സ്ത്രീകൾക്ക് പള്ളിനിഷിദ്ധമോ?

ഹംസ ജമാലി

2025 ഡിസംബർ 13, 1447 ജമാദുൽ ആഖിർ 22

മുസ്‌ലിം സ്ത്രീകളുടെ പള്ളി പ്രവേശം പൊതുസമൂഹത്തിൽ ചർച്ചാവിഷയമായിരിക്കുകയാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ മകൾ ഫാത്തിമ നർഗീസ് പങ്കുവെച്ച അഭിപ്രായമാണ് ചർച്ചാവിഷയമാകാൻ കാരണം. ഇസ്‌ലാമിക പ്രമാണങ്ങളോട് യോജിച്ചതും സത്യസന്ധവുമായ കാര്യമാണ് അവർ പറഞ്ഞത്. എന്നാൽ അതിനെ മതവിഷയത്തിൽ അവഗാഹമില്ലാത്ത ഒരു ടീനേജുകാരിയുടെ അപക്വമായ നിലപാടായി പ്രഖ്യാപിക്കേണ്ടി വന്നിരിക്കുകയാണ് അവരുടെ പിതാവിന്. സാമൂഹ്യ മാധ്യമങ്ങളിൽ അനുകൂലിച്ചും പ്രതികൂലിച്ചുമൊക്കെ പ്രതികരണങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. എല്ലാ വിഷയങ്ങളിലുമെന്ന പോലെ ആശാസ്യമല്ലാത്ത ശൈലിയിലാണ് പലരും പ്രതികരിക്കുന്നത്.

ബാപ്പ കാരണവൻമാർ ചെയ്‌തോ ഇല്ലയോ എന്നു നോക്കിയല്ല ഒരു കാര്യം മതപരമാണോ അല്ലേ എന്നു തീരുമാനിക്കേണ്ടത്. അത് തീരുമാനിക്കേണ്ടത് പ്രമാണങ്ങളെ അടിസ്ഥാനമാക്കിയാണ്. അല്ലാഹുവിന്റെ ഭവനമായ പള്ളികളിൽ ആരാധന നടത്തുന്നതിന് ആർക്കും വിലക്കു കൽപിക്കാൻ അവകാശമില്ല. അല്ലാഹു പറയുന്നു:

“അല്ലാഹുവിന്റെ പള്ളികളിൽ അവന്റെ നാമം പ്രകീർത്തിക്കപ്പെടുന്നതിന് തടസ്സമുണ്ടാക്കുകയും അവയുടെ (പള്ളികളുടെ) തകർച്ചയ്ക്കായി ശ്രമിക്കുകയും ചെയ്തവനെക്കാൾ വലിയ അതിക്രമകാരി ആരുണ്ട്? ഭയപ്പാടോടുകൂടിയല്ലാതെ അവർക്ക് ആ പള്ളികളിൽ പ്രവേശിക്കാവതല്ലായിരുന്നു. അവർക്ക് ഇഹലോകത്ത് നിന്ദ്യതയാണുള്ളത്. പരലോകത്താകട്ടെ കഠിന ശിക്ഷയും’’ (അൽബക്വറ: 114).

അല്ലാഹുവിന് ഇബാദത്തു ചെയ്യുന്നതിന്നായി പണ്ടുകാലം മുതലേ പള്ളികളിൽ സ്ത്രീകൾ വന്നിരുന്നു. ലോകമുസ്‌ലിംകൾക്ക് ഉദാഹരണമായി വിശുദ്ധ ക്വുർആനിൽ എടുത്തു പറയപ്പെട്ടവരും പേരെടുത്തു പറഞ്ഞ ഏകമഹതിയുമായ മർയമിനോട് അല്ലാഹു പറയുന്നത് നോക്കൂ: “മർയമേ, നിന്റെ രക്ഷിതാവിനോട് നീ ഭയഭക്തി കാണിക്കുകയും സാഷ്ടാംഗം ചെയ്യുകയും തലകുനിക്കുന്നവരോടൊപ്പം തല കുനിക്കുകയും ചെയ്യുക’’ (ആലുഇംറാൻ: 43).

പള്ളികളിൽ നമസ്‌കരിച്ചുകൊണ്ടിരിക്കുന്നവരുടെകൂടെ നമസ്‌കരിക്കാനാണ് അല്ലാഹു മർയമിനോട് ഇവിടെ നിർദേശിക്കുന്നത്. തഫ്‌സീർ ഇബ്‌നുകസീറിൽ ഈ ആയത്തിനെ വിശദീകരിച്ചുകൊണ്ട് പറയുന്നു : “അതായത് നീ അവരിൽ ഉൾപ്പെട്ടവളായി നിർവഹിക്കുക.’’

പള്ളി ദർസിൽ പഠിപ്പിക്കുന്ന തഫ്‌സീർ ബൈദാവിയിൽ പറയുന്നു: “അവർ ജമാഅത്തായി നമസ്‌കരിക്കുവാൻ കൽപിക്കപ്പെട്ടു’’ (1/38).

തഫ്‌സീർ ഖാസിൻ പറയുന്നു: “മർയമേ, നീ റുകൂഅ് ചെയ്യുന്ന സ്ത്രീകളുടെ കൂടെ റുകൂഅ് ചെയ്യൂ എന്ന് പറയാതെ റുകൂഅ് ചെയ്യുന്നവരുടെ കൂടെ (പുല്ലിംഗ ബഹുവചനമായി) എന്നാണ് പറഞ്ഞത്. കാരണം അതിൽ സ്ത്രീകളും പുരുഷന്മാരും ഉൾപെടും. പുരുഷന്മാരുടെ കൂടെ നമസ്‌കരിക്കലാണ് ഏറ്റവും ഉത്തമവും പരിപൂർണവും. നമസ്‌കരിക്കുന്നവർ ചെയ്യുന്നതുപോലെ ചെയ്യുക എന്നും നമസ്‌കരിക്കുന്നവരുടെ കൂടെ ജമാഅത്ത് നമസ്‌കാരത്തിൽ നീ പങ്കെടുക്കുക എന്നും അർഥം പറയപ്പെ ടുന്നു’’ (1/347).

സ്ത്രീകൾ പള്ളിയിൽ പോയി ആരാധനാകർമങ്ങൾ നിർവഹിക്കുന്നത് ഇസ്‌ലാമിക ശരീഅത്ത് ഒരുകാലത്തും വിലക്കിയിട്ടില്ല. മറിച്ച്, നബിﷺയുടെ കാലത്തും ശേഷവും ധാരാളം മുസ്‌ലിം സ്ത്രീകൾ പള്ളിയിൽ പോയിരുന്നതായി പ്രമാണങ്ങൾ പഠിപ്പിക്കുന്നു. ഏതാനും ചില തെളിവുകൾ താഴെ കൊടുക്കുന്നു.

ഇബ്‌നു ഉമർ(റ) നിവേദനം; അല്ലാഹുവിന്റെ റസൂൽﷺ അരുളി: “നിങ്ങൾ അല്ലാഹുവിന്റെ അടിയാത്തികൾക്ക് അല്ലാഹുവിന്റെ പള്ളികളെ വിലക്കരുത്’’ (മുസ്‌ലിം).

സാലിം(റ) തന്റെ പിതാവിൽനിന്ന് നിവേദനം; അല്ലാഹുവിന്റെ റസൂൽﷺ അരുളി: “നിങ്ങളിലൊരാളുടെ ഭാര്യ പള്ളിയിലേക്ക് പോകാൻ അനുവാദം ചോദിച്ചാൽ അവളെ തടുക്കരുത്’’ (ബുഖാരി).

ഇബ്‌നു ഉമർ(റ) നിവേദനം; അല്ലാഹുവിന്റെ പ്രവാചകൻ ﷺ അരുളി: “നിങ്ങളുടെ ഭാര്യമാർ പള്ളിയിലേക്ക് പോകാൻ അനുവാദം ചോദിച്ചാൽ അവർക്ക് അനുവാദം നൽകുവിൻ’’ (അഹ്‌മദ്).

ഇബ്‌നു ഉമർ(റ) നിവേദനം; അല്ലാഹുവിന്റെ റസൂൽ ﷺ അരുളി: “നിങ്ങളുടെ ഭാര്യമാർ രാത്രിയിൽ പള്ളിയിലേക്ക് പോകാൻ അനുവാദം ചോദിച്ചാൽ അവർക്ക് അനുവാദം നൽകുവിൻ’’ (ബുഖാരി).

ഇബ്‌നു ഉമർ(റ) നിവേദനം: “ഉമർ(റ)വിന്റെ ഒരു ഭാര്യ സുബ്ഹി, ഇശാഅ് എന്നീ നമസ്‌കാരങ്ങൾ ജമാഅത്തായി നിർവഹിക്കാൻ പള്ളിയിൽ വരാറുണ്ടായിരുന്നു. അപ്പോൾ അവരോട് ചോദിക്കപ്പെട്ടു: ‘നിങ്ങൾ പള്ളിയിൽ പോകുന്നത് ഉമറി(റ)ന് ഇഷ്ടമില്ലെന്നും വെറുപ്പാണെന്നും അറിയാമല്ലോ. പിന്നെ എന്തിനാണ് നിങ്ങൾ പോകുന്നത്?’ ഉടനെ അവർ തിരിച്ചു ചോദിച്ചു: ‘എന്നാൽ പിന്നെ ഉമറിനുതന്നെ നിരോധിച്ചുകളയാൻ എന്തു തടസ്സമാണുള്ളത്?’ അബ്ദുല്ല(റ) പറഞ്ഞു: ‘അല്ലാഹുവിന്റെ ദാസികളെ അല്ലാഹുവിന്റെ പള്ളികളിൽനിന്നും തടയരുത് എന്ന നബി വചനമാണ് ഉമറിന് തടസ്സമായി നിൽക്കുന്നത്’’ (ബുഖാരി).

ഹിജാബിന്റെ ആയത്തിനു ശേഷവും

നബിﷺ ജഹ്ശിന്റെ മകൾ സൈനബ(റ)യെ വിവാഹം ചെയ്ത സന്ദർഭത്തിൽ സദ്യക്ക് ക്ഷണിച്ച വ്യക്തികൾ പുറത്തു പോകാതെയും മറ്റും നബിﷺക്ക്് പ്രയാസമുണ്ടാക്കിയപ്പോൾ വിശുദ്ധ ക്വുർആനിലെ സൂറത്തുൽ അഹ്‌സാബിലെ 53ാം വചനം അവതരിക്കുകയുണ്ടായി:

“സത്യവിശ്വാസികളേ, ഭക്ഷണത്തിന് (നിങ്ങളെ ക്ഷണിക്കുകയും) നിങ്ങൾക്ക് സമ്മതം കിട്ടുകയും ചെയ്താലല്ലാതെ നബിയുടെ വീടുകളിൽ നിങ്ങൾ കടന്നുചെല്ലരുത്. അത് (ഭക്ഷണം) പാകമാകുന്നത് നിങ്ങൾ നോക്കിയിരിക്കുന്നവരാകരുത്. പക്ഷേ, നിങ്ങൾ ക്ഷണിക്കപ്പെട്ടാൽ നിങ്ങൾ കടന്ന് ചെല്ലുക. നിങ്ങൾ ഭക്ഷണം കഴിച്ചാൽ പിരിഞ്ഞു പോകുകയും ചെയ്യുക. നിങ്ങൾ വർത്തമാനം പറഞ്ഞ് രസിച്ചി രിക്കുന്നവരാവുകയും അരുത്. തീർച്ചയായും അതൊക്കെ നബിയെ ശല്യപ്പെടുത്തുന്നതാകുന്നു. എന്നാൽ നിങ്ങളോട് (അത് പറയാൻ) അദ്ദേഹത്തിന് ലജ്ജ തോന്നുന്നു. സത്യത്തിന്റെ കാര്യത്തിൽ അല്ലാഹുവിന് ലജ്ജ തോന്നുകയില്ല. നിങ്ങൾ അവരോട് (നബിയുടെ ഭാര്യമാരോട്) വല്ല സാധനവും ചോദിക്കുകയാ ണെങ്കിൽ നിങ്ങളവരോട് മറയുടെ പിന്നിൽ നിന്ന് ചോദിച്ചുകൊള്ളുക. അതാണ് നിങ്ങളുടെ ഹൃദയങ്ങ ൾക്കും അവരുടെ ഹൃദയങ്ങൾക്കും കൂടുതൽ സംശുദ്ധമായിട്ടുള്ളത്. അല്ലാഹുവിന്റെ ദൂതന് ശല്യമുണ്ടാ ക്കാൻ നിങ്ങൾക്ക് പാടില്ല. അദ്ദേഹത്തിന് ശേഷം ഒരിക്കലും അദ്ദേഹത്തിന്റെ ഭാര്യമാരെ നിങ്ങൾ വിവാഹം കഴിക്കാനും പാടില്ല. തീർച്ചയായും അതൊക്കെ അല്ലാഹുവിങ്കൽ ഗൗരവമുള്ള കാര്യമാകുന്നു’’ (അഹ്‌സാബ് : 53).

ഈ സംഭവം വിവരിച്ചശേഷം ഇമാം ബുഖാരി(റഹി) പറയുന്നു: “അങ്ങനെ ഹിജാബിന്റെ ആയത്ത് അവതരിക്കപ്പെട്ടു.’’

തഫ്‌സീർ ഇബ്‌നുകസീർ ഈ ആയത്തിനെ വിശദീകരിച്ചുകൊണ്ട് പറയുന്നു: “ഇതാണ് ഹിജാബിന്റെ ആയത്ത്’’ (3/607).

ഈ സംഭവം നടന്നത് ഹിജ്‌റ മൂന്നിനാണെന്നും അഞ്ചിനാണെന്നും പണ്ഡിതന്മാർ അഭിപ്രായപ്പെ ടുന്നുണ്ട്. എന്നാൽ ഹിജാബിന്റെ ആയത്തായി യാഥാസ്ഥിതികർ ഉദ്ധരിക്കാറുള്ളത് സൂറത്തുൽ അഹ്‌സാബിലെ 32,33 ആയത്തുകളാണ്. അവയുടെ അർഥം കാണുക:

“പ്രവാചക പത്‌നിമാരേ, സ്ത്രീകളിൽ മറ്റു ആരെപ്പോലെയുമല്ല നിങ്ങൾ. നിങ്ങൾ ധർമനിഷ്ഠ പാലിക്കുന്നുവെങ്കിൽ

നിങ്ങൾ (അന്യരോട്) അനുനയസ്വരത്തിൽ സംസാരിക്കരുത്. അപ്പോൾ ഹൃദയത്തി ൽ രോഗമുള്ളവന് മോഹം തോന്നിയേക്കും. ന്യായമായ വാക്ക് നിങ്ങൾ പറഞ്ഞുകൊള്ളുക. നിങ്ങൾ നിങ്ങളുടെ വീടുകളിൽ അടങ്ങിക്കഴിയുകയും ചെയ്യുക. പഴയ അജ്ഞാനകാലത്തെ സൗന്ദര്യപ്രകടനം പോലുള്ള സൗന്ദര്യപ്രകടനം നിങ്ങൾ നടത്തരുത്. നിങ്ങൾ നമസ്‌കാരം മുറപോലെ നിർവഹിക്കുകയും സകാത്ത് നൽകുകയും അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുകയും ചെയ്യുക. (പ്രവാചക ന്റെ) വീട്ടുകാരേ! നിങ്ങളിൽനിന്ന് മാലിന്യം നീക്കികളയുവാനും നിങ്ങളെ ശരിയായി ശുദ്ധീകരിക്കുവാനും മാത്രമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്’’ (അഹ്‌സാബ്: 32,33).

മേൽ ആയത്തുകളിലെല്ലാം വീട്ടിലും പുറത്തും അനുഷ്ഠിക്കേണ്ട മര്യാദകൾ പഠിപ്പിക്കുകയാണ് ചെയ്യുന്നത്. അല്ലാതെ മര്യാദയോടെ ഇസ്‌ലാം നിർദേശിക്കുന്ന നിബന്ധനയോടെ വസ്ത്രം ധരിച്ചുകൊ ണ്ട് വീട്ടിൽനിന്ന് പുറത്തു പോകുന്നതിനെയോ പള്ളിയിൽ പോകുന്നതിനേയോ വിലക്കുന്ന ഒരു സൂക്തം അല്ലാഹുവിന്റെ ഗ്രന്ഥത്തിലോ പ്രവാചകൻﷺയുടെ തിരുസുന്നത്തിലോ കാണാൻ സാധ്യമല്ല.

മുസ്‌ലിം സ്ത്രീകൾക്ക് പള്ളി വിലക്കുന്ന ഒരു ആയത്താണ് ഹിജാബിന്റെ ആയത്തെന്നാണ് പലരും ധരിച്ചിരിക്കുന്നത്. എല്ലാ ആവശ്യങ്ങൾക്കും പുറത്തു പോകുമ്പോൾ പാലിക്കേണ്ട നിയമങ്ങളാണ് സ്ത്രീകൾ പള്ളിയിൽ പോകുമ്പോഴും പാലിക്കേണ്ടത്. ശരീരത്തിന്റെ അവയവങ്ങൾ പ്രകടമാകാത്ത രീതിയിൽ സുഗന്ധം ഉപയോഗിക്കാതെ ജനങ്ങളെ ആകർഷിക്കാത്ത രീതിയിൽ വസ്ത്രം ധരിച്ചുകൊണ്ട് അന്യപുരുഷന്മാരുമായി ഇടകലരാതെയാണ് പുറത്ത് പോകേണ്ടത്. അതോടൊപ്പം തികഞ്ഞ ഭക്തിയോടും ഭവ്യത്യയാടെയും കൂടിയാണ് അവർ പള്ളിയിലേക്ക് പോകേണ്ടത്.

അബൂഹുറയ്‌റ(റ) നിവേദനം; നബിﷺ പറഞ്ഞു: “ഏതെങ്കിലും സ്ത്രീ സുഗന്ധം ഉപയോഗിച്ചിട്ടു ണ്ടെങ്കിൽ നമ്മുടെ കൂടെ അവസാനത്തെ രാത്രി നമസ്‌കാരത്തിന് പങ്കെടുക്കരുത്’’ (മുസ്‌ലിം).

നബിﷺയുടെ ഭാര്യമാരും പള്ളിയിൽ പോയിരുന്നു

നബിﷺയുടെ കാലത്തും വിയോഗാനന്തരവും അവിടുത്തെ ഭാര്യമാർ പള്ളിയിൽ പോയി നമസ്‌കരിക്കുകയും ഇഅ്തികാഫിരിക്കുകയും ചെയ്തിരുന്നതായി പ്രമാണങ്ങളിൽ കാണാവുന്നതാണ്.

നബിﷺയുടെ ഭാര്യയായ ആഇശ(റ), സൈനബ്(റ) എന്നിവർ പള്ളിയിൽ ഇഅ്തികാഫി രുന്നിരുന്നു (ബുഖാരി, മുസ്‌ലിം).

ആഇശ(റ) പറഞ്ഞു: “നിശ്ചയം സത്യവിശ്വാസിനികളായ സ്ത്രീകൾ അല്ലാഹുവിന്റെ റസൂലി (നോ)ടൊപ്പം അവരുടെ മൂടുവസ്ത്രം ധരിച്ചുകൊണ്ട് സുബ്ഹി നമസ്‌കാരത്തിൽ പങ്കെടുത്തിരുന്നു. നമസ്‌കാരം കഴിഞ്ഞാൽ അവർ വീട്ടിലേക്ക് മടങ്ങും. ഇരുട്ട് നിമിത്തം ഒരാൾക്കും അവരെ തിരിച്ചറിഞ്ഞി രുന്നില്ല’’ (ബുഖാരി).

ഈ ഹദീസിനെ വിശദീകരിച്ചുകൊണ്ട് ഇമാം ഇബ്‌നു ഹജർ അസ്ഖലാനി(റഹി) പറയുന്നത് നോക്കൂ : “ഈ ഹദീസിൽ സുബ്ഹി നമസ്‌കാരം അതിന്റെ ആദ്യസമയത്തുതന്നെ നിർവഹിക്കൽ സുന്നത്താണെന്നും രാത്രികളിൽ നമസ്‌കാരത്തിന്ന് വേണ്ടി സ്ത്രീകൾ പള്ളിയിലേക്ക് പുറപ്പെടാമെന്നുമുണ്ട്. അപ്രകാരം പകലിനെക്കാൾ രാത്രിയാണ് കൂടുതൽ സംശയത്തിന് സാധ്യതയുള്ളത് എന്നിരിക്കെ പകലിലും നമസ്‌കാരങ്ങൾക്കായി പള്ളിയിൽ പോകാമെന്ന് മനസ്സിലാകുന്നു’’ (ഫത്ഹുൽബാരി : 2/360)

നബിﷺയുടെ വഫാത്തിന്ന് ശേഷവും അവിടുത്തെ ഭാര്യമാർ പള്ളിയിൽ നമസ്‌കരിക്കുകയും ഇഅ്തികാഫ് ഇരിക്കുകയും ചെയ്തിരുന്നു: ആഇശ(റ) നിവേദനം: “നബിﷺ വഫാത്താകുന്നതുവരെ റമദാനിലെ അവസാന പത്തിൽ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. അവിടുന്ന് ഇഹലോകവാസം വെടിഞ്ഞതിനുശേഷം അവിടുത്തെ ഭാര്യമാരും ഇഅ്തികാഫ് ഇരുന്നിരുന്നു’’ (ബുഖാരി, മുസ്‌ലിം).

പള്ളിയിൽ മാത്രമെ ഇഅ്തികാഫ് ശരിയാവുകയുള്ളൂ. ഇത് ശാഫിഈ മദ്ഹബിലെ കിതാബുകൾ പോലും വ്യക്തമാക്കുന്നുണ്ട്.

“പള്ളിയിൽ മാത്രമെ ഇഅ്തികാഫ് സാധുവാകുകയുള്ളൂ. ജുമുഅത്തു പള്ളിയാണ് ഏറ്റവും നല്ലത്. അവയവങ്ങളിൽ ചിലത് പള്ളിയിൽനിന്ന് പുറത്തേക്കിടുന്നതിന് വിരോധമില്ല. പള്ളിയിലല്ലാതെ വീ ട്ടിലോ മറ്റോ നമസ്‌കാരത്തിനായി തയ്യാർ ചെയ്യപ്പെട്ട സ്ഥലത്ത് ഇഅ്തികാഫ് സ്വഹീഹാവുകയില്ല’’ (പത്തുകിതാബ്, അധ്യായം നൂറുൽ അബ്‌സാർ. ഇബ്‌റാഹീം പുത്തൂർ ഫൈസിയുടെ പരിഭാഷയിൽ നിന്ന്, പേജ് 123).

അമുസ്‌ലിം, ഭ്രാന്തൻ, ബോധംകെട്ടവൻ, ആർത്തവകാരി, പ്രസവക്കാരികൾ, വലിയ അശുദ്ധിയുള്ളവർ, ലഹരിബാധിതർ ഇവരുടെ ഇഅ്തികാഫ് സ്വീകാര്യമല്ല’’ (പത്തുകിതാബ്, അധ്യായം നൂറുൽഅബ്‌സാർ. ഇബ്‌റാഹീം പുത്തൂർ ഫൈസിയുടെ പരിഭാഷയിൽനിന്ന്, പേജ് 124).

മലമൂത്ര വിസർജനം ചെയ്യുക, രോഗമാകുക, ആർത്തവമുണ്ടാകുക പോലൊത്ത ഒഴിച്ചുകൂടാൻ പാടില്ലാത്ത ആവശ്യങ്ങൾക്കുവേണ്ടി പുറത്തു പോകുന്നതുകൊണ്ട് ഇഅ്തികാഫ് ബാത്വിലാവുകയില്ല’’ (ഇബ്‌റാഹീം പുത്തൂർ ഫൈസിയുടെ ‘ഉംദ’ പരിഭാഷയിൽനിന്ന്, പേജ് 184).

വീടാണോ ഉത്തമം?

നമസ്‌കാരം, ത്വവാഫ്, ഹജ്ജ്, ഉംറ എന്നീ കാര്യങ്ങൾക്കുവേണ്ടി സ്ത്രീകൾ പുറത്തുപോകുന്നത് അല്ലാഹുവോ റസൂലോ മുടക്കിയിട്ടില്ല. സ്ത്രീകൾ പള്ളിയിൽ വെച്ച് നമസ്‌കരിക്കുന്നതിനെക്കാൾ ഉത്തമം അവരുടെ വീട്ടിൽവെച്ച് നമസ്‌കരിക്കലാണ് എന്ന ഹദീസ് സ്വഹീഹാണെങ്കിൽതന്നെ അവയൊന്നും പള്ളിയിൽവെച്ച് നമസ്‌കരിക്കുന്നത് ഹറാമാണെന്ന് പഠിപ്പിക്കുന്നില്ല.

നബിﷺയുടെ പ്രിയപത്‌നിമാർ പള്ളിയിൽ പോയിരുന്നുവെന്ന് മാത്രമല്ല, പള്ളിയിൽ ഇഅ്തികാഫ് ഇരിക്കുകയും കൂടി ചെയ്തിരുന്നുവെന്ന് നാം മനസ്സിലാക്കി.

ഒരു സ്ത്രീ ഇസ്‌ലാമിക വേഷമണിഞ്ഞ് തന്റെ ഭർത്താവിന്റെയോ പിതാവിന്റെയോ സഹോദരന്മാരുടെയോ കൂടെ അല്ലാഹുവിനുള്ള ഇബാദത്ത് നിർവഹിക്കാൻ പള്ളിയിൽ പോകുന്നത് ഹറാം! അവൾ അന്യപുരുഷന്മാരുടെകൂടെ സിയാറത്ത് ടൂറുകൾക്ക് പോകുന്നതും നേർച്ചപ്പൂരങ്ങളിൽ അന്യപുരുഷന്മാരോട് ഇടകലർന്നും തൊട്ടുരുമ്മിയും രാപകൽ വ്യത്യാസമില്ലാതെ പങ്കെടുക്കുന്നതും ഹലാൽ! എന്തൊരു വിരോധാഭാസം!

അല്ലാഹുവിനെ ആരാധിക്കാനായി ലോകത്താദ്യമായി നിർമിക്കപ്പെട്ട, ഏറ്റവും ശ്രേഷ്ഠമായ മക്കത്തെ പള്ളിയിലും അപ്രകാരം മദീനത്തെ പള്ളിയിലും അന്നുമുതൽ ഇന്നുവരെ ജുമുഅയിലും ജമാഅത്തുകളി ലും സ്ത്രീകൾ പങ്കെടുക്കുന്നുണ്ട്. എന്നിരിക്കെ സമസ്ത മുസ്‌ല്യാക്കന്മാരുടെ ഈ പൊള്ളവാദത്തിന് എന്ത് തെളിവാണുള്ളത് ?

ഇമാം ശാഫിഈ(റഹി) ഈ വിഷയത്തിൽ എന്ത് പറയുന്നു?

ശാഫിഈ മദ്ഹബിലെ ഏറ്റവും ചെറിയ ഗ്രന്ഥമായ ‘പത്ത്കിതാബ്’ മുതൽ ‘അൽഉമ്മ്’ വരെയുള്ള സകല ഗ്രന്ഥങ്ങളും പഠിപ്പിക്കുന്നത് സ്ത്രീകൾ പുരുഷന്മാർ പങ്കെടുക്കുന്ന പള്ളികളിൽ പോയി ജുമുഅഃ ജമാഅത്തുകളിൽ പങ്കെടുക്കൽ അനുവദനിയമാണെന്നാണ്.

പത്ത് കിതാബിൽ പറയുന്നു: “കാഴ്ചയിൽ ആഗ്രഹിക്കപ്പെടുന്നവർക്കും യുവതികൾക്കും പള്ളിയിൽ ഹാജരാവൽ കറാഹത്താണ്; ഇവരല്ലാത്തവരല്ല. നാശത്തെ പേടിക്കാത്തപ്പോഴാണ് ഇപ്പറഞ്ഞത്’’ (ഒറ്റമാളിയേക്കൽ മുത്തുക്കോയ തങ്ങളുടെ പത്ത് കിതാബ് പരിഭാഷ, പേജ് 131).

ഇവിടെ കറാഹത്ത് (അനിഷ്ടകരം) മാത്രമാണ്, യുവതികൾക്കു പോലും പള്ളിയിൽ ഹാജരാവൽ ഹറാമല്ല എന്നാണ് പറയുന്നത്. യുവതികളല്ലാത്തവർക്ക് അനുവദനിയവുമാണ്. എന്നാൽ നവവിയെപ്പോ ലെയുള്ള, ശാഫിഈ മദ്ഹബിലെ പ്രാമാണികരായ പണ്ഡിതന്മാർ സ്ത്രീകളിൽ എല്ലാവർക്കും അനുവദനീ യമാണെന്ന് പറയുന്ന ധാരാളം ഉദ്ധരിണികൾ കാണാൻ സാധിക്കും.

“ഇമാമിന്റെ പിന്നിൽ ആദ്യം പുരുഷന്മാരും പിന്നെ ആൺകുട്ടികളും പിന്നെ സ്ത്രീകളുമാണ് അണിനിരക്കേണ്ടത്’’ (മഹല്ലി: 1/312).

“ഇമാമിന്റെ പിന്നിൽ ആദ്യം പുരുഷന്മാരും പിന്നെ കുട്ടികളും ശേഷം സ്ത്രീകളും നിൽക്കണം’’ (ഫത്ഹുൽ മുഈൻ: 66).

“സ്ത്രീകൾ ജുമുഅ നമസ്‌കാരത്തിന് പങ്കെടുക്കാൻ ഉദ്ദേശിച്ചാൽ മറ്റുള്ള നമസ്‌കാരങ്ങൾക്ക് അവർ വരുമ്പോൾ പാലിക്കേണ്ട നിബന്ധനയോടുകൂടി വരേണ്ടതാണ്’’ (ശറഹുൽ മുഹദ്ദബ്, വാല്യം 4, പേജ്:496).

“ജുമുഅ നിർബന്ധമില്ലാത്ത സ്വതന്ത്ര പുരുഷന്മാരിൽനിന്നുള്ള വിട്ടുവീഴ്ചയുള്ളവർ, പ്രായ പൂർത്തിയെത്താത്തവർ, സ്ത്രീകൾ, അടിമകൾ എന്നിവർ ഇമാം ജുമുഅ നിർവഹിച്ച് അതിൽനിന്ന് വിരമിച്ച ശേഷമല്ലാതെ ദുഹ്ർ നമസ്‌കരിക്കുന്നതിനെ ഞാൻ ഇഷ്ടപ്പെടുന്നില്ല. കാരണം അവർക്ക് അവരുടെ തടസ്സം നീങ്ങിയാൽ ജുമുഅക്കു പങ്കെടുക്കലാണ് ഏറ്റവും ഉത്തമം’’ (അൽഉമ്മ്: 1/219).

ഇസ്‌ലാമിക വേഷമണിഞ്ഞുകൊണ്ട് സ്ത്രീകൾക്ക് പള്ളിയിൽ പോയി ജുമുഅ-ജമാഅത്ത് നമസ്‌കാരങ്ങൾ, പെരുന്നാൾ നമസ്‌കാരങ്ങൾ, ഗ്രഹണനമസ്‌കാരങ്ങൾ എന്നിവയിലെല്ലാം പങ്കെടുക്കൽ അനുവദനീയമാണെന്നത് നൂറിലധികം തെളിവുകൾകൊണ്ട് സ്ഥിരപ്പെട്ടതാണ്.

ചുരുക്കത്തിൽ, മുസ്‌ലിം സ്ത്രീകൾക്ക് ഇസ്‌ലാം പറഞ്ഞ നിബന്ധനകൾ പാലിച്ചുകൊണ്ട് പള്ളികളിൽ പോയി ജുമുഅ-ജമാഅത്ത് നമസ്‌കാരങ്ങളിൽ പങ്കെടുക്കുന്നത് ഹറാമാണെന്ന് വിശുദ്ധ ക്വുർആനിലോ, നബിﷺയുടെ ഹദീസിലോ കാണുക സാധ്യമല്ല. ശാഫിഈ മദ്ഹബുകാരെന്നവകാശപ്പെടുന്നവർക്ക് ഇമാം ശാഫിഈ സ്ത്രീകൾക്ക് പള്ളി വിലക്കിയതായി കാണിക്കുവാനും കഴിയില്ല.