'ഗോ'വണ്മെന്റുകളായി മാറുന്ന ഭരണകൂടം

പി.വി.എ പ്രിംറോസ്  

2017 ഏപ്രില്‍ 08 1438 റജബ് 11

''ഒരു ദിവസം ഒരു കുട്ടി റോഡിന്റെ വശത്തുള്ള കുപ്പത്തൊട്ടിയില്‍ നിന്ന് പഴത്തൊലി പെറുക്കിത്തിന്നുമ്പോള്‍ ഒരു പശു അവന്റെയടുക്കല്‍ വന്ന് ഒരു പഴത്തോല്‍ കടിച്ചു വലിച്ചു.

അവന്‍ പശുവിനെ തള്ളി നീക്കി. പശു ഉറക്കെ കരഞ്ഞു കൊണ്ട് റോഡില്‍ക്കൂടി ഓടി.

സന്യാസിമാര്‍ ഉടന്‍ പ്രത്യക്ഷപ്പെട്ടു.

വിശുദ്ധമൃഗമായ പശുവിനെ നീയാണോ ഉപദ്രവിച്ചത്? അവര്‍ കുട്ടിയോട് ചോദിച്ചു.

'ഞാന്‍ ഉപദ്രവിച്ചില്ല. ഞാന്‍ തിന്നിരുന്ന പഴത്തോല്‍ പശു തട്ടിപ്പറിച്ചു. അത് കൊണ്ട് ഞാന്‍ അതിനെ ഓടിച്ചതാണ്.' കുട്ടി പറഞ്ഞു.

നിന്റെ മതമേതാണ്? സന്യാസിമാര്‍ ചോദിച്ചു.

'മതം? അതെന്താണ്?' കുട്ടി ചോദിച്ചു.

'നീ ഹിന്ദുവാണോ? നീ മുസ്‌ലിമാണോ? നീ കൃസ്ത്യാനിയാണോ? നീ അമ്പലത്തില്‍ പോകാറുണ്ടോ? പള്ളിയില്‍ പോകാറുണ്ടോ? 'ഞാന്‍ എങ്ങോട്ടും പോകാറില്ല' കുട്ടി പറഞ്ഞു.

'അപ്പോള്‍ നീ പ്രാര്‍ഥനയില്‍ വിശ്വസിക്കുന്നില്ലേ?' അവര്‍ ചോദിച്ചു. 'ഞാന്‍ എങ്ങോട്ടും പോകാറില്ല' കുട്ടി പറഞ്ഞു 'എനിക്ക് കുപ്പായമില്ല. ട്രൗസറിന്റെ പിറകുവശം കീറിയിരിക്കുന്നു' സന്യാസിമാര്‍ അന്യോന്യം സ്വകാര്യം പറഞ്ഞു:

'നീ മുസല്‍മാനായിരിക്കണം. പശുവിനെ നീ ഉപദ്രവിച്ചു' അവര്‍ പറഞ്ഞു. 'നിങ്ങള്‍ ആ പശുവിന്റെ ഉടമസ്ഥരാണോ? കുട്ടി ചോദിച്ചു.

സന്യാസിമാര്‍ കുട്ടിയുടെ കഴുത്ത് ഞെരിച്ച് അവനെ കൊന്ന്, ആ കുപ്പത്തൊട്ടിയില്‍ ഇട്ടു.

'സന്യാസിമാര്‍ ഓം നമശിവായ, അങ്ങയുടെ തീരുമാനം വാഴ്ത്തപ്പെടട്ടെ' (കഥ: വിശുദ്ധ പശു-1968, മാധവിക്കുട്ടി)

മീഡിയാപ്രവര്‍ത്തകര്‍ക്കും സഭ ബഹിഷ്‌കരിച്ച എം.എല്‍.എമാര്‍ക്കും പകരം സന്യാസിമാരെ കൊണ്ട് നിറഞ്ഞ പാര്‍ലമെന്റിനെ സാക്ഷിനിര്‍ത്തി ഗുജറാത്ത് അസംബ്ലി ഗോവധത്തിനെതിരെയുള്ള ശിക്ഷ ജീവപര്യന്തമാക്കി ഉയര്‍ത്തിയപ്പോള്‍ കമലാ സുരയ്യ നാല്‍പത് വര്‍ഷം മുമ്പ് എഴുതിയ 'വിശുദ്ധ പശു' എന്ന കഥയാണ് ഓര്‍മ വന്നത്.

രാജ്യത്തെ പട്ടിണിപ്പാവങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കാനോ പരിഹരിക്കാനോ നേരം കണ്ടെത്താതെ കാള വാലില്‍ തൂങ്ങി തെരഞ്ഞെടുപ്പിനെ മറികടക്കാമെന്ന ഭരണകക്ഷിയുടെ വ്യാമോഹമാണ് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കാവുന്ന നിയമ പരിഷ്‌കണങ്ങളുമായി ഗുജറാത്ത് സര്‍ക്കാരിനെ മുന്നോട്ട് പോകാന്‍ പ്രേരിപ്പിക്കുന്നത് എന്ന് വ്യക്തം. പുതിയ ഭേദഗതികള്‍ പ്രകാരം പശുക്കളെ കൊല്ലുന്നതും കടത്തുന്നതും ഇറച്ചി കൈവശം വയ്ക്കുന്നതുമെല്ലാം ജാമ്യം കിട്ടാത്ത കുറ്റങ്ങളാണ് ഇനി. പശുക്കളെയും കാളകളെയും വാഹനത്തില്‍ കടത്തിയാല്‍ ഏഴ് മുതല്‍ 10 വര്‍ഷം വരെ തടവും ഒരുലക്ഷം രൂപ വരെ പിഴയുമാണ് ഇനി ഗുജറാത്തില്‍. ഗുജറാത്തിന്റെ സംസ്‌കാരം പൂര്‍ണമായും സസ്യഭക്ഷണരീതിയിലേക്ക് മാറ്റുക എന്ന ലക്ഷ്യമിട്ടാണ് തന്റെ നടപടിയെന്നാണ് മുഖ്യമന്ത്രി വിജയ് റുപാനിയുടെ ഭാഷ്യം.

ഒരുപടി കൂടി കടന്ന് ഗോവധം നടത്തുന്നവരെ തൂക്കിക്കൊല്ലുമെന്നാണ് ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍സിംഗിന്റെ തിട്ടൂരം. കഴിഞ്ഞ 15 വര്‍ഷമായി ബി.ജെ.പി ഭരണത്തിലുള്ള ഛത്തീസ്ഗഡില്‍ ഗോവധങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്തത് തങ്ങളുടെ കര്‍ശനനിയമത്തിന്റെ പരിണിത ഫലമാണെന്ന് പത്രസമ്മേളനത്തില്‍ ഊറ്റം കൊള്ളുന്നുമുണ്ട് അദ്ദേഹം.

ഈ വര്‍ഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ജാതിവര്‍ഗീയധ്രുവീകരണം തീവ്രമാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള നിയമഭേദഗതി. 2011ല്‍ നരേന്ദ്ര മോഡി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പശുക്കളെ കൊല്ലുന്നവര്‍ക്കുള്ള ശിക്ഷ വര്‍ധിപ്പിച്ചിരുന്നു. ഗുജറാത്തില്‍ നേരത്തെ ഇറച്ചി കൈവശംവയ്ക്കുന്നതോ വില്‍ക്കുന്നതോ കാലികളെ കടത്തുന്നതോ കുറ്റകരമായിരുന്നില്ല. മോഡി ഭരണത്തില്‍ ഇതു രണ്ടും ശിക്ഷാര്‍ഹമാക്കി.

ഭാരതീയ ജനതാ പാര്‍ട്ടി കേന്ദ്ര ഭരണമേറ്റെടുത്തതോടു കൂടി സംഘ്പരിവാര്‍ ചിരകാലമായി ആഗ്രഹിച്ചു കൊണ്ടിരുന്ന പല ഗൂഢ അജണ്ടകളും രാജ്യത്ത് നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് യുപിയിലേയും ഗുജറാത്തിലെയുമെല്ലാം തീവ്ര ഹൈന്ദവ നിലപാടുകള്‍. ജാര്‍ഖണ്ഡ്, ഹരിയാന, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും ഇതിന് സമാനമായ പല നിലപാടുകളും സര്‍ക്കാര്‍ കൈക്കൊണ്ടതും ഇക്കാലയളവിലാണ്. യോഗി ആദിത്യാനന്ദയുടെ സ്ഥാനാരോഹണം അവര്‍ക്കതിന് ശക്തമായ ഊര്‍ജമായി മാറുകയും ചെയ്തു.

കേന്ദ്ര സര്‍ക്കാരിന്റെ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ മാതൃകയില്‍ പശുക്കള്‍ക്ക് തിരിച്ചറിയല്‍ സംവിധാനം ഏര്‍പ്പെടുത്തുകയും ഓരോ പശുക്കള്‍ക്കും 12 അക്ക നമ്പര്‍ രേഖപ്പെടുത്തിയ പ്രത്യേക തിരിച്ചറിയല്‍ ടാഗ് ഇതിന്റെ ഭാഗമായി നല്‍കുമെന്ന വിചിത്രമായ വാര്‍ത്ത ഹരിയാന ഗവണ്‍മന്റ് പുറത്തു വിട്ട ഞെട്ടല്‍ മാറുന്നതിന് മുമ്പാണ് ഗുജറാത്ത് സര്‍ക്കാരിന്റെ പുതിയ നടപടി. പശുവിന്റെ കഴുത്തിലിടുന്ന ഈ ടാഗില്‍ ഫോട്ടോയടക്കം പശുവിനെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളുമുണ്ടാവുമെന്നും പശുവിന്റെ ദൈനംദിന വിവരങ്ങള്‍ രേഖപ്പെടുത്താന്‍ ഉടമയ്ക്കു പ്രത്യേക ബുക്ക്‌ലറ്റും പശുക്കളെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാനായി ഉടമകള്‍ക്ക് ഫോമുകളും വിതരണം ചെയ്യുമെന്നുമായിരുന്നു അന്ന് ഇവരുടെ വാര്‍ത്താകുറിപ്പില്‍ പറഞ്ഞിരുന്നത്.

കേവലം മതപരമായ 'വിലക്കി'നോടുള്ള പ്രതിപത്തി എന്നതിലുപരി ശക്തമായ രാഷ്ട്രീയ ആയുധമായാണ് സംഘ്പരിവാര്‍ ശക്തികള്‍ എന്നും ഗോവധത്തെയും അനുബന്ധ വിവാദങ്ങളെയും കണ്ടിട്ടുള്ളത്. 1870ല്‍ പഞ്ചാബിലെ സിഖ് കൂക്ക് വിഭാഗവുമായി ചേര്‍ന്ന് ഹിന്ദു ഗോരക്ഷ പ്രസ്ഥാനം ആരംഭിച്ചതോട് കൂടിയാണ് കന്നുകാലികള്‍ രാഷ്ട്രീയ പ്രക്ഷോഭത്തിനുള്ള ഉപകരണങ്ങളായി മാറിയത്. 82ല്‍ ദയാനന്ദ സരസ്വതി ആദ്യത്തെ ഗോരക്ഷിണി സഭ സ്ഥാപിച്ച് വര്‍ഗീയപരമായ വെല്ലുവിളികളുമായി മുന്നോട്ട് പോവുകയും അതിന്റെ ഭാഗമായി തുടര്‍ വര്‍ഷങ്ങളില്‍ ചെറുതും വലുതുമായ വര്‍ഗീയ സംഘട്ടനങ്ങള്‍ രാജ്യത്ത് അരങ്ങേറുകയും ചെയ്തു.

1888ല്‍ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യകളിലെ ഹൈക്കോടതി പശുവിനെ 'വിശുദ്ധ വസ്തു' എന്ന പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ പാടില്ല എന്ന വിധി പ്രസ്താവിച്ചത് യഥാര്‍ഥത്തില്‍ ഗോസംരക്ഷണ പ്രസ്ഥാനത്തെ ദുര്‍ബലപ്പെടുത്താനല്ല, മറിച്ച് ശക്തിപ്പെടുത്താനാണ് ഉപകരിച്ചത്.

1893ല്‍ അസംഗഢിലും 1912ല്‍ അയോധ്യയിലും 17ല്‍ ഷാഹബാദിലും ഇതിനെ തുടര്‍ന്നുണ്ടായ കലാപങ്ങളില്‍ നൂറു കണക്കിനാളുകള്‍ കൊല്ലപ്പെട്ടെങ്കിലും ഈ വര്‍ഗീയ ധ്രുവീകരണങ്ങള്‍ക്ക് അവസാനം കുറിക്കാന്‍ ഭരണകൂടം കാര്യമായൊന്നും ചെയ്തില്ല എന്നതാണ് വാസ്തവം.

യഥാര്‍ഥത്തില്‍, ഏതെങ്കിലും മതവിഭാഗത്തിന്റെ ആദര്‍ശ സംരക്ഷണ ഭാഗമായാണോ ഒരു മതേതരരാഷ്ട്രം നി യമങ്ങള്‍ നിര്‍മിക്കേണ്ടത്? തീര്‍ച്ചയായും അല്ല, എന്നു തന്നെയാണുത്തരം. മതപരമായി വിശുദ്ധ പട്ടികയിലുള്‍പ്പെട്ട വളര്‍ത്തുമൃഗങ്ങളെ ഭരണകൂടവും കോടതിയും ബഹുമാനിക്കണമെങ്കില്‍ അത് ഒരു ഗോവില്‍ മാത്രം പരിമിതപ്പെടുത്തിക്കൂടാ. ക്രിസ്ത്യാനികളും ബുദ്ധരും ജൈനരും... തുടങ്ങി അനവധി നിരവധി മതങ്ങളും അവയിലെ അവാന്തര വിഭാഗങ്ങളും പല ജീവികളെയും വിശുദ്ധമായും നിന്ദ്യമായും ഗണിക്കുന്നുണ്ട്. ഇവയെല്ലാം നിരോധന പട്ടികയിലുള്‍പ്പെടുത്തിയാല്‍ വെറും വളക്കുഴിയായി പൗരന്മാരുടെ ആമാശയം മാറാന്‍ അധികം കാലതാമസമുണ്ടാകില്ല. മാത്രമല്ല, സസ്യങ്ങളില്‍ വരെ ജീവനും പ്രതികരണശേഷിയും വികാര വിചാരങ്ങളും ശാസ്ത്രലോകം കണ്ടെത്തിയ ഇക്കാലത്ത് വിശുദ്ധ സസ്യങ്ങളെയും വൃക്ഷങ്ങളെയും സംരക്ഷിക്കാനും നിയമങ്ങള്‍ കൊണ്ടുവരേണ്ടി വരും.

വംശനാശ ഭീഷണിയും നാടിന്റെ അവിഭാജ്യതയും പരിഗണിച്ച് സംരക്ഷിക്കേണ്ട ജന്തുജാലങ്ങളുടെ കാര്യത്തിലാണ് ഈ നിയമമെങ്കില്‍ അക്കാര്യത്തെ സഹര്‍ഷം സ്വാഗതം ചെയ്യാന്‍ ഭാരതത്തിലെ ഓരോ പൗരനും തയ്യാറാകുമെന്നതില്‍ യാതൊരു സംശയവുമില്ല. എന്നാല്‍ ഗോവധത്തില്‍ അതല്ല വസ്തുത. സെന്‍സസ് പ്രകാരം വളര്‍ത്തുപക്ഷികളെ മാറ്റി നിര്‍ത്തിയാല്‍ താരതമ്യേന രാജ്യത്ത് ഏറ്റവും കൂടുതല്‍ സംഖ്യാബലമുള്ള കന്നുകാലികളിലാണ് ഈ നിയമം പ്രാവര്‍ത്തികമാക്കുന്നത് എന്നത് ചിരിയുണര്‍ത്തുന്ന വസ്തുതയാണ്.

ഹൈന്ദവന്‍ പൂജിക്കുന്ന ജീവിയെന്ന നിലക്ക് ഗോവിനെ കൊല്ലുന്നത് നിരോധിക്കണമെന്ന സംഘ്പരിവാറിന്റെ ദുഃശാഠ്യത്തിന് വഴങ്ങിയാല്‍ അവര്‍ തന്നെ വിശുദ്ധങ്ങളെന്ന് ഗണിക്കുന്ന ഗണപതിയുടെ വാഹനമായ എലി മുതല്‍ അയ്യപ്പന്റെ വാഹനമായ പുലി വരെയുള്ളതിന് ഈ നിയമം ബാധകമാകേണ്ടതല്ലേ? അതുകൊണ്ടൊക്കെ തന്നെ മതഭക്തിയല്ല ഈ കാടന്‍ നിയമങ്ങള്‍ക്ക് പ്രേരകമെന്നും വര്‍ഗീയചിന്തകള്‍ മുളപ്പിച്ച് രാഷ്ട്രീയലാഭം കൊയ്‌തെടുക്കാനുള്ള ഹിഡണ്‍ അജണ്ടകളുമാണ് ഇതിന് പിന്നിലുള്ളതെന്നും ബുദ്ധിയുള്ളവര്‍ വിലയിരുത്തുന്നത്. ചുരുക്കത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കേശുഭായ് പട്ടേല്‍ തെരഞ്ഞുടുപ്പ് കാലത്ത് പശു സംരക്ഷണത്തിനായി പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച അതേ സൃഗാലബുദ്ധി തന്നെയാണ് ഗുജറാത്തില്‍ വിജയ് റുപാനിയും ഛത്തീസ്ഗഡില്‍ രമണ്‍സിംഗും മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫട്‌നാവിസുമെല്ലാം ചെയ്തു കൊണ്ടിരിക്കുന്നത്.

പ്രാചീന ഭാരതീയ ഭോജനരീതികളിലോ അതിന് മാനദണ്ഡമാക്കിയ ഭാരതീയ പ്രമാണങ്ങളിലോ മാംസഭക്ഷണം, വിശിഷ്യാ ഗോമാംസം ഭക്ഷണയോഗ്യമായിരുന്നോ എന്നതാണ് അടുത്തതായി പരിശോധിക്കാനുള്ളത്. ഐ.ഐ.ടി ഹോസ്റ്റലുകളിലടക്കം മാംസം നിരോധിക്കാന്‍ മുറവിളി കൂട്ടുന്ന ഹിന്ദുത്വ പ്രഭൃതികളുടെ ആശയത്തിന്റെ അടിവേരിളക്കാന്‍ കാരണമാവും മേല്‍ പഠനം.

1891ല്‍ പ്രസിദ്ധീകൃതമായ 'ദി ഇന്‍ഡോ ആര്യന്‍സ്' എന്ന പുസ്തകവും 'ദി പോപുലര്‍ റിലീജ്യന്‍ ആന്‍ഡ് ഫോക്ലോര്‍ ഓഫ് നോര്‍ത്തേണ്‍ ഇന്ത്യ' എന്ന വില്യം ക്രൂക്കിന്റെ ഗ്രന്ഥത്തിലും പി.വി കാനേയുടെ 'ഹിസ്റ്ററി ഓഫ് ധര്‍മശാസ്ത്ര' എന്ന രചനയിലുംഎച്ച്.ഡി സങ്കാലിയയുടേയും ദ്വിജേന്ദ്ര നാരായണ ത്ധായുടേയുംകാഞ്ച ഐലയ്യയുടേയും-പ്രാചീന ഭോജനരീതികളെ പരിചയപ്പെടുത്തുന്ന ഗ്രന്ഥങ്ങളിലുമെല്ലാം-ഹൈന്ദവ പ്രമാണങ്ങളായ വേദങ്ങളിലും ഉപനിഷത്തുക്കളിലും ഗോവധം അംഗീകരിക്കുന്നുണ്ടെന്ന വസ്തുത സുതരാം വ്യക്തമാക്കുന്നുണ്ട്.

വേദങ്ങളിലെ ഏറ്റവും ശക്തനും പ്രസിദ്ധനുമായ ഇന്ദ്രന്റെ ഇഷ്ടഭോജനങ്ങളിലൊന്നായി സോമരസത്തോടൊപ്പം എണ്ണുന്നത് കാളയിറച്ചിയാണ്. 'എനിക്ക് വേണ്ടി അവര്‍ പതിനഞ്ചും ഇരുപതും കാളകളെ കശാപ്പു ചെയ്തു' എന്നും 'മുന്നൂറ് കാളകളെ പൊരിച്ചെടുത്തു' എന്നുമെല്ലാം ഋഗ്വേദത്തിലെ പത്താം അധ്യായത്തില്‍ വായിക്കാന്‍ കഴിയും.

ഇന്ദ്രന്‍ കഴിഞ്ഞാല്‍ പിന്നെ ഏറ്റവും പ്രസിദ്ധ ദേവനായ അഗ്നിയെ 'കാളയേയും മച്ചിപ്പശുവിനെയും ഭക്ഷണമാക്കിയിട്ടുള്ളവന്‍' എന്ന അര്‍ഥത്തില്‍''ഉക്ഷന്നായ വശാന്നായ സോമപ്രസ്തായ വേധസേ സ്‌തോമൈര്‍ വിധേമഗ്നേ'' എന്നാണ് വിശേഷിപ്പിക്കുന്നത് തന്നെ. ഋഗ്വേദത്തിന്റെ മൃഗബലി വിശദീകരണത്തില്‍ കന്നുകാലികളെ കൊല്ലുന്നതു മാത്രമായി ധാരാളം ശ്ലോകങ്ങള്‍ കാണാം.

ഇന്ദ്രന് ഒരു കാളയേയും മരുത്തുക്കള്‍ക്ക് ഒരു പുള്ളിപ്പശുവിനെയും അശ്വിനികള്‍ക്ക് ചെമ്പു നിറമുള്ള ഒരു പശുവിനെയും മിത്രനും വരുണനും വിശേഷണങ്ങളൊന്നുമില്ലാത്ത പശുവിനെയുമാണ് ബലിയര്‍പ്പിക്കേണ്ടത് എന്നാണ് ഋഗ്വേദം സൂചിപ്പിക്കുന്നത്.

മാത്രമല്ല, അഗ്ന്യധേയം, അശ്വമേധം, രാജസൂയം, വാജപേയം, പഞ്ചാക്ഷരാദീയസവം... തുടങ്ങിയ യാഗങ്ങളിലെല്ലാം പശുവും കാളയും കുതിരകളുമെല്ലാമാണ് യാഗ മൃഗങ്ങള്‍. പുരാതന കാലം മുതലേ മൃഗ ബലിക്ക് വളരെ വലിയ പ്രാധാന്യം കല്‍പിച്ചിരുന്നു എന്നാണ് തൈത്തിരീയ ബ്രാഹ്മണത്തിലും ഐതരേയ ബ്രാഹ്മണത്തിലും ശതപഥ ബ്രാഹ്മണത്തിലും ആപസ്തംബ ഗൃഹ്യസൂത്രത്തിലും പാരസ്‌കര ഗൃഹ്യ സൂത്രത്തിലുമെല്ലാം പറയുന്നത്.

കൃഷിയുമായി ബന്ധപ്പെട്ട ഗൃഹ്യസൂത്രത്തില്‍ കാളയെ കമ്പിയില്‍ കോര്‍ത്ത് ചുട്ടെടുക്കുന്നതിനെ പരാമര്‍ശിക്കുന്ന 'ശൂല ഗോവ'എന്ന ചടങ്ങിലും അതിഥികളെ സല്‍ക്കരിക്കുന്ന 'അര്‍ഘ്യ'ത്തിലും 'മധുപര്‍ക്ക'ത്തിലും മരണാനന്തര ചടങ്ങായ ശ്രാദ്ധത്തിലെ 'അഷ്ടക'ത്തിലും പിതൃപൂജയായ 'അഭ്യുദായിക' യിലുമെല്ലാമുള്ള ഗോബലിയുടെ വിശദീകരണങ്ങള്‍ കേട്ടാല്‍ പ്രാചീന ഹൈന്ദവ സംസ്‌കൃതിയിലെ ഗോമാംസ സ്വാധീനത്തോടൊപ്പം സംസ്‌കാരരാഹിത്യം കൂടി ബോധ്യപ്പെടും.

ഇന്നും ഹിമാചല്‍ പ്രദേശിലും നേപ്പാളിലുമെല്ലാം ഹിന്ദു ഉത്സവങ്ങളുടെ ഭാഗമായി ബലിയറുക്കപ്പെടുന്ന ഗോക്കളുടെ എണ്ണത്തിന് കയ്യും കണക്കുമില്ല. ഈയിടെ നേപ്പാളില്‍ നടന്ന ഗദിമായ് ഹിന്ദു ഉത്സവ വേളയില്‍ രണ്ടേകാല്‍ ലക്ഷം മൃഗബലിയാണ് നടന്നതെന്ന് അവിടുത്തെ പത്രങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ഹിന്ദു തീര്‍ഥാടന കേന്ദ്രങ്ങളില്‍ അഗ്രസ്ഥാനത്തുള്ള കാഠ്മണ്ഡുവിലെ പശുപതിനാഥ ക്ഷേത്ര പരിസരത്താണ് ഇതില്‍ ഏറെയും നടന്നതെന്നാണ് ഏറ്റവും ശ്രദ്ധേയമായ വസ്തുത.

പ്രാചീന ഭാരതത്തിലെ ഹൈന്ദവരില്‍ മാത്രമല്ല, ബുദ്ധരിലും ജൈനരിലും ഗോവധം ചെറുതും വലുതുമായി നിലനിന്നിരുന്നു എന്നതിന് അവരുടെ വേദഗ്രന്ഥങ്ങള്‍ തന്നെ സാക്ഷ്യം വഹിക്കുന്നുണ്ട്. കൂടാതെ രോഗചികിത്സയായി കാളയിറച്ചിയും പശുവിറച്ചിയും ധാരാളം ഉപയോഗിച്ചിരുന്നുവെന്നതിന് ചരകന്റെയും സുശ്രുതന്റെയും വാഗ്ഭടന്റെയും ഹലാലയുധന്റെയും ചികിത്സാഗ്രന്ഥങ്ങള്‍ സാക്ഷിയാണ് താനും.

മഹാഭാരത-രാമായണ കഥാപാത്രങ്ങളായ ജയദ്രഥനും യുധിഷ്ഠിരനും രന്തിദേവനും രാമനും സീതയുമെല്ലാം മാംസം ഭക്ഷിച്ചിരുന്ന കഥാസന്ദര്‍ഭങ്ങള്‍ പുരാണങ്ങളില്‍ കാണാം. ഇതെല്ലാം വ്യക്തമാക്കുന്നത് ഭാരതത്തിന്റെ പൗരാണിക ചരിത്രം മാംസഭക്ഷണത്തിന് വിലക്കൊന്നും ഏര്‍പ്പെടുത്തിട്ടില്ലെന്നാണ്. ഇതൊന്നുമറിയാതെ ഭരണകൂടത്തെയും ജുഡീഷ്യറിയേയും തെറ്റുധരിപ്പിക്കുന്നവര്‍ യഥാര്‍ഥത്തില്‍ ദ്രോഹം ചെയ്യുന്നത് മതേതരത്വത്തോട് മാത്രമല്ല, ഹൈന്ദവ പ്രമാണങ്ങളോടു കൂടിയാണ്.

ഫ്രാങ്ക് മൊറൈസ് പറഞ്ഞ പോലെ ''ഒരു കാല്‍ ആറ്റം യുഗത്തിലും മറ്റേ കാല്‍ ചാണകക്കുഴിയിലും വെച്ചുള്ള ഈ യാത്ര'' ഇന്ത്യയെ മറ്റു രാജ്യങ്ങള്‍ക്കിടയില്‍ ഏറെ അപഹാസ്യരാക്കുവാന്‍ മാത്രമേ ഉപകരിക്കൂ എന്ന് ഭരണയന്ത്രം തിരിക്കുന്നവര്‍ ഓര്‍ത്താല്‍ നന്ന്.