ചൂഷകര്‍ക്ക് തലവെച്ചുകൊടുക്കരുത്

ടി.കെ.അശ്‌റഫ്

2017 ഒക്ടോബര്‍ 28 1439 സഫര്‍ 08

ഗുര്‍മീത് റാം റഹീം സിംങ് അറസ്റ്റിലായ ശേഷം പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ആത്മീയതയുടെ മറവില്‍ നടക്കുന്ന അധാര്‍മിക പ്രവര്‍ത്തനങ്ങളുടെയും ചൂഷണങ്ങളുടെയും ആഴം വ്യക്തമാക്കുന്നതാണ്. ഇന്ത്യയില്‍ ആള്‍ ദൈവങ്ങളില്‍ നിന്ന് ഇതിന് മുമ്പും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചിലരൊക്കെ ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത് അതിനെയെല്ലാം കവച്ചു വെക്കുന്നതായി. 

എന്നിട്ടും സമൂഹത്തിന്റെ അടിത്തട്ടില്‍ നിന്ന് കാര്യമായ പ്രതികരണങ്ങള്‍ ഇദ്ദേഹത്തിനെതിരില്‍ ഉണ്ടായില്ല എന്നതും മീഡിയകളില്‍ പലതും ഇത് ഏറ്റെടുത്തില്ല എന്നതും ഏറ്റെടുത്തവ തന്നെ പെട്ടെന്നു വിഷയം മറന്നുകളയാന്‍ ശ്രമിക്കുന്നു എന്നതും ചില അപായസൂചനകള്‍ നല്‍കുന്നുണ്ട്.

ഇയാളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് അരങ്ങേറിയ അക്രമ പരമ്പരകളില്‍ മുപ്പതിലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കോടികളുടെ നാശനഷ്ടം വേറെയും. ദരിദ്രജനകോടികളുള്ള രാജ്യത്തെ ജനങ്ങളുടെ നികുതിപ്പണമായിരുന്നു ഇയാള്‍ക്ക് സുരക്ഷയൊരുക്കാന്‍ സര്‍ക്കാര്‍ ചെലവഴിച്ചിരുന്നത്! രാജ്യത്തെ കോടതികള്‍ സത്യസന്ധത പുലര്‍ത്തുവാനുള്ള ആര്‍ജവും കാണിക്കുന്നു എന്നതിനാല്‍ മാത്രം ഇയാളിപ്പോള്‍ ജയിലഴികള്‍ക്കുള്ളില്‍ കഴിയുന്നു.

വിധി കേട്ട് പൊട്ടിക്കരഞ്ഞ് രക്ഷ യാചിച്ചുവത്രെ ഈ 'ആള്‍ദൈവം!' 

'ആള്‍ദൈവ'മായി ചമഞ്ഞ് അരങ്ങുതകര്‍ക്കുന്നവര്‍ എന്ത് തോന്ന്യാസം ചെയ്താലും അതിനെ ദിവ്യത്വത്തിന്റെ അടയാളമായി വ്യാഖ്യാനിക്കുകയും അവര്‍ പറയന്നതെന്തും അനുസരിക്കുകയും ചെയ്യുന്നവര്‍ ചിന്തിക്കുക.

ആരാണ് ദൈവം...? സ്ത്രീകളെ പീഡിപ്പിക്കുന്ന, കൊലപാതകങ്ങളും അക്രമങ്ങളും നടത്തുവാന്‍ ഗുണ്ടാസംഘങ്ങളെ പോറ്റിവളര്‍ത്തുന്ന, കണക്കില്ലാത്ത സമ്പത്ത് സമ്പാദിച്ച് കൂട്ടി സുഖഭോഗങ്ങളില്‍ മുഴുകി ജീവിക്കുന്നവര്‍ ദൈവമാകുമോ? പോലീസിന്റെ പിടിയിലകപ്പെട്ടാല്‍ പൊട്ടിക്കരയുകയും മാപ്പുചോദിക്കുകയും ചെയ്യുന്ന, മാനുഷികമായ സര്‍വ ദുര്‍ബലതകളും പേറുന്നവര്‍ ദൈവമാകുമോ?

സാക്ഷാല്‍ ദൈവം ഏകനാണ്. പ്രപഞ്ചത്തെ സൃഷ്ടിച്ചത് അവനാണ്. ലോകത്ത് ഇന്നേവരെ ജനിച്ചു ജീവിച്ച, സര്‍വ സൃഷ്ടി ജാലങ്ങളുടെയും സ്രഷ്ടാവ് അവനാണ്. ഇപ്പോഴും സൃഷ്ടികര്‍മം നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത് അവനാണ്. അവനാണ് മരിപ്പിക്കുന്നതും. വെയില്‍, മഴ, വായു, വെള്ളം, വെളിച്ചം... എല്ലാം നല്‍കുന്നവന്‍; സസ്യലതാതികള്‍ മുളപ്പിക്കുന്നതും ധാന്യങ്ങളും കായ്കനികളും പഴവര്‍ഗങ്ങളുമെല്ലാം ഉദ്പാദിപ്പിക്കുന്നതും മറ്റാരുമല്ല. 

സാക്ഷാല്‍ ൈദവം പരാശ്രയം ആവശ്യമില്ലാത്തവനാണ്. അവന് ജനനമോ മരണമോ ഇല്ല; ഇണയോ സന്താനങ്ങളോ ഇല്ല. അവന് തുല്യരായി ആരുമില്ല. അതിനാല്‍ മറ്റൊന്നിനോടും അവനെ താരതമ്യം ചെയ്യാന്‍ കഴിയില്ല. ഉറക്കമോ മയക്കമോ ക്ഷീണമോ അവനെ ബാധിക്കില്ല. അവന്റെ അറിവിനും കഴിവിനും പരിധിയില്ല. 

ഇതൊക്കെയാണ് യഥാര്‍ഥ ദൈവത്തിന്റെ ചില വിശേഷണങ്ങള്‍. മനുഷ്യദൈവങ്ങള്‍ക്ക് ഇതിലേത് സവിശേഷതയാണ് ചാര്‍ത്തിക്കൊടുക്കാന്‍ സാധിക്കുക? ഒന്നുമില്ലെന്ന് എല്ലാവര്‍ക്കുമറിയാം.

എന്നിട്ടും തങ്ങളുടെ സ്രഷ്ടാവിനെ അവഗണിച്ച് ചില ജാലവിദ്യകള്‍ കാണിച്ച് ആളുകളെ വശത്താക്കുന്നവരെ തിരിച്ചറിയുവാന്‍ പലര്‍ക്കും കഴിയാത്തതെന്താണ്? ചൂഷണങ്ങള്‍ക്ക് വിധേയരായി  മാറിയശേഷം 'എന്നെ പറ്റിച്ചേ' എന്ന് വിലപിക്കുന്നത് ബുദ്ധിയും വിവേകവുമുള്ളവര്‍ക്ക് ചേര്‍ന്നതാണോ? 

അത്ഭുതങ്ങള്‍ കാണിച്ച് പാവങ്ങളുടെ ആശയും കീശയും കൊള്ളയടിക്കുന്നവര്‍ എല്ലാ മതത്തിന്റെ മേല്‍വിലാസത്തിലും ജീവിക്കുന്നുണ്ട്. ആരാധകര്‍ വര്‍ധിക്കുന്നതോടെ പണം ഒഴുകാന്‍ തുടങ്ങും. ആളെ കാണിച്ചും അര്‍ഥം നല്‍കിയും അധികാരികളെ ചൊല്‍പടിയിലാക്കും.  

ചിന്തിക്കുക; നാം വിശ്വസിച്ചവര്‍ നമ്മെ വഞ്ചിക്കുന്നുണ്ടോ? ഇനിയെങ്കിലും സ്വന്തം വിശ്വാസത്തെക്കുറിച്ച് പുനര്‍വിചിന്തനം നടത്തുക. മരണ ശേഷമുള്ള ജീവിതത്തില്‍ ഇവരാരും നമ്മെ രക്ഷിക്കാനുണ്ടാവില്ല.