പുഷ്ടിപ്പെടുത്തേണ്ട മതേതര രാഷ്ട്രീയ ഐക്യം

സുഫ്‌യാൻ അബ്ദുസ്സലാം

2017 ഫെബ്രുവരി 18 1438 ജമാദുൽ അവ്വൽ 23
രാജ്യം ഫാഷിസത്തിന്‌ അടിയറവ്‌ പറഞ്ഞു കൊണ്ടിരിക്കുന്നു. മതേതര കക്ഷികളുടെ മൗനം പലപ്പോഴും ഭീതി സൃഷ്ടിക്കുന്നു. ഭരണഘടന വിഭാവനം ചെയ്ത ലക്ഷ്യത്തിൽ നിന്ന്‌ ബഹുദൂരം നാം വ്യതിചലിച്ചു പോയോ? ഒരു മതേതര രാഷ്ട്രീയ ഐക്യത്തിന്‌ പ്രസക്തിയുണ്ടോ? സമകാലിക രാഷ്ട്രീയ സംഭവവികാസങ്ങളെ മുൻനിർത്തിയുള്ള വിലയിരുത്തൽ

അഞ്ച്‌ സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്‌ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്‌. ഗോവയിലും പഞ്ചാബിലും തെരഞ്ഞെടുപ്പ്‌ പൂർത്തിയായി. ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും തെരഞ്ഞെടുപ്പ്‌ നടന്നുകൊണ്ടിരിക്കുന്നു. മണിപ്പൂരിൽ മാർച്ചിലാണ്‌ തെരഞ്ഞെടുപ്പ്‌. രാജ്യം അപകടകരമാം വിധം ഫാഷിസത്തിന്റെ നീരാളിപ്പിടുത്തത്തിൽ അമർന്നെരിയുമ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഈ തെരഞ്ഞെടുപ്പ്‌ രാജ്യത്തിന്റെ ഭാവി ഭാഗധേയം തന്നെ നിർണയിക്കാൻ പര്യാപ്തമാണ്‌. 2019ൽ വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിന്റെ റിഹേഴ്സൽ ആയി ഈ തെരഞ്ഞെടുപ്പിനെ കാണുന്നവരുണ്ട്‌. യു.പി. തെരഞ്ഞെടുപ്പ്‌ ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമാണ്‌. ലോകസഭക്ക്‌ ശേഷം രാജ്യസഭയിലും കേവലഭൂരിപക്ഷം ലഭിക്കുന്നതിന്‌ അവർക്ക്‌ യു.പിയിൽ വലിയ വിജയം അനിവാര്യമാണ്‌.

നിരവധി പാർട്ടികളും മുന്നണികളും കേന്ദ്രം ഭരിച്ചിട്ടുണ്ട്‌. ഭരിച്ചുകൊണ്ടിരിക്കുന്ന പാർട്ടികൾക്കും മുന്നണികൾക്കുമെതിരെ കാലാകാലങ്ങളിൽ രാഷ്ട്രീയമായ വിമർശനങ്ങളും എതിർപ്പുകളും ഉണ്ടാവാറുണ്ട്‌. എന്നാൽ 2014ലെ ലോകസഭാ തെരഞ്ഞെടുപ്പിന്‌ ശേഷം നരേന്ദ്രമോദിയും അമിത്ഷായും ചോദ്യം ചെയ്യപ്പെടാനാവാത്ത അധികാരകേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്‌. ഭരണകൂടം നിശ്ചയിക്കുന്നതെന്തും അനുസരിച്ചേ മതിയാവൂ എന്ന്‌ നിശ്ചയിച്ചുറപ്പിച്ചുകൊണ്ടാണ്‌ ബി. ജെ. പി. ഭരിച്ചുകൊണ്ടിരിക്കുന്നത്‌. പഴയ ഫ്യൂഡലിസ്റ്റ്‌ വ്യവസ്ഥിതിയിൽ പ്രജകൾക്ക്‌ പ്രതികരണാവകാശമില്ലായിരുന്നു. എന്നാൽ ജനാധിപത്യവ്യവസ്ഥയിൽ അവർ പ്രജകളാണെന്നതിനെക്കാൾ അവർ പൗരന്മാരാണ്‌. പൗരന്മാർക്ക്‌ മൗലികമായ അവകാശങ്ങളുണ്ട്‌. തീന്മേശയിൽ നിന്ന്‌ തുടങ്ങി മരണക്കിടക്കയിൽ വരെ ഫാഷിസം ഇടപെട്ടുകൊണ്ടിരിക്കുന്നു. എന്തെഴുതണമെന്നും എന്ത്‌ ആവിഷ്ക്കരിക്കണമെന്നും എന്ത്‌ ധരിക്കണമെന്നും എന്ത്‌ ഭക്ഷിക്കണമെന്നും ഭരണകൂടം നിശ്ചയിക്കും. അതിനെതിരെ പ്രതികരിക്കുന്നവരെയൊക്കെ രാജ്യദ്രോഹികളായി പ്രഖ്യാപിച്ചുകൊണ്ട്‌ ഭീതിയുടെ സാഹചര്യം നിലനിർത്തും. ജനങ്ങളുടെ കൈവശമുള്ള കറൻസികളിൽ പോലും ഫാഷിസം സമർഥമായി ഇടപെടുന്നു. ചുരുക്കത്തിൽ രാജ്യവും രാജ്യത്തെ ജനങ്ങളും അസ്വസ്ഥരാണ്‌. സഹിഷ്ണുതയും സഹവർത്തിത്വവും സ്വാതന്ത്ര്യവും അനുഭവിച്ചും ആസ്വദിച്ചും ജീവിച്ച ഒരു ജനസഞ്ചയത്തിനു മുമ്പിൽ ഇത്തരം അസഹിഷ്ണുതയും പാരതന്ത്ര്യവും അടിച്ചേൽപിക്കുമ്പോൾ തിരിച്ചടി സ്വാഭാവികമാണ്‌. അതുകൊണ്ടാണ്‌ നരേന്ദ്ര മോഡി അധികാരത്തിൽ വന്ന ശേഷം നടന്ന ദൽഹി, ബീഹാർ തെരഞ്ഞെടുപ്പുകളിൽ തന്നെ ജനങ്ങൾ നിലവിലുള്ള ബി.ജെ.പി സർക്കാരിനെതിരെ അതിശക്തമായി പ്രതികരിച്ചത്‌. യു.പിയിലെയും തെരഞ്ഞെടുപ്പ്‌ നടക്കുന്ന ഇതര സംസ്ഥാനങ്ങളിലെയും സമാധാനവും സ്വസ്ഥതയും ആഗ്രഹിക്കുന്ന മഹാഭൂരിപക്ഷം ഈ തെരഞ്ഞെടുപ്പിനെ യുക്തിഭദ്രമായി ഉപയോഗിക്കുമെന്ന്‌ നമുക്ക്‌ പ്രതീക്ഷിക്കാം.

ആറു പ്രധാന മതങ്ങളും 6400 ജാതികളും 1618 ഭാഷകളും വിവിധ നരവംശ വിഭാഗങ്ങളുമൊക്കെയുള്ള ഇന്ത്യ വൈവിധ്യത്തിന്റെതാണ്‌. ഇത്രയും വൈവിധ്യം നിലനിൽക്കുന്ന മറ്റൊരു രാജ്യവും ലോകത്തില്ല. പക്ഷേ, ഈ വൈവിധ്യങ്ങളെയെല്ലാം യോജിപ്പിക്കുന്നത്‌ ഇന്ത്യ എന്ന വികാരമാണ്‌. അതായിരുന്നു ബ്രിട്ടീഷ്‌ കൊളോണിയൽ മേധാവിത്തത്തിനെതിരെയുള്ള സമരങ്ങൾക്കും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിനും കാരണമായിരുന്നത്‌. അതുകൊണ്ടുതന്നെ മതേതരത്വത്തിലധിഷ്ഠിതമായ ശക്തമായ ദേശീയവികാരം ഇന്ത്യയിൽ ജാതിമത വ്യത്യാസമില്ലാതെ രൂപപ്പെട്ടിരുന്നു. അല്ലാമാ ഇഖ്ബാലിന്റെ `സാരേ ജഹാംസെ അഛാ, ഹിന്ദോസ്താം ഹമാരാ` എന്ന്‌ തുടങ്ങുന്ന പ്രസിദ്ധമായ വരികളിൽ അത്‌ നമുക്ക്‌ ദർശിക്കാൻ സാധിക്കും.

ഗാന്ധിജി നേതൃത്വം നൽകിയിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പിന്നിൽ ജാതിമത ചിന്തകൾക്കതീതമായി ജനങ്ങൾ അണിനിരക്കാൻ കാരണമായത്‌ ഇന്ത്യയെന്ന വികാരത്തിന്റെ പേരിലായിരുന്നു. മതചിന്തകളെ എതിർത്തിരുന്നവരും കോൺഗ്രസ്സിന്റെ സാമ്പത്തികനയങ്ങളോട്‌ വിയോജിപ്പ്‌ പ്രകടിപ്പിച്ചിരുന്നവരും മതേതരത്വത്തെ അംഗീകരിച്ചുകൊണ്ട്‌ തന്നെ കമ്യൂണിസ്റ്റ്‌-ഇടത്‌ പ്രസ്ഥാനങ്ങളായി പ്രവർത്തിക്കുകയും ചെയ്തു. അതേസമയം വിഭജനാനന്തര ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ അവരുടേതായ അവകാശ സംരക്ഷണങ്ങളുടെ പേരിൽ സംഘടിക്കുകയും ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്ത്യയുടെ മതേതര ഭാവത്തെ പുഷ്ടിപ്പെടുത്തിക്കൊണ്ട്‌ തന്നെ ഇന്ത്യൻ ഭരണഘടന പ്രഖ്യാപിച്ചിട്ടുള്ള മുസ്ലിംകളടക്കമുള്ള മതന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിന്‌ വേണ്ടി മുസ്ലിംലീഗ്‌ ഇന്ത്യയുടെ രാഷ്ട്രീയമണ്ഡലങ്ങളിൽ സജീവമായത്‌.

വിവിധങ്ങളായ മതങ്ങളും ജാതികളും സംസ്കാരങ്ങളുമുള്ള ഒരു രാജ്യത്ത്‌ മതവിദ്വേഷമില്ലാതെ, അസഹിഷ്ണുതകളില്ലാതെ, പരസ്പരം അറിഞ്ഞും അറിയിച്ചും കൊണ്ടും കൊടുത്തും ജീവിക്കേണ്ടതെങ്ങനെ എന്നതിനെക്കുറിച്ച്‌ വളരെ സുചിന്തിതമായ കാഴ്ചപ്പാടുകൾ ഉണ്ടായിരുന്നു. മതപരമായ വിശ്വാസങ്ങളും ആചാരങ്ങളും ഓരോ വിഭാഗവും കണിശമായി പുലർത്തുമ്പോൾ തന്നെ രാജ്യത്തിനു വേണ്ടിയും രാജ്യക്കാർക്ക്‌ വേണ്ടിയും ഒന്നിച്ച്‌ നിൽക്കണമെന്ന സാമൂഹ്യബോധം അവർക്കുണ്ടായിരുന്നു. ഭൂരിപക്ഷ മതവിഭാഗങ്ങളിൽ പെട്ട വിവിധ ജാതികളും ഉപജാതികളും അവരുടേതായ കാര്യങ്ങൾക്ക്‌ വേണ്ടി സംഘടിക്കുന്നതും ന്യൂനപക്ഷ വിഭാഗങ്ങൾ അവരുടേതായ അവകാശങ്ങൾക്ക്‌ വേണ്ടി സംഘടിക്കുന്നതും രാജ്യത്തിന്റെ അഖണ്ഡതക്ക്‌ എതിരാണെന്ന്‌ ആരും ധരിച്ചിരുന്നില്ല. എന്നാൽ അപ്പോഴും ഒരു ചെറിയ ന്യൂനപക്ഷം മതത്തിന്റെ പേരിൽ അധീശത്വം സ്ഥാപിക്കാൻ വേണ്ടി കൊച്ചുകൊച്ചു സംഘങ്ങൾ രൂപീകരിച്ചിരുന്നു. രാഷ്ട്രശില്പികൾ വൈവിധ്യങ്ങൾ അംഗീകരിച്ചുകൊണ്ടുള്ള വിശാലമായ ദേശീയതയിൽ അടിയുറച്ച്‌ നിന്നപ്പോഴും ചിലർ കുറുവടികൾ കയ്യിലേന്തി രാജ്യത്തെ രാമരാജ്യമാക്കാൻ ശ്രമമാരംഭിച്ചു. മതത്തിൽ ബലാൽക്കാരമില്ലെന്ന്‌ പഠിപ്പിച്ച ഇസ്ലാമിന്റെ അനുയായികളിൽ ഒരു കൊച്ചുസംഘവും ഇസ്ലാമിക രാഷ്ട്രവാദമുന്നയിച്ചിരുന്നു. ഇന്ത്യയിലെ മുസ്ലിം രാഷ്ട്രീയ നേതാക്കളും മതപണ്ഡിതന്മാരും ഇത്തരം ചിന്താഗതികൾക്കെതിരെ രംഗത്ത്‌ വരികയും മുസ്ലിംകൾക്കിടയിൽ രാജ്യസ്നേഹവും ബഹുസ്വരതയും പഠിപ്പിച്ചതുകൊണ്ടുമാണ്‌ അവർക്കിടയിൽ മതേതര കാഴ്ചപ്പാടുകൾ വേരൂന്നിയത്‌.

1947ൽ സ്വതന്ത്രമാവുകയും 1950ൽ റിപ്പബ്ളിക്കാവുകയും ചെയ്ത ശേഷം ആദ്യമായി ഇന്ത്യയിൽ തെരഞ്ഞെടുപ്പ്‌ നടന്നത്‌ 1951 ഒക്ടോബറിലാണ്‌. ഈ തെരഞ്ഞെടുപ്പിൽ ആകെയുള്ള 489 ലോകസഭാ മണ്ഡലങ്ങളിൽ 364ലും കോൺഗ്രസ്സായിരുന്നു വിജയിച്ചത്‌. രണ്ടാം സ്ഥാനത്ത്‌ സ്വതന്ത്രരായിരുന്നു. 16 സീറ്റ്‌ നേടിയ അവിഭക്ത സി.പി.ഐ ആയിരുന്നു പ്രധാന പ്രതിപക്ഷം. ഹിന്ദുരാഷ്ട്രത്തിനു വേണ്ടി വാദിച്ചുകൊണ്ട്‌ തെരഞ്ഞെടുപ്പ്‌ ഗോദയിലിറങ്ങിയ ഭാരതീയ ജനസംഘം, അഖില ഭാരതീയ രാമരാജ്യ പരിഷത്ത്‌, അഖില ഭാരതീയ ഹിന്ദു മഹാസഭ എന്നീ ഹിന്ദുത്വ സംഘടനകളെ ഇന്ത്യയുടെ മതേതര മനസ്സ്‌ പിഴുതെറിഞ്ഞു. മൂന്ന്‌ സംഘടനകൾക്കും കൂടി ആകെ കിട്ടിയത്‌ പത്ത്‌ സീറ്റായിരുന്നു. മദ്രാസ്‌ സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലപ്പുറത്തു നിന്നും മുസ്ലിംലീഗിന്റെ ബി. പോക്കർ സാഹിബ്‌ ലോകസഭയിൽ എത്തിയ തെരെഞ്ഞെടുപ്പ്‌ കൂടിയായിരുന്നു അത്‌. ആർ. എസ്‌. എസ്സിന്റെ രാഷ്ട്രീയ സ്വരൂപമായിരുന്ന ജനസംഘത്തിന്‌ അക്കാലത്ത്‌ ഇന്ത്യൻ മനസ്സിനെ സ്വാധീനിക്കാൻ കഴിഞ്ഞിരുന്നില്ല. 1977ൽ ജനസംഘം പിരിച്ചുവിട്ടു. ജനസംഘത്തിലെ അംഗങ്ങൾ അടിയന്തരാവസ്ഥയെ തുടർന്ന്‌ രൂപംകൊണ്ട ജനതാപാർട്ടിയിൽ ചേർന്നു. എന്നാൽ ആർ. എസ്‌. എസ്സുമായുള്ള ബന്ധം വിച്ഛേദിക്കണമെന്ന ജനത പാർട്ടി നേതാക്കളുടെ ആവശ്യവുമായി ഒത്തുപോവാൻ സാധിക്കാതിരുന്ന ജനസംഘം ജനതാപാർട്ടിയിൽ നിന്നും ബന്ധം വേർപെടുത്തി 1980ൽ മറ്റൊരു സംഘടന രൂപീകരിച്ചു. അതാണ്‌ ഭാരതീയ ജനത പാർട്ടി (ബി.ജെ.പി).

എന്നാൽ അധികാരത്തിനു വേണ്ടിയുള്ള മത്സരത്തിനിടയിൽ വർഗീയ ഫാഷിസ്റ്റ്‌ സ്വഭാവമുള്ള സംഘടനകൾക്ക്‌ കൂടി മുന്നണികളിൽ ഇരിപ്പിടം നൽകുമ്പോൾ രാജ്യത്തിന്റെ മതേതരത്വമെന്ന ഇരിക്കുന്ന കൊമ്പിനെയാണ്‌ മുറിക്കുന്നതെന്ന്‌ പല മതേതര പ്രസ്ഥാനങ്ങളും വിസ്മരിച്ചു പോയി. ഗാന്ധിയൻ സോഷ്യലിസത്തിന്റെ പേരിൽ രൂപംകൊണ്ട ജനതാപാർട്ടി ഹിന്ദുത്വ വർഗീയ സംഘടനയായ ജനസംഘത്തെ ഉൾക്കൊള്ളാൻ തയ്യാറായി എന്നത്‌ ഒരു ഹിസ്റ്റോറിക്കൽ ബ്ളണ്ടർ ആയി അവശേഷിക്കുന്നു. എന്നിട്ടും ജനതാപാർട്ടിയിൽ നിന്ന്‌ തെറ്റിപ്പിരിഞ്ഞ ബി. ജെ. പിക്ക്‌ 1984 ൽ നടന്ന അവരുടെ ആദ്യത്തെ തെരഞ്ഞെടുപ്പിൽ ഒറ്റക്ക്‌ മത്സരിച്ചപ്പോൾ കേവലം രണ്ട്‌ സീറ്റുകൾ മാത്രമായിരുന്നു ലഭിച്ചത്‌. എന്നാൽ 1989 ആയപ്പോഴേക്കും വിഘടിച്ച്‌ നിന്ന ജനതാപാർട്ടികൾക്ക്‌ വി.പി സിംഗിന്റെ നേതൃത്വത്തിൽ ജനതാദൾ എന്ന പേരിൽ ഒരു പൊതു പ്ളാറ്റ്ഫോം ഉണ്ടാവുകയും തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തു. ആ മുന്നേറ്റത്തിൽ ബി. ജെ.പിക്കും ഒരു കണ്ണിയാവാൻ അവസരം ലഭിച്ചു. അങ്ങനെ കേവലം രണ്ട്‌ എം. പിമാർ ഉണ്ടായിരുന്ന ബി ജെ പിക്ക്‌ 85 എം.പിമാരെ ലഭിച്ചു. മതേതര പാർട്ടികളുടെ അധികാരത്തിനുവേണ്ടിയുള്ള കുറുക്കുവഴികളിൽ സംഭവിച്ച ഭീമാബദ്ധമായിരുന്നു ഇത്‌.

ഇന്ന്‌ മറ്റു പ്രസ്ഥാനങ്ങളുടെ സഹായമൊന്നുമില്ലാതെ ഒറ്റക്ക്‌ തന്നെ രാജ്യം ഭരിക്കാമെന്ന സ്ഥിതിവിശേഷത്തിലേക്ക്‌ കാര്യങ്ങൾ എത്തിയപ്പോൾ ഹിന്ദുത്വ പാർട്ടിയുടെ തനിനിറം പുറത്ത്‌ വന്നുകൊണ്ടിരിക്കുന്നു. യു.പി തെരഞ്ഞെടുപ്പിൽ സ്വീകരിക്കുന്ന നിലപാടുകൾ പ്രസക്തമാവുന്നതിവിടെയാണ്‌. മോഡിയുടെ രംഗപ്രവേശനത്തിന്‌ മുമ്പ്‌ യു.പി രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ നിർണയിച്ച ഒട്ടനവധി സംഭവങ്ങളുണ്ട്‌. 1989ലെ മണ്ഡൽ സംവരണ പ്രക്ഷോഭം, 1992ലെ ബാബരി മസ്ജിദ്‌ തകർത്ത സംഭവം എന്നിവ ബി.ജെ.പിയുടെ സംഘടന ബലം വർധിപ്പിക്കാൻ ഉപകരിച്ചുവെന്നത്‌ നേരാണ്‌. രണ്ട്‌ സംഭവങ്ങൾക്കും നിമിത്തമായത്‌ മതേതരപാർട്ടികളുടെ പിടിപ്പ്കേടും. അതോടൊപ്പം ബി.എസ്‌.പി, സമാജ്‌വാദി തുടങ്ങി ഒട്ടനവധി പാർട്ടികളുടെ രൂപീകരണം മതേതരവോട്ടുകൾ ഭിന്നിക്കുവാനും കാരണമായി. ഇടക്ക്‌ ബി.ജെ.പിയുമായി സംഖ്യമുണ്ടാക്കി ഭരണത്തിൽ കയറിപ്പറ്റാനും മതേതര സ്വഭാവമുള്ള പാർട്ടികൾ തയ്യാറായി എന്നത്‌ ഫാഷിസത്തിന്റെ കടന്നുവരവിന്‌ ആക്കം കൂട്ടി.

ഇന്ത്യയിലെ മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഒറ്റക്കെട്ടായി ഒരു തീരുമാനമെടുത്താൽ മാത്രം മതി രാജ്യത്തെ ഫാഷിസത്തിന്റെ നീരാളിപ്പിടുത്തത്തിൽ നിന്നും സംരക്ഷിക്കാൻ. മതേതരവോട്ടുകൾ ഭിന്നിക്കാതെ ഏകീകരിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി രാജ്യത്തിന്റെ ബഹുസ്വരതയെ സ്നേഹിക്കുന്ന പ്രസ്ഥാനങ്ങൾക്കുണ്ടാവേണ്ടതുണ്ട്‌. അതിന്റെ ഒരു സൂചനയാണ്‌ രാഹുൽ ഗാന്ധിയുടെയും അഖിലേഷ്‌ യാദവിന്റെയും കൈകോർക്കൽ എന്ന്‌ വേണമെങ്കിൽ കരുതാം. അപ്പോഴും ബി.എസ്‌.പിയെ പോലെയുള്ള പാർട്ടികൾ ഒറ്റക്ക്‌ മത്സരിക്കുന്നതും മുസ്ലിംകൾ ഒന്നിച്ച്‌ ഒരു പാർട്ടിക്കും വോട്ട്‌ ചെയ്യില്ല എന്നതും ഫാഷിസ്റ്റുകൾക്ക്‌ ആശ്വാസം പകരുന്നുണ്ട്‌. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ പടിഞ്ഞാറൻ യു.പിയിൽ 2014 ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേട്ടം കൊയ്തത്‌ ഇങ്ങനെയായിരുന്നു.

മതേതര പ്രസ്ഥാനങ്ങളെ ഒന്നിപ്പിച്ചു നിർത്താൻ കെൽപുള്ള നേതൃത്വത്തിന്റെ അഭാവമാണ്‌ നമ്മുടെ നാട്‌ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ഇ. അഹ്മദ്‌ എന്ന ധിഷണാശാലിയായ രാഷ്ട്രീയ നേതാവിന്റെ പ്രസക്തിയും ഇവിടെയാണ്‌. അദ്ദേഹത്തെ പോലെ രാജ്യത്തിന്റെ വിവിധഭാഗങ്ങളിലുള്ള മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായും നേതാക്കളുമായും നിരന്തര സമ്പർക്കം പുലർത്തി ഫാഷിസത്തിന്റെ അടിവേരറുക്കാൻ കെൽപുള്ള, വിനയവും വിവേകവുമുള്ള, പക്വതയും അവധാനതയുമുള്ള നേതാക്കൾ ഇനിയുമുണ്ടാവട്ടെ എന്ന്‌ നമുക്ക്‌ പ്രാർഥിക്കാം. അതോടൊപ്പം വിവിധ ജാതിമത വിഭാഗങ്ങൾക്കിടയിൽ വർധിച്ചുകൊണ്ടിരിക്കുന്ന അകൽച്ചകളെ ഇല്ലാതാക്കി അവർക്കിടയിൽ സ്നേഹവും സൗഹാർദവും കളിയാടാനുള്ള സാഹചര്യങ്ങൾ സൃഷ്ടിച്ച്‌ മതേതര ചിന്തകൾ വളർത്താനും ചെയ്യാനും നമുക്ക്‌ സാധിക്കണം.