മക്കളുടെ വിവാഹം

ശമീർ മദീനി

2025 ജനുവരി 25, 1446 റജബ് 25

മക്കൾ അല്ലാഹു നമുക്ക് നൽകിയ മഹത്തായ അനുഗ്രഹങ്ങളിൽ പെട്ടതാണ്. അവരെ മാന്യമായി വളർത്തുവാനും അവർക്ക് വിദ്യാഭ്യാസം നൽകുവാനും സംസ്‌കാര സമ്പന്നരാക്കി മാറ്റുവാനും വിവാഹപ്രായം എത്തിയാൽ അവരെ മാന്യമായി വിവാഹം കഴിപ്പിക്കുവാനുമൊക്കെ രക്ഷിതാക്കൾ എന്നുള്ള നിലയിൽ നാം ബാധ്യസ്ഥരും ശ്രദ്ധിക്കേണ്ടവരുമാണ്.

സ്വന്തം മക്കൾക്കോ മറ്റാർക്കെങ്കിലോ വേണ്ടി ഒരു ഇണയെ തെരയുമ്പോൾ കേവലം ഭൗതിക സൗകര്യങ്ങളോ സാമ്പത്തികമായ പുരോഗതിയോ കുടുംബ മഹിമയോ സൗന്ദര്യമോ ഒന്നുമല്ല ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം പ്രഥമവും പ്രധാനവുമായ പരിഗണനക്ക് വരേണ്ടത്. പ്രവാചക തിരുമേനിﷺ ഉണർത്തിയത് പോലെ മതനിഷ്ഠയും ധാർമിക ബോധവുമാണ് അതിപ്രധാനമായത്. എന്നാൽ സങ്കടകരം എന്നു പറയട്ടെ, ഇന്ന് മിക്കവാറും ആളുകൾ ശ്രദ്ധിക്കുന്നത് മേൽ പറഞ്ഞ സൗന്ദര്യത്തിന്റെയും സമ്പത്തിന്റെയും തറവാടിത്തത്തിന്റെയുമൊക്കെ കാര്യങ്ങളിലാണ്. മതത്തിന്റെ വിഷയം പാടെ അവഗണിച്ചു കൊണ്ടുള്ള ഇത്തരം ‘സെലക്ഷനു’കൾ വർധിക്കുന്നതായാണ് ഇന്നു നാം കണ്ടുകൊണ്ടിരിക്കുന്നത്. പടച്ചവന്റെ മാർഗനിർദേശങ്ങളെ അവഗണിക്കുകയാണ് ഇവിടെ ചെയ്യുന്നത് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ. അതുകൊണ്ടുതന്നെ അതിന്റെതായ ദുരന്തങ്ങൾ പിന്നീട് അവരുടെ ദാമ്പത്യ ജീവിതത്തിൽ അനുഭവിക്കേണ്ടി വരുന്നു എന്നത് ഒരു ദുഃഖ സത്യമാണ്. അല്ലാഹു പറയുന്നു:

وَمَنْ أَعْرَضَ عَن ذِكْرِي فَإِنَّ لَهُ مَعِيشَةً ضَنكًا وَنَحْشُرُهُ يَوْمَ الْقِيَامَةِ أَعْمَىٰ

‘എന്റെ ഉദ്‌ബോധനത്തെ വിട്ട് വല്ലവനും തിരിഞ്ഞുകളയുന്നപക്ഷം തീർച്ചയായും അവന്ന് ഇടുങ്ങിയ ഒരു ജീവിതമാണുണ്ടായിരിക്കുക. ഉയിർത്തെഴുന്നേൽപ്പിന്റെ നാളിൽ അവനെ നാം അന്ധനായ നിലയിൽ എഴുന്നേൽപ്പിച്ചുകൊണ്ടുവരുന്നതാണ്.’(20:124)

പ്രവാചകൻ ﷺ പറയുന്നു : ‘നിങ്ങളുടെ അടുക്കൽ നിങ്ങൾ തൃപ്തിപ്പെടുന്ന മതനിഷ്ഠയുള്ളവനും നല്ല സ്വഭാവക്കാരനുമായ ആരെങ്കിലും വിവാഹാന്വേഷണവുമായി വന്നാൽ നിങ്ങൾ അയാൾക്ക് വിവാഹം കഴിച്ചു കൊടുക്കുക. ഇല്ലെങ്കിൽ ഭൂമിയിൽ വ്യാപകമായ ദുരന്തങ്ങളും കുഴപ്പങ്ങളുംഉണ്ടാകുന്നതാണ് ‘ (തിർമുദി).

മേൽപറഞ്ഞ ഹദീസിൽ രണ്ടു കാര്യങ്ങൾ നമുക്ക് കാണാവുന്നതാണ്. ഒന്ന്, മതനിഷ്ഠയുള്ള വ്യക്തി. അതായത് ആരാധനകളുടെ കാര്യത്തിലും മതബോധത്തിന്റെ വിഷയത്തിലും ശ്രദ്ധയുള്ള ആളായിരിക്കണം നമ്മുടെ മകളുടെ ഭർത്താവായി, അല്ലെങ്കിൽ മകന്റെ ഭാര്യയായി നാം തെരഞ്ഞെടുക്കുന്ന വ്യക്തി. എന്നാൽ അതുകൊണ്ട് മാത്രമായില്ല. രണ്ടാമത് പറഞ്ഞ സ്വഭാവഗുണങ്ങൾ, അതും വളരെ പ്രധാനപ്പെട്ടതാണ്. ഒന്നുണ്ടായതുകൊണ്ട് മറ്റേത് ഉണ്ടായിക്കൊള്ളണമെന്നുമില്ല. പള്ളിയിൽ ജമാഅത്തുകൾക്ക് കൃത്യമായി പങ്കെടുക്കുകയും നിർബന്ധ നമസ്‌കാരങ്ങൾക്ക് പുറമെ സുന്നത്ത് നമസ്‌കാരങ്ങളും നിർവഹിക്കുന്ന, നെറ്റിയിൽ വലിയ നിസ്‌കാരത്തഴമ്പുള്ള വ്യക്തിയുമൊക്കെയാണെങ്കിലും സൽസ്വഭാവങ്ങളുടെ കാര്യത്തിൽ അയാൾ മികച്ച ആളായിരിക്കണമെന്നില്ല.

പ്രകടമായി ചെയ്യുന്ന ആരാധനകളും സ്വഭാവ ഗുണങ്ങളും പരസ്പരം പൊരുത്തപ്പെടുന്നതല്ല. അതുകൊണ്ടാണ് നബി ﷺ രണ്ടും എടുത്തു പറഞ്ഞത്. ഒന്നുണ്ടായതുകൊണ്ട് മറ്റൊന്ന് ഉണ്ടാകണമെന്നില്ല. മറിച്ച് രണ്ടും ഒരുപോലെ വേണ്ടതും ദാമ്പത്യ ജീവിതത്തിന്റെ വിജയത്തിന് ഏറെ പ്രധാനപ്പെട്ടതുമാണ്.

അതിനാൽ നിസ്‌കാരവും നോമ്പും ഹജ്ജും ഉംറയും പോലുള്ള ആരാധനാകർമങ്ങളിൽ മാത്രമല്ല സ്വഭാവത്തിന്റെ കാര്യത്തിലും യഥാർഥ വിശ്വാസിയുടെ രീതി പിൻപറ്റുന്ന ഒരുവനെയാണ് (അഥവാ ഒരുവളെയാണ്) തന്റെ സന്താനത്തിന് ഇണയായി തെരഞ്ഞെടുക്കേണ്ടത് എന്ന് സാരം. എങ്കിലേ സുന്ദരമായ ഒരു കുടുംബ ജീവിതത്തിന് അസ്തിവാരമിടാൻ അവർക്ക് സാധിക്കുകയുള്ളൂ.