ഉത്തമ തലമുറയെ എങ്ങനെ വാർത്തെടുക്കാം?

അഹ്സന മലയിൽ

2025 ഒക്ടോബർ 04, 1447 റബീഉൽ ആഖിർ 12

ഇരുളടഞ്ഞ വഴികളിലൂടെ ലക്ഷ്യമില്ലാതെ നീങ്ങുന്ന ഒരു തലമുറ. സ്വപ്നങ്ങളില്ലാതെ, ഉത്തരവാദിത്ത ബോധമില്ലാതെ, നൈമിഷികമായ സന്തോഷങ്ങൾക്ക് പിന്നാലെ പായുന്ന യുവത്വം. മാതാപിതാക്കളുടെ കണ്ണീരിനും സമൂഹത്തിന്റെ ആശങ്കകൾക്കും അവർ ചെവികൊടുക്കുന്നില്ല. മയക്കുമരുന്നിന്റെ ലോകം, പ്രണയത്തിന്റെ പേരിൽ നടത്തുന്ന ചൂഷണങ്ങൾ, വഴിവിട്ട ബന്ധങ്ങൾ, തോന്നും വിധമുള്ള വസ്ത്രധാരണരീതി...ഇതൊക്കെയാണ് ഇന്നിന്റെ കാഴ്ച.

പുതുതലമുറ ഓരോ ചതിക്കുഴികളിൽ വീണുകൊണ്ടിരിക്കുന്നു. ഈ വിനാശത്തിൽനിന്ന് അവരെ രക്ഷിക്കാൻ, വഴിതെറ്റിയവരെ തിരികെ കൊണ്ടുവരാൻ നമുക്കെന്തെങ്കിലും ചെയ്യാൻ സാധിക്കുമോ? തീർച്ചയായും സാധിക്കും. നിരാശയുടെ കയത്തിലേക്ക് വീണുപോകേണ്ട ആവശ്യമില്ല. ഇസ്‌ലാമാകുന്ന പരിഹാര മാർഗം നമ്മുടെ മുന്നിലുണ്ട്. സത്യവിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും ധാർമികതയുടെയും ഈ വഴിവിളക്കിലൂടെ നമുക്ക് നമ്മുടെ കുട്ടികളെ നേർവഴിക്ക് നയിക്കാം.

വിശ്വാസത്തിന്റെ അടിത്തറയിൽ വളരണം

തന്റെ മക്കൾ നന്നായി വളരണം, സദ്‌വൃത്തരാകണം, ഉന്നത സ്ഥാനങ്ങളിലെത്തണം എന്നൊക്കെ എല്ലാ രക്ഷിതാക്കളും ആഗ്രഹിക്കുന്നുണ്ടാകും. ഇസ്‌ലാം ഈ ലക്ഷ്യത്തെ കൂടുതൽ വിശാലമാക്കുന്നു. കുട്ടികൾ പഠിച്ച് ഉന്നതമായ ജോലി കരസ്ഥമാക്കുക എന്നതിനപ്പുറം, അവരെ മുത്തക്വികളുടെ നേതൃഗുണങ്ങളുള്ളവരാക്കി വാർത്തെടുക്കുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. അവർ ഉന്നത വിദ്യാഭ്യാസം നേടട്ടെ, അതോടൊപ്പം മതപരമായ അറിവും സ്വായത്തമാക്കട്ടെ. എന്നാലേ നമ്മുടെ വാർധക്യത്തിൽ നമ്മെ പരിചരിക്കാനും നമ്മുടെ മരണശേഷം നമുക്ക് വേണ്ടി പ്രാർഥിക്കാനുമുള്ള മനസ്സ് അവർക്കുണ്ടാകൂ. ആഗ്രഹം കൊണ്ട് മാത്രം ഇത് സഫലമാകില്ല. അതിന് കൃത്യമായ ആസൂത്രണവും ക്ഷമയും കഠിനാധ്വാനവും ആവശ്യമാണ്.

പണവും പ്രശസ്തിയുമല്ല, ദൈവഭയവും ധാർമിക മൂല്യങ്ങളുമാണ് ഒരു മനുഷ്യനെ ഉത്തമനാക്കുന്നത്. ഈ കാഴ്ചപ്പാടിൽ നിന്നുകൊണ്ട് വേണം നമ്മുടെ കുട്ടികളെ വളർത്താൻ. ഇതിനായി നമുക്ക് വഴികാട്ടിയാകേണ്ടത് മനുഷ്യ മനസ്സിന്റെയും ശരീരത്തിന്റെയും സ്രഷ്ടാവായ അല്ലാഹുവിന്റെ വേദഗ്രന്ഥവും ലോകത്തിന് മുഴുവൻ മാതൃകയായ മുഹമ്മദ് നബിﷺയുടെ ജീവിതവുമാണ്. മരണാനന്തര ജീവിതത്തിൽ വിശ്വസിക്കാത്തവരുടെ സിദ്ധാന്തങ്ങൾക്ക് നമ്മുടെ കുട്ടികളെ ധാർമികബോധമുള്ളവരാക്കി മാറ്റാൻ സാധിക്കില്ല.

ഇസ്‌ലാമിക പാരന്റിംഗ്

കുട്ടികളെ വളർത്തുന്നത് ഒരു നീണ്ട യാത്രയാണ്. ഈ യാത്രയിൽ നമുക്ക് വേണ്ടത് വിവേകവും വിനയവുമാണ്. ഇസ്‌ലാമിക പാരന്റിംഗ് എന്നത് കേവലം മതപരമായ കാര്യങ്ങൾ പഠിപ്പിക്കുക എന്നതിനപ്പുറം, ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇസ്‌ലാമിക മൂല്യങ്ങൾ എങ്ങനെ പ്രാവർത്തികമാക്കാം എന്ന് പഠിപ്പിക്കുന്ന ഒരു സമഗ്രമായ സമീപനമാണ്.

കുട്ടികൾ തെറ്റുകൾ ചെയ്യുമ്പോഴും അനുസരണക്കേട് കാണിക്കുമ്പോഴുമൊക്കെ രക്ഷിതാക്കൾക്ക് ദേഷ്യം വരുന്നത് സ്വാഭാവികമാണ്. എന്നാൽ ആവർത്തിച്ചുള്ള കോപം അവരിൽ നമ്മോടുള്ള അകൽച്ചയും ഭയവും സൃഷ്ടിക്കും. ‘നീ കോപിക്കരുത്’ എന്ന് മൂന്ന് തവണ ഉപദേശിച്ച പ്രവാചകൻﷺ അതിലൂടെ പഠിപ്പിച്ചത് ദേഷ്യം വരുമ്പോൾ സ്വയം നിയന്ത്രിക്കേണ്ടതിന്റെ അനിവാര്യതയാണ്. അതിനാൽ മക്കളെ നന്നാക്കാൻ ദേഷ്യപ്പെടുകയല്ല വേണ്ടത്, മറിച്ച് സ്‌നേഹത്തോടെയും ക്ഷമയോടെയും കാര്യങ്ങൾ മനസ്സിലാക്കിക്കൊടുക്കുകയാണ്.

മക്കളോട് തീവ്രമായ നിലപാടും അവഗണനയും കാണിക്കുന്നത് ഒരുപോലെ ദോഷകരമാണ്. അവർക്ക് സ്‌നേഹം കൊടുക്കുമ്പോഴും, അരുതെന്ന് പറയുമ്പോഴും, ഉത്തരവാദിത്തങ്ങൾ ഏൽപിക്കുമ്പോഴുമെല്ലാം മധ്യമ നിലപാട് സ്വീകരിക്കണം. ആവശ്യമായ കളിചിരികൾക്ക് അവരെ അനുവദിക്കുക. ഉറങ്ങാനും ഭക്ഷണം കഴിക്കാനും ആവശ്യത്തിന് സമയം നൽകുക.

മതത്തിന്റെ പേരു പറഞ്ഞ് ഒരുപാട് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ മക്കൾക്ക് മതം ഒരു ഭാരമായി തോന്നാൻ സാധ്യതയുണ്ട്. ‘മതം എളുപ്പമുള്ളതാണ്’ എന്ന നബിവചനം നാം ഓർക്കുക. അത് കുട്ടികൽക്ക് അനുഭവവേദ്യമാകണം.

കുട്ടികൾ രക്ഷിതാക്കളെയാണ് മാതൃകയാക്കുക. അവർ നമ്മുടെ ജീവിതരീതിയെ നിരീക്ഷിക്കുന്നുണ്ട്. മാതാപിതാക്കൾ ജീവിതത്തിൽ മതനിഷ്ഠ പാലിക്കാതെ മക്കളെ അതിന് ഉപദേശിച്ചാൽ മക്കൾ അത് ഉൾക്കൊള്ളില്ല. മാതാപിതാക്കൾ തമ്മിലുള്ള സ്‌നേഹവും ബഹുമാനവുമാണ് ഒരു കുടുംബത്തിന്റെ ശക്തി.

വഴിതെറ്റിയ ജീവിതങ്ങൾ: കാരണങ്ങളും പരിഹാരങ്ങളും

ലഹരി വസ്തുക്കൾക്ക് അടിമകളാകുന്നവരിൽ മിക്കവരും കൂട്ടുകാരിലൂടെയാണ് അതിലേക്ക് എത്തുന്നത്. അതുകൊണ്ട് മക്കളുടെ കൂട്ടുകെട്ട് നാം ശ്രദ്ധിക്കണം. ലഹരി വസ്തുക്കൾ മാരകരോഗങ്ങൾ വരുത്തിവെക്കുകയും ശരീരത്തെയും മനസ്സിനെയും പൂർണമായി തകർക്കുകയും സ്വർഗപാതയിൽ തടസ്സം സൃഷ്ടിക്കുകയും ചെയ്യുമെന്ന ബോധം മക്കൾക്ക് പകർന്നു നൽകണം.

പ്രണയബന്ധങ്ങളിൽ അകപ്പെട്ട പല പെൺകുട്ടികളും പഠനം ഉപേക്ഷിച്ച്, വീടു വിട്ട്, ചൂഷണം ചെയ്യപ്പെട്ട് അവസാനം വലിച്ചെറിയപ്പെടുന്നു, അല്ലെങ്കിൽ കൊല്ലപ്പെടുന്നു. വികാരം വിവേകത്തെ മറികടക്കുമ്പോൾ സംഭവിക്കുന്ന ദുരന്തമാണിത്. വർത്തമാനകാല സംഭവങ്ങളിലൂടെ ഇതിന്റെ അപകടം കുട്ടികളെ ധരിപ്പിക്കണം. വിവാഹത്തിനു മുമ്പുള്ള പ്രണയം ഇസ്‌ലാം അംഗീകരിക്കുന്നില്ല എന്നും പ്രണയദിനം കൊണ്ടാടുന്നവരുടെ പിന്നിൽ ലിബറൽ ചിന്താഗതിക്കാരാണെന്നും അവർക്ക് മനസ്സിലാക്കിക്കൊടുക്കണം.

സാമൂഹ്യ മാധ്യമങ്ങളിലൂടെ എളുപ്പത്തിൽ പണമുണ്ടാക്കാൻ ശ്രമിക്കുന്നവർ തട്ടിപ്പുകാരുടെ ഇരകളാകുന്നു. കുറുക്കുവഴികളിലൂടെ പണമുണ്ടാക്കാൻ ശ്രമിക്കുന്നവർ എളുപ്പത്തിലും അധ്വാനിക്കാതെയും അത് നേടാനാണ് ആഗ്രഹിക്കുന്നത്. ചൂതാട്ടവും ലഹരി വിൽപനയും എന്നല്ല ഏതു നികൃഷ്ട മാർഗവും പണമുണ്ടാക്കാൻ സ്വീകരിക്കാമെന്നാണ് അവരുടെ ചിന്താഗതി. ധാർമികതയെ നിഷേധിക്കുന്നവരുടെ ആശയമാണത്. അത്തരക്കാരിൽ നമ്മുടെ മക്കൾ പെട്ടുപൊകാതിരിക്കാൻ കാര്യമായിത്തന്നെ രക്ഷിതാക്കൾ ശ്രദ്ധിക്കണം. മൊബൈലിന്റെ തെറ്റായ മാർഗത്തിലുള്ള ഉപയോഗത്തിലേക്ക് കുട്ടികൾ കടക്കാതിരിക്കാനും രക്ഷിതാക്കൾ ജാഗ്രത കാണിക്കണം. മൊബൈൽ ഫോണുകൾ നന്മയുടെ വഴിയിൽ മാത്രം ഉപയോഗിക്കാൻ അവരെ പഠിപ്പിക്കണം.

LGBTQ+ എന്ന ചതിക്കുഴി

മനുഷ്യബന്ധങ്ങളെക്കുറിച്ചുള്ള ഇസ്‌ലാമിക കാഴ്ചപ്പാടിന് വിരുദ്ധമായ ഒരു വലിയ ചതിക്കുഴിയാണ് LGBTQ+ ആശയങ്ങൾ. ലൈംഗികതയെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമുള്ള പ്രകൃതിപരമായ കാഴ്ചപ്പാടുകളിൽനിന്ന് ഇത് മനുഷ്യനെ വ്യതിചലിപ്പിക്കുന്നു. ഇസ്‌ലാമിൽ വിവാഹം എന്നത് ഒരു പുരുഷനും ഒരു സ്ത്രീയും തമ്മിലുള്ള പവിത്രമായ കരാറാണ്. ഇത് മനുഷ്യവംശത്തിന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്. ക്വുർആനും പ്രവാചകനുംﷺ ഇതിന്റെ പ്രാധാന്യം മനസ്സിലാക്കിത്തരുന്നുണ്ട്.

ഇതിലേക്ക് ആളുകളെ സ്വാധീനിക്കാനും വഴിതെറ്റിക്കാനും വളരെയധികം ശ്രമങ്ങൾ നടക്കുന്നുണ്ട്. ചില ഓൺലൈൻ ഗ്രൂപ്പുകൾ, സിനിമകൾ, സാമൂഹ്യമാധ്യമങ്ങൾ എന്നിവ ഇതിൽ വലിയൊരു പങ്കുവഹിക്കുന്നു. സ്വവർഗ ലൈംഗികത സ്വാഭാവികമായ ഒന്നാണ്, അതിൽ യാതൊരു തെറ്റുമില്ല എന്നാണ് പുരോഗമന വാദികൾ എന്ന് സ്വയം വിശേപ്പിക്കുന്നവർ പുതുതലമുറയെ പഠിപ്പിക്കാൻ ശ്രമിക്കുന്നത്. ഇത് കുട്ടികളെ സ്വാധീനിച്ചാൽ കുടുംബങ്ങളിലും സമൂഹത്തിലും വലിയ വിപത്താണ് സംഭവിക്കുക. ഇത് വൻപാപമാണെന്നും ലൂത്വ് നബിയുടെ ജനത കഠിനമായ ശിക്ഷക്ക് വിധേയരായത് ഇതു കാരണത്താലാണെന്നും കുട്ടികൾ അറിഞ്ഞിരിക്കണം. ഈ വിഷയത്തിൽ വഴിതെറ്റിപ്പോയവരെ സ്‌നേഹത്തോടെയും ക്ഷമയോടെയും തിരുത്താൻ ശ്രമിക്കണം.

ഉത്തരവാദിത്തം എല്ലാവർക്കുമുണ്ട്

വഴിതെറ്റി സഞ്ചരിക്കുന്ന കുട്ടികളെ ആദ്യമെ തന്നെ ശാസിച്ചും മർദിച്ചും തിരുത്താൻ ശ്രമിച്ചാൽ വിപരീത ഫലമാണുണ്ടാവുക. സ്‌നേഹത്തോടെയും ക്ഷമയോടെയും ഉള്ളുതുറന്ന് അവരോട് സംസാരിക്കുക. അവർക്ക് പറയാനുള്ളത് കേൾക്കുക. അവർ വഴിതെറ്റിപ്പോകാനുണ്ടായ സാഹചര്യവും കാരണങ്ങളും മനസ്സിലാക്കുക. രക്ഷിതാക്കൾ തങ്ങളുടെ ഒപ്പമുണ്ട് എന്നും ആവശ്യമായ സ്‌നേഹവും വാൽസല്യവും പരിഗണനയും അവരിൽനിന്ന് കിട്ടുന്നുണ്ട് എന്നും മക്കൾക്ക് അനുഭവത്തിലൂടെ ബോധ്യമാകണം.

മോശം കൂട്ടുകെട്ടുകളാണ് പല ദുശ്ശീലങ്ങളുടെയും തുടക്കം. അവരെ നല്ല സൗഹൃദങ്ങളിലേക്ക് നയിക്കുക. പള്ളികളുമായും മതപഠനവുമായുമുള്ള ബന്ധം ഉണ്ടാക്കിയെടുക്കുക; നിലനിർത്താൻ പ്രേരിപ്പിക്കുക.

കൃത്യസമയത്തുള്ള നമസ്‌കാരം, ക്വുർആൻ പാരായണം, ദാനധർമങ്ങൾ എന്നിവ അവരുടെ മനസ്സിനെ ശുദ്ധീകരിക്കാനും ആത്മീയമായി ശക്തിപ്പെടുത്താനും സഹായിക്കും. അല്ലാഹുവിലുള്ള അവരുടെ വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്ന രൂപത്തിലുള്ള ഇടപെടലുകൾ നടത്തുക. നമ്മുടെ തെറ്റിയ നിലപാടു കാരണം അവർ മതത്തോട് വെറുപ്പുള്ളവരായി മാറരുത്.

മഹല്ല് കമ്മിറ്റി, ഖത്വീബ്, പ്രഭാഷകർ, ഉസ്താദുമാർ തുടങ്ങിയവരെല്ലാം കുട്ടികളുടെ വിഷയത്തിൽ തങ്ങളുടെതായ പങ്കു വഹിക്കേണ്ടതുണ്ട്.