചത്തിലാകെ ഉണ്ടാകുന്ന മാറ്റങ്ങളുടെ രേഖപ്പെടുത്തലാണ്‌ ചരിത്രം. ഈ വിജ്ഞാനം സത്യസന്ധമല്ലെങ്കിൽ മുഴുവൻ തലമുറകളോടും ചെയ്യുന്ന കടുത്ത വഞ്ചനയായിരിക്കുമത്‌. അതോടൊപ്പം തങ്ങൾ ഉന്നയിക്കുന്ന പൊള്ളയായ വാദങ്ങളെ സത്യമെന്ന്‌ `ബോധ്യപ്പെടുത്തുവാൻ` വേണ്ടി മാത്രം ചരിത്രത്തിന്റെ പുതുവേർഷനുകൾ സൃഷ്ടിക്കുന്നത്‌ അതിലും വലിയ പാതകമായിരിക്കുമെന്നത്‌ പറയേണ്ടതില്ല. വിശ്രുതരായ ചരിത്രകാരന്മാരുടെ ശ്രമകരമായ അധ്വാനങ്ങളെയും ബൗദ്ധികമായ സംഭാവനകളെയും തമസ്കരിച്ചുകൊണ്ട്‌ നിർവഹിക്കപ്പെടുന്ന ഇത്തരം ജുഗുപ്സാവഹമായ പ്രവർത്തനങ്ങൾക്ക്‌ ഇന്ന്‌ ബുദ്ധിജീവി മണ്ഡലങ്ങളിൽ പോലും സ്വീകാര്യതയുണ്ടാകുന്നു എന്നത്‌ എത്രമാത്രം ഭീതിതമാണ്‌?!

മധ്യകാല ഇന്ത്യാചരിത്രത്തെ വളച്ചൊടിക്കുന്നതിനുവേണ്ടി സംഘപരിവാർ കേന്ദ്രങ്ങൾ പുതിയ ഗവേഷണകേന്ദ്രങ്ങൾ തുടങ്ങുകയും പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കുകയും ചെയ്തിരിക്കുന്നുവെന്നത്‌ ഒരു യാഥാർഥ്യമാണ്‌. ഓരോ ദിവസവും പുതിയ പുതിയ വെളിപാടുകളും വെളിപ്പെടുത്തലുകളും നടത്തിക്കൊണ്ടിരിക്കുന്ന ഈ `വെളിച്ചപ്പാടുകൾ` ചരിത്രത്തിന്‌ തങ്കലിപികൾ സംഭാവന ചെയ്ത യുഗപുരുഷന്മാരെക്കുറിച്ചുള്ള വിദ്വേഷവും വെറുപ്പുമാണ്‌ പുതുതലമുറക്ക്‌ സമ്മാനിക്കുന്നത്‌. മഹാത്മജി അവമതിക്കപ്പെടുകയും ഗോഡ്സെ പ്രശംസിക്കപ്പെടുകയും ചെയ്യുന്ന തരത്തിലേക്ക്‌ ചരിത്രത്തെ ഭാവിതലമുറക്ക്‌ കൈമാറുന്ന ഗവേഷണങ്ങളാണ്‌ നടന്നുകൊണ്ടിരിക്കുന്നത്‌.

പതിറ്റാണ്ടുകൾക്ക്‌ മുമ്പ്‌ തന്നെ തുടങ്ങിവെച്ച ഈ പ്രക്രിയയുടെ ദുരന്തഫലമായിരുന്നു മതേതര ഭാരതത്തിന്റെ പ്രതീകമായിരുന്ന ബാബരി മസ്ജിദിന്റെ പതനം. ഭരണരംഗത്ത്‌ നിന്ന്‌ ധൂർത്തിനെയും അഴിമതിയെയും ഒഴിവാക്കി ലളിതജീവിതത്തിലൂടെ മാതൃകാജീവിതം നയിച്ച ഔറംഗസേബിനെ വർഗീയവാദിയും മതഭ്രാന്തനുമായി ചിത്രീകരിക്കാനുള്ള വിഫലശ്രമങ്ങളാണ്‌ പുതുചരിത്രത്തിന്റെ ഈ കുഴലൂത്തുകാർ നടത്തിക്കൊണ്ടിരിക്കുന്നത്‌. ഗുജറാത്തിലെ മുൻ ഐ.പി.എസ്‌ ഓഫിസർ കിഷോർ കുണാൽ രചിച്ച `അയോധ്യ റി വിസിറ്റഡ്‌` എന്ന പുസ്തകം ഇയ്യിടെയാണ്‌ പ്രകാശനം ചെയ്തത്‌. രാമക്ഷേത്രം തകർത്ത്‌ അവിടെ മസ്ജിദ്‌ പണിതതും ഔറംഗസേബായിരുന്നു എന്ന അതിവിചിത്രമായ വാദമാണ്‌ ഗ്രന്ഥകാരൻ സമർഥിക്കാൻ ശ്രമിക്കുന്നത്‌. വിശ്വാസത്തിലൂന്നി അഴിമതികൾക്കെതിരെ ശബ്ദിച്ച്‌ ജനക്ഷേമകരമായ ഭരണനവീകരണങ്ങൾ കൊണ്ടുവരാൻ ശ്രമിച്ചതിനുള്ള ശിക്ഷയാണ്‌ ഔറംഗസീബിന്‌ ഇവർ നൽകുന്നത്‌.

ലോകത്തിന്റെ നെറുകെയിൽ കേരളമെന്ന ഭൂപ്രവിശ്യക്കുള്ള സ്ഥാനം ലഭ്യമാക്കിയത്‌ മൈസൂർ സുൽത്താന്മാരുടെ ഭരണകാലം തൊട്ടായിരുന്നുവെന്ന്‌ ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു. എല്ലാവരാലും ഒറ്റുകൊടുക്കപ്പെട്ടപ്പോഴും സർവായുധങ്ങളുമായി രണഭൂമിയിൽ പറന്നു പൊരുതി വീരമൃത്യു വരിച്ച ടിപ്പു സുൽത്താന്റെ ചരിത്രം ആധുനിക കേരളത്തിന്റെ വികസന പുരോഗതിയുടെ നാന്ദിയുടെ ചരിത്രമാണ്‌. കാർഷിക ബന്ധങ്ങളിലും ഭൂഉടമ വ്യവസ്ഥകളിലും ചരിത്രപരമായ പങ്കു നിർവഹിച്ച്‌ ധർമവും നീതിയും നടപ്പാക്കുന്നതിലും ഗതാഗതം, തുറമുഖം, വാഹനങ്ങൾ തുടങ്ങി ഒട്ടേറെ മേഖലകളിൽ നവചരിത്രം സൃഷ്ടിച്ചും വികസനപ്രവർത്തനങ്ങൾ അദ്ദേഹം കാഴ്ചവെച്ചു. മഞ്ചേരി അത്തൻ കുരിക്കൾ എന്ന ജന്മി മുസ്ലിം സമുദായത്തിൽ തനിക്കുണ്ടായിരുന്ന പ്രമാണിത്തവും സ്വാധീനവും ഉപയോഗിച്ചു കൈവശപ്പെടുത്തിയ പ്രമാണമില്ലാത്ത ഭൂമിയും വമ്പിച്ച നികുതി വെട്ടിപ്പും സുൽത്താന്റെ റവന്യൂ ഉദ്യോഗസ്ഥർ കണ്ടുപിടിക്കുകയും നടപടികൾ സ്വീകരിക്കുകയും ചെയ്തത്‌ ജാതിയും മതവും വിശ്വാസവും ഒട്ടും പരിഗണിക്കാതെ തന്നെയാണ്‌ സുൽത്താൻ ഭരണം നടത്തിയതെന്നതിന്‌ വലിയ തെളിവാണ്‌. ക്ഷേത്രങ്ങളെ നികുതികളിൽ നിന്നൊഴിവാക്കുക മാത്രമല്ല, ക്ഷേത്രങ്ങൾക്ക്‌ സംരക്ഷണം നൽകുക കൂടി ചെയ്ത ഭരണാധികാരി എന്ന ഖ്യാതിയും അദ്ദേഹത്തിനുണ്ടായിരുന്നു. പക്ഷേ, ചരിത്രത്തെ വർഗീയവൽക്കരിച്ചുകൊണ്ടിരിക്കുന്നവർ വർഗീയതയുടെയും തീവ്രതയുടെയും മുഖമുദ്ര നൽകി മൈസൂർ സുൽത്താന്മാരെ വികൃതമാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്‌.

തീവ്രവാദവും ഭീകരവാദവും ലോകത്തെ കീഴ്പ്പെടുത്താൻ ശ്രമിച്ചപ്പോഴൊക്കെയും അതിനെതിരെ അതിശക്തമായ നിലപാടുകൾ സ്വീകരിച്ചവരാണ്‌ ലോകത്തെ സലഫിപണ്ഡിതന്മാർ. `സലഫി` എന്ന പദത്തെ ദുരുപയോഗം ചെയ്ത ചിലർ മതരാഷ്ട്രവാദ സങ്കൽപങ്ങൾ ആവിഷ്കരിക്കുകയും അത്തരത്തിലുള്ള മതരാഷ്ട്ര സംസ്ഥാപനത്തിന്‌ ആത്മഹത്യാ സ്കോഡുകൾ പോലും രൂപീകരിക്കുകയും ചെയ്തപ്പോൾ അതിനെതിരെ മതത്തിന്റെ യഥാർഥ ലക്ഷ്യമായ ഏകദൈവത്വത്തിന്റെയും ഏകമാനവതയുടെയും സമാധാനത്തിന്റെയും പരലോകവിജയത്തിന്റെയും പാഠങ്ങൾ പകർന്നു നൽകിയ മഹാ വ്യക്തിത്വങ്ങളാണ്‌ സലഫി പണ്ഡിതന്മാർ. പക്ഷേ, അവർക്കും വർഗീയപരിവേഷം നൽകാനും തീവ്രവാദ കവചങ്ങൾ സമ്മാനിക്കാനും ഇക്കൂട്ടർ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ചരിത്രത്തെ അതിനിഷ്ഠൂരമായി വക്രീകരിക്കുവാനും സമാധാനം ഉൽഘോഷിച്ച ഒരു സമൂഹത്തെയും അതിന്റെ വേദഗ്രന്ഥത്തെയും പ്രവാചകനെയും അതിഭീകരതയുടെ സങ്കേതമായി അവതരിപ്പിക്കാനുമാണ്‌ ഇവർ പുതിയ ഗവേഷണങ്ങളിലൂടെ ശ്രമിക്കുന്നത്‌.

ഇവിടെയാണ്‌ രാഷ്ട്രപതിയുടെ ചില പ്രയോഗങ്ങൾ അർഥവത്താകുന്നത്‌. രാജ്യത്തോടും മതത്തോടും മേഖലകളോടും വ്യക്തികൾക്കുള്ള ചായ്‌വുകൾ അവർ ചരിത്രത്തെ വിശകലനം ചെയ്യുമ്പോഴും സ്വാധീനിക്കാറുണ്ടെന്നും അതിൽ നിന്നും മുക്തമായ ചരിത്ര അപഗ്രഥനമാണ്‌ ഉണ്ടാകേണ്ടതെന്നുമുള്ള അദ്ദേഹത്തിന്റെ പരാമർശങ്ങൾ വളരെ പ്രാധാന്യമർഹിക്കുന്നു. വിഭിന്നമായ കാഴ്ചപ്പാടുകളും ചിന്തകളും ആശയങ്ങളും നൂറ്റാണ്ടുകളായി സമാധാനപരമായി സംവദിച്ചുവരുന്ന ഭാരതത്തിന്‌ അസഹിഷ്ണുതയുടെ പാരമ്പര്യമല്ല; പ്രത്യുത യുക്തിസഹമായ വാദപ്രതിവാദങ്ങളുടെ പാരമ്പര്യമാണുള്ളതെന്നും അദ്ദേഹം ഓർമിപ്പിച്ചു. വിയോജിക്കാനും ബൗദ്ധികമായി സംവദിക്കാനുമുള്ള സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്ന്‌ പറഞ്ഞ അദ്ദേഹം വൈവിധ്യങ്ങളുടെ ഇന്ത്യയുടെ നാനാത്വത്തെ നിലനിർത്താൻ ശരിയായ ചരിത്രരചനകളിലൂടെ യത്നിക്കണമെന്ന്‌ ചരിത്രകാരന്മാരോടാവശ്യപ്പെടുകയും ചെയ്തു.

ഇന്ത്യൻ കൗൺസിൽ ഓഫ്‌ ഹിസ്റ്റോറിക്കൽ റിസർച്ചിനെ ഹൈജാക്ക്‌ ചെയ്യാൻ ശ്രമിക്കുന്നവരെ കരുതിയിരിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശവും ചരിത്രവസ്തുതകൾ പാർശ്വവൽക്കരിക്കപ്പെടുന്നതിനെ ഭയപ്പെടണമെന്ന ഗവർണർ പി. സദാശിവത്തിന്റെ നിരീക്ഷണവും വളരെ പ്രസക്തമാണ്‌. കെട്ടിച്ചമച്ച കാഴ്ചപ്പാടുകൾ സമൂഹത്തിൽ അടിച്ചേൽപിച്ച്‌ തങ്ങളുടെ താൽപര്യത്തിനായി ദേശീയ ചിഹ്നങ്ങളെ വരെ ദുരുപയോഗം ചെയ്യുന്ന പ്രവണതക്കെതിരെ സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ ആഹ്വാനം മതേതരസമൂഹത്തിന്റെ സംരക്ഷണത്തിനാവശ്യമാണ്‌.