ബന്ധങ്ങളുടെ അതിർവരമ്പുകൾ
ഡോ. യാസ്മിൻ എം, പട്ടാമ്പി
2025 ഡിസംബർ 06, 1447 ജമാദുൽ ആഖിർ 15

മനുഷ്യനെ മറ്റു ജീവജാലങ്ങളിൽനിന്നും വ്യത്യസ്തമാക്കുന്നത് അവന്റെ വിശേഷബുദ്ധിയും കുടുംബ വ്യവസ്ഥിതിയാണല്ലോ. നമുക്ക് ചുറ്റും കാണുന്ന പക്ഷിമൃഗാദികളും മറ്റും ഇണകളായി ജീവിക്കുകയും കുട്ടികളെ ഉല്പാദിപ്പിക്കുകയും പോറ്റിവളർത്തുകയും ചെയ്യുന്നുണ്ടെങ്കിലും മനുഷ്യനെപോലെ ജനനം മുതൽ മരണംവരെയും മരണത്തിനപ്പുറവും നിലനിൽക്കുന്ന കുടുംബ ബന്ധങ്ങളുടെ കണ്ണികളിലൊന്നായല്ല അവയുടെയൊന്നും ജീവിതം.
മാതാപിതാക്കൾ, മക്കൾ, മരുമക്കൾ, പേരക്കുട്ടികൾ തുടങ്ങി കുടുംബബന്ധങ്ങളുടെ ഏതെങ്കിലും ഒരു കണ്ണിയായി മാത്രമെ മനുഷ്യനിവിടെ ജീവിക്കുന്നുള്ളൂ. പ്രപഞ്ച സ്രഷ്ടാവ് മനുഷ്യർക്കേകിയ ഒരനുഗ്രഹമാണ് ഈ കുടുംബ ബന്ധങ്ങളുടെ കെട്ടുപാടുകൾ എന്ന തിരിച്ചറിവോടെ ജീവിക്കുമ്പോഴാണ് ഒരു മനുഷ്യന്റെ ജീവിതം അർഥ പൂർണമാകുന്നത്.
സ്വന്തം ജീവിതത്തിലേക്ക് മക്കൾ കടന്നുവരുമ്പോൾ എത്രത്തോളം പൂർണത ലഭിക്കുന്നതായി നമ്മൾ മനസ്സിലാക്കുന്നുവോ അതുപോലെതന്നെയാണ് ഒരു കുടുംബത്തിലേക്ക് ഓരോ കാലയളവിലും വരുന്ന വ്യത്യസ്ത അംഗങ്ങളുടെ പ്രാധാന്യവും.
ഒരു വീട്ടിലോ ഒരു നാട്ടിലോ അല്ലെങ്കിൽ പോലും മാതാപിതാക്കളും മക്കളും തമ്മിലും സഹോദരങ്ങൾ തമ്മിലുമെല്ലാം ജീവസ്സുറ്റ ബന്ധങ്ങൾ നിലനിൽക്കേണ്ടതുണ്ട്.
നാമാരോരുത്തരും സ്വന്തം വ്യക്തിത്വത്തെ ഉൾക്കൊള്ളുന്നതോടൊപ്പം മകനോ മകളോ സഹോദരനോ സഹോദരിയോ മാതാവോ പിതാവോ ഒക്കെയാണെന്ന ബോധ്യത്തോടെ എല്ലാ ബന്ധങ്ങൾക്കും അതിന്റെതായ പ്രാധാന്യം കൊടുത്തുകൊണ്ട് ജീവിക്കുമ്പോഴാണ് ഒരു സാമൂഹിക ജീവി എന്ന നിലയിൽ ഈ ജീവിതം മൂല്യവത്താവുന്നത്.
ആളുകൾ ഒരുപാട് പുരോഗമിച്ചുവെന്ന് അവകാശപ്പെട്ടാലും, പണ്ടത്തെപോലെ പോരും പൊങ്ങച്ചവുമൊന്നും ഇപ്പോളില്ല എന്ന് പറയപ്പെടുന്നുണ്ടെങ്കിലും ബന്ധങ്ങൾക്കിടയിൽ വിള്ളലുണ്ടാക്കുന്ന തരത്തിലുള്ള പ്രവണതകൾ ധാരാളമായി കണ്ടുവരുന്നുണ്ട്.
പലപ്പോഴും സ്‌നേഹത്തിന്റെ പേരിലുള്ള സ്വാർഥതകളാണ് കുടുംബബന്ധങ്ങളിൽ വില്ലനായി വരുന്നത്. ഒരു കുടുംബത്തിൽ ചിലപ്പോൾ മാതാപിതാക്കൾ, മക്കൾ, സഹോദരിമാർ, സഹോദരന്മാർ, മരുമക്കൾ, പേരക്കുട്ടികൾ എന്നിവരെല്ലാമുണ്ടായിരിക്കും. എല്ലാവർക്കും എല്ലാവരോടും ഒരേ തരത്തിലുള്ള സ്‌നേഹവും പരിഗണനയുമായിക്കില്ലല്ലോ ഉണ്ടാവുക. ഈ തിരിച്ചറിവ് അനിവാര്യമാണ്.
എങ്കിൽ സ്‌നേഹവും പരിഗണനയും ഒരിക്കലും താരതമ്യം ചെയ്യപ്പെടാവാതല്ല എന്ന തത്ത്വം എളുപ്പത്തിൽ സ്വീകാര്യമാവും.
മറ്റൊരാളുടെ ജീവിതത്തിലേക്ക് കടന്നുചെല്ലുന്നതിലും ഇടപെടുന്നതിലും ചില അതിർവരമ്പുകൾ ഓരോരുത്തർക്കുമുണ്ട്. കുടുംബ സാഹചര്യങ്ങളും പ്രായവുമെല്ലാം ഒരു പരിധിവരെ സ്വാധീനിക്കു ന്നുവെങ്കിലും ഒരാൾക്ക് മറ്റൊരാളുടെ ജീവിതത്തിൽ നിർവഹിക്കുവാനുള്ള, അല്ലെങ്കിൽ ഇടപെടാനുള്ള തലങ്ങളിൽ അത് കൃത്യമായി നിർവഹിക്കുന്ന അതേ പ്രാധാന്യത്തോടെ ആ വ്യക്തിയുടെ ജീവിതത്തിൽ മറ്റു പല തലങ്ങളിലും ഇടപെടേണ്ടവർക്ക് അതിനുള്ള ഇടം അനുവദിച്ചു കൊടുക്കുകയും അതുപോലെ ആ വ്യക്തിക്ക് മറ്റുള്ളവരുമായുള്ള വ്യത്യസ്ത ബന്ധങ്ങളുടെ അടിസ്ഥാനത്തിലുള്ള ബാധ്യത നിർവഹണത്തിന് സ്വാതന്ത്ര്യം നൽകുകയും ചെയ്യേണ്ടതുണ്ട്.
മാതാപിതാക്കൾക്ക് മക്കളോട് അളക്കാനാവാത്ത സ്‌നേഹവും അതോടൊപ്പം നിരവധി കടമകളുമുണ്ട് എന്നത് സംശയമില്ലാത്ത കാര്യമാണ്. അതുപോലെ മക്കൾക്ക് മാതാപിതാക്കളോടും തീർത്താൽ തീരാത്ത കടപ്പാടുണ്ട്.
മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തിനിടയിലേക്കാണ് ‘മരുമക്കൾ’ എന്ന ഒരു വിഭാഗം കടന്നുവരുന്നത്. മക്കളുടെ ജീവിതത്തിൽ മരുമക്കളുടെ സ്ഥാനവും പ്രാധാന്യവും മനസ്സിലാക്കുന്ന മാതാപിതാക്കൾ ഒരിക്കലും തങ്ങളുടെ സ്വാർഥത കാരണം അവരുടെ ജീവിതത്തിൽ പ്രതിസന്ധികൾ സൃഷ്ടിക്കുവാൻ കാരണക്കാരാവില്ല. അതുപോലെ തന്നെ തന്റെ ജീവിത പങ്കാളിയുടെ മാതാപിതാക്കൾക്ക് വിലകൽപിക്കുന്ന മരുമക്കൾ മാതാപിതാക്കൾ എന്ന നിലയിൽ പങ്കാളി അവർക്കു നൽകുന്ന സ്ഥാനത്തിനും പരിഗണനക്കും ഒരിക്കലും തടസ്സം നിൽക്കുകയുമില്ല. അതുപോലെ തന്നെയാണ് സഹോദരങ്ങൾ തമ്മിലുള്ള ബന്ധവും. വിവാഹിതനായ സഹോദരനെ എന്തിനും ഏതിനും ആശ്രയിക്കുന്ന പ്രവണത സഹോദരിമാർ ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാൽ കൂടപ്പിറപ്പുകളുടെ സാഹചര്യങ്ങൾ മനസ്സിലാക്കി സഹകരിക്കുകയും സഹായിക്കുകയും ചെയ്യുന്ന ഭർത്താവിന്റെ സൽഗുണങ്ങളെ ഏറ്റവും നന്നായി പ്രോത്സാഹിപ്പിക്കുന്നവളാവണം ഒരു യഥാർഥ ഭാര്യ.
സ്വാർഥതയാൽ, മാതാപിതാക്കൾക്കും മക്കൾക്കുമിടയിലും സഹോദരങ്ങൾക്കിടയിലും ഭാര്യാ ഭർത്താക്കന്മാർക്കിടയിലുമെല്ലാം തെറ്റിദ്ധാരണകളും ശത്രുതയുമുണ്ടാക്കി ബന്ധം ശിഥിലമാക്കാൻ ശ്രമിക്കുന്നവർ കുടുംബബന്ധം വിച്ചേദിക്കുക എന്ന ഗുരുതരമായ തെറ്റാണ് ചെയ്യുന്നത്. അവരുടെ പ്രാർഥനകൾ റബ്ബിലേക്ക് ഉയർത്തപ്പെടുകയോ സൽകർമങ്ങൾ സ്വീകരിക്കപ്പെടുകയോ ചെയ്യില്ല.
മറ്റുള്ളവരോട് കാണിക്കുന്ന സ്‌നേഹവും സഹകരണവും ഒരിക്കലും തങ്ങൾക്ക് ഒരു നഷ്ടമാവുന്നില്ലെന്നും ചേർത്തുവയ്ക്കുന്ന കുടുംബ ബന്ധങ്ങൾ കൊണ്ട് ഇഹലോകത്തും പരലോകത്തും നന്മ മാത്രമെ ലഭിക്കുകയുള്ളൂ എന്നുമുള്ള തിരിച്ചറിവാണ് ബന്ധങ്ങളെ ഊഷ്മളമാക്കുന്നത്.

