ഹദീസ് നിഷേധവും ശബാബിന്റെ വിലാപവും

മൂസ സ്വലാഹി കാര

2025 നവംബർ 01, 1447 ജമാദുൽ അവ്വൽ 10

തങ്ങളുടെ വികലചിന്തകൾ സ്ഥാപിക്കുവാനായി വിശുദ്ധ ക്വുർആൻ സൂക്തങ്ങളെ സ്വന്തമായി വ്യാഖ്യാനിക്കുകയും സ്വഹീഹായ ഹദീസുകളെ പോലും തങ്ങളുടെ ചിന്തക്കും യുക്തിക്കും ഉൾകൊള്ളാൻ പറ്റാത്തതിനാൽ നിഷേധിക്കുകയും ചെയ്യുന്ന വിഭാഗമാണ് കെ.എൻ.എം മർക്കസുദ്ദഅ്‌വക്കാർ എന്നത് കേവലം ആരോപണമല്ല; വസ്തുതയാണ്. ഇതിൽ വ്യസനം പൂണ്ട് ശബാബ് എഴുതിയത് കാണുക:

“ഇസ്‌ലാമിക പ്രബോധന രംഗത്ത് ചിലർ മറ്റു ചിലരെ ഹദീസ് നിഷേധിയെന്നും ചേകനൂരിയെന്നും മുഅ്തസിലിയെന്നും ഖവാരിജ് എന്നും മറ്റും ആരോപിച്ചുകൊണ്ടിരിക്കുന്നതായി കേൾക്കുന്നു. ഞങ്ങൾ ഇതൊന്നുമല്ല, യഥാർത്ഥ ഇസ്‌ലാമിക പ്രമാണങ്ങൾ അവലംബിക്കുന്നവരാണെന്നും നിങ്ങൾ പറയുന്ന വിഭാഗങ്ങളോടെല്ലാം തെളിവു നിരത്തി നേരിടുന്ന സത്യത്തിന്റെ ആളുകളാണെന്നും അറിയിച്ചിട്ടും ആരോപകർ പിൻമാറുന്നില്ലെന്ന് മാത്രമല്ല, ധിക്കാരപരമായ സമീപനം സ്വീകരിക്കുന്നു. ആകയാൽ ദഅ്‌വത്ത് സംരംഭങ്ങളെ താഴ്ത്തിക്കെട്ടാൻ അതെല്ലാം വഴിയൊരുക്കിയിരിക്കുകയാണ്. ഈയൊരു പശ്ചാത്തലത്തിൽ എന്താണ് ഹദീസ് നിഷേധമെന്നും ആരാണ് വഴിതെറ്റിയവരെന്നും ആർക്കൊക്കെയാണ് ഭ്രംശം സംഭവിച്ചിട്ടുള്ളതെന്നും ആലോചിക്കേണ്ടതുണ്ട്’’ (ശബാബ്/2025 ആഗസ്റ്റ് 29/പേജ് 22).

തങ്ങൾക്കെതിരിലുള്ള ആരോപണമാണിതെന്നു തുറന്നു പറയാതെ ‘ചിലരെ’ക്കുറിച്ച് എന്നു സൂചിപ്പിച്ചാണ് മറുപടി പറയുന്നത്. ഏതായാലും കേവലം ആരോപണമാണോ എന്ന് നമുക്കൊന്ന് പരിശോധിക്കാം.

ഹിജ്‌റ രണ്ടാം വർഷാരംഭത്തിൽ മുളച്ചുപൊന്തിയ മുഅ്തസിലിയാക്കൾ മതത്തിന്റെ വിശ്വാസത്തിനും അടിസ്ഥാന പ്രമാണങ്ങൾക്കും പ്രശ്‌നമുണ്ടെന്നാണ് ആദ്യം ജൽപിച്ചത്. പിന്നീടവർ സ്വഹാബത്തിന്റെയും താബിഉകളുടെയും വിശ്വാസ്യതയെയും നീതിബോധത്തെയും ചോദ്യം ചെയ്തു. ഹദീസുകളിൽ ക്വുർആനിന് വിരുദ്ധമായതും ബുദ്ധിക്ക് നിരക്കാത്തതുമുണ്ടെന്ന വിചിത്ര വാദങ്ങളിലേക്കവർ ചേക്കേറി. ഒടുവിൽ, പ്രമാണ നിഷേധത്തിന്റെ പുകയുന്ന പ്രതീകങ്ങളായി ചരിത്രത്തിൽ അവർ അവശേഷിക്കുകയും ചെയ്തു.

മർക്കസുദ്ദഅ്‌വയുടെ ഇതുവരെയുള്ള യാത്ര പരിശോധിച്ചാൽ ക്വുർആനിന് എതിരാണ്, ബുദ്ധിക്ക് നിരക്കാത്തതാണ് എന്നൊക്കെ പറഞ്ഞ് പ്രബലമായ എത്രയോ ഹദീസുകളെ അവർ പരിഹസിച്ചതും നിഷേധിച്ചതും കാണാൻ കഴിയും. ഒരു ഹദീസ് സ്വഹീഹ് ആകാൻ ഇങ്ങനെയുള്ള രണ്ട് നിബന്ധകൾ ഹദീസ് പണ്ഡിതന്മാർ സ്വീകരിച്ചിട്ടുണ്ടോ?

സംസം വെള്ളം, ക്വബ്ർ ശിക്ഷ, അല്ലാഹുവിന്റെ ഇറക്കം, അജ്‌വ കാരക്കയുടെ ശ്രേഷ്ഠത, മസീഹുദ്ദജ്ജാൽ, സിഹ്ർ ബാധ, നമസ്‌കാരത്തിൽ സ്വഫ്ഫ് ശരിപ്പെടുത്തൽ, ഇസ്‌ലാം അനുവദിച്ച മന്ത്രം എന്നിങ്ങനെ സ്ഥിരപ്പെട്ട ഹദീസുകളിൽ വന്നവയെ നിഷേധിച്ചത് ചില ഉദാഹരണങ്ങൾ മാത്രം.

പ്രവാചകൻ പറഞ്ഞതായി സ്ഥിരപ്പെട്ട ഒരു കാര്യത്തെ തങ്ങളുടെ ബുദ്ധിക്കും യുക്തിക്കും നിരക്കാത്തതിനാൽ പരിഹസിക്കുന്നത് പ്രവാചകനെത്തന്നെ പരിഹസിക്കുന്നതിനു തുല്യമാണെന്ന് ഇവർ തിരിച്ചറിയാതെ പോകുന്നു. അല്ലാഹു പറയുന്നു: “പരിഹാസക്കാരിൽനിന്ന് നിന്നെ സംരക്ഷിക്കാൻ തീർച്ചയായും നാം മതിയായിരിക്കുന്നു’’ (15:95).

ശൈഖ് നാസ്വിറുസ്സഅദി(റഹി) ഇതിന്റെ വിശദീകരണത്തിൽ പറയുന്നു: “അല്ലാഹു തന്റെ ദൂതന് നൽകിയ വാഗ്ദാനമാണിത്. അതായത് പരിഹസിക്കുന്നവരെക്കൊണ്ട് യാതൊരു ഉപദ്രവവും അദ്ദേഹത്തിനുണ്ടാകില്ല, അല്ലാഹു അവർക്കെതിരെ അവൻ ഉദ്ദേശിക്കുന്ന ഏത് ശിക്ഷയും നടപ്പിലാക്കുന്നത് അദ്ദേഹത്തിന് മതിയാകും. അല്ലാഹുവിന്റെ ദൂതനെയും അദ്ദേഹം കൊണ്ടുവന്നതിനെയും പരസ്യമായി പരിഹസിച്ച ആരെയും അല്ലാഹു ഏറ്റവും മോശമായ രീതിയിൽ നശിപ്പിക്കാതിരുന്നിട്ടില്ല’’ (തഫ്‌സീറുസ്സഅദി)

താൻ കുഴിച്ച കുഴിയിൽ താൻതന്നെ വീഴുന്നു

തങ്ങളെ വെറുതെ ഹദീസ് നിഷേധികളായി മുദ്രകുത്തുകയാണെന്നു സമർഥിക്കാനായി എഴുതിയ ലേഖനത്തിൽതന്നെ നിഷേധം പ്രകടമാണെന്നതാണ് ഏറെ രസകരം. സ്വഹാബത്തിന്റെ കാലം മുതൽക്കേ ശ്രദ്ധിച്ചുവന്ന ഹദീസ് സംരക്ഷണത്തിലും ക്രോഡീകരണത്തിലും സംശയം ജനിപ്പിച്ച് ഹദീസുകളെ പ്രമാണ പദവിയിൽനിന്ന് താഴ്ത്തിക്കാണിക്കാൻ ലേഖകൻ പയറ്റിയ തന്ത്രം കാണുക:

“നബിചര്യകൾ നഷ്ടപ്പെടാതെ ക്രോഡീകരിച്ചു കാത്തുവെക്കാൻ അനിവാര്യമായ ആലോചനകൾക്ക് മഹാനായ ഖലീഫ ഉമറുബ്‌നുൽ അബ്ദിൽ അസീസ്(റ) തുടക്കവും പ്രചോദനവുമായി അവതരിച്ചു. അനേകം കൂടിയാലോചനകൾ നടന്നു. നബിചര്യകളുടെ ശേഖരണവും ക്രോഡീകരണവും സജീവമായി. വിശുദ്ധ ഖുർആൻ പോലെ ക്രോ

ഡീകൃതമല്ലായിരുന്ന നബിവചനങ്ങൾ കൃത്യമായി നബിയിലേക്ക് ചേർത്തു പറയാൻ പറ്റുന്ന വിധം ഉറപ്പുവരുത്തൽ അതീവ ശ്രമകരമായിരുന്നു. ശേഖരിച്ച മുഴുവനും ഒറ്റയടിക്ക് പ്രവാചകനിലേക്ക് ചേർത്തുപറയാൻ കഴിയാത്തതിനാൽ ഹദീസുകൾക്ക് അളവുകോലും നിദാനശാസ്ത്രവും രൂപപ്പെടുത്തി’’ (പേജ് 24).

ഇവരുടെ ഈ വീക്ഷണ പ്രകാരം ‘ഇന്ന് ഞാൻ നിങ്ങൾക്ക് നിങ്ങളുടെ മതം പൂർത്തിയാക്കി തന്നിരിക്കുന്നു’ എന്ന അല്ലാഹുവിന്റെ അറിയിപ്പും ‘ഞാൻ നിങ്ങൾക്ക് എത്തിച്ച് തന്നില്ലയോ’ എന്ന നബിﷺയുടെ ചോദ്യവും ക്വുർആനിലൂടെ കിട്ടിയതിനെ കുറിച്ച് മാത്രമായിരിക്കുമോ?

നബിﷺയിൽനിന്ന് ഹദീസുകൾ കേൾക്കുന്നതിനും അവ മനഃപാഠമാക്കുന്നതിനും അതെല്ലാം രേഖപ്പെടുത്തി വെക്കുന്നതിനും സ്വഹാബത്ത് നടത്തിയ പരിശ്രമവും ഇവർ കാണാതെ പോകുന്നു. അബൂബക്കർ(റ), അലി(റ), അബ്ദുല്ലാഹിബ്‌നു അംറുബ്‌നുൽ ആസ്വ്(റ), അബ്ദുല്ലാഹിബ്‌നു അബീ ഔഫ്(റ), അബൂ മൂസൽഅശ്അരി(റ), ജാബിറുബ്‌നു അബ്ദില്ല(റ), അബൂഹുറയ്‌റ(റ) എന്നിവർ ഹദീസുകൾ എഴുതി വെച്ച പ്രസിദ്ധമായ ഹദീസ് സംരക്ഷണ ഏടുകളുണ്ട്. സ്വഹാബികൾ പരസ്പരം ഹദീസുകൾ കൈമാറുമ്പോൾ കളവിന് സാധ്യതയില്ലാത്തതിനാൽ ഈ ഹദീസ് ആരിൽനിന്ന് എന്ന ചോദ്യമുയർന്നിരുന്നില്ല.

എന്നാൽ കപടന്മാർ മുഖേനയുള്ള കുഴപ്പം വ്യാപകമായപ്പോൾ, അത്തരക്കാരുടെ വാക്കുകൾ ഹദീസുകളിൽ കടന്നുകൂടാതിരിക്കാൻ താബിഉകളുടെ കാലം തൊട്ട് ഇത്തരം ചോദ്യങ്ങളും റിപ്പോർട്ടർ മാരെ കുറിച്ചുള്ള അന്വേഷണങ്ങളും വന്നുതുടങ്ങി. ഇബ്‌നു ശിഹാബ് അസ്സുഹ്‌രി(റഹി)യും ഉമറുബ്‌നു അബ്ദിൽ അസീസും(റഹി) ആ സാഹചര്യത്തിൽ ഹദീസ് സംരക്ഷണത്തിനായി നടത്തിയ സേവനങ്ങൾ ഏറെ സ്തുത്യർഹമാണ്. സഈദുബ്‌നു ജുബൈർ(റഹി), മുജാഹിദുബ്‌നു ജബ്ർ(റഹി), സൈദ്ബ്‌നു ഉബയ്യ്(റഹി), ഹിശാമുബ്‌നു ഉർവ(റഹി), അയ്യൂബുബ്‌നു ഉബൈയ്യ്(റഹി) തുടങ്ങിയവരുടെ ക്രോഡീകരണങ്ങളും അക്കാലത്തെ പ്രധാനപ്പെട്ട ചിലതാണ്.

അല്ലാഹു പറയുന്നു: “നിനക്ക് നാം ഉൽബോധനം അവതരിപ്പിച്ചു തന്നിരിക്കുന്നു; ജനങ്ങൾക്കായി അവതരിപ്പിക്കപ്പെട്ടത് നീ അവർക്ക് വിവരിച്ചുകൊടുക്കാൻ വേണ്ടിയും അവർ ചിന്തിക്കാൻ വേണ്ടിയും’’ (ക്വുർആൻ 16:44). അല്ലാഹു പറഞ്ഞതുപൊലെ നബിﷺ ജനങ്ങൾക്കു വിവരിച്ചുകൊടുത്തു. ആ വിവരണം മതത്തിന്റെ കാര്യമാണല്ലോ. അപ്പോൾ അത് സംരക്ഷിക്കപ്പെടണം. സംരക്ഷിക്കപ്പെടുകതന്നെ ചെയ്തു. അതാണ് ഹദീസുകൾ.

ഹദീസുകളെക്കുറിച്ച് വിശ്വാസികളുടെ മനസ്സിൽ സംശയമുണ്ടാക്കുന്ന വിധത്തിൽ ശബാബ് ലേഖകൻ എഴുതുന്നത് കാണുക:

“1920കളിലും 1940കളിലും സംഭവിച്ചതായി നാം മനസ്സിലാക്കുന്ന പല ചരിത്ര സംഭവങ്ങൾ പോലും എത്രമാത്രം വികലമായ രൂപത്തിലാണ് ലഭിച്ചിട്ടുള്ളത്

എന്നിരിക്കെ 1400-1500 വർഷം പഴക്കമുള്ള ചരിത്രങ്ങൾ കൈമാറുന്ന ഘട്ടത്തിൽ എന്തെല്ലാം സംഭവിക്കാനിടയുണ്ട്’’ (പേജ് 25).

മത പ്രമാണങ്ങളെ അല്ലാഹു സംരക്ഷിക്കുമെന്ന ബോധ്യമുണ്ടെങ്കിൽ ഇങ്ങനെയൊരു താരതമ്യം നടത്തുവാൻ മുതിരുമോ? ഇന്ത്യൻ സ്വതന്ത്ര്യ സമരവും ലോക മഹായുദ്ധങ്ങളും പോലുള്ള ചരിത്രമായിട്ടാണോ ഇവർ മതപ്രമാണത്തെ കണക്കാക്കിയിരിക്കുന്നത്?

ഹദീസുകൾ പറ്റുമോ ഇല്ലയോ എന്നതിന് ലേഖകൻ മാനദണ്ഡമാക്കിയതിൽനിന്ന് ഒരു ഭാഗം വായിക്കാം:

“പ്രവാചകന്റെ മഹത്വത്തിന് നിരക്കാത്തത് ഉദ്ധരിക്കപ്പെടുക. ധാരാളം രിവായത്തുകൾ ഈ ഇനത്തിൽ ഹദീസ് ഗ്രന്ഥങ്ങളിൽ കാണാം. സിഹ്‌റ് സംബന്ധമായത് ഇതിൽപ്പെടും’’ (പേജ് 26).

നബിﷺക്ക് സിഹ്ർ ബാധിച്ചു എന്നു പറഞ്ഞത് അദ്ദേഹം തന്നെയാണ്. ആഇശ(റ)യിൽനിന്ന് താബിഇയായ ഹിശാം ഇബ്‌നു ഉറവയിലൂടെ ഇമാം ബുഖാരി(റഹി), മുസ്‌ലിം(റഹി) എന്നിവർ ഉദ്ധരിച്ചതാണ് ആ സംഭവം. സ്വഹാബത്ത് മുതൽ ഇന്നുവരെ അഹ്‌ലുസ്സുന്നയുടെ ധാരയിൽപ്പെട്ട ആർക്കും ഇതിനെ അന്ധവിശ്വാസമായും നബിﷺയുടെ മഹത്ത്വത്തിന് യോജിക്കാത്തതായും തോന്നിയിട്ടില്ല.

ലേഖകൻ തുടരുന്നു:

“ഖുർആൻ പൂർണമായി മനസ്സിലാക്കാൻ ഹദീസുകളുടെ ആവശ്യമില്ലെന്ന ചിന്താഗതിയാൽ ഒഴിവാക്കുന്നതാണ് ഹദീസ് നിഷേധം. ക്രോഡീകരിക്കപ്പെട്ട എല്ലാ ഹദീസുകളും വഹ്‌യായി ലഭിച്ചതല്ല. മുഹദ്ദിസുകൾ ശേഖരിച്ച് ക്രോഡീകരിച്ച് കൊണ്ടിരിക്കുമ്പോൾ തന്നെ അവരുടെ വകയായി അനേകം ഹദീസുകൾ ഗ്രന്ഥങ്ങളിൽ ചേർക്കാതെ ഒഴിവാക്കിയിട്ടുണ്ടെന്നതാണ് പരാമർത്ഥം. മുഹദ്ദിസുകൾ ആരും പ്രവാചകന്മാരെപ്പോലെ പാപസുരക്ഷിതരുമല്ല. ചുരുക്കത്തിൽ, ആരെയെങ്കിലും ഹദീസ് നിഷേധികളെന്ന് അനാവശ്യമായി ആരോപിക്കുന്നത് ശരിയല്ല’’ (പേജ് 26).

ക്വുർആൻ മനസ്സിലാക്കാൻ ഹദീസുകൾ വേണ്ടെന്ന നിലപാടു മാത്രമാണ് ഹദീസ് നിഷേധമെന്നത് നിഷേധികളുടെ നിർവചനമാണ്. ഇമാമുമാരിൽ ഒരാളും സ്വഹീഹായ ഹദീസുകൾ അംഗീകരിക്കാത്തവരല്ല. ഓരോരുത്തരും അവരുടെ നിബന്ധനകൾക്കും പരിജ്ഞാനത്തിനുമനുസരിച്ച് അവരുടെ ഗ്രന്ഥങ്ങളിൽ ചില ഹദീസുകൾ മാത്രം ഉൾപ്പെടുത്തിയതിനെ ഇസ്‌ലാമിക ലോകത്താരും ഹദീസ് നിഷേധമായി ചൂണ്ടിക്കാണിച്ചിട്ടില്ല.

ബുദ്ധിക്ക് യോജിക്കാത്തതോ?

നിഷേധം ആരോപിക്കുന്നു എന്ന് പറഞ്ഞ ഈ ശബാബിന്റെ മുൻ ലക്കത്തിൽ ഹദീസ് നിഷേധം ജോലിയാക്കി മാറ്റിയ ഒരു വ്യക്തി എഴുതിയ ‘ഇസ്‌ലാമിൽ ബുദ്ധിയുടെ സ്ഥാനം’ എന്ന ലേഖനത്തിലും ഹദീസ് നിരാകരണം ഒഴുകുന്നതായി കാണാം.

“ചില ഹദീസുകളെ സംബന്ധിച്ച് അവ മനുഷ്യന്റെ സാമാന്യബുദ്ധിക്ക് വിരുദ്ധമാണ് എന്ന് ഹദീസ് പണ്ഡിതന്മാർ പ്രസ്താവിച്ചിട്ടുണ്ട്. ഒരു ഹദീസിൽ ഇങ്ങനെ കാണാം. നബിﷺ പ്രസ്താവിച്ചതായി ഇബ്‌നു ഉമർ(റ) പറഞ്ഞു: ‘നരകക്കാർ നരകത്തിലും സ്വർഗക്കാർ സ്വർഗത്തിലും പ്രവേശിപ്പിക്കപ്പെട്ടു കഴിഞ്ഞാൽ അല്ലാഹു മരണത്തെ കൊണ്ടുവരും. അങ്ങനെ അതിനെ നരകത്തിന്റെയും സ്വർഗത്തിന്റെയും ഇടയിലാക്കി; പിന്നീട് മരണത്തെ അറുക്കപ്പെടും’’ (ശബാബ്/2025 സെപ്തംബർ 19/പേജ് 33).

ഇമാം ബുഖാരി(റ) ഉദ്ധരിച്ച ഏറെ പ്രബലമായ ഹദീസാണിത്. സ്വർഗത്തിൽ കടന്നവർക്ക് സന്തോഷത്തിന്മേൽ സന്തോഷം കൂടുന്നതിനും നരകത്തിൽ കടന്നവർക്ക് സങ്കടത്തിന്മേൽ സങ്കടം അധികരിക്കുന്നതിനും ഇരുവിഭാഗവും വിധിക്കപ്പെട്ടതിൽ ശാശ്വതരാണെന്ന് തുറന്നുകാണിച്ച് കൊടുക്കുന്നതിനുമാണ് മരണത്തെ അറുക്കുക എന്നത് അല്ലാഹു കണക്കാക്കിയത്.

നേരിട്ട് ഈ ഹദീസിനെ തള്ളാൻ കഴിയാത്തതുകൊണ്ട് ആദ്യമായി ഇതിനെ തള്ളിയ മുഅ്തസിലിയാക്കളെ ശബാബ് ലേഖകൻ കൂട്ടുപിടിക്കുന്നത് കാണുക:

“ഈ ഹദീസിനെ കുറിച്ച് ഖാദി അബുബകറുബ്നുൽ അറബി പ്രസ്താവിച്ചതായി ഇബ്‌നു ഹജർ പറയുന്നു: ഈ ഹദീസ് സാമാന്യ ബുദ്ധിക്ക് വിരുദ്ധമാണോ എന്ന നിലയിൽ ഖാദി അബൂബക്കറുബ്‌നുൽ അറബി സംശയം പ്രകടിപ്പിച്ചിട്ടുണ്ട്’’ (പേജ് 33,34).

‘ഈ ഹദീസ് ബുദ്ധിക്ക് എതിരാണെന്ന നിലയ്ക്ക് സംശയം ഉണ്ടാക്കിയിട്ടുണ്ട്’എന്ന് മുഅ്തസിലിയാക്കൾ ചെയ്ത കാര്യം ഇമാം ഖാദി എടുത്ത് പറഞ്ഞതിനെ അദ്ദേഹത്തിന്റെ വാദമാക്കി ലേഖകൻ മറിച്ചിട്ടത് വല്ലാത്തൊരു അക്രമം തന്നെ!

വിശുദ്ധ ക്വുർആൻ ക്വുർആനിനെപറ്റിയും അല്ലാഹുവിന്റെ വ്യത്യസ്ത സൃഷ്ടികളെ പറ്റിയും പ്രകൃതി പ്രതിഭാസങ്ങളെയുമൊക്കെ പറ്റി ചിന്തിക്കുവാൻ ആഹ്വാനം ചെയ്യുന്നുണ്ട്. അത് ചൂണ്ടിക്കാട്ടി മതപരമായ എല്ലാ കാര്യങ്ങളും ബുദ്ധിക്ക് യോജിക്കുന്നതാണോ എന്ന് നോക്കി തള്ളാനും കൊള്ളാനും മതം പഠിപ്പിക്കുന്നില്ല. ശബാബ് ലേഖകൻ എഴുതുന്നു:

“വിശുദ്ധ ഖുർആനിൽ നൂറു കണക്കിന് വചനങ്ങൾ ചിന്തിക്കാൻ ആഹ്വാനം നൽകുന്നുണ്ട്. അൽ ബഖറ 164, ആലു ഇംറാൻ 190,192 എന്നീ വചനങ്ങളിൽ സ്രഷ്ടാവായ അല്ലാഹുവെക്കുറിച്ച് മനസ്സിലാക്കു ന്നതുപോലും സൃഷ്ടികളെക്കുറിച്ച് ചിന്തിച്ചുകൊണ്ടും ബുദ്ധി ഉപയോഗിച്ചുകൊണ്ടും ആയിരിക്കണമെന്ന് ആഹ്വാനം ചെയ്യുന്നുണ്ട്’’ (പേജ് 34).

ഇതൊക്കെ തങ്ങളുടെ തലതിരിഞ്ഞ വാദങ്ങൾ പ്രാമാണികമാണെന്ന് വരുത്താനുള്ള പാഴ്ശ്രമങ്ങൾ മാത്രമാണ്. ഇവരെക്കുറിച്ചുള്ള പ്രമാണ നിഷേധ ആരോപണങ്ങൾ വസ്തുതാപരമാണെന്ന് ഇതിൽനിന്നെല്ലാം മനസ്സിലാക്കാം. മതത്തെ തെറ്റായി അവതരിപ്പിക്കുന്നതിനെ എതിർക്കൽ പ്രബോധകരുടെ ബാധ്യതയായതുകൊണ്ടാണ് ഇവരുടെ ഇത്തരം വാദങ്ങളെ നാം തുറന്നുകാട്ടുന്നത്.

ക്വുർആൻ പറയുന്നു: “നൻമയിലേക്ക് ക്ഷണിക്കുകയും സദാചാരം കൽപിക്കുകയും ദുരാചാരത്തിൽ നിന്ന് വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളിൽനിന്ന് ഉണ്ടായിരിക്കട്ടെ. അവരത്രെ വിജയികൾ’’ (3:104).