ക്ഷമയിലെ നന്മ-5
നസീമ വാടാനപ്പള്ളി
2025 ഡിസംബർ 27, 1447 റജബ് 06

അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിക്കുവാൻ തയ്യാറുള്ളവർക്കാണ് ആരാധനാകർമങ്ങൾ കൃത്യമായും അത്മാർഥമായും അനുഷ്ഠിക്കുവാൻ കഴിയുക. ക്ഷമ എന്ന സദ്ഗുണമില്ലാത്തവർക്ക് ഇതിനു സാധ്യമല്ല. ആരാധനയുടെയും അനുസരണയുടെയും കാര്യത്തിൽ ക്ഷമയവലംബിച്ചു മുന്നേറുവാൻ കൽപിക്കുന്ന നിരവധി സൂക്തങ്ങൾ വിശുദ്ധ ക്വർആനിൽ കാണുവാൻ സാധിക്കും. അവയിൽ ചിലതിന്റെ അർഥം കാണുക:
“ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്റെയും രക്ഷിതാവത്രെ അവൻ. അതിനാൽ അവനെ താങ്കൾ ആരാധിക്കുകയും അവന്നുള്ള ആരാധനയിൽ ക്ഷമയോടെ ഉറച്ചുനിൽക്കുകയും ചെയ്യുക. അവന്ന് പേരൊത്ത ആരെയെങ്കിലും താങ്കൾക്കറിയാമോ?’’ (19:65).
“തങ്ങളുടെ രക്ഷിതാവിന്റെ മുഖം ലക്ഷ്യമാക്കിക്കൊണ്ട് കാലത്തും വൈകുന്നേരവും അവനോട് പ്രാർഥിച്ചുകൊണ്ടിരിക്കുന്നവരുടെ കൂടെ നീ നിന്റെ മനസ്സിനെ അടക്കി നിർത്തുക. ഇഹലോകജീവിത ത്തിന്റെ അലങ്കാരം ലക്ഷ്യമാക്കിക്കൊണ്ട് നിന്റെ കണ്ണുകൾ അവരെ വിട്ടുമാറിപ്പോകാതിരിക്കട്ടെ. ഏതൊരു വന്റെ ഹൃദയത്തെ നമ്മുടെ സ്മരണയെ വിട്ടു നാം അശ്രദ്ധമാക്കിയിരിക്കുന്നുവോ, ഏതൊരുവൻ തന്നിഷ്ടത്തെ പിന്തുടരുകയും അവന്റെ കാര്യം അതിരുകവിഞ്ഞതായിരിക്കുകയും ചെയ്തുവോ, അവനെ നീ അനുസരിച്ചു പോകരുത്’’ (18:28).
സ്വന്തം കാര്യം മാത്രം നോക്കിയാൽ പോരാ, കുടുബത്തിന്റെയും കാര്യം ശ്രദ്ധിക്കണം. ആരാധനകളും അവയിൽ ക്ഷമ പാലിക്കലും അവരുടെ ജീവിതത്തിലുമുണ്ടാകണം. അതിനായി അവരോട് കൽപിക്കുകയും വേണം.
“നിന്റെ കുടുംബത്തോട് നീ നമസ്‌കരിക്കാൻ കൽപിക്കുകയും, അതിൽ (നമസ്‌കാരത്തിൽ) നീ ക്ഷമാപൂർവം ഉറച്ചുനിൽക്കുകയും ചെയ്യുക. നിന്നോട് നാം ഉപജീവനം ചോദിക്കുന്നില്ല. നാം നിനക്ക് ഉപജീവനം നൽകുകയാണ് ചെയ്യുന്നത്. ധർമനിഷ്ഠയ്ക്കാകുന്നു ശുഭപര്യവസാനം’’ (20:132).
ലുക്വ‌്‌മാൻ(അ) തന്റെ മകനെ സ്‌നേഹത്തോടെ വിളിച്ച്, നമസ്‌കരിക്കുവാനും വിഷമ ഘട്ടങ്ങളിൽ ക്ഷമിക്കുവാനും ഉപദേശിച്ചത് എക്കാലത്തുമുള്ള രക്ഷിതാക്കൾക്ക് മാതൃകയാണ്: “എന്റെ കുഞ്ഞുമകനേ, നീ നമസ്‌കാരം മുറപോലെ നിർവഹിക്കുകയും സദാചാരം കൽപിക്കുകയും ദുരാചാരത്തിൽനിന്ന് വിലക്കുകയും നിനക്ക് ബാധിച്ച വിഷമങ്ങളിൽ ക്ഷമിക്കുകയും ചെയ്യുക. തീർച്ചയായും ഖണ്ഡിതമായി നിർദേശിക്കപ്പെട്ട കാര്യങ്ങളിൽ പെട്ടതത്രെ അത്’’ (31:17).
പുതുതലമുറയിലെ കുട്ടികൾ തീരെ ക്ഷമിക്കാനും സഹിക്കാനും കഴിയാത്തവരായാണ് വളരുന്നത്. ഒരു എ പ്ലസ് നഷ്ടപ്പെട്ടാലോ മാതാപിതാക്കളൊന്ന് ശകാരിച്ചാലോ ആത്മഹത്യ ചെയ്യുവാൻ മുതിരുന്നു പല കുട്ടികളും. ഏതു പ്രതിസന്ധി ഘട്ടത്തിലും ക്ഷമയവലംബിക്കണമെന്ന് ചെറുപ്പത്തിലേ മക്കളെ ഉപദേശിക്കേണ്ടതുണ്ട്.
ക്ഷമിക്കാൻ മാത്രമല്ല ക്ഷമയിൽ മികവു കാണിക്കുവാൻ കൂടി അല്ലാഹു കൽപിക്കുന്നു: “സത്യവിശ്വാസികളേ, നിങ്ങൾ ക്ഷമിക്കുകയും ക്ഷമയിൽ മികവ് കാണിക്കുകയും പ്രതിരോധ സന്നദ്ധരായിരിക്കുകയും ചെയ്യുക. നിങ്ങൾ അല്ലാഹുവെ സൂക്ഷിച്ച് ജീവിക്കുക. നിങ്ങൾ വിജയം പ്രാപിച്ചേക്കാം’’ (3:200).
ക്ഷമയും സൽകർമങ്ങളും പാപമോചനത്തിന് കാരണമായിത്തീരുന്നു: “ക്ഷമിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരൊഴികെ. അവർക്കാകുന്നു പാപമോചനവും വലിയ പ്രതിഫലവുമുള്ളത്’’ (11:11).
