ദമ്പതികൾ പരസ്പരം സ്‌നേഹാദരവുകൾ കാണിക്കുക
ശമീർ മദീനി
2025 മാർച്ച് 01, 1446 റമദാൻ 01

ദാമ്പത്യജീവിതത്തിൽ സന്തോഷവും സമാധാനവും കളിയാടണമെങ്കിൽ പരസ്പരസ്‌നേഹവും ബഹുമാനവും ആദരവും അനിവാര്യമാണ്. ഭാര്യ ഭർത്താവിനെയും ഭർത്താവ് ഭാര്യയെയും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നതിനെ മോശമായി കരുതേണ്ടതില്ല. അത് പൈശാചിക ചിന്തയാണ്. ഭാര്യാഭർതൃബന്ധം ശിഥിലമാക്കാൻ പിശാച് കിണഞ്ഞു പരിശ്രമിക്കുമെന്ന് നബിﷺ പ്രത്യേകം ഉണർത്തിയിട്ടുണ്ട്. തന്നെക്കാൾ സമ്പത്തും സൗന്ദര്യവും കുടുംബമഹിമയും കുറവാണ് തന്റെ ഭർത്താവിന് അല്ലെങ്കിൽ ഭാര്യക്ക് എങ്കിൽ പോലും അത് സ്‌നേഹബഹുമാനാദരവുകൾക്ക് ഒരു തടസ്സമായിക്കൂടാ.
പ്രവാചകൻﷺ പറഞ്ഞു: “സൃഷ്ടികളിൽ ആരെങ്കിലും മറ്റൊരു സൃഷ്ടിക്ക് സാഷ്ടാംഗം നമിക്കണമെന്ന് ഞാൻ കൽപിക്കുമായിരുന്നുവെങ്കിൽ ഭാര്യ തന്റെ ഭർത്താവിനു മുമ്പിൽ ശിരസ്സ് കുനിക്കണമെന്ന് കൽപിക്കുമായിരുന്നു’’ (തിർമുദി). അത്രമാത്രം ബഹുമാനവും ആദരവും തന്റെ ഭർത്താവിന് ഭാര്യ നൽകണമെന്നാണ് ഈ വചനം നമ്മെ ഓർമിപ്പിക്കുന്നത്. നബിﷺ ഇതു പറയാൻ ഒരു പശ്ചാത്തലമുണ്ട്. മുആദ്(റ) സിറിയയിൽനിന്ന് വന്നശേഷം നബിﷺക്ക് ആദരസൂചകമായി സാഷ്ടാംഗം ചെയ്തു. ‘ഇതെന്താണ് മുആദേ’ എന്നു ചോദിച്ച പ്രവാചകനോട് അദ്ദേഹം പറഞ്ഞത് ‘സിറിയയിലെ ആളുകൾ അവരുടെ പണ്ഡിതന്മാരോടും നേതാക്കളോടും ബഹുമാനനാദരവുകൾ പ്രകടിപ്പിക്കാൻ ഇപ്രകാരം ചെയ്യാറുണ്ട്, അപ്രകാരം അങ്ങയെ ആദരിക്കാൻ ഞാനും ആഗ്രഹിച്ചു പോയി’ എന്നാണ്. അപ്പോൾ അതിനെ വിലക്കിക്കൊണ്ട് നബിﷺ പറഞ്ഞതാണ് മേൽ വാചകങ്ങൾ (ഇബ്‌നുമാജ).
ഭർത്താവിന് നൽകിയ ഈ സ്ഥാനത്തെ ഭാര്യയെ നിന്ദിക്കലോ അപമാനിക്കലോ ഭർത്താവിന് അനർഹമായ സ്ഥാനം നൽകി വാഴ്ത്തലോ ആയി വ്യാഖ്യാനിക്കേണ്ടതില്ല. പുരുഷ മേധാവിത്വത്തിന്റെ അടയാളമായി അതിനെ വിലയിരുത്തേണ്ടതുമില്ല. ഒരു സ്ഥാപനത്തിൽ മേലുദ്യോഗസ്ഥനും കീഴുദ്യോഗസ്ഥരുമൊക്കെ ഉണ്ടാകും. അവരുടെ സ്ഥാനത്തിലും ഉത്തരവാദിത്തങ്ങളിലും അവർ പറ്റുന്ന വേതനത്തിലും മറ്റ് ആനുകൂല്യങ്ങളിലുമൊക്കെ അതനുസരിച്ചുള്ള ഏറ്റവ്യത്യാസങ്ങൾ സ്വാഭാവികമാണ്. അതിന്റെ പേരിൽ പരസ്പരം ശത്രുതയും ‘ആരാണ് വലുത്’ എന്ന് കാണിച്ചുകൊടുക്കാനുള്ള വ്യഗ്രതയും മത്സരവുമൊക്കെയാണ് അവിടെ നടക്കുന്നതെങ്കിൽ ആ സ്ഥാപനത്തിന്റെ അവസ്ഥയെന്തായിരിക്കും? എന്തൊന്നാണോ ആ സ്ഥാപനത്തിന്റെ ലക്ഷ്യം, അതുമാത്രം നടക്കാതെപോകും. മറിച്ച്, പരസ്പരം അംഗീകരിച്ചും ആദരിച്ചും സഹകരിച്ചുമാണ് പോകുന്നതെങ്കിലോ? സന്തോഷവും സംതൃപ്തിയും സ്‌നേഹവും ആദരവുമെല്ലാം എല്ലാവർക്കും അനുഭവിക്കാനും ആസ്വദിക്കുവാനും കഴിയും. പ്രസ്തുത സ്ഥാപനത്തിന്റെ ലക്ഷ്യനിർവഹണത്തിൽ മുന്നേറുവാനും സാധിക്കും. ഇതുപോലെയാണ് കുടുംബം എന്ന സ്ഥാപനവും.
ഒരു സ്ത്രീ തന്റെ ഭർത്താവിനെ അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യുന്നത് അവരുടെ അന്തസ്സിനെയും അഭിമാനത്തെയും കുറക്കുകയല്ല, വർധിപ്പിക്കുകയാണ് ചെയ്യുന്നത്. അത് അവരുടെ മതപരമായ ബാധ്യത കൂടിയാണ്. നബിﷺ പറയുന്നു: “ഒരു സ്ത്രീ അവളുടെ ഭർത്താവിനോടുള്ള ബാധ്യത നിർവഹിക്കുന്നതുവരേക്കും അവളുടെ രക്ഷിതാവിനോടുള്ള ബാധ്യത നിർവഹിച്ചവളാവുക യില്ല’’ (ഇബ്‌നുമാജ).
ഒരു ഭർത്താവ് തന്റെ ഭാര്യയെയും അപ്രകാരം അംഗീകരിക്കുകയും ആദരിക്കുകയും വേണം. അവളും തന്നെപ്പോലെ അസ്തിത്വവും വ്യക്തിത്വവുമുള്ളവളാണ്. അല്ലാഹുവിന്റെയടുക്കൽ ആദരിക്കപ്പെടുന്നവളാണ്. അതിനാൽ അവളെ അപമാനിക്കരുത്, ചീത്ത വിളിക്കരുത്. തന്റെ അർധഭാഗം എന്ന നിലയിൽ അവളെ കാണുവാനും അവളോട് നല്ലനിലയിൽ വർത്തിക്കുവാനും അവളുടെ അവകാശങ്ങളെല്ലാം വകവച്ചു കൊടുക്കുവാനും ഭർത്താവ് ബാധ്യസ്ഥനാണ് എന്നെല്ലാമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്."നിങ്ങളിൽ ഏറ്റവും ഉത്തമർ തങ്ങളുടെ ഭാര്യമാരോട് ഏറ്റവും നന്നായി പെരുമാറുന്നവരാണ്" ( അബൂദാവൂദ്, തിർമുദി) എന്ന നബിവചനം ഓർക്കുക.

