കൗമാരം; രക്ഷിതാക്കൾ അറിയാൻ

ഡോ. യാസ്മിൻ എം അബ്ബാസ് പട്ടാമ്പി

2025 ജനുവരി 11, 1446 റജബ് 11

സമൂഹത്തിൽ വളരെയധികം മാനസിക സമ്മർദം അനുഭവിക്കുന്ന രണ്ടു വിഭാഗമാണ് കൗമാര പ്രായക്കാരും കൗമാരപ്രായത്തിലുള്ള മക്കളുള്ള രക്ഷിതാക്കളും. രണ്ടു കൂട്ടരും പരസ്പരം മനസ്സിലാക്കുകയും ഇടപഴകുകയും ചെയ്യുമ്പോഴാണ് ഇത്തരത്തിലുള്ള മാനസിക സമ്മർദങ്ങൾ കുറക്കാൻ സാധിക്കുന്നത്.

എന്താണ് കൗമാരം?

മനുഷ്യന്റെ ജീവിത കാലയളവിനെ പ്രധാനമായും അഞ്ചായി തരം തിരിക്കാം; ശൈശവം, ബാല്യം, കൗമാരം, യുവത്വം, വാർധക്യം എന്നിവയാണ് അവ. ശൈശവം, ബാല്യം എന്നിവ കഴിഞ്ഞാലുള്ള ഘട്ടമായ കൗമാരം മുതിർന്നവരിലേക്കുള്ള പരിവർത്തന ത്തിന്റെ കാലഘട്ടമാണ്. അതുകൊണ്ടുതന്നെ കൗമാരം transition period എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.

കൗമാരം നേരിടുന്ന പ്രതിസന്ധികൾ

കുട്ടിയിൽ നിന്ന് വിടുകയും എന്നാൽ മുതിർന്നവരിലേക്ക് എത്തുകയും ചെയ്തിട്ടില്ലാത്ത ഈയൊരു കാലഘട്ടത്തിൽ താൻ കുട്ടിയാണോ അതോ മുതിർന്ന ആളാണോ എന്ന ഒരു കൺഫ്യൂഷൻ ഈ പ്രായക്കാരിൽ കാണപ്പെടുന്നു. സഹോദരങ്ങളും രക്ഷിതാക്കളും ഉൾപ്പെടുന്ന സമൂഹം അവരവരുടെ സൗകര്യാർഥം അവന്റെ വ്യക്തിത്വത്തെ കുട്ടിയായും മുതിർന്നയാളായും മാറ്റിപ്പറയുന്നു എന്നത് ഈ കൂട്ടരെ അസ്വസ്ഥപ്പെടുത്തുന്നു.

പെരുമാറ്റ വ്യതിയാനങ്ങൾ

കുട്ടികളിൽനിന്ന് മുതിർന്നവരിലേക്കുള്ള ശാരീരിക, മാനസിക, ലൈംഗിക വളർച്ചയുടെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോൾ ശരീരത്തിലുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങളുടെ ഭാഗമായി ഇവരുടെ പെരുമാറ്റങ്ങളിൽ ചില വ്യത്യാസങ്ങൾ കാണപ്പെടാറുണ്ട്. പെട്ടെന്നുള്ള ദേഷ്യവും സങ്കടവും നിരാശയുമെല്ലാം ഇതിന് ഉദാഹരണങ്ങളാണ്.

ആകാംക്ഷ

മാനസിക വളർച്ചയുടെ ഭാഗമായി എന്തും അറിയാനും അനുഭവിക്കാനുമുള്ള ഒരു ആകാംക്ഷ (curiousity) ഈ പ്രായക്കാരിൽ കാണുന്നു. ഇത് വളർച്ചക്കൊപ്പം കാര്യങ്ങൾ മനസ്സിലാക്കാൻ അവരെ സഹായിക്കുന്നതിനുള്ള ഒരു ഘടകമാണ്. എന്നാൽ ശരിയായ അറിവ് യഥാസമയം ലഭിച്ചില്ലെങ്കിൽ ഇത്തരം curiousityയുടെ ഭാഗമായിത്തന്നെ കുട്ടികൾ തെറ്റായ വഴിയിലൂടെ സഞ്ചരിക്കാനുള്ള സാധ്യതകളുമുണ്ട്.

വികാരങ്ങൾ വിവേകത്തെ മറികടക്കുന്നു

നമ്മുടെ തലച്ചോറിന്റെ മുൻഭാഗമാണ് വിവേകത്തോടെ ചിന്തിക്കാനും പെരുമാറാനും നമ്മെ സഹായിക്കുന്നത്. എന്നാൽ ഈ ഭാഗത്തിന്റെ വളർച്ച കൗമാര പ്രായത്തിലുള്ള കുട്ടികൾക്ക് പൂർണതയിൽ എത്തിയിട്ടുണ്ടാവില്ല. അതേസമയം അവരുടെ വികാരങ്ങളെ നിയന്ത്രിക്കുന്ന ഭാഗങ്ങളുടെ വളർച്ച പുരോഗ മിച്ചിരിക്കും. ഇതിന്റെ ഭാഗമായി അവർ വിവേകത്തെക്കാളും വികാരങ്ങൾക്ക് അടിമപ്പെടുന്നതായി കാണാം.

കൗമാരക്കാരായ മക്കളുമായി എങ്ങനെ അടുപ്പം ഉണ്ടാക്കിയെടുക്കാം?

പരിഗണന: നിരവധി ആശയക്കുഴപ്പങ്ങളിലൂടെ ജീവിക്കുന്ന കൗമാരപ്രായക്കാരെ അവരുടെ വളർച്ച ക്കൊപ്പം മുതിർന്ന ഒരാളായിക്കൊണ്ടിരിക്കുന്നു എന്ന ബോധ്യത്തോടെ പരിഗണിക്കുക എന്നതാണ് രക്ഷിതാക്കൾ ചെയ്യേണ്ടത്. ഇത് കുട്ടികളിൽ ആത്മവിശ്വാസം വർധിക്കുവാനും കൂടുതൽ പക്വമായ പെരുമാറ്റങ്ങൾ ഉണ്ടാകുവാനും ഇടയാക്കും. വിവിധ വിഷയങ്ങൾ വരുമ്പോൾ മക്കളുമായി ചർച്ച ചെയ്യുകയും അവരോട് അഭിപ്രായം ചോദിക്കുകയും ചെയ്യുന്നതെല്ലാം ഇത്തരം പരിഗണനയുടെ ഉദാഹരണങ്ങളാണ്.

കാര്യങ്ങൾ ബോധ്യപ്പെടുത്തിക്കൊടുക്കുക: പലപ്പോഴും കൗമാരക്കാരായ മക്കളിൽനിന്നും അപക്വമായ നിലപാടുകൾ കാണാനിടയാകും. ഇത്തരം സന്ദർഭങ്ങളിൽ രക്ഷിതാക്കൾ പക്വതയോടെ അവരെ തിരുത്തുകയും കാര്യങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെടുത്തിക്കൊടുക്കുകയുമാണ് വേണ്ടത്. നീ ഇന്നത് ചെയ്യൂ, ഇന്നത് ചെയ്യേണ്ട തുടങ്ങിയ രീതിയിലുള്ള ഉപദേശങ്ങൾ കൗമാരക്കാരെ നേരായ രീതിയിൽ സ്വാധീനിക്കുകയില്ല.

കാര്യങ്ങൾ വ്യക്തമാക്കിക്കൊടുക്കുമ്പോൾ വളരെ ചുരുങ്ങിയ രീതിയിലായിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ഈ പ്രായക്കാരിൽ കാണുന്ന restlessness എന്ന അവസ്ഥ ഒരുപാട് സമയം സംവദിക്കാൻ അനുവദിക്കാനുള്ള സാധ്യതയില്ല.

അവരുടെ വികാരങ്ങളെ പരിഗണിക്കുക: കുട്ടികളെ കേൾക്കാനും അവർ പറയുന്ന കാര്യങ്ങൾ മനസ്സിലാക്കാനും സമയം കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. പ്രയാസങ്ങളോ സന്തോഷങ്ങളോ ആവട്ടെ, കേൾക്കാൻ ഒരാളുണ്ടാവുക എന്നത് അത്രമേൽ പ്രധാനപ്പെട്ട കാര്യം തന്നെയാണ്. സാമൂഹ്യമാധ്യമങ്ങളുടെ സ്വാധീനം വളരെ വർധിച്ച കാലഘട്ടത്തിൽ കേൾക്കാൻ നാമില്ലെങ്കിൽ മറ്റാരെയെങ്കിലും അവർ കണ്ടെത്തു വാനും അവസരം മുതലെടുക്കുന്നവരുടെ ചതിക്കുഴിയിൽ അകപ്പെടാനും സാധ്യതയേറെയാണ്.

അനുമോദനം: നമ്മുടെ ആവശ്യപ്രകാരമോ സ്വന്തം താൽപര്യപ്രകാരമോ ഉപകാരപ്രദമായ വല്ലതും കുട്ടികൾ ചെയ്തുകഴിഞ്ഞാൽ അവരെ അതിന്റെ പേരിൽ അനുമോദിക്കാൻ മടി കാണിക്കരുത്. അനുമോദനം കുട്ടികളെ വീണ്ടും അത്തരം കാര്യങ്ങൾ ചെയ്യാൻ പ്രചോദിപ്പിക്കുകയും ആത്മവിശ്വാസം വളർത്താൻ കാരണമാവുകയും ചെയ്യുന്നു.

സുഹൃത്തുക്കളെ അറിയുക: നമ്മുടെ കുട്ടികൾക്ക് ആരുമായിട്ടാണ് കൂട്ടുകെട്ട് എന്നത് അറിഞ്ഞിരിക്കേണ്ടത് ഇക്കാലത്ത് വളരെയേറെ പ്രസക്തമാണ്. തെറ്റായ ശീലങ്ങൾ പലപ്പോഴും കൂട്ടുകെട്ടുകളിലൂടെയാണ് കുട്ടികളിലേക്ക് കടന്നുകയറുന്നത്. അവരുടെ സുഹൃത്തുക്കൾ ആരൊക്കെയാണെന്ന് അറിയുന്നതും അവരുമായി നമ്മൾ പരിചയമുണ്ടാക്കിയെടുക്കുന്നതും ഏറെ ഉപകാരപ്രദമാണ്. ചീത്ത കൂട്ടുകെട്ടിനെ നിരുൽസാഹപ്പെടുത്തുകയും അതിന്റെ അപകടം പക്വതയോടെ ബോധ്യപ്പെടുത്തിക്കൊടുക്കുകയും വേണം.

ചിട്ടയോടുകൂടിയ ജീവിത ശൈലി

രക്ഷിതാക്കൾക്ക് രാത്രിയിലെ ഉറക്കം, രാവിലെ എഴുന്നേൽക്കൽ, ഭക്ഷണം, പഠനം, പ്രാർഥന തുടങ്ങിയ എല്ലാ കാര്യങ്ങൾക്കും പൊതുവായ ഒരു ശീലവും ചിട്ടയുമുണ്ടെങ്കിൽ കുട്ടികളും ചെറുപ്പം തൊട്ട് അവ ശീലിക്കുകയും കൗമാരപ്രായത്തിൽ എത്തുമ്പോഴേക്കും സ്വന്തം കാര്യങ്ങളെല്ലാം കൃത്യനിഷ്ഠതയോടെ സ്വന്തമായി ചെയ്യാൻ പഠിക്കുകയും ചെയ്യുന്നു. ഇത് അവരുടെ ശാരീരികമായ ആരോഗ്യത്തിനും മാനസികമായ ഉന്മേഷത്തിനും പരസ്പര സഹകരണത്തോടെയുള്ള ഭാവി ജീവിതത്തിനും ഉപകരിക്കും.

ഇല്ലായ്മകളും അറിയിച്ച് വളർത്തുക

കുട്ടികളിൽ ചെറുപ്പം മുതൽതന്നെ തങ്ങളുടെ സാമ്പത്തികശേഷിയെ കുറിച്ച് ഒരു ധാരണ ഉണ്ടാക്കിയെടുക്കുന്നത് നല്ലതാണ്. അവർ ആവശ്യപ്പെടുന്ന കാര്യങ്ങളിലെ അത്യാവശ്യങ്ങളും ആവശ്യങ്ങളും വേർതിരിച്ച് മനസ്സിലാക്കിക്കൊടുക്കണം. അവരുടെ ഏത് ആഗ്രഹവും നിറവേറ്റി ക്കൊടുക്കുന്നത് അപകടമാണ്. ചിലതിനോടൊക്കെ പറ്റില്ല എന്നു പറയണം. അതിനോട് പൊരുത്ത പ്പെടുന്ന മനസ്സ് അവർക്കുണ്ടാകണം. ഇല്ലായ്മകൾ മക്കൾ മനസ്സിലാക്കണം. അവർക്ക് പ്രതിസന്ധികൾ നേരിടാനുള്ള ഒരു പരിശീലനം കൂടിയാണത്.

ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം

ആധുനിക കാലഘട്ടത്തിൽ ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം തീർത്തും അത്യന്താപേക്ഷിതമാണ്. എന്നാൽ അതിനെ ശരിയായ രീതിയിലും സമയബന്ധിതമായും ഉപയോഗിക്കേണ്ടതിന് രക്ഷിതാക്കൾ മാതൃകയാവേണ്ടതും കുട്ടികളെ പരിശീലിപ്പിക്കേണ്ടതുമുണ്ട്. കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള കലാകായിക മേഖലകളിൽ അവരെ പ്രോത്സാഹിപ്പിക്കുന്നതും അതിനുവേണ്ട സഹായ സഹകരണങ്ങൾ ചെയ്യുന്നതും ഒരു പരിധിവരെ കുട്ടികളെ സ്‌ക്രീനിൽനിന്ന് മാറ്റി നിർത്താൻ സഹായിക്കും. അതുപോലെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും വിവിധ കാര്യങ്ങളിൽ കുട്ടികളെ ഇടപെടുത്തുകയും സാമൂഹിക പ്രതിബദ്ധതയുള്ളവരായി അവരെ വളർത്തിയെടുക്കുകയും ചെയ്യുക.

അഭിരുചിക്കനുസരിച്ച് പഠിപ്പിക്കുക

കൗമാരപ്രായം കുട്ടികൾ അവരുടെ കരിയറിൽ പ്രധാന ചുവടുവയ്പുകൾ നടത്തുന്ന കാലഘട്ടം കൂടിയാണ്. കോഴ്‌സുകൾ തിരഞ്ഞെടുക്കുമ്പോൾ അവരുടെ അഭിരുചിയും അതുപോലെ ജോലി സാധ്യതയും മനസ്സിലാക്കി കോഴ്‌സ് തിരഞ്ഞെടുക്കാൻ കുട്ടികളെ സഹായിക്കുക.

നല്ലവരുമായി സഹവസിപ്പിക്കുക

കുടുംബത്തിലും സമൂഹത്തിലുമുള്ള നല്ല വ്യക്തിത്വങ്ങളുമായി നമുക്കും മക്കൾക്കും ബന്ധമുണ്ടാകണം. മതപരമായും സാം സ്‌കാരികമായും മറ്റും മാതൃകാപരമായ ജീവിതം നയിക്കുന്നവരുമായി ഇടപഴകുമ്പോൾ കുട്ടികൾക്ക് നല്ല കാര്യങ്ങളിൽ പ്രചോദനമുണ്ടാവുകയും അതിനായി പ്രയത്‌നിക്കാനുള്ള താൽപര്യം വളരുകയും ചെയ്യും.

ധാർമിക ബോധമുള്ളവരായി വളർത്തുക

ഇന്നത്തെ തലമുറയിൽ രണ്ടു തരക്കാരെ നമുക്ക് കാണാം. ഒരു കൂട്ടർ യാതൊരുവിധ ലക്ഷ്യബോധവുമില്ലാതെ സോഷ്യൽ മീഡിയയിലും തങ്ങൾക്ക് ചുറ്റുമായി കാണുന്ന കാഴ്ചകൾ തന്നെയാണ് ജീവിതം എന്ന നിലയ്ക്ക് യാതൊരുവിധ സാമൂഹിക പ്രതിബദ്ധതയുമില്ലാതെയും ഒഴുക്കിനൊത്ത് നീന്തുന്നവരാണ്. എന്നാൽ മറ്റൊരുകൂട്ടർ തങ്ങളുടെ വിദ്യാഭ്യാസം, പ്രൊഫഷൻ, സമ്പാദ്യം തുടങ്ങിയവയ്‌ക്ക് മാത്രം പ്രാധാന്യം നൽകി വിവാഹത്തിനോ കുടുംബജീവിതത്തിനോ കുട്ടികൾക്കോ മാതാപിതാക്കൾക്കോ ഒന്നും യാതൊരുവിധ പ്രാധാന്യവും കൽപിക്കാതെ സ്വന്തം കാര്യം മാത്രം ഫോക്കസ് ചെയ്തു ജീവിക്കുന്നു.

നമുക്ക് സ്വന്തം ശരീരത്തോടും സ്രഷ്ടാവിനോടും മാതാപിതാക്കളോടും കുടുംബത്തോടും സമൂഹത്തോടുമെല്ലാം കടമകളും ബാധ്യതകളുമുണ്ടെന്ന ബോധ്യം മക്കളിൽ വളർത്തിയെടുക്കണം. മനുഷ്യൻ വെറുതെ സൃഷ്ടിക്കപ്പെട്ടതല്ലെന്നും വരാനിരിക്കുന്ന ഒരു ലോകത്തേക്കുള്ള പരീക്ഷണ കാലഘട്ടം മാത്രമാണ് ഈ ജീവിതമെന്നുമുള്ള തിരിച്ചറിവ് ഉണ്ടാകുമ്പോഴാണ് ലക്ഷ്യബോധത്തോടെയും ധാർമികതയോടെയും ജീവിതം നയിക്കുന്നവരായി മാറാൻ കഴിയുക. അതിനാൽ മതവിദ്യാഭ്യാസം ചെറുപ്പത്തിൽതന്നെ നൽകിത്തുടങ്ങുകയും കൗമാരത്തിലും തുടർന്നും അത് നിലനിർത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.