ജമാഅത്തെ ഇസ്‌ലാമി പ്രമാണങ്ങൾക്കൊപ്പമോ?

മൂസ സ്വലാഹി കാര

2025 ജൂലൈ 19, 1447 മുഹറം 23

പ്രമാണങ്ങളിലൂന്നിയുള്ള പ്രവർത്തനങ്ങളുമായി സമൂഹത്തിൽ നിലകൊള്ളുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി എന്ന പ്രചാരണം നേതാക്കളിൽനിന്നും അതിന്റെ സംവിധാനങ്ങൾ വഴിയും വല്ലാതെ വർധിച്ചതായി കാണപ്പെടുന്നു. മതവിഷയങ്ങളിൽ പലതിനോടും പുച്ഛമനോഭാവവും പരിഹാസവും വെച്ചുപുലർത്തുന്ന ഇവർ വാസ്തവം മറച്ചുവെച്ചുകൊണ്ട് ‘വിശുദ്ധി’ ചമയുകയാണ് ചെയ്യുന്നത്. ജമാഅത്തിന്റെ ആശയ ഉപജ്ഞാതാവ് മൗദൂദി നടത്തിയ പ്രമാണ വക്രീകരണത്തെ അതേപടി അനുവർത്തിക്കുന്ന ഇക്കൂട്ടർ തെളിവുകളുടെ നേർവക്താക്കളാകുന്നതെങ്ങനെയാണ്? പ്രമാണ സമീപനം എങ്ങനെയാകണമെന്ന് അല്ലാഹു പറയുന്നു: “നിങ്ങളുടെ രക്ഷിതാവിങ്കൽനിന്ന് നിങ്ങൾക്കിതാ കണ്ണുതുറപ്പിക്കുന്ന തെളിവുകൾ വന്നെത്തിയിരിക്കുന്നു. വല്ലവനും അത് കണ്ടറിഞ്ഞാൽ അതിന്റെ ഗുണം അവന്ന് തന്നെയാണ്. വല്ലവനും അന്ധത കൈക്കൊണ്ടാൽ അതിന്റെ ദോഷവും അവന്നു തന്നെ. ഞാൻ നിങ്ങളുടെ മേൽ ഒരു കാവൽക്കാരനൊന്നുമല്ല’’ (ക്വുർആൻ 6:104).

ജമാഅത്ത് അമീർ പി.മുജീബുറഹ്‌മാൻ സാഹിബ് നിലപാടറിയിച്ച് നടത്തിയ കൗതുകകരമായൊരു പത്രപ്രസ്താവന വായിക്കാം: “ഹദീസ് നിഷേധം ഇസ്‌ലാമിനെതിരായ ഒളിയുദ്ധം. ഹദീസ് നിഷേധത്തിലൂടെ ശത്രുക്കൾ ലക്ഷ്യമിടുന്നത് പ്രവാചകചര്യയെയും ചരിത്രത്തെയും അധ്യാപനങ്ങളെയും മാത്രമല്ല ഇസ്‌ലാമിനെത്തന്നെ തകർക്കുകയെന്നതാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബുറഹ്‌മാൻ...ഹദീസ് നിഷേധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളായ ഖുർആനെയും സുന്നത്തിനെയും കുറിച്ച് വിശ്വാസികൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ മുസ്‌ലിം സമുദായം ശക്തമായി നേരിടണം’’ (മാധ്യമം, 31-08-2024 വ്യാഴം, പേജ് 9).

ഈ പ്രസ്താവനയെ കൗതുകകരമെന്നു വിശേഷിപ്പിക്കാൻ കാരണം ജമാഅത്തെ ഇസ്‌ലാമി ഇതപര്യന്തം പ്രമാണങ്ങളോട് പുലർത്തിപ്പോരുന്ന നിലപാടാണ്. അതെന്തെന്ന് ഈ കുറിപ്പ് മുഴുവൻ വായിച്ചാൽ മനസ്സിലാകും.

ആശയ സ്ഥാപകന്റെ നിഷേധത്തെ വെള്ളപൂശുന്നു!

മൗദൂദിയുടെ ആദർശധാരയെ പിൻപറ്റിപ്പോരുന്ന ഇവർ അദ്ദേഹത്തിന്റെ പ്രമാണ ദുർവ്യാഖ്യാനത്തിന് സംരക്ഷണ വലയം തീർത്ത് ആ തെറ്റ് തുടരുകയാണ്. നിരവധി ആയത്തുകളെ ‘ഹൂകൂമത്തെ ഇലാഹി’ക്ക് വേണ്ടി മൗദൂദി ദുർവ്യാഖ്യാനിച്ചു. അല്ലാഹുവിന്റെ വിശേഷണങ്ങളിൽ പലതിനെയും അഹ്‌ലുസ്സുന്നക്ക് വിരുദ്ധമായി വിശദീകരിച്ചു. ഖബറുൽ ആഹാദായ ഹദീസുകൾ വിശ്വാസ കാര്യങ്ങൾക്ക് തെളിവാകില്ലെന്ന് ജൽപിച്ചു. നബിചര്യയിൽ സ്ഥിരപ്പെട്ട ഒട്ടേറെ വിഷയങ്ങളെ വെറും കർമശാസ്ത്ര ചർച്ചകളാക്കി ഒതുക്കി. ക്വുർആൻ വിവരണമടക്കം പല രചനകളും ഇതിനായി അദ്ദേഹം നിർവഹിച്ചു. തഫ്ഹീമാത്ത് എന്ന ഗ്രന്ഥ പരമ്പരയിലൂടെ മൗദൂദി തന്റെ പ്രമാണനിഷേധ മുഖത്തെ മിനുക്കിയെടുത്തപ്പോൾ ‘പ്രവാചകൻ, പ്രവാചകത്വം, ഹദീസ് നിഷേധം’ എന്ന പേരിൽ ഐപിഎച്ച് അത് മൊഴിമാറ്റം നടത്തുകയും മുഖവുരയിൽ അതിനെപ്പറ്റി വാചാലമാവുകയും ചെയ്തു:

“ഹദീസ് നിഷേധികളുടെ വിതണ്ഡവാദങ്ങളെ പ്രമാണങ്ങളിലൂടെ മാത്രമല്ല, യുക്തിഭദ്രമായും പൊളിച്ചടുക്കുന്ന മൗലാനയുടെ സവിശേഷമായ കുലീന ശൈലി ഈ വിശകലനങ്ങളിൽ തെളിഞ്ഞു കാണാം...ഹദീസ് നിഷേധ പ്രവണതക്ക് കേരളത്തിൽ പുതുജീവൻ വെച്ച ഇക്കാലത്ത് തികച്ചും പ്രസക്തമാണ് ഈ കൃതി’’(പേജ് 5).

എന്നാൽ തനിക്ക് സംഭവിച്ച പിഴവുകൾ അനേകം പണ്ഡിതന്മാർ ചൂണ്ടിക്കാണിച്ചിട്ടും മൗദൂദി സാഹിബ് തിരുത്താൻ തയ്യാറായിട്ടില്ല! ജമാഅത്തുക്കാർ അയാളെ മഹത്ത്വവത്ക്കരിച്ചു എന്നല്ലാതെ ‘തിരുത്തുക’ എന്ന ബാധ്യത അവരും എവിടെയും നിർവഹിച്ചതായി കണ്ടിട്ടില്ല! അഹ്‌ലുസ്സുന്ന വൽ ജമാഅയുടെ പണ്ഡിതന്മാർ മൗദൂദിക്ക് കൊടുത്ത മറുപടികൾ അവർക്ക് മുമ്പിൽ ഇന്നും വലിയ വെല്ലുവിളിയായി അവശേഷിക്കുകയാണ്.

‘പ്രബോധനം’ 75 വർഷത്തെ പ്രമാണനീരസ മാധ്യമം!

പ്രബോധനമെന്ന അവരുടെ പ്രസിദ്ധീകരണത്തിന്റെ 75ാം വാർഷികാഘോഷ വേളയിൽ ജമാഅത്തുകാർ അഭിമാനമായി പറഞ്ഞത് വായിക്കാം: “അതിനാൽ ഇസ്‌ലാമിനെ ഖുർആന്റെയും നബിചര്യയുടെയും വെളിച്ചത്തിൽ പ്രാമാണികമായി അവതരിപ്പിക്കുകയായിരുന്നു ‘പ്രബോധന’ത്തിന്റെ പ്രഥമ ദൗത്യം’’ (മാധ്യമം, 2024 നവംബർ 29 വെള്ളി, പേജ് 6).

ദീൻ, റബ്ബ്, ഇബാദത്ത് പോലുള്ള ഇസ്‌ലാമിലെ സാങ്കേതിക പദങ്ങളെ ദുർവ്യാഖ്യാനിച്ച മൗദ്ദൂദിയൻ ആശയങ്ങൾ സമൂഹത്തിൽ പ്രചരിപ്പിച്ചതിൽ പ്രബോധനത്തിനുള്ള പങ്ക് അനിഷേധ്യമാണ്.

“വാള്യങ്ങൾ വരുന്ന സയ്യിദ് അബുൽ അഅ്‌ലാ മൗദൂദിയുടെ തഫ്ഹീമുൽ ഖുർആൻ എന്ന വിഖ്യാതമായ ഖുർആൻ വ്യാഖ്യാന ഗ്രന്ഥം മുഴുവൻ വർഷങ്ങളെടുത്ത് ഖണ്ഡശ്ശയായി പ്രസിദ്ധീകരിച്ചത് ഇതിന്റെ ഭാഗമായിരുന്നു’’ (മാധ്യമം, 2024 നവംമ്പർ 29 വെള്ളി, പേജ് 6).

വിശ്വാസ മേഖലയിൽ സമൂഹത്തെ മൂടിപ്പൊതിഞ്ഞ ജീർണതകളിൽനിന്ന് അവരെ മോചിപ്പിക്കാനും കർമാനുഷ്ഠാനങ്ങളുടെ മഹത്ത്വം പഠിപ്പിക്കാനും പണ്ഡിതന്മാർ നടത്തിയ പ്രയത്‌നങ്ങളൊക്കെ ഇവരുടെ കണ്ണിൽ സംഘടനാപരമായ തർക്കങ്ങളും കാലഹരണപ്പെട്ട കർമശാസ്ത്ര ചർച്ചകളുമാണ്:

“മലയാളത്തിലെ ഇസ്‌ലാമിക പ്രസിദ്ധീകരണങ്ങൾ സംഘടനാപരമായ തർക്കങ്ങളിലും പരസ്പരമുള്ള രൂക്ഷ ശകാരങ്ങളിലും കാലഹരണപ്പെട്ട കർമശാസ്ത്ര ചർച്ചകളിലും മാത്രം അഭിരമിച്ചിരുന്ന അന്തരീക്ഷത്തിലാണ് പ്രബോധനം പിറന്നു വീണത്’’ (പ്രബോധനം സ്‌പെഷ്യൽ പതിപ്പ് 2024/പേജ്,21).

പ്രവാചക ചര്യയനുസരിച്ച് അഹ്‌ലുസ്സുന്ന കൈക്കൊള്ളുന്ന പല നിലപാടുകളും പ്രബോധനത്തിന്റെ കാഴ്ചപ്പാടിൽ ശാഖാപരം മാത്രമാണ്: “ഒരേ ദീനിന്റെ വക്താക്കളെന്ന് പറയുമ്പോഴും സമുദായത്തിനിടയിൽ ശാഖാപരവും മൗലികമെന്ന് പറയേണ്ടിവരുന്നതുമായ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്നത് വസ്തുതയാണ്. പ്രഭാത നമസ്‌കാരത്തിലെ ഖുനൂത്ത്, നമസ്‌കാരത്തിൽ ബിസ്മി ഉറക്കെ ചൊല്ലൽ, തക്ബീറത്തുൽ ഇഹ്റാമിൽ കൈ കെട്ടേണ്ട രീതി എന്നിങ്ങനെയുള്ള വിഷയങ്ങളിലുള്ള അഭിപ്രായ വ്യാത്യാസങ്ങൾ തീർത്തും ശാഖാപരം എന്ന ഗണത്തിൽ ഉൾപ്പെടുത്താവുന്നതാണ്’’(പ്രബോധനം, 2024 ജൂലൈ 26, പേജ് 19).

ഇവയോരോന്നിലും നബിﷺയിൽനിന്നുള്ള ഹദീസുകൾ വ്യക്തമായിരിക്കെ അത് പഠിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതും കേവലം ശാഖാപരം എന്നു പറഞ്ഞ് തള്ളിക്കളയേണ്ടതാണോ? ഹദീസ് ഗ്രന്ഥങ്ങളിൽ പ്രത്യേകം പ്രതിപാദിച്ച കർമപരമായ കാര്യങ്ങളെയെല്ലാം ശാഖാപരമെന്നു വിധിച്ച് അവഗണിച്ചാൽ പിന്നെ ഏതൊക്കെ കർമമാണ് ബാക്കിയുണ്ടാവുക?

തെളിവുകൾക്കനുസരിച്ച് പ്രവർത്തിക്കുന്നതിനോട് വിമുഖത കാണിക്കുന്നവരുടെ പൊതുസ്വഭാവമാണ് ‘അക്ഷരവായന’ എന്ന് അക്ഷേപിക്കൽ. പ്രബോധനത്തിന് അത് ഇത്തിരി കൂടുതലുമാണ്.

“അക്ഷരങ്ങളല്ല, ഉദ്ദേശ്യ ലക്ഷ്യങ്ങളാണ് പരിഗണിക്കുക. ധാർമികത തീണ്ടാത്ത പ്രവർത്തനങ്ങളെ ന്യായീകരിക്കാനായി ചിലർ അക്ഷരവായന നടത്തുന്നതുകൊണ്ട് സംഭവിക്കുന്ന അഭിപ്രായ ഭിന്നത ഇല്ലാതാക്കാൻ സഹായിക്കുന്ന തത്ത്വമാണിത്... ഉദാഹരണമായി ഭ്രൂണശാസ്ത്രവുമായി ബന്ധപ്പെട്ട ചില ഹദീസുകൾക്ക് അക്ഷരവായനയിലൂടെ നൽകിയ തെറ്റായ വ്യാഖ്യാനം’’ (പ്രബോധനം, 2024 ആഗസ്റ്റ് 2, പേജ് 23).

തക്വ‌്‌വക്ക് കോട്ടം തട്ടിക്കുന്ന മ്യൂസിക്കിനും ആത്മീയതയെ ആപത്തിലാക്കുന്ന സൂഫി ഖവാലിക്കും ഗുഡ് സർട്ടിഫിക്കറ്റ് നൽകാൻ പ്രബോധനത്തിന് മടിയില്ല: “ഭക്തിപ്രസ്ഥാനം, സൂഫിസം തുടങ്ങിയവയും സംഗീതത്തിന് ഒട്ടേറെ സംഭാവനകളർപ്പിച്ചിട്ടുണ്ട്. ഖവാലി അതുവഴി രൂപപ്പെട്ടു വന്നതാണ്. അന്നത്തെ സാമൂഹിക സാഹചര്യം ഇതിൽ പലതരം സ്വാധീനങ്ങളുണ്ടാക്കിയിട്ടുണ്ട്’’ (പ്രബോധനം സ്‌പെഷ്യൽ പതിപ്പ് 2024, പേജ് 438).

‘ലഗ്‌വ്’,’ഹിറ്,’ ‘ഗിനാഅ്’ തുടങ്ങിയ പദങ്ങളിലൂടെ അതിരുവിട്ട ആനന്ദത്തിന്റെ എല്ലാ കവാടങ്ങളും ഇസ്‌ലാമിക പ്രമാണങ്ങൾ അടച്ചപ്പോൾ; നാടകം, സിനിമ, ഡാൻസ്, മ്യൂസിക് എന്നിവയിലൂടെയെല്ലാം പറന്നുയരുകയാണ് ജമാഅത്തെ ഇസ്‌ലാമിക്കാർ!

നല്ലപിള്ള ചമയുന്ന ‘ഇത്തിഹാദുൽ ഉലമാഅ്’

‘ഹദീസ് നിഷേധം; ചരിത്രം, വർത്തമാനം’ എന്ന പേരിൽ ജമാഅത്തെ ഇസ്‌ലാമിയുടെ ‘ഇത്തിഹാദുൽ ഉലമാഅ് കേരള’ പുറത്തിറക്കിയ പുസ്തകത്തിൽ പ്രമാണ സ്‌നേഹം വല്ലാതെ പൂത്തുലഞ്ഞിട്ടുണ്ട്. പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലും കനപ്പെട്ട പ്രസ്താവനയാണ് അമീർ നടത്തിയത്.

“ഹദീസ് നിഷേധത്തിലൂടെ പ്രവാചകചര്യയെയും ചരിത്രത്തെയും അധ്യാപനങ്ങളെയും മാത്രമല്ല, ഇസ്‌ലാമിനെത്തന്നെ വികൃതമാക്കുകയും തകർക്കുകയുമാണ് എതിരാളികളുടെ ലക്ഷ്യമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി.മുജീബുറഹ്‌മാൻ’’ (ബോധനം ത്രൈമാസിക, 2024 ഒക്ടോബർ-ഡിസംബർ).

ലേഖനങ്ങൾ സമാഹരിക്കപ്പെട്ട ഈ ഗ്രന്ഥത്തിൽ എഡിറ്ററും പ്രസാധകരും പ്രമാണ മഹിമ നന്നായി പറയുന്നുണ്ട്: “ഖുർആനും ഹദീസും പരസ്പര പൂരകമായാണ് വർത്തിക്കുന്നത്. പ്രവാചകനെ നിരാകരിച്ചുകൊണ്ട് അല്ലാഹുവിനെ പ്രാപിക്കാനാവില്ല. സുന്നത്തിനെ നിഷേധിച്ചുകൊണ്ട് ഖുർആനെ പിൻപറ്റാനും സാധിക്കില്ല’’ (പേജ് 3).

“ഹദീസ് നിഷേധം അന്തിമമായി ചെന്നെത്തുക ഇസ്‌ലാം നിരാകരണത്തിലാണ്. ഹദീസിന്റെ വിവരണത്തോടെയല്ലാതെ ഖുർആൻ ഗ്രഹിക്കാനോ ഉൾക്കൊള്ളാനോ കഴിയില്ലെന്ന് തൽപരകക്ഷി കൾക്കറിയാം. ആദ്യം ഹദീസിനെ, പിന്നെ ഖുർആനെ വകവരുത്തിയാൽ ഇസ്‌ലാമിന്റെ കഥ കഴിക്കാം എന്ന ഓറിയന്റലിസ്റ്റ് ചിന്തയിൽനിന്നാണ് ഹദീസുകൾക്ക് നേരെയുള്ള ആക്രമണത്തിന്റെ മുളപൊട്ടുന്നത്’’ (പേജ് 6).

“സുന്നത്തിനെ നിരാകരിച്ച് ഖുർആനെ കൈക്കൊള്ളുന്നുവെന്ന് വാദിക്കുന്നവർ യഥാർത്ഥത്തിൽ ഖുർആനെ തന്നെയാണ് തള്ളിക്കളയുന്നത്. ഖുർആന്റെ തന്നെ കൽപനയാണ് അതുവഴി തിരസ് കരിക്കപ്പെടുന്നത്. ഫലത്തിൽ രണ്ടിന്റെയും നിഷേധമാണ് സംഭവിക്കുന്നത്’’ (പേജ് 8).

ഇപ്പറഞ്ഞതെല്ലാം വസ്തുത തന്നെ. എന്നാൽ നബിചര്യയുടെ പ്രാധാന്യം വിശുദ്ധ ക്വുർആനും പ്രവാചകൻﷺയും അറിയിച്ചത് പ്രകാരം ഇവർക്ക് ഉൾക്കൊള്ളാനാവുമോ? അല്ലാഹു പറയുന്നു: “എല്ലാകാര്യത്തിനും വിശദീകരണമായിക്കൊണ്ടും മാർഗദർശനവും കാരുണ്യവും (അല്ലാഹുവിന്) കീഴ്‌പെട്ടു ജീവിക്കുന്നവർക്ക് സന്തോഷവാർത്തയുമായിക്കൊണ്ടുമാണ് നിനക്ക് നാം വേദഗ്രന്ഥം അവതരിപ്പിച്ചിരിക്കുന്നത്’’ (16:89).

ശൈഖ് നാസ്വിറുസ്സഅദി(റ) പറയുന്നു: “മതത്തിന്റെ അടിസ്ഥാന-അനുബന്ധ കാര്യങ്ങളിലും ഇരുലോകത്തേക്കുള്ള വിധികളിലും അടിമകൾക്ക് ആവശ്യമായതിലേക്കൊക്കെയും സ്പഷ്ടമായ പദങ്ങൾ കൊണ്ടും മഹത്തായ ആശയങ്ങൾ കൊണ്ടും അത് വ്യക്തത നൽകുന്നതാണ്’’ (തഫ്‌സീറുസ്സഅദി).

ഇത് ഉൾക്കൊള്ളാൻ ഈ വിഭാഗം സന്നദ്ധരായിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന, സുന്നത്തിന്റെ മഹിമ പറയാനല്ലാതെ, അത് പ്രാവർത്തികമാക്കുന്നതിൽ താൽപര്യമുള്ളവരല്ല തങ്ങൾ എന്നു തെളിയിക്കുന്ന എത്രയോ തെളിവുകൾ ഈ പുസ്തകത്തിന്റെ ഉള്ളിൽത്തന്നെ ഒളിഞ്ഞ് കിടക്കുന്നുണ്ട് എന്നതാണ് വിരോധാഭാസം. ചിലത് സൂചിപ്പിക്കാം:

“വുദുവിന്റെ ശർത്തുകളും ഫർദുകളും വിശദീകരിക്കുന്നതിലല്ല സുന്നത്തിന്റെ പ്രസക്തി. ഒരു ദർശനത്തെ ഭൂമിയിൽ പ്രയോഗവൽക്കരിക്കുന്നതിന്റെ രീതിശാസ്ത്രമാണ് സുന്നത്ത്. അതുകൊണ്ട്, ഇക്കാലത്ത് കർമശാസ്ത്രങ്ങൾക്കപ്പുറം ഒരു നാഗരികതയുടെ സ്രോതസ്സ് എന്ന അർഥത്തിൽ കൂടി സുന്നത്ത് പുനർവായിക്കപ്പെടേണ്ടതുണ്ടെന്നു തോന്നുന്നു’’ (പേജ് 14,15).

ഉത്തമ തലമുറയോളം ഉയർന്നവർ ഇനി ലോകത്ത് വരാനില്ല. ആരാധനകളുടെ ശർത്വും ഫർദും നന്നായി പഠിച്ചും കർമശാസ്ത്രത്തെ കെട്ടിയുറപ്പിച്ചും തന്നെയാണവർ ഉത്കൃഷ്ടരായത്. വുദൂഇന്റെ ശർത്വും ഫർദും പഠിപ്പിക്കപ്പെടാതെ ആ കാര്യം ചെയ്യാൻ സാധിക്കുന്നതെങ്ങനെയാണ്? അഹ്‌ലുസ്സുന്നയുടെ വക്താക്കൾ ഒരു കാലത്തും അവർ ആഗ്രഹിച്ച സ്വർഗം മറന്നൊരു ‘നാഗരികത’ സ്വപ്നം കാണുന്നവരല്ല.

നെരിയാണിക്ക് താഴെ പുരുഷന്റെ വസ്ത്രം പോവുക എന്നത് വിരോധിച്ചതും അഹങ്കാരത്തിലേക്ക് എത്തിക്കുന്നതുമായതിനാൽ വളരെയേറെ പേടി നമുക്കതിൽ വേണം. ഈ വിഷയത്തിലെ ഹദീസുകളെയും ഇവർ തരം താഴ്ത്തി കാണുന്നു.

“ചുരുക്കത്തിൽ, വസ്ത്രം നെരിയാണിക്കു താഴെ വരുന്നതിനെക്കാൾ അഹങ്കാരമാണ് ഈ വിലക്കിലെ മുഖ്യ ഊന്നൽ. പക്ഷേ, അതു മനസ്സിലാവണമെങ്കിൽ തദ്വിഷയകമായ മുഴുവൻ ഹദീസുകളും ചേർത്തുവെക്കണമെന്നു മാത്രം’’(പേജ് 60).

പ്രബലമായ ഹദീസുകളിൽ വന്ന വിശ്വാസ കാര്യങ്ങളെ ആലങ്കാരിക പ്രയോഗങ്ങളാണെന്നു പറഞ്ഞ് ഇവർ അവഗണിക്കുന്നു. അഹ്‌ലുസ്സുന്നയുടെ നിലപാടുകളെ മാനിക്കാൻ പോലും ഇവർ മുതിർന്നില്ല.

“കുടുംബ ബന്ധവും അല്ലാഹുവും തമ്മിലുള്ള സംഭാഷണം, നരകം റബ്ബിനോട് ആവലാതിപ്പെടുന്നത്, മരണത്തെ ആടായി ചിത്രീകരിച്ച് അതിനെ അറുക്കുന്നത് തുടങ്ങി ആലങ്കാരികമായ വ്യാഖ്യാന സാധ്യതയുള്ള നിരവധി പ്രയോഗങ്ങൾ ഹദീസുകളിലുണ്ട്’’ (പേജ് 73).

സ്ത്രീകൾ ഖബ്ർ സന്ദർശിക്കൽ, മഹ്‌റമില്ലാതെ സ്ത്രീകൾ യാത്ര ചെയ്യൽ, ചന്ദ്രപ്പിറവി ദർശിക്കൽ, അറാക്ക് ഉപയോഗിക്കൽ, ഫോട്ടോ സംബന്ധിച്ചുള്ള ഹദീസുകൾ, താടി വളർത്തൽ എന്നിവയോടെല്ലാമുള്ള വിമുഖത ഇതിൽ പരന്നുകിടക്കുന്നുണ്ട്.

ഇസ്‌ലാമിന്റെ പ്രഥമ ലക്ഷ്യം രാഷ്ട്രീയ വിപ്ലവമാണെന്ന ചിന്താഗതിക്കാർക്ക് ഇങ്ങനെയൊക്കെയേ പറയാൻ സാധിക്കൂ. പരലോക വിജയത്തിനു പ്രാമുഖ്യം നൽകുന്നുവെങ്കിൽ പ്രയത്നങ്ങൾ പാഴ്‌വേലകളാകാതിരിക്കാൻ ശ്രദ്ധിക്കണം.

അല്ലാഹു പറയുന്നു:

“നിങ്ങൾ അല്ലാഹുവെയും റസൂലിനെയും അനുസരിക്കുകയും (ധിക്കാരം വന്നുപോകാതെ) സൂക്ഷിക്കുകയും ചെയ്യുക. ഇനി നിങ്ങൾ പിന്തിരിഞ്ഞ് കളയുകയാണെങ്കിൽ നമ്മുടെ ദൂതന്റെ ബാധ്യത വ്യക്തമായ രീതിയിൽ സന്ദേശമെത്തിക്കുക മാത്രമാണെന്ന് നിങ്ങൾ മനസ്സിലാക്കുക’’ (5:92).