ഇസ്‌ലാമിലെ ആതിഥ്യമര്യാദ

അമീന തൻസീം

2025 ഡിസംബർ 20, 1447 ജമാദുൽ ആഖിർ 29

ഇസ്‌ലാമിക സാമൂഹിക മര്യാദകളിൽ പെട്ട സുപ്രധാനമായ ഒന്നാണ് അതിഥികളെ ആദരിക്കുക എന്നത്. പ്രവാചകാനുചരന്മാരുടെ ജീവിതം ഈ ധാർമിക ഉത്തരവാദിത്തം എങ്ങനെ സാമൂഹികവും വ്യക്തിപരവുമായ തലങ്ങളിൽ പൂർണതയോടെ പ്രയോഗിക്കാമെന്ന് കാണിച്ചുതരുന്നു. അതിഥിയെ സ്വീകരിക്കുക എന്നത് കേവലം ഒരു സാംസ്‌കാരിക ആചാരം എന്നതിലുപരി, അല്ലാഹുവിലുള്ള വിശ്വാസത്തിന്റെയും സാമൂഹിക ഐക്യദാർഢ്യത്തിന്റെയും പ്രതീകമായി ആദ്യകാല മുസ്‌ലിം സമൂഹം കണ്ടു.

ഇസ്‌ലാമിക വീക്ഷണത്തിൽ ആതിഥേയത്വം ഒരു വിശ്വാസിയുടെ അടിസ്ഥാനപരമായ കടമയാണ്. ഇത് വിശ്വാസത്തിന്റെ പ്രകടനവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. മുഹമ്മദ്‌നബിﷺ ആതിഥേയത്വത്തെ അല്ലാഹുവിലും അന്ത്യനാളിലും ഉള്ള വിശ്വാസത്തിന്റെ അടയാളമായി പ്രഖ്യാപിച്ചു:. “ആരെങ്കിലും അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുണ്ടെങ്കിൽ, അവൻ തന്റെ അതിഥിക്ക് ആതിഥ്യം നൽകട്ടെ, ആരെങ്കിലും അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുണ്ടെങ്കിൽ, അവൻ തന്റെ അയൽക്കാരനെ ഉദാരമായി സൽക്കരിക്കട്ടെ, ആരെങ്കിലും അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുണ്ടെങ്കിൽ, അവൻ നല്ലത് പറയുകയോ അല്ലെങ്കിൽ മൗനം പാലിക്കുകയോ ചെയ്യട്ടെ’’ (സ്വഹീഹുൽ ബുഖാരി).

ഈ കൽപന ആതിഥേയത്വം എന്ന സാമൂഹിക കടമയെ, നമസ്‌കാരം, നോമ്പ് തുടങ്ങിയ ആരാധനകൾക്ക് സമാനമായ ആത്മീയ മൂല്യമുള്ള ഒരു പ്രവൃത്തിയായി ഉയർത്തുന്നു.

ആതിഥേയത്വം എന്നതിലൂടെ ഉദ്ദേശിക്കുന്നത് അതിഥിയെ ഭൗതികമായി സംതൃപ്തനാക്കുക എന്നതിലുപരി അവരെ ആദരിക്കുകയും പരിപാലിക്കുകയും ചെയ്യുക എന്നതാണ്. ഈ ആശയമാണ് إكْرَامُ الضُّيُوفഎന്ന സംജ്ഞ സൂചിപ്പിക്കുന്നത്. ആതിഥേയത്വം പ്രകടിപ്പിക്കാത്ത വ്യക്തിയിൽ യാതൊരു നന്മയുമില്ലെന്ന് പ്രവാചകൻﷺ പഠിപ്പിച്ചു. അതിഥിയെ ആദരിക്കാനുള്ള ഈ പ്രേരണ, കേവലം നിയമപരമായ ഒരു ബാധ്യത എന്നതിലുപരി, സാമൂഹികബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ദാരിദ്ര്യമനുഭവിക്കുന്നവരെ സഹായിക്കുന്നതിനും വേണ്ടിയുള്ള ആത്മീയമായ ഒരു പ്രേരണയായി വർത്തിക്കുന്നു. ആതിഥേയത്വത്തിലൂടെ ലഭിക്കുന്ന പ്രതിഫലം അല്ലാഹുവിങ്കൽനിന്നാണ് എന്ന വിശ്വാസം, ആളുകളെ വലിയ ത്യാഗങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്ന കാതലായ ഘടകമായി മാറുന്നു.

ആതിഥേയത്വത്തിന്റെ കാര്യത്തിൽ ഇസ്‌ലാം നൽകുന്ന ഉന്നതമായ മാതൃക ഇബ്‌റാഹീം നബി(അ)യുടെതാണ്. ക്വുർആനിൽ അത് പരാമർശിക്കുന്നതായി കാണാം:

“നമ്മുടെ ദൂതൻമാർ ഇബ്‌റാഹീമിന്റെ അടുത്ത് സന്തോഷവാർത്തയും കൊണ്ട് വരികയുണ്ടായി. അവർ പറഞ്ഞു: ‘സലാം.’ അദ്ദേഹം പ്രതിവചിച്ചു: ‘സലാം.’ വൈകിയില്ല. അദ്ദേഹം ഒരു ചുട്ടുവേവിച്ച മൂരിക്കുട്ടിയെ കൊണ്ടുവന്നു’’ (ക്വുർആൻ 11:69).

ഈ സംഭവത്തിൽ ശ്രദ്ധേയമായ രണ്ടു ഘടകങ്ങളുണ്ട്: ‘ധൃതി’ കാണിച്ചത് അതിഥിക്ക് കാത്തിരിക്കേണ്ടിവരുന്നത് ഒഴിവാക്കാനാണ്. ഇത് അതിഥിയുടെ ആവശ്യങ്ങൾ മുൻകൂട്ടി കണ്ടറിഞ്ഞ് ഉടൻ പൂർത്തീകരിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നു. ‘ചുട്ടുവേവിച്ച മൂരിക്കുട്ടി’യുടെ മാംസം ഭക്ഷിക്കാനായി നൽകിയത് അതിഥിയെ തന്റെ കഴിവിന്റെ പരമാവധി ആദരിച്ചതിന്റെയും ഉന്നതമായ ഔദാര്യത്തെയുമാണ് സൂചിപ്പിക്കുന്നത്.

ജനങ്ങൾക്ക് ഭക്ഷണം നൽകുന്നത് ഇസ്‌ലാമിലെ ഉത്തമമായ കാര്യങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. നബിﷺയോട് ചോദിക്കപ്പെട്ടു: “ഇസ്‌ലാമിലെ ഏതു കാര്യമാണ് ഏറ്റവും ഉത്തമം?’ അവിടുന്ന് മറുപടി പറഞ്ഞു: ‘ജനങ്ങൾക്ക് ഭക്ഷണം നൽകുകയും നിങ്ങൾക്ക് അറിയാവുന്നവർക്കും അറിയാത്തവർക്കും സലാം പറയുകയും ചെയ്യുക’ (സ്വഹീഹുൽ ബുഖാരി).

സ്വഹാബാക്കളുടെ ചരിത്രത്തിലെ ആതിഥേയത്വത്തിന്റെ ഏറ്റവും തിളക്കമാർന്ന അധ്യായം മദീനയിലെ അൻസ്വാറുകൾ മക്കയിൽനിന്ന് പലായനം ചെയ്‌തെത്തിയ മുഹാജിറുകളെ സ്വീകരിച്ച സംഭവമാണ്. മുഹാജിറുകൾ മദീനയിലെത്തിയപ്പോൾ, പ്രവാചകൻﷺ അവർക്കിടയിൽ സാഹോദര്യ ബന്ധം സ്ഥാപിച്ചു. ഈ സാഹോദര്യ കരാർ കേവലം ആത്മീയ ബന്ധം സ്ഥാപിക്കൽ മാത്രമായിരുന്നില്ല, മറിച്ച് മദീനയിലെ പുതിയ സമൂഹത്തിന് അത്യന്താപേക്ഷിതമായ ഒരു സാമൂഹിക-സാമ്പത്തിക സുരക്ഷാ സംവിധാനം കൂടിയായിരുന്നു.

മുഹാജിറുകൾ തങ്ങളുടെ സ്വത്തും വ്യാപാര ബന്ധങ്ങളും ഉപേക്ഷിച്ചാണ് വന്നത്. അതിനാൽ, അൻസ്വാറുകൾ തങ്ങളുടെ അതിഥികളെ താൽക്കാലികമായി സൽക്കരിക്കുക എന്നതിലുപരി, അവരെ തങ്ങളുടെ വീടുകളിലേക്കും സാമ്പത്തിക വൃത്തങ്ങളിലേക്കും ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും സ്വാഗതം ചെയ്തു. ഈ സാമൂഹിക ഐക്യദാർഢ്യത്തിന്റെ സ്ഥാപനം, വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നും ഗോത്രങ്ങളിൽനിന്നുമുള്ള ആളുകൾക്കിടയിൽ ഐക്യം സ്ഥാപിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. അതുവഴി പുതിയ ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ആന്തരിക സ്ഥിരത ഉറപ്പാക്കി.

അൻസ്വാറുകളുടെ ആതിഥേയത്വത്തിന്റെ പരമമായ തത്ത്വം ‘ഈസാർ’ (إيثَار) ആയിരുന്നു. ‘ഈസാർ’ എന്ന പദം സ്വന്തം ആവശ്യം നിലനിൽക്കുമ്പോൾ പോലും മറ്റൊരാൾക്ക് മുൻഗണന നൽകുന്നതിനെ സൂചിപ്പിക്കുന്നു. അതിഥികൾ മൂന്നു ദിവസത്തെ നിർബന്ധിത ആതിഥേയത്വം ലഭിക്കാൻ അവകാശമുള്ളവരാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. അൻസ്വാറുകൾ അതിലുമെത്രയോ അധികം ഔദാര്യം കാണിച്ചു. അവരുടെ ഈ മഹത്തായ ത്യാഗത്തെ ക്വുർആൻ പ്രശംസിക്കുന്നത് കാണുക:

“...തങ്ങളുടെ അടുത്തേക്ക് സ്വദേശം വെടിഞ്ഞു വന്നവരെ അവർ സ്‌നേഹിക്കുന്നു. അവർക്ക് (മുഹാജിറുകൾക്ക്) നൽകപ്പെട്ട ധനം സംബന്ധിച്ചു തങ്ങളുടെ മനസ്സുകളിൽ ഒരു ആവശ്യവും അവർ (അൻസ്വാറുകൾ) കണ്ടെത്തുന്നുമില്ല. തങ്ങൾക്ക് ദാരിദ്ര്യമുണ്ടായാൽ പോലും സ്വദേഹങ്ങളെക്കാൾ മറ്റുള്ളവർക്ക് അവർ പ്രാധാന്യം നൽകുകയും ചെയ്യും. ഏതൊരാൾ തന്റെ മനസ്സിന്റെ പിശുക്കിൽനിന്ന് കാത്തുരക്ഷിക്കപ്പെടുന്നുവോ അത്തരക്കാർ തന്നെയാകുന്നു വിജയം പ്രാപിച്ചവർ’’ (59:9).

ഈ പ്രവർത്തനം ഭൗതികമായ ഒരു ത്യാഗം എന്നതിലുപരി, ആന്തരികമായ ആത്മീയ ശുദ്ധീകരണത്തിന്റെയും അത്യാഗ്രഹത്തെ മറികടക്കുന്നതിന്റെയും തെളിവാണ്. വ്യക്തിഗത തലത്തിലും സ്വഹാബാക്കൾ ആതിഥേയത്വത്തിന്റെ ഉന്നതമായ മാതൃകകൾ കാണിച്ചു. അതിനൊരു ഉദാഹരണമാണ് അബൂ ത്വൽഹ(റ)യുടെയും ഉമ്മു സുലൈമ(റ)യുടെയും വീട്ടിൽ അതിഥികൾ വന്നപ്പോഴുണ്ടായ സംഭവം.

ഒരു ദിവസം വിശന്നവശനായ ഒരാൾ പ്രവാചകന്റെ അടുക്കൽ വന്നു. പ്രവാചകന്റെ ഭാര്യമാരുടെ വീടുകളിൽ ഭക്ഷണമൊന്നും ഇല്ലാത്തതിനാൽ അൻസ്വാരിയായ അബൂത്വൽഹ(റ) ആ അതിഥിയെ തന്റെ വീട്ടിലേക്ക് കൊണ്ടുപോയി. അദ്ദേഹം ഭാര്യയോട് വീട്ടിൽ വല്ല ഭക്ഷണവുമുണ്ടോ എന്ന് ചോദിച്ചു. അവർ കുട്ടികൾക്കുള്ള ഭക്ഷണം മാത്രമേയുള്ളൂ എന്ന് മറുപടി നൽകി. അബൂത്വൽഹയുടെ നിർദേശപ്രകാരം ഭാര്യ കുട്ടികളെ ഉറക്കിക്കിടത്തുകയും അതിഥി വീട്ടിൽ പ്രവേശിക്കുമ്പോൾ അറിയാത്ത മട്ടിൽ വിളക്ക് കെടുത്തി ആതിഥേയരും ഭക്ഷണം കഴിക്കുന്നുണ്ടെന്ന് അതിഥിക്ക് തോന്നാൻ ഇടവരുത്തുകയും ചെയ്തു. അങ്ങനെ, അതിഥി വയറുനിറയെ ഭക്ഷണം കഴിച്ചു, ദമ്പതികൾ വിശന്നുറങ്ങി.

പിറ്റേന്ന് രാവിലെ, ഈ ദമ്പതികളെക്കുറിച്ച് അല്ലാഹു ഒരു വാക്യം അവതരിപ്പിച്ചതായി പ്രവാചകൻ ﷺ അറിയിച്ചു. ഈ സംഭവം അതിഥിക്കുവേണ്ടി സ്വന്തം കുടുംബത്തെക്കാൾ മുൻഗണന നൽകുന്നത് അനുവദനീയമാണ് എന്ന കർമശാസ്ത്രപരമായ സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നു. അതിഥിയെ ബുദ്ധിമുട്ടിക്കാതെ, തന്റെ ഔദാര്യം പ്രകടിപ്പിക്കാതെ, ത്യാഗം ചെയ്യാനുള്ള ആതിഥേയന്റെ മര്യാദയുടെ ഉന്നതമായ മാതൃകയാണിത്.

സ്വഹാബാചരിത്രത്തിലെ ആതിഥ്യ മര്യാദയുടെ മറ്റൊരു ഉദാഹരണമാണ് അബൂഅയ്യൂബ് അൽഅൻസ്വാരി(റ) നബിﷺക്ക് ആതിഥ്യം നൽകിയ സന്ദർഭം. മക്കയിൽനിന്ന് മദീനയിലേക്ക് പലായനം ചെയ്ത പ്രവാചകൻﷺ തന്റെ ഒട്ടകം എവിടെ മുട്ടുകുത്തുന്നുവോ അവിടെ താമസിക്കാം എന്ന് തീരുമാനിച്ചു. ഒട്ടകം മുട്ടുകുത്തിയത് അബൂഅയ്യൂബ് അൽഅൻസ്വാരി(റ)യുടെ വീടിന് മുന്നിലായിരുന്നു. അങ്ങനെ അദ്ദേഹത്തിന് ഏഴ് മാസത്തോളം പ്രവാചകന് ആതിഥ്യമരുളാനുള്ള മഹത്തായ ഭാഗ്യം ലഭിച്ചു.

അബൂഅയ്യൂബി(റ)ന്റെ വീട് രണ്ട് നിലകളുള്ളതായിരുന്നു. പ്രവാചകൻﷺ തന്റെ സൗകര്യങ്ങൾ പരിഗണിച്ച് താഴത്തെ നിലയിൽ താമസിക്കാൻ നിർബന്ധിച്ചു. എന്നാൽ, അബൂഅയ്യൂബും ഭാര്യയും ഇതിൽ അസ്വസ്ഥരായി. തങ്ങൾ പ്രവാചകന്റെ തലയ്ക്ക്

മുകളിൽ നടക്കുമ്പോൾ തറയുടെ വിടവുകളിലൂടെ പൊടി വീഴുകയോ ശബ്ദമുണ്ടാകുകയോ ചെയ്താൽ അത് പ്രവാചകനെ അനാദരിക്കുന്നതിന് തുല്യമാകുമോ എന്ന് അവർ ഭയന്നു.

അബൂഅയ്യൂബ്(റ) നബിﷺയോട് മുകളിലത്തെ നിലയിൽ താമസിക്കാൻ നിർബന്ധിച്ചെങ്കിലും അവിടുന്ന് സമ്മതിച്ചില്ല. ഒരു രാത്രി, മുകളിലത്തെ മുറിയിൽ വെള്ളം തൂകിയപ്പോൾ, അത് താഴെയുള്ള പ്രവാചകനെ ബുദ്ധിമുട്ടിക്കാതിരിക്കാൻ അബൂ അയ്യൂബും(റ) ഭാര്യയും ഉടൻതന്നെ തുണികൊണ്ട് വെള്ളം ഒപ്പിയെടുത്തു. ഈ സംഭവം മനസ്സിലാക്കിയ പ്രവാചകൻﷺ ആതിഥേയന്റെ അസ്വസ്ഥതയും ബുദ്ധിമുട്ടും മനസ്സിലാക്കി മുകളിലത്തെ നിലയിലേക്ക് മാറാൻ സമ്മതിച്ചു.

അതിഥിയായ പ്രവാചകന്റെ ഈ നിലപാട്, ആതിഥേയന്റെ ബുദ്ധിമുട്ടുകൾ കണക്കിലെടുക്കണം എന്ന വസ്തുത ചൂണ്ടിക്കാണിക്കുന്നതാണ്. അതിഥിയും ആതിഥേയനും പരസ്പരം ബഹുമാനിക്കുകയും സൗകര്യം പരിഗണിക്കുകയും ചെയ്യേണ്ടതുണ്ടെന്നും ഇതിൽനിന്നും മനസ്സിലാക്കാം.

മൂന്നു ദിവസം അതിഥിയുടെ അവകാശം

‘അതിഥിയെ ആദരിക്കേണ്ടത് മൂന്ന് ദിവസമാണ്. അതിനുശേഷമുള്ളത് അവന് നൽകുന്ന ധർമമാണ്’ എന്നും ‘അതിഥിയായി വരുന്നയാൾ, ആതിഥേയനെ വിഷമിപ്പിക്കുന്ന രീതിയിൽ (അവകാശപ്പെട്ട മൂന്ന് ദിവസത്തിലധികം) അധികകാലം താമസിക്കുന്നത് അനുവദനീയമല്ല’ എന്നും പ്രവാചകൻﷺ പഠിപ്പിക്കുന്നു (ബുഖാരി, മുസ്‌ലിം).

ഇസ്‌ലാമിക കർമശാസ്ത്രമനുസരിച്ച്, യാത്രക്കാരായ അതിഥികൾക്ക് ആതിഥ്യം നൽകേണ്ടത് നിർബന്ധമാണ്. ഇതിന്റെ കാലാവധി മൂന്ന് ദിവസമായി നിശ്ചയിച്ചിരിക്കുന്നു. ആദ്യദിവസം അതിഥിക്ക് നൽകാവുന്നതിൽ ഏറ്റവും മികച്ച സൗകര്യങ്ങളും ഭക്ഷണവും നൽകണം. എന്നാൽ, രണ്ടാം ദിവസവും മൂന്നാം ദിവസവും സാധാരണ നിലയിലുള്ള ആതിഥ്യം മതിയാകും. മൂന്ന് ദിവസത്തിന് ശേഷം അതിഥിക്ക് നൽകുന്ന ഏത് ആതിഥേയത്വവും സ്വദഖയായി കണക്കാക്കപ്പെടുന്നു; അത് ആതിഥേയന് നിർബന്ധമില്ല.

ആതിഥേയത്വം പോലെതന്നെ അതിഥി പാലിക്കേണ്ട മര്യാദകൾക്കും ഇസ്‌ലാം വലിയ പ്രാധാന്യം നൽകുന്നു. ഇതിൽ ഏറ്റവും പ്രധാനം അമിതമായി താമസിച്ച് ആതിഥേയന് ബുദ്ധിമുട്ടുണ്ടാക്കാതിരിക്കുക എന്നതാണ്. പ്രവാചകൻﷺ പറഞ്ഞു: “ഒരു മുസ്‌ലിമിന് തന്റെ സഹോദരനോടൊപ്പം അവനെ പാപിയാക്കുന്നതുവരെ താമസിക്കാൻ അനുവാദമില്ല.’’

ഒരു അതിഥി എങ്ങനെയാണ് ആതിഥേയനെ പാപിയാക്കുക? അതിഥി വളരെക്കാലം താമസിച്ച് ആതിഥേയന്റെ വിഭവങ്ങൾ പൂർണമായി തീർന്നുപോവുകയും തുടർന്ന് അതിഥിയെ സൽക്കരിക്കാൻ കഴിയില്ല എന്ന അവസ്ഥയിൽ ആതിഥേയൻ വിഷമിക്കുകയും ചെയ്യും. കടം വാങ്ങേണ്ട അവസ്ഥ വരികയും അത് സമയത്ത് കൊടുത്തു വീട്ടാൻ കഴിയാതിരിക്കുകയും ചെയ്‌തേക്കാം. അതുകൊണ്ട്, അതിഥി തന്റെ സൗകര്യത്തെക്കാൾ ആതിഥേയന്റെ സാമ്പത്തിക സ്ഥിതിയും ജോലിയും മറ്റ് പ്രതിബദ്ധതകളും പരിഗണിച്ച് സന്ദർശനം ചുരുക്കണം. വീടിന്റെ എല്ലാ കോണുകളും പരിശോധിക്കുകയോ കൂടുതൽ ചോദ്യങ്ങൾ ചോദിച്ച് ബുദ്ധിമുട്ടിക്കുകയോ ചെയ്യരുത്.

എന്തൊക്കെയാണ് ആതിഥേയൻ പാലിക്കേണ്ട മര്യാദകൾ എന്നു നമുക്കു പരിശോധിക്കാം. ആതിഥേയൻ അതിഥിയെ ഊഷ്മളമായി സ്വീകരിക്കുകയും ഹസ്തദാനം ചെയ്യുകയും സൗകര്യ പ്രദമായ ഇരിപ്പിടം നൽകുകയും ചെയ്യണം. ഇബ്‌റാഹീം നബി(അ)യെ മാതൃകയാക്കി അതിഥിയെ കാത്തുനിർ ത്താതെ വേഗത്തിൽ ഭക്ഷണം നൽകുന്നത് സുന്നത്താണ്.

പ്രവാചകൻﷺ അതിഥികളോട് കാണിച്ചിരുന്ന ഔദാര്യം ശ്രദ്ധേയമാണ്. അദ്ദേഹം അതിഥികൾക്കായി സ്വന്തം തലയിണ പോലും നീക്കിവെക്കുകയും അത് സ്വീകരിക്കുന്നതുവരെ നിർബന്ധിക്കുകയും ചെയ്യുമായിരുന്നു. വിരുന്നുകളിൽ ദരിദ്രരെ മാറ്റിയിരുത്തുന്നത് അവഹേളനവും തെറ്റുമാണ്. പാപവുമാണ്; എല്ലാവരെയും തുല്യരായി കണക്കാക്കണം. ആതിഥേയൻ തന്റെ ഔദാര്യം പ്രകടിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കുകയും അതിഥിയുടെ സ്വകാര്യതയെ മാനിക്കുകയും വേണം.

വർത്തമാന കാലത്ത് ഇസ്‌ലാമിലെ ആതിഥേയ മര്യാദകളുടെ, പ്രത്യേകിച്ചും മദീനയിലെ അൻസ്വാറുകൾ മുഹാജിറുകൾക്കു നൽകിയ സ്വീകരണത്തിന്റെ വിശാല ചരിത്രം ഏറെ പ്രസക്തമാണ്. വിശ്വാസികളെ അത് പ്രചോദിപ്പിക്കേണ്ടതാണ്.

അബൂഅയ്യൂബ് അൽഅൻസ്വാരി(റ) നബിﷺക്ക് ഏഴ് മാസത്തോളം ആതിഥ്യമരുളിയതും അൻസ്വാറുകൾ മുഹാജിറുകൾക്ക് സ്ഥിരമായ സഹായം നൽകിയതും സൂചിപ്പിക്കുന്നത്, ആതിഥ്യം എന്നത് സന്ദർഭാനുസരണം താൽക്കാലികമോ സാമൂഹികബന്ധങ്ങളെ ദീർഘകാലത്തേക്ക് നിലനിർത്തുന്നതോ ആയ ഒരു സൽകർമമാണ് എന്നാണ്.