ദാമ്പത്യം എന്നഅനുഗ്രഹം

ശമീർ മദീനി

2025 ഫെബ്രുവരി 22, 1446 ശഅ്ബാൻ 24

മനുഷ്യരായ നമ്മെ സ്രഷ്ടാവ് ആണും പെണ്ണുമായി സൃഷ്ടിക്കുകയും പരസ്പരം ഇണകളാക്കി സംവിധാനിക്കുകയും ചെയ്തു. ആണിന് പെണ്ണും പെണ്ണിന് ആണും ഒരു താങ്ങും തണലുമാണ്. സന്തോഷങ്ങളും സങ്കടങ്ങളും പങ്കുവയ്ക്കാനും സ്‌നേഹിക്കാനും ചേർത്തു പിടിക്കാനും ഒരു ഇണയുണ്ടാവുക എന്നത് അത്യാവശ്യമാണെന്ന് ബോധ്യപ്പെടുത്തുന്ന പല അവസരങ്ങളും ജീവിതത്തിൽ ഉണ്ടാവാറുണ്ട്. അപ്രകാരം തന്നെ തന്റെ ശാരീരികവും മാനസികവുമായ ഉല്ലാസങ്ങൾക്കും ആസ്വാദനങ്ങൾക്കും ആ ബന്ധത്തിലൂടെ ദമ്പതിമാർക്ക് സാധിക്കും. തങ്ങളുടെ പിന്തുടർച്ചക്കാരായി സന്താനപരമ്പര നിലനിർത്തുവാനും പ്രത്യുൽപാദനം എന്ന അനുഗ്രഹത്തിലൂടെ അവർക്ക് സാധിക്കുന്നു. വിശുദ്ധ ക്വുർആൻ പറയുന്നു:

“നിങ്ങൾക്ക് സമാധാനപൂർവം ഒത്തുചേരേണ്ടതിനായി നിങ്ങളിൽനിന്ന് തന്നെ നിങ്ങൾക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങൾക്കിടയിൽ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവ‌െൻറ ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ. തീർച്ചയായും അതിൽ ചിന്തിക്കുന്ന ജനങ്ങൾക്ക് ദൃഷ്ടാന്തങ്ങളുണ്ട്’ (30:21).

എന്നാൽ പലർക്കും ദാമ്പത്യം ഇന്ന് ഒരു വലിയ പ്രതിസന്ധിയും പ്രയാസവുമായി മാറിക്കൊണ്ടിരിക്കുകയാണ്. ചിലർ വിവാഹമേ വേണ്ട എന്ന് വയ്ക്കുന്നു. വിവാഹം കഴിഞ്ഞവരിൽ ചിലരെങ്കിലും വിവാഹം വേണ്ടിയിരുന്നില്ല എന്ന് ചിന്തിക്കുന്നു. ആർക്കൊക്കെയോ വേണ്ടി കഷ്ടതകളുടെ കൈപ്പുനീരുകൾ കുടിച്ച് ജീവിതം തള്ളിനീക്കുന്ന ചിലരും നമുക്കിടയിലുണ്ട്. കുടുംബ കലഹങ്ങളും അടിപിടികളും കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കുമൊക്കെ ചിലരെയെങ്കിലും തള്ളിവിടാറുമുണ്ട്. കുടുംബ പ്രശ്‌നങ്ങളുമായി കോടതി വരാന്തകൾ കയറിയിറങ്ങുന്ന ദമ്പതികളുടെ എണ്ണവും കുറവല്ല.

ഇതിന്റെയെല്ലാം പ്രധാന കാരണം ദൈവിക മാർഗനിർദേശങ്ങൾ മനസ്സിലാക്കുവാനും പിൻപറ്റുവാനും അവർ കാണിക്കുന്ന വിമുഖതയും അലസതയുമാണ്. ശത്രുക്കൾ വിരിച്ചു വച്ചിട്ടുള്ള കെണികളിൽ ചെന്ന് ചാടുകയും പടച്ചവന്റെ നിയമശാസനകളെ പാരതന്ത്ര്യത്തിന്റെ ചങ്ങലക്കെട്ടുകളായി തെറ്റിദ്ധരിക്കുകയും പ്രാകൃതമായ നിയമങ്ങളാണ് മതം പറയുന്നത് എന്ന് വ്യാഖ്യാനിക്കുകയും ചെയ്തുകൊണ്ട് മതം വലിച്ചെറിഞ്ഞ് ‘സ്വാതന്ത്ര്യ’ത്തിന്റെ പുതിയ മേച്ചിൽ പുറങ്ങൾ തേടി പോകുന്നവർക്ക് നഷ്ടമാകുന്നത് ദാമ്പത്യം എന്ന വലിയ അനുഗ്രഹവും ആസ്വാദനവും കുടുംബം എന്ന അതിമനോഹരമായസൗഭാഗ്യവും സന്തോഷവുമാണ്. അതിനാൽ മതത്തിന്റെ നിയമശാസനകൾ ശരിയായി മനസ്സിലാക്കുവാനും അല്ലാഹുവിന്റെ നിയമങ്ങളാണ് അത് എന്ന് തിരിച്ചറിഞ്ഞ് അതിനെ പൂർണമായി അംഗീകരിക്കുവാനും അനുസരിക്കുവാനും നാം തയ്യാറാകേണ്ടതുണ്ട്:

‘...എന്റെ പക്കൽ നിന്നുള്ള മാർഗദർശനം നിങ്ങൾക്ക് വന്നെത്തുമ്പോൾ എന്റെ ആ മാർഗദർശനം പിൻപറ്റുന്നവരാരോ അവർക്ക് ഭയപ്പെടേണ്ടതില്ല. അവർ ദുഃഖിക്കേണ്ടിവരികയുമില്ല’’ (2:38).

ഇല്ലെങ്കിൽ ഇരുലോകത്തും സംഭവിക്കാനിരിക്കുന്ന കഷ്ടനഷ്ടങ്ങളെക്കുറിച്ചും ക്വുർആൻ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. അല്ലാഹു പറയുന്നു:

‘എെൻറ ഉൽബോധനത്തെ വിട്ട് വല്ലവനും തിരിഞ്ഞുകളയുന്ന പക്ഷം തീർച്ചയായും അവന്ന് ഇടുങ്ങിയ ഒരു ജീവിതമാണുണ്ടായിരിക്കുക. ഉയിർത്തെഴുന്നേൽപിെൻറ നാളിൽ അവനെ നാം അന്ധനായ നിലയിൽ എഴുന്നേൽപിച്ച് കൊണ്ടു വരുന്നതുമാണ്. അവൻ പറയും: എെൻറ രക്ഷിതാവേ, നീ എന്തിനാണെന്നെ അന്ധനായ നിലയിൽ എഴുന്നേൽപിച്ച് കൊണ്ടുവന്നത്? ഞാൻ കാഴ്ചയുള്ളവനായിരുന്നല്ലോ! അല്ലാഹു പറയും: അങ്ങനെ തന്നെയാകുന്നു. നിനക്ക് നമ്മുടെ ദൃഷ്ടാന്തങ്ങൾ വന്നെത്തുകയുണ്ടായി. എന്നിട്ട് നീ അത് മറന്നുകളഞ്ഞു. അതുപോലെ ഇന്ന് നീയും വിസ്മരിക്കപ്പെടുന്നു’ ( 20: 124-126).

എത്രയെത്ര സഹോദരിമാരും സഹോദരന്മാരുമാണ് ഇണകളില്ലാത്തതിന്റെ പ്രയാസങ്ങളുമായി ജീവിക്കുന്നത്! സമാധാനവും സന്തോഷവും അവർക്ക് സ്വപ്നം മാത്രമാണ്. എന്നാൽ ദാമ്പത്യ ജീവിതത്തിന് സൗഭാഗ്യം ലഭിച്ചിട്ടും അത് ഫലപ്രദമായും സന്തോഷകരമായും നയിക്കുവാൻ സാധിക്കാത്തവരും ഏറെയുണ്ട്. അത്തരക്കാർ അതിനെ ഗൗരവത്തിലെടുക്കുകയും അതിന് പരിഹാരം കാണുകയും ചെയ്യേണ്ടതുണ്ട്.

മുഹമ്മദ് നബിﷺയുടെ ഭാര്യമാരിൽ ഒരാൾ പോലും അദ്ദേഹത്തിന്റെ പെരുമാറ്റത്തിലോ കുടുംബ ജീവിതത്തിന്റെ ഏതെങ്കിലും ഒരു കാര്യത്തിലോ‌

പരാതി പറയുകയോ ഈ ബന്ധം വേണ്ടിയിരുന്നില്ല എന്ന് ഒരു നിമിഷമെങ്കിലും ചിന്തിക്കുകയോ ചെയ്തതായി നമുക്ക് കാണാൻ കഴിയുകയില്ല. മറിച്ച് മനോഹരമായ ആ ജീവിതത്തിന്റെ മാധുര്യം അവർ വേണ്ടുവോളം ആസ്വദിക്കുകയും അനുഭവിക്കുകയും ചെയ്ത ചരിത്രമാണ് അവർ തന്നെയും നമുക്ക് പറഞ്ഞു തരുന്നത്. പ്രവാചക പത്‌നിമാരിൽ ഏക കന്യക ആഇശ (റ) യായിരുന്നു. അവർ പ്രവാചകനോടൊപ്പമുള്ള തന്റെ ദാമ്പത്യത്തിന്റെ സുന്ദരമായ അനുഭവങ്ങൾ പങ്കുവയ്ക്കുന്നത് ഹദീസുകളിൽ കാണുവാൻ സാധിക്കും. പ്രവാചകൻ ﷺ ഭാര്യമാരോടൊപ്പം വിനോദങ്ങളിൽ ഏർപ്പെടുകയും അവരെ സന്തോഷിപ്പിക്കുകയും ചെയ്തിരുന്നു. വീട്ടുജോലികളിൽ അവരെ സഹായിച്ചിരുന്നു. അവരുമായി പല കാര്യങ്ങളും കൂടിയാലോചിക്കുകയും ചെയ്യുമായിരുന്നു. അവരിൽ നിന്നും അപക്വമായ പെരുമാറ്റങ്ങളോ സമീപനങ്ങളോ നേരിടേണ്ടി വന്നാൽ അവിടുന്ന് പക്വതയോടെ അതിനെ കൈകാര്യം ചെയ്തിരുന്നു. പ്രവാചക ജീവിത ചരിത്രത്തിൽ നമുക്ക് ഇതിനെല്ലാം ഒരു പാട് സംഭവങ്ങൾ കാണുവാൻ സാധിക്കും.

എടുത്തുചാട്ടമോ വൈകാരിക വിക്ഷോഭങ്ങളോ അല്ല പ്രശ്‌നപരിഹാരത്തിന്റെ ശരിയായ സമീപനം എന്ന് ആ ജീവിതം നമുക്ക് കൃത്യമായി പഠിപ്പിച്ചു തരുന്നുണ്ട്. തലവേദനിക്കുമ്പോഴേക്കും തല വെട്ടി മാറ്റാം എന്ന് കരുതുന്നതുപോലെയുള്ള വിഡ്ഢിത്തരമാണ് ജീവിതത്തിൽ ചെറിയ ചെറിയ പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോഴേക്കും ദാമ്പത്യവും കുടുംബവും വേണ്ട എന്ന് വയ്ക്കുന്നത്.