രക്ഷിതാക്കൾ അറിയുവാൻ
ശമീർ മദീനി
2025 ഫെബ്രുവരി 01, 1446 ശഅ്ബാൻ 03

പെൺമക്കളുണ്ടെങ്കിൽ അവർക്ക് ഇണകളെ കണ്ടെത്തുവാനും മാന്യമായി വിവാഹം കഴിച്ചയക്കാനും രക്ഷിതാക്കൾക്ക് വലിയ ഉത്സാഹവും ശ്രദ്ധയുമായിരിക്കും. എന്നാൽ ആൺകുട്ടികളുടെ കാര്യത്തിൽ അത്രതന്നെ ഗൗനിക്കേണ്ടതില്ല എന്ന നിലയിൽ അവരുടെ വിവാഹം അകാരണമായി വൈകിപ്പിക്കുന്നത് സർവസാധാരണമായി കാണുന്ന ഒന്നാണ്. അത് ശരിയായ ഒരു രീതിയല്ല. ആണിനും പെണ്ണിനും വിവാഹം എന്നത് അനിവാര്യമായ ഘടകം തന്നെയാണ്. അതിൽ രക്ഷിതാക്കൾ തങ്ങളുടെ ബാധ്യത നിർവഹിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
വിവാഹസമയത്ത് മതവിരുദ്ധവും മതം ഒരിക്കലും പ്രോത്സാഹിപ്പിച്ചിട്ടില്ലാത്തതുമായ സ്ത്രീധനം പോലുള്ള ഭാരിച്ച ചെലവുകൾ പെൺകുട്ടികളുടെ വിഷയത്തിൽ വരുത്തിവെക്കുകയും എന്നാൽ ആൺമക്കൾക്ക് സ്വത്തിൽ നിന്ന് ആ വകയിൽ യാതൊന്നും കിട്ടാതിരിക്കുകയും കൊടുക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയും ഉണ്ട്. വാസ്തവത്തിൽ അതും കുറ്റകരമായ സംഗതിയാണ്. ജീവിതകാലത്ത് ഒരാൾ തന്റെ സ്വത്തിൽനിന്ന് ഇഷ്ടദാനമായി മക്കൾക്ക് എന്തെങ്കിലും കൊടുക്കുന്നുവെങ്കിൽ അത് എല്ലാവർക്കും ഒരുപോലെ കൊടുക്കുവാനും അതല്ലെങ്കിൽ എല്ലാവരുടെയും സമ്മതവും പൊരുത്തവും ഉറപ്പുവരുത്തുവാനും മാതാപിതാക്കൾക്ക് സാധിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ അനീതിയുടെ വീതംവെപ്പായി അത് പരിണമിക്കുമെന്നും അല്ലാഹുവിന്റെ അടുക്കൽ കുറ്റക്കാരാവുകയും ചെയ്യും എന്നുള്ള താക്കീത് നബിﷺയുടെ ഹദീസുകളിൽ നിന്നും മനസ്സിലാക്കുവാൻ സാധിക്കുന്നതാണ്.
അനന്തരസ്വത്ത് വീതിക്കേണ്ട വിശദാംശങ്ങൾ പറഞ്ഞ കൂട്ടത്തിൽ സൂറത്തുന്നിസാഇൽ അല്ലാഹു പറയുന്നത് കാണുക:
“നിങ്ങളുടെ മാതാപിതാക്കളിലും മക്കളിലും ആരാണ് നിങ്ങൾക്ക് കൂടുതൽ ഉപകരിക്കുക എന്നത് നിങ്ങൾക്ക് അറിയുകയില്ല’’ (4:11).
അതിനാൽ മറ്റേത് വിഷയങ്ങളിലും എന്നപോലെ സ്വത്ത് വീതിക്കുന്ന വിഷയത്തിലും നീതിയുക്തവും സത്യസന്ധവുമായ രീതി കൈക്കൊള്ളാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
അപ്രകാരം തന്നെ, മക്കളുടെ ഇഷ്ടത്തിനനുസരിച്ച് ജീവിതപങ്കാളികളെ തെരഞ്ഞെടുക്കാൻ അവരെ സ്വതന്ത്രമാക്കി വിടുന്നതും മതത്തിന്റെ അതിർവരമ്പുകൾ പരിഗണിക്കാതെയുള്ള സെലക്ഷൻ ആണെങ്കിൽ പോലും അതിനോട് മൗനസമ്മതം പ്രകടിപ്പിക്കുന്ന മാതാപിതാക്കളെയും കാണാവുന്നതാണ്. മക്കളുടെ ഇഷ്ടങ്ങളെക്കാൾ പടച്ചവന്റെ ഇഷ്ടാനിഷ്ടങ്ങൾ പരിഗണിക്കുവാനും അവന്റെ നിയമശാസനകൾ നടപ്പിൽ വരുത്തുവാനും വിശ്വാസികൾ എന്നുള്ള നിലയിൽ നാം ഓരോരുത്തരും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
അല്ലാഹു പറയുന്നു: “ബഹുദൈവവിശ്വാസിനികളെ - അവർ വിശ്വസിക്കുന്നതുവരെ നിങ്ങൾ വിവാഹം കഴിക്കരുത്. സത്യവിശ്വാസിനിയായ ഒരു അടിമസ്ത്രീയാണ് ബഹുദൈവവിശ്വാസിനിയെക്കാൾ നല്ലത്. അവൾ നിങ്ങൾക്ക് കൗതുകം ജനിപ്പിച്ചാലും ശരി. ബഹുദൈവവിശ്വാസികൾക്ക് അവർ വിശ്വസിക്കുന്നതു വരെ നിങ്ങൾ വിവാഹം കഴിപ്പിച്ച് കൊടുക്കുകയും ചെയ്യരുത്. സത്യവിശ്വാസിയായ ഒരു അടിമയാണ് ബഹുദൈവവിശ്വാസിയെക്കാൾ നല്ലത്. അവൻ നിങ്ങൾക്ക് കൗതുകം ജനിപ്പിച്ചാലും ശരി. അക്കൂട്ടർ നരകത്തിലേക്കാണ് ക്ഷണിക്കുന്നത്. അല്ലാഹുവാകട്ടെ അവന്റെ ഹിതമനുസരിച്ച് സ്വർഗത്തിലേക്കും പാപമോചനത്തിലേക്കും ക്ഷണിക്കുന്നു. ജനങ്ങൾ ശ്രദ്ധിച്ച് മനസ്സിലാക്കുവാൻ വേണ്ടി തന്റെ തെളിവുകൾ അവർക്ക് വിവരിച്ചുകൊടുക്കുകയും ചെയ്യുന്നു’’ (2:221).
ഏകദൈവ വിശ്വാസിയായ ഒരാൾ ബഹുദൈവ വിശ്വാസിയെ ജീവിതപങ്കാളിയായി സ്വീകരിക്കുമ്പോൾ സ്വാഭാവികമായും പലതരത്തിലുള്ള ആശയ സംഘട്ടനങ്ങളും പൊരുത്തക്കേടുകളും അവർക്കിടയിൽ ഉണ്ടാകും. അതല്ലെങ്കിൽ ആശയാദർശങ്ങൾക്ക് യാതൊരു വിലയും കൽപിക്കാതെയുള്ള ഒരുതരം ജീവിതം നയിക്കേണ്ടി വരും. അതിലൂടെ പിറക്കുന്ന കുഞ്ഞുങ്ങളുടെ ഭാവിയും വലിയ പ്രതിസന്ധിയിലായിരിക്കും എന്നത് ഊഹിക്കാവുന്നതേയുള്ളൂ.
വിവാഹം നടക്കുമ്പോൾ അനിസ്‌ലാമികമായ പലതരത്തിലുള്ള ആഭാസങ്ങളും അഴിഞ്ഞാട്ടങ്ങളും സർവസാധാരണമായിക്കൊണ്ടിരിക്കുകയാണ്. അല്ലാഹു ആദരിച്ച സംഗതികളെ ആദരിക്കുക എന്നത് മതവിശ്വാസത്തിന്റെയും ആദർശനിഷ്ടയുടെയും ഭാഗമായിട്ടാണ് ക്വുർആൻ വിലയിരുത്തുന്നത്.
അല്ലാഹു പറയുന്നു: “അത് (നിങ്ങൾ ഗ്രഹിക്കുക;) വല്ലവനും അല്ലാഹുവിന്റെ മതചിഹ്‌നങ്ങളെ ആദരിക്കുന്നപക്ഷം തീർച്ചയായും അത് ഹൃദയങ്ങളിലെ ധർമനിഷ്ഠയിൽ നിന്നുണ്ടാകുന്നതത്രെ’’ (22:32).
വിവാഹം അത്തരത്തിൽ അല്ലാഹു ആദരിച്ച ഒന്നാണ്. എന്നാൽ അവിടെയും ആഭാസങ്ങൾ അരങ്ങ് തകർക്കുമ്പോൾ അതിനുനേരെ കണ്ണടയ്‌ക്കേണ്ട നിസ്സഹായാവസ്ഥയിലാണ് പലപ്പോഴും നേതൃത്വം കയ്യാളേണ്ടുന്ന മാതാപിതാക്കളും ബന്ധുക്കളും എത്തിപ്പെടാറുള്ളത് എന്നത് ദുഃഖകരമായ ഒരു വസ്തുതയാണ്. അതിന്റെ ഭവിഷ്യത്തുകൾ ഇന്ന് സമൂഹത്തിൽ നാം കാണുകയും ചെയ്യുന്നുണ്ട്. അതിനാൽ ചെറുപ്പം മുതലേ മക്കൾക്ക് വേണ്ട മതബോധം നൽകുവാനും വീട്ടിൽ മതനിയമങ്ങൾ പാലിക്കുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കുവാനും ബോധപൂർവം നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. എങ്കിൽ മാത്രമെ ഈ ജീവിതത്തിലും നാളെ പാരത്രിക ജീവിതത്തിലും നമുക്ക് വിജയവും സമാധാനവും കൈവരിക്കാൻ സാധിക്കുകയുള്ളൂ.
അല്ലാഹു പറയുന്നു: “സത്യവിശ്വാസികളേ, സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധുക്കളെയും മനുഷ്യരും കല്ലുകളും ഇന്ധനമായിട്ടുള്ള നരകാഗ്‌നിയിൽനിന്ന് നിങ്ങൾ കാത്തുരക്ഷിക്കുക. അതിന്റെ മേൽനോട്ടത്തിന് പരുഷസ്വഭാവമുള്ളവരും അതിശക്തൻമാരുമായ മലക്കുകളുണ്ടായിരിക്കും. അല്ലാഹു അവരോട് കൽപിച്ച കാര്യത്തിൽ അവനോടവർ അനുസരണക്കേട് കാണിക്കുകയില്ല. അവരോട് കൽപിക്കപ്പെടുന്നത് എന്തും അവർ പ്രവർത്തിക്കുകയും ചെയ്യും’’ (66:6).

