ഇണയെ മനസ്സിലാക്കുക

റോഷൻ പുനലൂർ

2025 ജൂൺ 14, 1446 ദുൽഹിജ്ജ 17

ദാമ്പത്യജീവിതത്തിന് ഇസ്‌ലാം ഏറെ പ്രാധാന്യം നൽകുന്നുണ്ട്. പരസ്പരമുള്ള തിരിച്ചറിവാണ് ദാമ്പത്യത്തിന് അത്യാവശ്യമായി വേണ്ടത്. അതാണ് എല്ലാതരത്തിലുള്ള ബന്ധങ്ങളുടെയും അടിസ്ഥാനമായി വർത്തിക്കുന്നത്. രണ്ടുപേർക്കും തങ്ങളുടെ പോസിറ്റീവുകളും നെഗറ്റീവുകളും തിരിച്ചറിയാനാവണം. എന്നാൽ അതു പലപ്പോഴും നടക്കുന്നില്ലെന്നതാണ് വസ്തുത.

ഈ തിരിച്ചറിവിന്റെ അഭാവം ദാമ്പത്യമാകുന്ന വാഹനത്തിന്റെ ചക്രം ഉരുളാൻ ഏറെ ബുദ്ധിമുട്ടു ണ്ടാക്കും. അത് പലപ്പോഴും വേർപിരിയലിലേക്കെത്തിക്കാൻ കാരണമാകാറുണ്ട്. അതിന്റെ മൊത്തം ഭാരം പേറേണ്ടിവരുന്നത് അവർക്ക് ജനിച്ച മക്കളായിരിക്കും. ഉള്ളു തുറന്നുള്ള സംസാരം കൊണ്ടുതന്നെ ഇണകൾക്ക് പരസ്പരം മനസ്സിലാക്കാൻ കഴിയും. എന്നാൽ ഈ സംസാരം പല ദമ്പതികളുടെയും കിടപ്പുമുറികളിൽ പോലും നടക്കുന്നില്ല. അത്യാവശ്യമായി വരുന്ന ചില ഉള്ളുതുറക്കലുകൾവരെ ചില ഈഗോകളുടെ പേരിൽ മാറ്റിവെക്കുന്നവരാണ് പലരും.

ഭർത്താക്കന്മാരോട് ചില കാര്യങ്ങൾ പറയട്ടെ: നിങ്ങൾ നിങ്ങളുടെ ഭാര്യയോട് ഉള്ളുതുറന്നു സംസാരിക്കാറുണ്ടോ? നിത്യജീവിതത്തിൽ നിങ്ങളെടുക്കുന്ന ഓരോ തീരുമാനവും അവളോട് അന്വേഷിച്ചിട്ടാണോ എടുക്കാറ്? അതല്ല എല്ലാം തീരുമാനിച്ചുറപ്പിച്ച ശേഷം മാത്രമാണോ അവൾ എല്ലാം അറിയാറ്? സർപ്രൈസിനു വേണ്ടി, തമാശക്കു വേണ്ടി ചില കാര്യങ്ങൾ ഭാര്യമാരിൽനിന്ന് മറച്ചുവെക്കുന്നതിനെ കുറിച്ചല്ല ഈ പറയുന്നത്. അതുപോലും ചിലപ്പോൾ തെറ്റുധാരണക്ക് വഴിവെക്കാറുണ്ടെന്നത് ഓർക്കുക. പെട്ടെന്ന് എടുക്കേണ്ട, കൂടിയാലോചിക്കാൻ സമയയമില്ലാത്ത ചില തീരുമാനങ്ങളും ഉണ്ടായേക്കാം. ഭാര്യയോടും മക്കളോടും കൂടിയാലോചിച്ച ശേഷം ഒരു തീരുമാനമെടുക്കുമ്പോൾ അത് തങ്ങളുടെ വ്യക്തിത്വത്തെ അംഗീകരിക്കലും പരിഗണിക്കലുമായി അവർ മനസ്സിലാക്കും. ബന്ധങ്ങളെ സുദൃഢമാക്കുവാൻ അത് ഏറെ സഹായിക്കും.

ഒരു പുരുഷനെന്ന നിലയിൽ നിങ്ങൾ സമ്പാദിക്കുന്ന സ്വത്ത് സമൂഹത്തിെൻറ കണ്ണിൽ മാത്രമെ നിങ്ങളെ സമ്പന്നനാക്കുന്നുള്ളൂ. നിങ്ങളുടെ വീടുകളിൽ നിങ്ങളെ സമ്പന്നനാക്കുന്നത് നിങ്ങളുടെ ഭാര്യയാണ്. അത് മറന്നുപോകരുത്. അവളുടെ സ്‌നേഹവും പിന്തുണയുമാണ് ഒരർഥത്തിൽ നിങ്ങളെ സമൂഹത്തിൽ പോലും സമ്പന്നനാക്കുന്നത്. അത് തിരിച്ചറിയുന്നവർ അവളെ സ്‌നേഹിക്കാനും പരിഗണിക്കാനും പിശുക്ക് കാണിക്കില്ല. ഈഗോകളെ മാറ്റിവച്ചേ തീരൂ. എല്ലാ പ്രയാസങ്ങളും തന്റെ ഭർത്താവിനും മക്കൾക്കും വേണ്ടി സഹിക്കുന്നവളും ഒട്ടേറെ ഇഷ്ടങ്ങൾ ത്യജിക്കുന്നവളുമാണ് ഭാര്യ. അവൾ തിരിച്ച് ആഗ്രഹിക്കുന്നത് ഭർത്താവിന്റെ സ്‌നേഹം മാത്രമാണ്. സ്‌നേഹമുണ്ടെന്ന് പറഞ്ഞാൽ പോരാ, അത് പ്രകടിപ്പിക്കാനറിയണം. അവൾക്ക് അത് ബോധ്യപ്പെടണം. പലരുമുണ്ട്, ഭാര്യമാരെ അവർ നന്നായി സ്‌നേഹക്കുന്നുണ്ട്. പരിഗണിക്കുന്നുമുണ്ട്. പക്ഷേ, ഭാര്യമാർക്ക് പരാതി തന്നെയായിരിക്കും. സ്‌നേഹം പ്രകടിപ്പിക്കാൻ ഭർത്താവ് പിശുക്കു കാണിക്കുന്നതാണ് അതിനു കാരണം. സ്‌നേഹിക്കുക എന്നത് ഒരു കാര്യമാണ്; ഉള്ള സ്‌നേഹം പ്രകടിപ്പിക്കുക എന്നത് മറ്റൊരു കാര്യവും.

അഭിനന്ദിക്കേണ്ടിടത്ത് അവളെ അഭിനന്ദിക്കണം. അതവളെ കൂടുതൽ ഉന്മേഷവതിയാക്കും. ഭക്ഷണം കഴിച്ച് എഴുന്നേൽക്കുന്ന സമയത്ത് ഏതെങ്കിലും ഒരു ഐറ്റം ഭക്ഷണത്തെ കുറിച്ച് ‘വളരെ രുചിയുണ്ട്, ഉഷാറായിരിക്കുന്നു’വെന്ന് പറഞ്ഞാൽ അത് അവൾക്ക് നൽകുന്ന ഊർജം അപാരമായിരിക്കും. നിങ്ങളുടെ സ്‌നേഹത്തിന്റെയും പരിഗണനയുടെയും തണൽ പ്രതീക്ഷിച്ച് സ്വന്തം വീടുവിട്ട് വന്നവളാണവർ. അക്കാര്യം മറക്കാതിരിക്കുക.