ആങ്ങളയും പെങ്ങളും
ഹന്ന മുഹമ്മദ്
2025 ആഗസ്റ്റ് 23, 1447 സഫർ 29

ഒരേ മാതാവിന്റെ ഉദരത്തിൽനിന്നു പിറന്ന്, ഒരേ മാതാവിന്റെ മുലപ്പാൽ നുകർന്ന്, ഒരേ മാതാവിന്റെ സ്‌നേഹലാളനകൾ ഒരുമിച്ചേറ്റു വാങ്ങി, ഒരേ മാതാവിന്റെ ശിക്ഷണത്തിൽ വളർന്നുവന്ന ആങ്ങളയും പെങ്ങളും...തമ്മിൽ എത്ര അടികൂടിയാലും വഴക്കും പിണക്കങ്ങളുമുണ്ടായാലും നീണ്ടുനിൽക്കാത്ത പരിഭവമുള്ളവർ, തമ്മിൽ പോരടിച്ചാലും ആർക്കെങ്കിലും നേരെ പുറത്തുള്ളവരൊന്നു കയ്യോങ്ങിയാൽ പ്രതിരോധം തീർക്കുന്നവർ...അവരാണ് ആങ്ങളയും പെങ്ങളും.
എന്നാൽ വലുതാകുമ്പോൾ അവസ്ഥ മാറുന്നു. എപ്പോഴാണ് അവർക്കിടയിൽ അകൽച്ച വന്നു തുടങ്ങുന്നത്? എപ്പോഴാണ് അവർക്കിടയിലെ പിണക്കങ്ങൾ കാര്യമാകാൻ തുടങ്ങുന്നത്? അവർ തമ്മിലിള്ള സ്‌നേഹത്തിൽ എപ്പോഴാണ് വിള്ളൽ സംഭവിക്കുന്നത്?
ഒട്ടുമിക്ക ആങ്ങള-പെങ്ങന്മാർക്കിടയിലും അകൽച്ച വന്നുതുടങ്ങുന്നത് കുടുംബ ജീവിത്തിൽ പ്രവേശിച്ച് കുറച്ചു കാലം കഴിഞ്ഞതിനു ശേഷമോ സാമ്പത്തികമായി സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരായതിനു ശേഷമോ ആയിരിക്കും.
ബാല്യകാലത്തെയും കൗമാരത്തിലെയും സാഹോദര്യബന്ധം എത്ര ഊഷ്മളമായിരുന്നു! ആ ഒരു കാലഘട്ടം ഓർമ വരുമ്പോൾ ഒരു ഗൃഹാതുരത്വം അനുഭവപ്പെടുന്നില്ലേ?
ആങ്ങള-പെങ്ങന്മാരുടെ ഇണകൾക്ക് സഹോദരങ്ങളെ അംഗീകരിക്കുവാനുള്ള മനസ്സുണ്ടാകണം. സ്ത്രീകളാണ് ഏറ്റവും കൂടുതൽ ഇക്കാര്യത്തിൽ ശ്രദ്ധിക്കേണ്ടത്. സ്വാർഥ താൽപര്യങ്ങൾക്ക് വേണ്ടി രക്തബന്ധങ്ങൾ വിഛേദിക്കപ്പെടാൻ നാം കാരണക്കാരായിക്കൂടാ. സ്‌നേഹിച്ചും ഗുണകാംക്ഷയോടെ ഉപദേശിച്ചും മുന്നോട്ട് പോകുവാൻ ഇണകളെ സഹായിക്കണം.
സഹോദരങ്ങൾക്കിടയിലുള്ള പിണക്കങ്ങളിൽ എരിതീയിൽ എണ്ണയൊഴിക്കുന്നത് പോലെ കുറ്റങ്ങളും കുറവുകളും പറഞ്ഞ് അകൽച്ചക്ക് ആക്കം കൂട്ടാതെ ഇണക്കത്തിന് വേണ്ടി പ്രവർത്തിക്കുന്നവരായാൽ സ്വന്തം ഇണകൾക്ക് തങ്ങളോടുള്ള സ്‌നേഹവും ബഹുമാനവും കൂടുമെന്ന കാര്യത്തിൽ സംശയമില്ല. ഭർത്താവിന്റെ സഹോദരിയെ നാത്തുൻ എന്ന കണ്ണുകൊണ്ട് കാണാതെ സ്വന്തം സഹോദരിയായി കണ്ടുകൂടേ? സഹോദരന്റെ ഭാര്യയെ എവിടെനിന്നോ കേറി വന്ന പെണ്ണ് എന്ന നിലയിൽ കാണാതെ തന്റെ അനുജത്തിയായോ ജ്യേഷ്ഠത്തിയായോ കണ്ടുകൂടേ?
ഭർത്താവിന്റെ സഹോദരിമാർ വല്ലപ്പോഴും വിരുന്നു വരുമ്പോൾ പലപ്പോഴും പല വീടുകളിലും വീട്ടുജോലിയുടെ പേരിൽ കലഹങ്ങൾ ഉണ്ടാകാറുണ്ട്. അവർ വന്നു കേറുമ്പോൾ നാം പ്രകടിപ്പിക്കുന്ന സന്തോഷം അവരെയും സന്തോഷിപ്പിക്കും. മാനസികമായ അടുപ്പമില്ലായ്മ തന്നെയാണ് അതിനു കഴിയാത്തതിന്റെ പ്രധാന കാരണം. ഞാൻ മുഖേന ഒരാളും സങ്കടപ്പെടരുത് എന്ന ചിന്തയാണ് നമുക്കു വേണ്ടത്.
ഓർക്കുക! നാം വിശ്വാസികളാണ്. പരലോക വിജയം ആഗ്രഹിക്കുന്നവരാണ്. അതുകൊണ്ട് നമ്മുടെ പെരുമാറ്റം നല്ലതാക്കുക. ബന്ധുക്കളെ തമ്മിൽ അടുക്കാനും അടുപ്പിക്കാനുമാണ് നാം ശ്രമിക്കേണ്ടത്; അടിക്കാനും അടിപ്പിക്കാനുമല്ല.

