ഇണയുടെ തൃപ്തി
ശമീർ മദീനി
2025 മാർച്ച് 29, 1446 റമദാൻ 28

ദാമ്പത്യജീവിതം സന്തോഷകരമാകാൻ ഇണകൾ പരസ്പരം അറിയേണ്ട ഒന്നാണ് തന്റെ ഇണ എന്തൊക്കെയാണ് ഇഷ്ടപ്പെടുന്നത് എന്നും ഇഷ്ടപ്പെടാത്തത് എന്നും. അത് തിരിച്ചറിഞ്ഞാൽ അവരുടെ സ്‌നേഹവും തൃപ്തിയും കരസ്ഥമാക്കുവാൻ എളുപ്പമാണ്. അതോടെ മനസ്സിന് വല്ലാത്തൊരു സംതൃപ്തി കൈവരും. അത് കുടുംബത്തിനാകെയും വെളിച്ചം പകരും. അല്ലാഹുവിന്റെ അനുഗ്രഹത്താൽ സന്തോഷവും സമാധാനവും നിറഞ്ഞ ഒരു കുടുംബാന്തരീക്ഷം സൃഷ്ടിക്കാൻ നമുക്ക് സാധിക്കും.
നബിﷺ പറഞ്ഞു: “ഒരു സ്ത്രീ അവൾക്ക് നിർബന്ധമായ അഞ്ചുനേരത്തെ നമസ്‌കാരം നിർവഹിക്കുകയും നിർബന്ധമായ നോമ്പ് അനുഷ്ഠിക്കുകയും തന്റെ ലൈംഗിക വിശുദ്ധി കാത്തുസൂക്ഷിക്കുകയും ഭർത്താവിനെ അനുസരിക്കുകയും ചെയ്താൽ സ്വർഗത്തിലെ ഏത് കവാടത്തിലൂടെ വേണമെങ്കിലും പ്രവേശിച്ചുകൊള്ളാൻ അവളോട് പറയപ്പെടുന്നതാണ്’’ (അഹ്‌മദ്).
തന്റെ ഭർത്താവിന്റെ സ്‌നേഹവും തൃപ്തിയും നേടിയെടുക്കുക എന്നത് ഒരു വിശ്വാസിനിയായ ഭാര്യയുടെ മതപരമായ കടമ കൂടിയാണ്. എന്നാൽ അത് ഒരിക്കലും അല്ലാഹു വിലക്കിയ തിന്മകൾ ചെയ്യുന്നതിലൂടെ ആയിക്കൂടാ. പ്രത്യുത, അല്ലാഹു വിലക്കാത്ത കാര്യങ്ങളും മറ്റു നന്മകളുമൊക്കെ ചെയ്തുകൊണ്ടും അതിന് പരസ്പരം സഹകരിച്ചുകൊണ്ടുമായിരിക്കണം. അങ്ങനെ പരസ്പരം ആദരിച്ചും അംഗീകരിച്ചും സ്‌നേഹിച്ചും വർത്തിക്കുന്ന ദാമ്പത്യത്തിന്റെ സുഖവും സൗന്ദര്യവും അവർണനീയമാണ്. ഒരാൾ മറ്റൊരാളെ കീഴ്‌പെടുത്തി അടിമയെപ്പോലെ അടക്കി ഭരിക്കുന്ന രീതിയല്ല അവിടെയുണ്ടാവുക. ഈ പാരസ്പര്യത്തിലാണ് ആ വീട്ടിൽ സന്തോഷവും സമാധാനവും കളിയാടുകയും അവിടെ വളരുന്ന മക്കളുടെ മാനസികവും ശാരീരികവുമായ വളർച്ച നല്ല രൂപത്തിലാവുകയും ചെയ്യുക. കേവലം മതപരമായി കൽപനകളുള്ള കാര്യങ്ങളിൽ മാത്രമല്ല ഭാര്യ ഭർത്താവിനെ അനുസരിക്കേണ്ടത്; അത് ഭർത്താവ് കൽപിച്ചില്ലെങ്കിലും ചെയ്യേണ്ടത് അവളുടെ ബാധ്യതയാണ്. എന്നാൽ ഭർത്താവ് ഇഷ്ടപ്പെടുന്നതും ആവശ്യപ്പെടുന്നതുമായ മറ്റു കാര്യങ്ങൾ, അഥവാ മതം വിലക്കിയിട്ടില്ലാത്ത സംഗതികൾ ഭർത്താവിനെ അനുസരിച്ചുകൊണ്ട് ചെയ്തുകൊടുക്കാൻ ഭാര്യ കടപ്പെട്ടവളാണ് എന്ന് സാരം.
നബിﷺ പറഞ്ഞു: “തന്റെ ഭർത്താവ് തന്നെക്കുറിച്ച് തൃപ്തിയുള്ളവനായിരിക്കെ ഏതൊരു സ്ത്രീ മരണപ്പെടുന്നുവോ, അവൾ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്’’ (തിർമുദി).
അപ്രകാരം തന്നെ ഭർത്താവ് ഭാര്യയുടെയും ഇഷ്ടങ്ങളും താൽപര്യങ്ങളും പരിഗണിക്കേണ്ടതുണ്ട്. തന്റെ ഏറ്റവും പ്രിയപ്പെട്ടവളായി അവളെ പരിഗണിക്കുകയും ആദരിക്കുകയും ചെയ്യണം. പ്രവാചക തിരുമേനിയുടെ ദാമ്പത്യജീവിതത്തിൽ ഈ മാതൃകയാണ് നമുക്ക് കാണാൻ സാധിക്കുക.
രണ്ടുപേരും പരസ്പരം ആലോചിച്ചും സംസാരിച്ചും ആഗ്രഹങ്ങളും ആവശ്യങ്ങളും പങ്കുവെച്ചും ഒരുമിച്ചെടുക്കുന്ന തീരുമാനങ്ങൾ കുടുംബ ജീവിതത്തിൽ കുറച്ചൊന്നുമല്ല സന്തോഷവും സംതൃപ്തിയും ഇണക്കവും അടുപ്പവും സമ്മാനിക്കുന്നത്.
ഇത്തരത്തിലുള്ള ഇസ്‌ലാമിക പാഠങ്ങൾ പഠിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യുന്നതിന് പകരം ഫെമിനിസം, ലിബറലിസം പോലുളള പുരോഗമന ലേബലൊട്ടിച്ച ചതിക്കുഴികളിൽ പെട്ട് കുടുംബ സംവിധാനത്തോട് വെറുപ്പ് വെച്ചുപുലർത്തുന്നത് അപകടമാണ്. കുടുംബത്തിന്റെ അടിത്തറയിളക്കുന്നതും ഭദ്രത തകർക്കുന്നതുമായ അത്തരം സ്ഥിതിവിശേഷങ്ങളാണ് പലപ്പോഴും പല കുടുംബകങ്ങളിലും നാമിന്ന് കാണുന്നത്. അതുവഴി ഇഹപര ജീവിതത്തിലെ വിജയവും സന്തോഷവുമാണ് സ്വയം നഷ്ടപ്പെടുത്തുന്നത് എന്ന കാര്യം മറക്കാതിരിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ!

