ദുർവ്യാഖ്യാനത്തിൽ അഭയം തേടുന്നവർ

മുജീബുറഹ്‌മാൻ സ്വലാഹി

2025 ജൂലൈ 05, 1447 മുഹറം 09

ശിയാക്കളിലെ അതിതീവ്ര വിഭാഗമായ റാഫിദികളുടെ മൗലിക വിശ്വാസമാണ് ഇമാമത്തും ഇമാമുകളുടെ പാപസുരക്ഷിതത്വവും. അത് പ്രവാചകത്വം (നുബുവ്വത്ത്) പോലെ അല്ലാഹു നൽകുന്ന പദവിയാണെന്നവർ വിശ്വസിക്കുന്നു.

നമസ്‌കാരം, സകാത്ത്, നോമ്പ്, ഹജ്ജ്, അംഗസ്‌നാനം, നിഷിദ്ധമായ ആഹാരംപാനീയങ്ങൾ, യുദ്ധം, സന്ധി, സമാധാനം, സ്വഭാവ സംസ്‌കരണം തുടങ്ങി ചെറുതും വലുതുമായ ഒട്ടേറെ വിഷയങ്ങളിൽ വെളിച്ചം നൽകുന്ന ക്വുർആൻ, ഇവരുടെ വിശ്വാസത്തിന്റെ ആധാരശിലയായ ഇമാമത്തിനെ സംബന്ധിച്ച് യാതൊന്നും പറയുന്നില്ല എന്നതുതന്നെ അത് അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കുന്നു.

ഇസ്‌ലാമിനോടുള്ള അറ്റം കാണാത്ത വിദ്വേഷം ഈ വിശ്വാസത്തിൽ ചേരുവയായി ഉൾപ്പെടുത്തിയതു തെളിഞ്ഞു കാണാം. അപഭ്രശം സംഭവിച്ച എല്ലാ വിഭാഗത്തിന്റെയും സഹജമായ സ്വഭാവം തങ്ങൾ രൂപപ്പെടുത്തിയെടുത്ത ആശയത്തിലേക്ക് വിശുദ്ധ പ്രമാണങ്ങളെ വലിച്ചിഴച്ചു കൊണ്ടുപോകുകയെന്നതാണ്. തങ്ങളുടെ ഇമാമുകൾ പാപസുരക്ഷിതരാണെന്ന് സ്ഥാപിക്കാൻ ശിയാക്കൾ ക്രൂരമായി ദുർവ്യാഖ്യാനം ചെയ്യുന്ന ക്വുർആൻ വചനമാണ് താഴെ കൊടുക്കുന്നത്:

“ഇബ്‌റാഹീമിനെ അദ്ദേഹത്തിന്റെ രക്ഷിതാവ് ചില കൽപനകൾകൊണ്ട് പരീക്ഷിക്കുകയും, അദ്ദേഹമത് നിറവേറ്റുകയും ചെയ്ത കാര്യവും (നിങ്ങൾ അനുസ്മരിക്കുക). അല്ലാഹു (അപ്പോൾ) അദ്ദേഹത്തോട് പറഞ്ഞു: ഞാൻ നിന്നെ മനുഷ്യർക്ക് നേതാവാക്കുകയാണ്. ഇബ്‌റാഹീം പറഞ്ഞു: എന്റെ സന്തതികളിൽപ്പെട്ടവരെയും (നേതാക്കളാക്കണമേ). അല്ലാഹു പറഞ്ഞു: (ശരി; പക്ഷേ) എന്റെ ഈ നിശ്ചയം അതിക്രമകാരികൾക്ക് ബാധകമായിരിക്കുകയില്ല’’(2:124).

അബദ്ധമോ മറവിയോ സംഭവിക്കാത്ത പാപസുരക്ഷിതരായ ഇമാമുകളെക്കുറിച്ച് ഈ ആയത്തിൽ പരാമർശിക്കുന്നുണ്ടെന്ന് പറയുന്നത് തനിച്ച വിവരക്കേടാണ്. ആയത്തിലുള്ള عَهْد (അഹ്ദ്) എന്ന പദത്തിന് സ്വന്തമായ വ്യാഖ്യാനം ചമയ്ക്കുകയാണ് ഇവർ ചെയ്യുന്നത്. പ്രസ്തുത പദത്തിന്റെ ഉദ്ദേശ്യം ‘ഇമാമത്ത്’ ആണെന്നാണ് ഇവരുടെ ദുർവ്യാഖ്യാനം. അക്രമികളല്ലാത്തവർ പാപസുരക്ഷിതരാവണമെന്ന് ആയത്തിൽ നിന്ന് നിർദ്ധാരണം ചെയ്യാനുള്ള വിഫലശ്രമം നടത്തുകയും ചെയ്യുന്നു. عَهْدഎന്ന പദത്തിന്ന് ഇങ്ങനെയൊരു വിവരണം ഒരു മുഫസ്സിറും നൽകിയതായി കാണുകയില്ല.

ആയത്തിൽ ഇബ്‌റാഹീം നബി(അ)യെ ഇമാം ആക്കുമെന്നാണ് പറയുന്നത്. പ്രസ്തുത ഇമാമത്തും ശിയാക്കൾ പറയുന്ന ഇമാമത്തും തമ്മിൽ അജഗജാന്തരമുണ്ട്. ഇവർ ജൽപിക്കുന്ന ഇമാമത്തിന്റെ ഉദ്ദേശ്യം അല്ലാഹു പ്രത്യേകമായി തെരഞ്ഞെടുക്കുന്ന ഭരണാധികാരിയാണ്. ഇബ്രാഹിം നബി(അ) ഒരിക്കലും ഭരണാധികാരിയായിട്ടില്ല.

ഇമാമത്തും പ്രവാചകത്വവും പരസ്പര പൂരകമാണ്. അഥവാ പ്രവാകത്വത്തിന്റെ അനിവാര്യഗുണമാണ് ഇമാമത്ത്. അതിനാൽ ഇവിടെ പരാമർശിച്ച ഇമാമത്ത് നുബുവ്വത്തിൽനിന്ന് സ്വതന്ത്രമായ ഒരു പദവിയല്ല. ശിയാക്കൾ വിശ്വസിക്കുന്ന പന്ത്രണ്ട് ഇമാമുകളെ സംബന്ധിച്ച വിവരങ്ങൾ ക്വുർആനിലോ ഹദീസിലോ എത്ര പരതിയാലും കണ്ടെത്താൻ സാധ്യമല്ല. അമാവാസിയിൽ പൂർണചന്ദ്രനെ കണ്ടുവെന്നു പറയുന്നതിനെക്കാൾ ഭീമാബദ്ധമാണ് റാഫിളികൾ പറയുന്ന ഗുണഗണങ്ങൾ സമ്മേളിച്ച ഇമാമുകളെ പ്രമാണങ്ങൾ പരാമർശിക്കുന്നുവെന്ന പ്രസ്താവന. എന്റെ സന്തതികളിൽപ്പെട്ടവരെയും നേതാക്കളാക്കേണമേ എന്നതിന്റെ തേട്ടം ഇവർ പറയുന്ന ഇമാമത്തല്ല തന്നെ. തന്റെ സന്തതികളിൽ നിന്നും പ്രവാചകന്മാരെ നിയോഗിക്കാനുള്ള തേട്ടമാണത്. ഇത് വ്യക്തമാകാൻ വിശുദ്ധ ക്വുർആനിലെ ഇതു സംബന്ധമായ മറ്റൊരു വചനം കാണുക:

“അദ്ദേഹത്തിന് (പുത്രൻ) ഇസ്ഹാക്വിനെയും (പൗത്രൻ) യഅ്ക്വൂബിനെയും നാം പ്രദാനം ചെയ്യുകയുണ്ടായി. അദ്ദേഹത്തിന്റെ സന്തതിപരമ്പരയിൽ പ്രവാചകത്വവും വേദവും നാം നൽകുകയും ചെയ്തു. ഇഹലോകത്ത് അദ്ദേഹത്തിന് നാം പ്രതിഫലം നൽകിയിട്ടുണ്ട്. പരലോകത്ത് തീർച്ചയായും അദ്ദേഹം സജ്ജനങ്ങളുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യും’’(അൻകബൂത്ത് 27).

തങ്ങളുടെ ആചാര്യന്മാർ പാപസുരക്ഷിതരാണെന്നതിനുള്ള ‘അനിഷേധ്യരേഖയും’ അൽ ബക്വറയിലെ 124ാം വചനത്തിൽനിന്ന് സാഹസപ്പെട്ട് കണ്ടെത്താൻ ഇവർ ശ്രമം നടത്തുന്നുണ്ട്. ‘എന്റെ ഈ നിശ്ചയം (അഹ്ദ്) അതിക്രമകാരികൾക്ക് ബാധകമായിരിക്കുകയില്ല.’ ഇതിലെ عَهْدന്റെ ഉദ്ദേശ്യം ഇമാമത്താണ്, അതാവട്ടെ അക്രമികൾക്ക് ലഭ്യമല്ലെന്ന് വന്നാൽ ഇമാമുകൾ പാപസുരക്ഷിതരാവണമെന്ന് സിദ്ധിച്ചല്ലോ എന്നാണ് കണ്ടെത്തൽ. അക്രമികൾ പശ്ചാത്തപിച്ച് മടങ്ങിയാലും ഇമാമെന്ന പദവിക്ക് യോഗ്യരാവില്ലെന്നതാണ് ഈ വിഷയത്തിൽ യാതൊരു നീക്കുപോക്കിനും തയ്യാറില്ലാത്ത ഇവരുടെ രൂഢമൂലമായ ആദർശം. അലി(റ)ക്ക് ലഭിക്കേണ്ട ഖിലാഫത്ത് തട്ടിയെടുക്കുകവഴി അബൂബക്കർ(റ), ഉമർ(റ) എന്നിവർ പാപികളായി മാറിയതിനാൽ അവരുടെ ഖിലാഫത്ത് തിരസ്‌കരിക്കേണ്ടതാണെന്ന ഉറച്ച നിലപാട് ഇവർ സ്വീകരിക്കുന്നു. ഭാഷയിൽ സാമാന്യ പരിജ്ഞാനമുള്ളവർക്ക് പോലും അറിയാവുന്ന കാര്യം അവഗണിച്ചുകൊണ്ടാണ് ഈ ‘ഗംഭീര’ കണ്ടെത്തൽ. അക്രമത്തിന്റെ(ദ്വുൽമ്) വിപരീതം ‘പാപസുരക്ഷ’ എന്നതല്ല (ഇസ്മത്ത്) ‘നീതി’ എന്നാണ് (അദ്ൽ). വിലക്കപ്പെട്ട കനി ഭക്ഷിച്ച ആദം നബി(അ)യും കിബ്തിയെ അബദ്ധത്തിൽ വധിച്ച മൂസാനബി(അ)യും കാഴ്ചപരിമിതിയുള്ള അനുചരനിൽനിന്ന് ഒരു പ്രത്യേക ഘട്ടത്തിൽ തിരഞ്ഞുകളഞ്ഞ മുഹമ്മദ് നബിﷺയും ഇമാമത്ത് സ്ഥാനം വഹിക്കാൻ അയോഗ്യരാണോ? മുസ്‌ലിംകൾ അവിതർക്കിതമായിഅംഗീകരിക്കുന്ന കാര്യമാണ് പ്രവാചകന്മാർ മുഴുവൻ പാപം തീണ്ടാത്ത മഹാപുരുഷന്മാരാണെന്നത്. മറ്റുള്ള വ്യക്തികൾ എത്ര ഉന്നതരാണെങ്കിലും പാപസുരക്ഷിതത്വത്തിന്റെ വിതാനത്തിലേക്ക് ഉയരുകയോ വളരുകയോ ചെയ്യില്ല.

തങ്ങളുടെ ആചാര്യന്മാർ പാപസുരക്ഷിതരാണെന്ന് വിശ്വസിക്കാത്തതിനാൽ പരകോടി മുസ് ലിംകളിൽ ഇവർ അവിശ്വാസത്തിന്റെ ചാപ്പകുത്തുന്നു. പ്രവാചകാനുചരന്മാരിലും കുഫ്‌റിന്റെ മുദ്ര ചാർത്താൻ ഇവർ മറന്നിട്ടില്ല. അല്ലാഹുവിന്റെ പ്രശംസയും തൃപ്തിയും സിദ്ധിച്ചവരാണ് സ്വഹാബിമാർ. ഇക്കാര്യം വിശുദ്ധ ക്വുർആനിലൂടെ അല്ലാഹു പരസ്യം ചെയ്ത (9:100)കാര്യം ഇവർ കണ്ടില്ലെന്നു നടിക്കുന്നു.

തങ്ങളുടെ വികലമായ ആശയം സ്ഥാപിക്കാൻ സൂറഃ അൽഅഹ്‌സാബിലെ 33ാം വചനത്തെയും ഇവർ ദുർവ്യാഖ്യാനത്തിന് വിധേയമാക്കുന്നു. പ്രസ്തുത വചനത്തിന്റെ അർഥം ഇതാണ്:

“നിങ്ങൾ നിങ്ങളുടെ വീടുകളിൽ അടങ്ങിക്കഴിയുകയും ചെയ്യുക. പഴയ അജ്ഞാനകാലത്തെ സൗന്ദര്യപ്രകടനം പോലുള്ള സൗന്ദര്യപ്രകടനം നിങ്ങൾ നടത്തരുത്. നിങ്ങൾ നമസ്‌കാരം മുറപോലെ നിർവഹിക്കുകയും സകാത്ത് നൽകുകയും അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുകയും ചെയ്യുക. (പ്രവാചകന്റെ) വീട്ടുകാരേ! നിങ്ങളിൽനിന്ന് മാലിന്യം നീക്കികളയുവാനും നിങ്ങളെ ശരിയായി ശുദ്ധീകരിക്കുവാനും മാത്രമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്.’’

രണ്ട് കാര്യം സമർഥിക്കാൻ ഈ ആയത്തിനെ ശിയാക്കൾ ദുർവ്യാഖ്യാനിക്കുന്നു.ഇതിൽ പറഞ്ഞ ശുദ്ധീകരണത്തിന്റെ ഉദ്ദേശ്യം പാപസുരക്ഷിതത്വമാണ് എന്നതാണ് അതിലൊന്ന്. വീട്ടുകാർ എന്നതിന്റെ പരിധിയിൽഅലി, ഫാത്വിമ, ഹസൻ, ഹുസൈൻ എന്നിവരും ഇവരുടെ സന്താന പരമ്പരയിൽ വരുന്ന നിശ്ചിത ആളുകളും മാത്രമാണ് ഉൾപ്പെടുക എന്നതാണ് രണ്ടാമത്തെത്.

ആയത്തിന്റെ മുമ്പും ശേഷവുമുള്ള വചനങ്ങൾ പരിശോധിച്ചാൽ തന്നെ ഈ വ്യാഖ്യാനത്തിന്റെ നിരർഥകത ബോധ്യപ്പെടും. ആയത്തിൽ പരാമർശിക്കുന്നത് നബിപത്‌നിമാരെയാണ്. അതിനാൽ അവർ തീർച്ചയായും ആയത്തിന്റെ പരിധിയിൽ ഉൾപ്പെടുമെന്ന് അസന്ദിഗ്ധമായി പറയാം.ക്വുർആനിൽ أَهْل (അഹ്ൽ) എന്ന പദം ഭാര്യയെ ഉദ്ദേശിച്ച് പ്രയോഗിച്ചിട്ടുള്ളതായി കാണാം.(ഉദാ: 12:25, 11: 73).

ശുദ്ധീകരണമെന്നതിന് പാപസുരക്ഷിതത്വമെന്ന വ്യാഖ്യാനം നൽകിയാൽ പാപസുരക്ഷിതരുടെ ലിസ്റ്റ് അനന്തമായി നീണ്ടുപോകും. കാരണം ശുദ്ധീകരണമെന്ന പദം പാപസുരക്ഷതരല്ലെന്ന് എല്ലാവരും സമ്മതിക്കുന്നവരെ സംബന്ധിച്ചും ക്വുർആൻ പ്രയോഗിച്ചിരിക്കുന്നു

“...നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടും വരുത്തിവെക്കണമെന്ന് അല്ലാഹു ഉദ്ദേശിക്കുന്നില്ല. എന്നാൽ നിങ്ങളെ ശുദ്ധീകരിക്കണമെന്നും തന്റെ അനുഗ്രഹം നിങ്ങൾക്ക് പൂർത്തിയാക്കിത്തരണമെന്നും അവൻ ഉദ്ദേശിക്കുന്നു. നിങ്ങൾ നന്ദിയുള്ളവരായേക്കാം’’(5:6). ശുദ്ധീകരണത്തിന്റെ ഉദ്ദേശ്യം പാപ സുരക്ഷിത്വമാണെങ്കിൽ സർവ മുസ്‌ലികളും യാതൊരു തെറ്റും കുറ്റവും അബദ്ധവും സംഭവിക്കാത്ത പാപസുരക്ഷിതരാണെന്നു പറയേണ്ടിവരും.

ഇമാമുമാരുടെ അപ്രമാദിത്വത്തിന്ന് തെളിവായി ഉദ്ധരിക്കുന്ന സുറ:അഹ്‌സാബിലെ ഉപരിസൂചിത വചനം നബിപത്‌നിമാരെ സംബന്ധിച്ചാണെന്ന് വ്യക്തം. നബിﷺയെയും അദ്ദേഹത്തിന്റെ ഇണകളെ സംബന്ധിച്ചുമല്ലാതെ ഇമാമുമാരുടെ പാപരഹിതജീവിതത്തെ സംബന്ധിച്ച് ഈ സൂറത്തിൽ പരാമർശിക്കുന്നില്ല.

തന്നിഷ്ടങ്ങൾക്കനുസരിച്ച് വിശുദ്ധ പ്രമാണങ്ങളെ വ്യാഖ്യാനിക്കുന്നവർ സ്വയം നാശത്തിന്റെ വഴിവെട്ടുകയാണ് ചെയ്യുന്നത്. ആരൊക്കെ എത്ര ദുർവ്യാഖ്യാനിച്ചാലും ഊതിക്കെടുത്താൻ ശ്രമിക്കുംതോറും കൂടുതൽ പ്രകാശം പരത്തുന്ന ഒരു വിസ്മയവിളക്കായി ക്വുർആൻ നിലകൊള്ളും.