ഇണകൾക്കു വേണ്ടി പ്രാർഥിക്കുക

ശമീർ മദീനി

2025 ഫെബ്രുവരി 08, 1446 ശഅ്ബാൻ 10

ദാമ്പത്യജീവിതം ഹൃദ്യമാക്കുവാനുള്ള മാർഗങ്ങളിൽ ഒന്നാണ് പടച്ചവനോട് നന്മകൾക്കു വേണ്ടി ദമ്പതിമാർ പരസ്പരം പ്രാർഥിക്കുക എന്നത്. ശ്രേഷ്ഠമായ സമയങ്ങളിലും പ്രാർഥനകൾക്ക് ഉത്തരം കിട്ടാൻ കൂടുതൽ സാധ്യതയുള്ള സന്ദർഭങ്ങളിലുമൊക്കെ ഇത്തരത്തിലുള്ള പ്രാർഥനകൾക്ക് വേണ്ടി ശ്രദ്ധിക്കണം. ഭർത്താവിന്റെ ചില സ്വഭാവങ്ങളും പെരുമാറ്റങ്ങളും ഒരുപക്ഷേ, ഭാര്യയെ വേദനിപ്പിക്കുന്നുണ്ടാവും. അതല്ലെങ്കിൽ ഭർത്താവിന്റെ ശാരീരികവും സാമ്പത്തികവും മാനസികവുമായ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അറിയുന്ന ഭാര്യ അതിന്റെ പേരിൽ വിഷമിക്കുന്നുണ്ടാവും. എന്തുതന്നെയായിരുന്നാലും നമ്മുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും പ്രയാസങ്ങളും പ്രതിസന്ധികളും സങ്കടങ്ങളുമെല്ലാം പടച്ച റബ്ബിനോട് പറഞ്ഞ് ആശ്വാസത്തിനായി പ്രാർഥിക്കാൻ നമുക്ക് കഴിയണം. യാതൊരു കാര്യവും അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം പൂർത്തീകരിച്ചു തരാൻ പ്രയാസമുള്ളതായിട്ടില്ല. അവരുടെ സാന്നിധ്യത്തിലും അസാന്നിധ്യത്തിലും ഉള്ള ഇത്തരം പ്രാർഥനകൾ നമുക്ക് പുണ്യവും പ്രതിഫലവും മറ്റു ധാരാളം നന്മകളും നേടിത്തരും എന്ന കാര്യം നാം ഓർക്കേണ്ടതുണ്ട്.

പരാതികളും പരിഭവങ്ങളും മറ്റുള്ളവരോട് പറയുന്നതിനെക്കാൾ എന്തുകൊണ്ടും നല്ലത് കാരുണ്യവാനായ റബ്ബിനോട് ഹൃദയം തുറന്നു പറയാൻ ശ്രമിക്കലാണ്. ഒരാളുടെ അസാന്നിധ്യത്തിലുള്ള പ്രാർഥനയാണെങ്കിൽ മലക്കുകൾ നമുക്ക് വേണ്ടിയും പ്രാർഥിക്കുമെന്ന് നബിﷺ അറിയിച്ചിട്ടുണ്ട്. ഭർത്താവ് തങ്ങളോട് നല്ലരീതിയിൽ പെരുമാറുവാനും സ്‌നേഹത്തോടെ ഇടപഴകുവാനും ആഗ്രഹിക്കുന്നവരാണല്ലോ ഭാര്യമാർ. അതിനാൽ അക്കാര്യവും പ്രാർഥനയിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. സങ്കടങ്ങൾ മനസ്സിൽ കൂട്ടിവെച്ച് നിരാശയും അസ്വസ്ഥതകളുമായി ജീവിതം കൈപ്പേറിയതാക്കി മാറ്റാൻ ഒരിക്കലും ശ്രമിക്കരുത്. അല്ലാഹുവിലുള്ള പ്രതീക്ഷ ഒരിക്കലും നാം കൈവിടരുത്.

മതപരമായ കാര്യങ്ങളിൽ ഭർത്താവിന് താല്പര്യവും ശ്രദ്ധയും ഉണ്ടാകുവാനും ഒരു നല്ല ഇണ എന്ന നിലയിൽ ഭാര്യ പ്രാർഥിക്കേണ്ടതുണ്ട്. അങ്ങനെ അദ്ദേഹത്തിന്റെ പരലോക രക്ഷയുടെ കാര്യത്തിലും ശ്രദ്ധയും കരുതലും ഉള്ളവളായിരിക്കണം നല്ല ഒരു ഭാര്യ.

അപ്രകാരംതന്നെ ഭർത്താക്കന്മാരും ഭാര്യമാരുടെ സൗഖ്യത്തിനും നന്മകൾക്കും വേണ്ടി പ്രാർഥിക്കണം.

ഇബ്‌റാഹീം നബി(അ)യുടെ പ്രാർഥന കാണുക: “ഞങ്ങളുടെ രക്ഷിതാവേ, എന്റെ സന്തതികളിൽ നിന്ന് (ചിലരെ) കൃഷിയൊന്നും ഇല്ലാത്ത ഒരു താഴ്‌വരയിൽ, നിന്റെ പവിത്രമായ ഭവനത്തിന്റെ (കഅ്ബയുടെ) അടുത്ത് ഞാനിതാ താമസിപ്പിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, അവർ നമസ്‌കാരം മുറപ്രകാരം നിർവഹിക്കുവാൻ വേണ്ടിയാണ് (അങ്ങനെ ചെയ്തത്). അതിനാൽ മനുഷ്യരിൽ ചിലരുടെ മനസ്സുകളെ നീ അവരോട് ചായ്‌വുള്ളതാക്കുകയും അവർക്ക് കായ്കനികളിൽനിന്ന് നീ ഉപജീവനം നൽകുകയും ചെയ്യേണമേ. അവർ നന്ദികാണിച്ചെന്നു വരാം’’(14:37).

ഉത്തമരായ വിശ്വാസികളുടെ പ്രാർഥനയായി ക്വുർആൻ എടുത്തുപറഞ്ഞത് ഇപ്രകാരമാണ്: “ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ ഭാര്യമാരിൽനിന്നും സന്തതികളിൽനിന്നും ഞങ്ങൾക്ക് നീ കൺകുളിർമ നൽകുകയും ധർമനിഷ്ഠ പാലിക്കുന്നവർക്ക് ഞങ്ങളെ നീ മാതൃകയാക്കുകയും ചെയ്യേണമേ എന്ന് പറയുന്നവരുമാകുന്നു അവർ’’ (25:74).