ശിയാ പുടവയണിഞ്ഞ സമസ്ത ആദർശം
മൂസ സ്വലാഹി കാര
2025 ആഗസ്റ്റ് 16, 1447 സഫർ 22

അഹ്‌ലുസ്സുന്നയുടെ നേർപാത വെടിഞ്ഞും ശിയാ ആചാരങ്ങളെ ആലിംഗനം ചെയ്തും മുന്നോട്ടു ഗമിക്കുന്ന സമസ്തയുടെ ആലിമുകൾ ഇന്ന് അനുയായികൾക്കിയിൽ പേടി അടക്കിപ്പിടിച്ച് പരുങ്ങിക്കഴിയേണ്ട ഗതികേടിലാണ്. അവർ പഠിപ്പിക്കുന്ന ശിയാ ആചാരങ്ങൾ ചൂണ്ടിക്കാട്ടി അവർ ‘ശിയാക്കൾ’ ആണെന്ന് തെളിയിക്കപ്പെടുന്നതും അന്ധവിശ്വാസങ്ങൾ കുമിഞ്ഞുകൂടിയ കള്ള ത്വരീഖത്തുകളിൽ തന്നെ ‘വ്യാജന്മാർ’ ഉണ്ടെന്ന് അവർക്ക് പരസ്യമായി പറയേണ്ടി വന്നതുമാണ് നിലവിലെ നൂലാമാലകൾ. എല്ലാ ത്വരീഖത്തുകളുടെയും സംഗമസ്ഥലം ശിയാഇസമാണെന്നും അവയെല്ലാം പിഴച്ചതാണെന്നുമുള്ള അഹ്‌ലുസ്സുന്നയുടെ പ്രാമാണിക നിലപാട് മാത്രമാണ് ശരിയെന്നത് കൂടുതൽ തെളിഞ്ഞു വരികയാണ്.
ശൈഖ് ജീലാനിയുടെ ത്വരിഖത്തിൽ അംഗത്വമെടുത്ത മുഹമ്മദ് ഷാ എന്ന വ്യക്തിയുടെ അധീനത്തിലുള്ള കൊണ്ടോട്ടി ത്വരീഖത്ത് പിടിവിട്ടതാണെന്നും അതിന്റെ അനുയായികൾ പൊള്ളത്തരങ്ങൾ ജൽപിച്ച് ശിയാഇസം പ്രചരിപ്പിക്കുന്നവരാണെന്നും പറഞ്ഞ് സമസ്തയിലെ ‘ചിലർ’ പരിഭ്രമിക്കുന്ന കാഴ്ച കൂടിവരികയാണ്. മുസ്‌ലിയാക്കന്മാരുടെ ആശീർവാദത്തോടെ പുനർജീവൻ നൽകപ്പെട്ട ‘കൊണ്ടോട്ടി നേർച്ച’ എന്ന പേരിലുള്ള ഉത്സവം സമസ്തയിൽ ഉണ്ടാക്കിയ ഒച്ചപ്പാട് ചെറുതൊന്നുമല്ല. ഭൂരിപക്ഷം പുരോഹിതന്മാരും അതിന്റെ തിരിച്ചുവരവിൽ ആനന്ദം കൊള്ളുമ്പോൾ വിരലിലെണ്ണാവുന്നവർ പുറമെ അതിനോട് അസഹ്യത പുലർത്തുകയും അകത്ത് അതിന്റെ വിതണ്ഡവാദങ്ങൾ വിറ്റുകൊണ്ടിരിക്കുകയും ചെയ്യുന്നു. 2025 ജൂൺ, രണ്ടാം ലക്കം സുന്നിവോയ്‌സിൽ എഴുതിയത് കാണുക:
“അവർക്കു മുമ്പേ കൊണ്ടോട്ടി ഫഖീറെന്ന പേരിൽ പ്രസിദ്ധനായ മുഹമ്മദ് ഷാ എന്ന വ്യക്തി ശീഇസത്തിന്റെ വക്താവായി. പലപ്പോഴുമെന്നപോലെ, രാഷ്ട്രീയ ബന്ധങ്ങൾ ഉപയോഗപ്പെടുത്തി അദ്ദേഹവും പിന്നീട് അനുയായികളും ശീഇസത്തിന്റെ അബദ്ധ വിശ്വാസങ്ങൾ സമൂഹത്തിൽ പ്രചരിപ്പിച്ചുവന്നു’’ (പേജ് 5).
“ചരിത്രം സസൂക്ഷമം പരിശോധിച്ചാൽ മുഹമ്മദ് ഷായും അദ്ദേഹത്തിന്റെ ആത്മീയ ഗുരുവും സ്ഥാനീയരായി വന്ന പല മുരീദന്മാരും ശിയാക്കളാണെന്ന് ബോധ്യപ്പെടും’’ (പേജ് 14).
സമസ്തയുടെ വിശ്വാസ, കർമ മേഖലകൾ പരിശോധിക്കപ്പെട്ടാൽ ശിയാഇസത്തിൽ വാർത്തെടുക്കാത്തതതായി വല്ലതും അതിലുണ്ടോ എന്ന് തോന്നിപ്പോകും. വ്യത്യസ്തങ്ങളായ ത്വരീഖത്തുകൾ, പലതരം പോരിശകളുള്ള ജാറങ്ങൾ, ശകുനവാദം, കോലം കെട്ടിയുള്ള ആണ്ടാഘോഷങ്ങൾ... ഇങ്ങനെ വ്യർഥ്യ വേലകൾ നീണ്ട് കിടക്കുമ്പോൾ എങ്ങനെയാണ് കൊണ്ടോട്ടി ത്വരീഖത്ത് മാത്രം ശിയാഇസമാവുക?
‘ശിയാഇസം’ ഇല്ലാത്തതു വച്ചുകെട്ടലോ?
കൊണ്ടോട്ടി ഉത്സവ പശ്ചാത്തലത്തിൽ ഉയർന്ന് വന്നൊരു വാർത്ത വായിക്കാം: “പൂരങ്ങളെ നേർച്ചകളായി പുനരാവിഷ്‌കരിക്കാനുള്ള ശ്രമം അപലപനീയം: സമസ്ത. സാംസ്‌കാരിക ച്യുതികളുടെയും ആഭാസങ്ങളുടെ ആഘോഷമായിരുന്ന നിലച്ചുപോയ ചില പൂരങ്ങളെ നേർച്ചകളായി പുനരാവിഷ്‌കരി ക്കാൻ വഹാബികളുടെ ഹിഡൻ അജൻഡകളോടെ നടക്കുന്ന ശ്രമങ്ങളെ സമസ്ത പണ്ഡിത സംഗമം അപലപിച്ചു. ശീഈ പശ്ചാത്തലത്തിൽ നടന്നിരുന്ന അന്ധവിശ്വാസങ്ങളെ സുന്നീ സമൂഹത്തിന്റെ മേൽ വെച്ചുകെട്ടാൻ വേണ്ടിയുള്ള ഒളിയജൻഡയുടെ ഭാഗമാണീ ശ്രമമെന്ന് സംഗമം വിലയിരുത്തി’’ (സിറാജ് , 2025 മെയ് 18 ഞായർ, പേജ് 8).
ജീർണതകളെ സുഗന്ധപൂരിതമാക്കാൻ ഒരുപക്ഷേ, ഇത്തരം പ്രസ്താവനകൾ കൊണ്ട് സാധിച്ചേക്കാം. സമസ്ത എന്നാൽ കാന്തപുരം എന്നതിൽ മാത്രം പരിമിതപ്പെടുന്നില്ലല്ലോ. ഔദ്യോഗിക വിഭാഗം എന്നറിയപ്പെടുന്ന ഇ.കെ സമസ്തയും ‘സാവിയത്തുസ്സുന്ന’ എന്ന കുരുവട്ടൂരികളും ‘സംസ്ഥാന’ സുന്നികളും കൊണ്ടോട്ടി ഉത്സവത്തിന്റെ എഴുന്നള്ളിപ്പിനെപ്പറ്റി ഇത്തരം അഭിപ്രായ പ്രകടനങ്ങൾ നടത്തുകയോ, അതിനെ എതിർക്കുകയോ ചെയ്തിട്ടില്ല. മുഹമ്മദ് ഷാക്കും പിൻഗാമികൾക്കും ഒത്ത സംരക്ഷണമാണ് അവർ ഒരുക്കിയത്. ആ ഉത്സവത്തിന്റെ പിന്നിലെ രാഷ്ട്രീയ, കച്ചവട താൽപര്യങ്ങളല്ലല്ലോ ഇവിടെ പ്രശ്‌നം. അതിൽ നിറഞ്ഞാടിയ അന്ധവിശ്വാസങ്ങൾ പല നിറങ്ങളിലായി സമസ്തയിൽ ഇപ്പോഴും നിറഞ്ഞ് നിൽക്കുന്നുണ്ട് എന്ന വസ്തുതയാണ് എടുത്തുകാണിക്കുന്നത്. ഉത്സവത്തെ ചുറ്റിപ്പറ്റി മുസ്‌ലിയാക്കന്മാർ നടത്തുന്ന നിലക്കാത്ത അങ്ങാടി ചർച്ചകൾ അഹ്‌ലുസ്സുന്നയുടെ പ്രമാണിക വിമർശനങ്ങൾ കേവല ആരോപണങ്ങളല്ലെന്നതിന്റെ പ്രധാന തെളിവ് കൂടിയാണ്. കൊണ്ടോട്ടി ത്വരീഖത്തിന് കേടുണ്ടെങ്കിൽ സമസ്ത ത്വരീഖത്തുകൾ മൊത്തത്തിൽ കെടുമ്പുള്ളതാണെന്ന് സമൂഹത്തെ തെര്യപ്പെടുത്തേണ്ടതുണ്ട്.
ഈ കുളിമുറിയിൽ എല്ലാവരും നഗ്‌നരാണ്!
മുഹമ്മദ് ഷായുടെ ത്വരീഖത്തിനെ വിമർശിക്കുന്നവർ അതിനെ വ്യജമായി പരിചയപ്പെടുത്തുന്ന വാക്കുകൾ കാണുക: “ആത്മീയതുടെ ഉന്നതങ്ങളിലേക്ക് മനുഷ്യനെ എത്തിക്കുന്ന ത്വരീഖത്തിന്റെ പേരിൽ ധാരാളം കള്ളനാണയങ്ങൾ രംഗത്ത് വരാറുണ്ട്. ഇവ മനുഷ്യനെ അവിശ്വാസത്തിലേക്ക് വരെ എത്തിക്കും. നബിﷺ അല്ലാഹുവിൽനിന്ന് കൊണ്ടുവന്ന ശരീഅത്ത് നിയമങ്ങൾ തങ്ങൾക്ക് ബാധകമല്ലെന്നാണ് ഇത്തരക്കാരുടെ പ്രധാന വാദം. അതിന് വേണ്ടി പ്രമാണങ്ങളെ നിഷ്‌കരുണം ഇവർ വളച്ചൊടിക്കും’’ (സുന്നിവോയ്‌സ്, 2025 ജൂൺ 16-30, പേജ് 8).
“ഇന്നു നാം കാണുന്ന എല്ലാ കള്ള ത്വരീഖത്തുകളും വിശുദ്ധമായ ശരീഅത്തിന്റെ നിയമങ്ങളിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്നവരാണ്. മതം ഹറാമാക്കിയ കാര്യങ്ങൾ പോലും അവർ അനവരതം ചെയ്തു വരുന്നു. ശരീഅത്ത് നിയമം തങ്ങൾക്ക് ബാധകമല്ലെന്നും വാദിക്കുന്നു. ഇത് തീർത്തും പൈശാചികമാണെന്ന് വ്യക്തം’’ (പേജ് 10).
അര വൈദ്യന്മാരായി വിലസുന്നവർ; സമൂഹത്തിൽ വ്യാജ വൈദ്യന്മാരുണ്ട്, അവരെ സൂക്ഷിക്കണമെന്ന് പറയുന്നതിന് സമമാണ് ഇയാളുടെ ഈ വാക്കുകൾ. സ്വിറാത്തുൽ മുസ്തക്വീം വിട്ടകന്നവർക്ക് എങ്ങനെയാണ് യഥാർഥ ആത്മീയത അവകാശപ്പെടാനാവുക? പ്രവാചകന്മാരുടെ ചരിത്രങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് നിർമിത ത്വരീഖത്തുകൾക്ക് നിറം പിടിപ്പിക്കുന്ന ഇവർ അതേ ഗണത്തിലുള്ളവരെ പഴിചാരുന്നതിൽ എന്തർഥമാണുള്ളത്? അല്ലാഹുവിന്റെ കഴിവുകളെ ഭ്രാന്താവസ്ഥയിലെത്തിയ ഇവരുടെ ഔലിയാക്കൾക്ക് വകവെച്ച് കൊടുക്കുന്ന ഇക്കൂട്ടർക്ക് ശരീഅത്തിനോട് വല്ല പ്രതിബദ്ധതയുമുണ്ടോ? നിസ്‌കരിക്കാതെയും നോമ്പ് നോൽക്കാതെയും നടന്നവർ മറവുചെയ്യപ്പെട്ട കേന്ദ്രങ്ങളെ അലങ്കരിച്ച് പരിശുദ്ധമാക്കലാണല്ലോ ഇവരുടെ പ്രധാന പണി.
സമസ്തയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാരുടെ അവതാരികയിൽ ഇറക്കപ്പെട്ട ‘സമസ്ത, ചരിത്രത്തിനൊരു ആമുഖം’ എന്ന പുസ്തകത്തിന്റെ 25-30 വരെ പേജുകളിലെ ചർച്ചാവിഷയം ‘സമസ്ത എതിർത്ത ത്വരീഖത്തുകൾ’ എന്നതാണ്. ആറോളം ത്വരീഖത്തുകളെ സവിസ്തരം പ്രതിപാദിച്ചതിലെവിടെയും കൊണ്ടോട്ടി ത്വരീഖത്തില്ല. അവർ പിഴവിലാണെന്ന് അറിയാത്തവരാണോ ഇ.കെ വിഭാഗം മുസ്‌ലിയാക്കന്മാർ? സമസ്തയിൽ മുക്കാൽ പക്ഷത്തിനും കള്ളമല്ലാത്തത് പ്രബല നിലപാടായി കണക്കാക്കപ്പെടുന്നതെങ്ങനെയാണ്!
എല്ലാ ത്വരീഖത്തുകൾക്കും ‘ഫോർമുല’ ഒന്നുതന്നെ!
‘ശരീഅത്ത്, ത്വരീഖത്ത്, ഹഖീഖത്ത്’ എന്നതാണ് ത്വരീഖത്തുകളെ മതമാക്കാൻ ശീലമാക്കേണ്ട മന്ത്രം. നബിമാരിലുള്ള വിശ്വാസത്തിൽ അതിരുവിട്ടവർ വീർപ്പിച്ചെടുത്ത ‘ഔലിയാക്കൾ സർവം മറന്ന് അല്ലാഹുവിൽ ലയിക്കും’ എന്ന വാദം ഒരിക്കലും ഇസ്‌ലാമികമല്ല. നബിﷺയുടെ ജീവചരിത്രത്തിൽ അത്തരമൊരു അധ്യായമില്ല. സ്വഹാബത്തിൽനിന്നോ ഇന്നുവരെയുള്ള ഇമാമുമാരിൽനിന്നോ നമുക്കത് കാണാനും കഴിയില്ല. മുഹമ്മദ് ഷാ എതിരാളികളും ഈ സൂത്രവാക്യ പാതയിൽ തന്നെയാണുള്ളത്.
“ശരീഅത്തിനെ ലക്ഷ്യസാക്ഷാത്കാരത്തിനു സഞ്ചരിക്കാനുള്ള കപ്പലായും ത്വരീഖത്തിനെ ലക്ഷ്യം അടങ്ങിയ സമുദ്രമായും ഹഖീഖത്തിനെ മുത്തായും പണ്ഡിതന്മാർ വിശദീകരിക്കുന്നു. മുത്ത് ലഭിക്കാൻ ശരീഅത്താകുന്ന കപ്പലിൽ കയറി ത്വരീഖത്താകുന്ന സമുദ്രത്തിലൂടെ യാത്ര ചെയ്ത് സമുദ്രത്തിന്റെ ആഴിയിൽ മുങ്ങിയേ പറ്റൂ. ശരീഅത്ത്, ത്വരീഖത്ത്, ഹഖീഖത്ത് എന്നിവ മൂന്നും പരസ്പരം ബന്ധപ്പെട്ടവവയാണെന്നു സാരം. അപ്പോൾ ആദ്യമായി ശരീഅത്തും പിന്നെ ത്വരീഖത്തും ശേഷം ഹഖീഖത്തുമുണ്ടാവുന്നു’’ (സുന്നിവോയ്‌സ്, 2025 ജൂൺ 1-15, പേജ് 7).
ഹഖീഖത്ത് എന്ന പടിയിലെത്തിയാൽ റബ്ബിനോടുള്ള ‘പ്രേമത്താൽ ഭ്രാന്ത് പിടിച്ചവരായി’ സമസ്തക്കാരുടെ ഔലിയാക്കൾ മാറ്റപ്പെടുമത്രെ!
“എന്നാൽ ഔലിയാഇൽ മജ്ദൂബ്(ദൈവത്തിലേക്ക് വലിക്കപ്പെട്ടവൻ)എന്ന് വിശേഷിപ്പിക്കപ്പെടുന്നവരുണ്ട്. അവർ ആത്മീയ കാരണങ്ങളായ അല്ലാഹുവിനോടുള്ള പ്രേമത്താലാണ് ഭ്രാന്തുള്ളവരായി തീരുന്നത്. അല്ലാഹുവിൽ ലയിച്ചതിന്റെ ഫലമായി ബോധം നഷ്ടപ്പെടുന്നവരാണ് അവർ. ഇത്തരക്കാർക്ക് ശരീഅത്ത് നിയമങ്ങൾ ബാധകമല്ല. ഭ്രാന്തുള്ള ഒരു സാധാരണ മുസ്‌ലിമിന് ശരീഅത്ത് ബാധകമല്ലാത്തത് പോലെത്തന്നെ’’ (ഔലിയാഇൽ രാജകിളി, പേജ് 80,81).
ശിയാക്കളുടെ അതിവാദവും സമസ്തയുടെ കൈയൊപ്പും
നബിﷺ അടക്കം അഞ്ച് പേരുടെ കാര്യത്തിൽ വളരെ തെറ്റായ സങ്കൽപ്പമാണ് ശിയാക്കൾക്കുള്ളത്. ‘അഅ്‌ലുൽ അബാഈ വൽ കിസാഈ’ എന്ന നിലയ്ക്ക് അവരെ കാണുകയും ദുരിതങ്ങൾ തീർന്ന് കിട്ടാൻ ഓരോരുത്തരെയായി വിളിക്കുകയും ചെയ്യുന്നു. സമസ്തക്കാർ കാലങ്ങളായി ഈ ആശയം പുൽകിപ്പോന്നിട്ടും ഇപ്പോൾ കൊണ്ടോട്ടി ത്വരീഖത്തിനെ പിഴച്ചതാക്കാൻ ഇതും കാരണമാക്കുന്നു.
“ഖേദകരമെന്ന് പറയട്ടെ, കൊണ്ടോട്ടി നേർച്ചക്കാരിൽ ശിയാവിശ്വാസക്കാർ പൂർണമായും അവസാനിച്ചുവെന്ന് പലരും ആശ്വാസം കൊള്ളുമ്പോഴും ഇക്കഴിഞ്ഞ നേർച്ചയിലും യാ മുഹമ്മദ്, യാ അലി, യാ ഫാത്വിമ, യാ ഹസൻ, യാ ഹുസൈൻ ബാനറുകളും പതാകയും ഉയർത്തി ശിയാക്കളുടെ വഴി പിഴച്ച മുഹർറം ആചരണത്തിന്റെ നേർക്കാഴ്ച്ചയായി മാറിയതിനും നാട് സാക്ഷിയായി’’ (സുന്നിവോയ്‌സ്, പേജ് 19).
ബാനറുകളിൽ കണ്ട ഈ ശിർക്കൻ പ്രയോഗങ്ങൾ സമസ്തയുടെ പല ഗ്രന്ഥങ്ങളിലും പ്രഭാഷണങ്ങളിലും കാണാവുന്നതാണെന്ന കാര്യം ഇവർ മറന്നുപോകുന്നു! ‘നേർപഥം’ 2025 മെയ് അവസാന ലക്കത്തിൽ ‘കൊണ്ടോട്ടിയിലെ ശിയാ ഉത്സവം പുനരാനയിക്കപ്പെടുമ്പോൾ’ എന്ന ലേഖനത്തിൽ ഏതാനും അനിഷേധ്യ രേഖകൾ കാണിച്ചിരുന്നു. ചിലത് കൂടി അതിലേക്ക് ചേർക്കാം.
അബ്ദുൽ ബസ്വീർ സഖാഫി കാന്തപുരത്തിന്റെ അവതാരികയോടെ എഴുതിയ മടവൂർ മൗലിദിലും ഓരോ മാസവും നടത്തപ്പെടുന്ന കാന്തപുരത്തിന്റെ അനുമതിയുള്ള മഹ്‌ളറത്തുൽ ബദ്‌രിയ്യയിലും ഈ വിശ്വാസമുണ്ട്. ജമാദുൽ ഊലാ മാസം കൂടുതൽ ഓതാൻ സമസ്ത കൽപിക്കുന്ന രിഫാഈ മൗലിദിലും ഇത് കാണാവുന്നതാണ്. ശിയാക്കൾ കരിദിനമായി കാണുന്ന മുഹർറം പത്തിനെയും മുസ്‌ലിയാക്കന്മാർ പ്രത്യേക ദിനമായി ബഹുമാനിക്കുന്നു. പൊന്മള മുസ്‌ലിയാരും ഖലീൽ ബുഖാരിയും അവതാരിക കൊടുത്ത അബ്ദുൽ ഹഖീം സഅദിയുടെ ഇരുലോക വിജയം എന്ന പുസ്തകത്തിൽ ഇപ്രകാരം കാണാം:
“സന്തോഷകരമായ നിരവധി സംഭവങ്ങൾക്ക് പുറമെ ദുഃഖകരമായ ഒരു സംഭവത്തിനും ആശൂറാ ദിനം സാക്ഷിയായിട്ടുണ്ട്. തിരുനബിﷺയുടെ പൗത്രനും അഹ്‌ലുബൈത്തിന്റെ നേതാവുമായ സയ്യിദുനാ ഹുസൈൻ(റ) കർബലയിൽ രക്തസാക്ഷിയായത് ഒരു മുഹർറം പത്തിനായിരുന്നു. അവരുടെ ആണ്ട് ദിനം കൂടിയാണ് ആശൂറാ ദിവസമെന്ന് ചുരുക്കം’’ (പേജ് 428).
മതത്തെ മറയാക്കി പുരോഹിതന്മാർ പുതച്ചിരിക്കുന്നത് ശിയാ പുടവ തന്നെയാണ്. ഭൗതിക ലാഭത്തിനായി ചിലരിലേക്ക് അത് ചേർത്ത് നിഷ്‌കളങ്കത ചമയുന്നത് കുതന്ത്രം മാത്രമാണ്. ജൂത- ക്രൈസ്തവർക്ക് ക്വുർആൻ നൽകിയ താക്കീത് കാണുക: “പറയുക: വേദക്കാരേ, സത്യത്തിനെതിരായി ക്കൊണ്ട് നിങ്ങളുടെ മതകാര്യത്തിൽ നിങ്ങൾ അതിരുകവിയരുത്. മുമ്പേ പിഴച്ച് പോകുകയും ധാരാളം പേരെ വഴിപിഴപ്പിക്കുകയും നേർമാർഗത്തിൽനിന്ന് തെറ്റിപ്പോകുകയും ചെയ്ത ഒരു ജനവിഭാഗത്തിന്റെ തന്നിഷ്ടങ്ങളെ നിങ്ങൾ പിൻപറ്റുകയും ചെയ്യരുത്’’ (5:77).

