കാവിസൂഫീ മൗലാനമാർ കേരളത്തിലെത്തുമ്പോൾ...!
മൂസ സ്വലാഹി കാര
2025 നവംബർ 29, 1447 ജമാദുൽ ആഖിർ 08

ഇസ്‌ലാമിന്റെ മുഖംമൂടിയണിഞ്ഞുകൊണ്ട് അതിന്റെ തനതായ ആദർശത്തെ വികലമാക്കി അവതരിപ്പിക്കുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിക്കുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. ആ ശ്രമത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. എന്നാൽ മതത്തിന്റെ പ്രഭാവത്തെ കെടുത്തിക്കളയാൻ ആർക്കും ഇന്നേവരെ കഴിഞ്ഞിട്ടില്ല, കഴിയുകയുമില്ല.
അല്ലാഹു പറയുന്നു: “അവരുടെ വായ്‌കൊണ്ട് അല്ലാഹുവിന്റെ പ്രകാശം കെടുത്തിക്കളയാമെന്ന് അവർ ആഗ്രഹിക്കുന്നു. അല്ലാഹുവാകട്ടെ തന്റെ പ്രകാശം പൂർണമാക്കാതെ സമ്മതിക്കുകയില്ല. സത്യനിഷേധികൾക്ക് അത് അനിഷ്ടകരമായാലും’’ (9:32)
അഹ്‌ലുസ്സുന്ന വൽജമാഅയുടെ ആദർശത്തിനെതിരെ നിലയുറപ്പിച്ച ശിയാക്കളുടെ ഉത്പന്നമായ ‘സൂഫിസ’ത്തിന്റെ വക്താക്കൾ ഇസ്‌ലാമിന്റെ അടിസ്ഥാനമായ തൗഹീദിനെ വിരൂപമാക്കി അവതരിപ്പിക്കുകയും മറ്റൊരാശയം രൂപപ്പെടുത്തുകയും ചെയ്തവരാണ്. ‘ശരീഅത്ത്, ത്വരീഖത്ത്, ഹഖീഖത്ത്, മഅ്‌രിഫത്ത്’ എന്നതാണ് അവരുടെ വിശ്വാസത്തിന്റെ സൂത്രവാക്യം. അല്ലാഹു-അടിമ എന്ന വ്യത്യാസമില്ലാതെ എല്ലാം ഒന്നാണെന്നുള്ള അദ്വൈതവാദവും
സകല സൃഷ്ടികളിലും അല്ലാഹുവിന്റെ സത്ത സന്നിവേശിപ്പിച്ചിട്ടുണ്ടെന്ന അവതാരവാദവുമാണ് ഈ വിശ്വാസത്തിന്റെ പൂർണതയായി അവർ കണക്കാക്കുന്നത്.
അസംഖ്യം ത്വരീഖത്തുകളും അതിരുവിട്ട വാദങ്ങളുമാണ് ഇവർ മതവും പ്രമാണവുമായി കൊണ്ടു നടക്കുന്നത്. സൂഫി ആശയങ്ങളെ അവയുടെ വൈകൃതത്തോടെ തന്നെ അഹ്‌ലുസ്സുന്നയുടെ മേൽ വെച്ചുകെട്ടാനും അത് സമുദായത്തിൽ പ്രചരിപ്പിക്കാനും സമസ്ത മുസ്‌ലിയാക്കന്മാർ പരിശ്രമിച്ചതിന്റെ പരിണിത ഫലമാണ് വ്യാജ ഔലിയാക്കൾക്ക് ജനങ്ങൾ കീഴ്‌പെട്ടതും ആത്മീയ തട്ടിപ്പ് കേന്ദ്രങ്ങളിലെ ഇരകളായി അവർ മാറിയതും.
തീവ്ര ഹിന്ദുത്വ-ദേശീയ വാദികൾക്ക് അടിമപ്പെടുകവഴി സൂഫീ മൗലാനന്മാർ കാവിവത്കരിക്കപ്പെടുകയും ‘സൂഫീ ഇസ്‌ലാമിക് ബോർഡ്’ എന്ന പേരിൽ സംഘടിതമായി രംഗപ്രവേശനം നടത്തുകയും ചെയ്തിരിക്കുകയാണിപ്പോൾ.
കേരളത്തിൽ ഇരിപ്പുറപ്പിക്കാൻ ഇവർ തുനിഞ്ഞതിന്റെ അടയാളമാണ് അമ്പംകുന്ന് ബീരാൻ ഔലിയ ജാറത്തിനോട് ചേർന്നുള്ള ലങ്കർ ഖാന ബിൽഡിംഗിൽ 9/11/2025 ഞായറാഴ്ച തുറക്കപ്പെട്ട സംസ്ഥാന പ്രവർത്തന കേന്ദ്രം.
കാവി സൂഫിസത്തിന് തിരി തെളിഞ്ഞപ്പോൾ!
ദേശീയ ഗവൺമെന്റിനെ പിൻപറ്റി 2013ൽ രജിസ്റ്റർ ചെയ്യപ്പെട്ട് ഇന്ത്യയൊട്ടാകെ കാവി സൂഫീ സംവിധാനം പ്രവർത്തിച്ച് വരുന്നു എന്നാണ് ഇവർ അവകാശപ്പെടുന്നത്. ഇതിന്റെ ഫലമെന്നോണം ഫാസിസത്തെ പ്രീണിപ്പിച്ചുകൊണ്ട് 2016 മാർച്ച് 17-20 ദിവസങ്ങളിലായി ഡൽഹിയിൽ അന്താരാഷ്ട്ര സൂഫി സമ്മേളനം വിപുലമായി നടത്തപ്പെടുകയുണ്ടായി. ഫാസിസ്റ്റുകളുടെ ‘ആത്മീയ ആലിംഗനം’ ആ സമ്മേളനത്തെ ‘ധന്യമാക്കിയിരുന്നു.’ സമസ്ത പ്രതിനിധികളായി കാന്തപുരവും ഖലീൽ ബുഖാരിയും അതിന്റെ മധുനുകരാൻ ചെല്ലുകയുമുണ്ടായി.
കേരളത്തിൽ ശിയാഇസം പരത്തുന്ന ‘തക്കിയ ഫൗണ്ടേഷൻ കൾച്ചറൽ ആന്റ് ഡവലപ്മെന്റി’ന്റെ നേതൃത്വത്തിൽ 2019 നവംമ്പർ 16,17 തീയതികളിലായി ‘കൊണ്ടോട്ടി സൂഫീ ഫെസ്റ്റ്’ സി. ഹംസ, ഡോ. ഹുസൈൻ രണ്ടത്താണി, എംഎച്ച് ഇല്യാസ് എന്നിവരുടെ പങ്കാളിത്തത്തോടെ പൊടിപൊടിച്ചത് ഇതിലേക്കുള്ള തലപൊക്കലായിരുന്നു.
കൊണ്ടോട്ടി മഖാമിനെ തഴുകിയും നേർച്ചയെ ഓർമിപ്പിക്കുംവിധം മുട്ടും വിളിയോടെയുമാണ് ഫെസ്റ്റിന് തുടക്കമായത്. വർഷങ്ങളായി വിലങ്ങ് വെക്കപ്പെട്ട കൊണ്ടോട്ടി ശിയാ നേർച്ചയുടെ പൂട്ടഴിച്ച് 2025 മെയ് 11-15 വരെ അതിനെ തുറന്നുവിട്ടത് ഈ പദ്ധതിയുടെ വിജയ പ്രഖ്യാപനമായിരുന്നു.
ഇ.കെ വിഭാഗത്തിന്റെ വിവാദ പ്രഭാഷകൻ റഹ്‌മത്തുല്ല ഖാസിമിയുടെ, ഫാസിസ്റ്റ് ഗവൺമെന്റിനെ പ്രശംസിച്ചുള്ള പ്രസംഗവും നടന്ന് കഴിഞ്ഞു. ഇതിന് വഴിയൊരുക്കുന്നതിന്റെ ഭാഗമായി 2025 ഓഗസ്റ്റ് 2 ശനിയാഴ്ച കൊണ്ടോട്ടിയിൽ വെച്ച് ‘കേരള സൂഫി കൾച്ചറൽ കോൺക്ലേവ്’ എന്ന പേരിൽ സൂഫി സാംസ്‌കാരിക സെമിനാറും സൂഫീ ഗായക സംഗമയും നടത്തപ്പെട്ടു. സമസ്തയിലൂടെ ശിയാഇസത്തെ നനച്ച് വളർത്തുന്ന സി.ഹംസയും അനുയായികളും 13/8/2025 ബുധനാഴ്ച പെരിന്തൽമണ്ണയിൽ വെച്ച് സംഘടിപ്പിച്ച ‘അർബഈൻ സംഗമം’ കാവി സൂഫികളുടെ സാന്നിധ്യം ഉറപ്പിച്ചതായിരുന്നു.

എ.പി പക്ഷത്തിന്റെ വേലി പൊട്ടിച്ച്, അവർക്കു നേരെ ആദർശ പോരാട്ടം മുറുക്കി, അവരെ കറക്കിക്കൊണ്ടിരിക്കുന്ന കുരുവട്ടൂരികളുടെ സംഘടനയായ ‘സാവിയത്തുസ്സൂഫിയ്യ’യുടെ ഔദ്യോഗിക വേദിയിൽ നരേന്ദ്ര മോദിയുടെ ദൗത്യനിർവഹണ വൃന്ദത്തെ സ്വീകരിച്ചിരുത്തി പുകഴ്ത്തുപാട്ട് പാടിയതും ഈയിടെയാണ് സംഭവിച്ചത്. സമസ്താലയത്തിലെ പ്രമുഖരുടെ മനസ്സിൽ കൂടുകൂട്ടിയ ‘കാവി സൂഫിസ സ്വപ്നം’ ഒച്ച് ഇഴയും പോലെ നീങ്ങിയപ്പോൾ ഇടത്തരക്കാരായ ചില മുസ്‌ലിയാക്കന്മാരിലൂടെ മത നിഷേധ നിലപാട് പുറത്ത് ചാടുകയും വാർത്തയായിത്തീരുകയുമാണുണ്ടായത്.
കാവി സൂഫികളുടെ കറുത്ത കാൽപനികതകൾ
ഇമാം ശാഫിഈ(റ) പറഞ്ഞ ‘ഒരാൾ ദിവസത്തിന്റെ തുടക്കത്തിൽ സൂഫിയായാൽ ഉച്ചയോടെ അവനെ വിഡ്ഢിയായി കാണാം’ എന്ന വാക്കിനെ തെളിയിച്ചുതരികയാണ് കാവി സൂഫികൾ. കേന്ദ്രത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് 7/11/2025 വെള്ളിയാഴ്ച നടത്തപ്പെട്ട പത്ര സമ്മേളനത്തിൽ സൂഫി ബോർഡ് പ്രസിഡന്റ് സയ്യിദ്
അബ്ദുല്ല കോയ ജിഫ്രി തങ്ങളും ജനറൽ സെക്രട്ടറി പി.എം.എ സലാം മുസ്‌ലിയാർ മാന്നാറും എന്താണ് സൂഫിസമെന്ന് തുറന്നു പറഞ്ഞത് ഇങ്ങനെയാണ്:
“ഒരിക്കലും ഇസ്‌ലാമതം നബി തങ്ങൾ പ്രചരിപ്പിച്ചിട്ടില്ല. നബി തങ്ങൾ പ്രചരിപ്പിച്ചത് സ്‌നേഹമാണ്. മതം വെടിയുക, മനുഷ്യനെ സ്‌നേഹിക്കുക, സനാതന ധർരം പിൻപറ്റിക്കൊണ്ട് എല്ലാ മതങ്ങളെയും ഉൾക്കൊണ്ട് പോകുന്ന മേഖല, അതാണ് സൂഫീ ഇസ്‌ലാമിക് ബോർഡ്.’’
അല്ലാഹു പ്രവാചകൻﷺ മുഖേന പരിപൂർണമാക്കിത്തന്ന മതത്തെയാണ് ഇവർ നിഷേധിക്കുന്നത്. ഇവർ സൂഫികളാണ്, മുസ്‌ലിംകളല്ല എന്ന വസ്തുത ഇവർതന്നെ വ്യക്തമാക്കിയത് നന്നായി.
അല്ലാഹു പറയുന്നു: “ഇസ്‌ലാം അല്ലാത്തതിനെ ആരെങ്കിലും മതമായി ആഗ്രഹിക്കുന്ന പക്ഷം അത് അവനിൽനിന്ന് ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല. പരലോകത്തിൽ അവൻ നഷ്ടക്കാരിൽ പെട്ടവനുമായിരിക്കും’’ (3:85).
പ്രവാചകന്റെ മഹനീയ ജീവിതത്തെ അപഹസിക്കുന്നതാണ് ഇവരുടെ വിശദീകരണങ്ങൾ: “നബി ﷺയുടെ പ്രവൃത്തി ത്വരീഖത്തും വാക്ക് ശരീഅത്തും അവസ്ഥ ഹഖീഖത്തും രഹസ്യങ്ങൾ മഅ്‌രിഫത്തും എന്നതാണ് അവരുടെ വിശ്വാസം.’’
ശരീഅത്ത് അനുധാവനം ചെയ്ത് നേർമാർഗം ഭദ്രമാക്കുക എന്നതിനെ അല്ലാഹുവിലേക്ക് ലയിച്ച് ചേരുകയാക്കി മാറ്റുകയാണിവർ. ഇപ്രകാരമൊരു തത്ത്വം ഇസ്‌ലാം പഠിപ്പിച്ചിട്ടില്ല.
അല്ലാഹു പറയുന്നു: “വിശ്വാസത്തിന് ശേഷം അവിശ്വാസം സ്വീകരിച്ച ഒരു ജനതയെ അല്ലാഹു എങ്ങനെ നേർവഴിയിലാക്കും? അവരാകട്ടെ (അല്ലാഹുവിന്റെ) ദൂതൻ സത്യവാനാണെന്ന് സാക്ഷ്യം വഹിച്ചിട്ടുണ്ട്.. അവർക്ക് വ്യക്തമായ തെളിവുകൾ വന്നുകിട്ടിയിട്ടുമുണ്ട്.. അക്രമികളായ ആ ജനവിഭാഗത്തെ അല്ലാഹു നേർവഴിയിലാക്കുന്നതല്ല’’ (3:86).

സമസ്തക്ക് ഇതിൽ നിന്ന് തലയൂരാനാകുമോ?
പുരോഹിതന്മാർ തേച്ചുമിനുക്കി സൂക്ഷിക്കുന്ന ആത്മീയ തട്ടിപ്പ് ആശയങ്ങൾകൊണ്ട് ജനങ്ങൾ കൂടുതൽ കുടുങ്ങുമ്പോൾ അവർ കൈ മലർത്തുകയും തല മണ്ണിൽ പൂഴ്ത്താൻ നോക്കുകയും ചെയ്യുന്നത് പതിവ് പണിയായി മാറിയിട്ടുണ്ട്. കാവി സൂഫികളുടെ പത്രസമ്മേളനം നടന്നതിന്റെ പിന്നാലെ കാന്തപുരമടക്കം പല മുസ്‌ലിയാക്കന്മാരുടെയും ‘ഊരി ഒഴിയൽ’ കാണാനിടയായി. സംഘടനാനാമം മറ്റൊന്നായി എന്നതൊഴിവാക്കിയാലും അവരുമായുള്ള ആദർശ പൊരുത്തം പ്രധാനമല്ലേ?
‘മതരഹിത സൂഫിസം: നഞ്ഞിന്റെ വീഞ്ഞ്’എന്ന തലക്കെട്ടിൽ സുപ്രഭാതത്തിൽ വന്നൊരു പ്രതികരണത്തിലൂടെ ഇക്കൂട്ടർ തങ്ങളുമായി ബന്ധമില്ലാത്ത ഏതോ ഒരു വിഭാഗമാണെന്ന നിലയ്ക്ക് തള്ളിപ്പറയാൻ നോക്കുമ്പോഴും സൂഫി പാരമ്പര്യത്തെ തന്നെയാണ് ലേഖകനും മതമായി കാണുന്നത്!
“വാസ്തവത്തിൽ, പ്രാദേശിക സംസ്‌കാരം, മനുഷ്യമൈത്രി, ദീർഘകാല പരിഗണനകൾ, തുടങ്ങിയ ഘടകങ്ങൾ ഉൾച്ചേർന്ന ഇസ്‌ലാമിന്റെ യഥാർത്ഥ മുഖം പാരമ്പര്യ സൂഫി-മദ്ഹബ് ധാരയാണ്’’ (സുപ്രഭാതം /2025 നവംമ്പർ 14 വെള്ളി/പേജ് 6).
അദ്വൈതവാദം ഇവരിലൂടെ വരുന്നതിനാൽ ഇതൊരു പിഴച്ച ധാരയാണെന്ന് ലേഖകൻ ആക്ഷേപിക്കുന്നത് കാണുക: “അഹം ബ്രഹ്‌മാസ്മി അഥവാ അദ്വൈത സങ്കൽപ്പമാണ് ഇസ്‌ലാമെന്ന് അർഥമറിയാതെ കക്ഷികൾ തട്ടിവിടുന്നുണ്ട്’’ (പേജ് 6).
കാണുന്നതെല്ലാം അല്ലാഹുവാണെന്ന് പാടി നടന്ന ‘ഫഖീർ ബിരാൻ ഔലിയ’യുടെ ജാറം കെട്ടിപ്പിടിച്ച് കഴിയുന്ന സമസ്തക്കാർക്ക് സൂഫികളെ അദ്വൈതവാദത്തിന്റെ പേരിൽ കുറ്റപ്പെടുത്താൻ എന്തവകാശം? എല്ലാ വ്യാജ ത്വരീഖത്തുകളുടെയും അഭിപ്രായ വ്യത്യാസമില്ലാത്ത വിശ്വാസമല്ലേ ഇത്? ഇപ്പോഴും സമസ്തക്ക് ഇതിൽനിന്ന് മോചനമുണ്ടായിട്ടില്ല.
“സൂഫികൾ ആനന്ദം കണ്ടെത്തുന്നത് ഇലാഹീ പ്രണയത്തിലാണ്. അത് മൂലമുണ്ടാകുന്ന നേട്ടങ്ങളൊന്നും അവർ കാംക്ഷിക്കുന്നേയില്ല. അവരുടെ ഓരോ ചുവടും റബ്ബിന്റെ നൂറ് ദർശിക്കുന്നതു ലക്ഷ്യമിട്ടാണ്. തിരിച്ചൊന്നും ലഭിച്ചില്ലെങ്കിലും അവർക്കു പരാതിയില്ല’’ (സുന്നിവോയ്‌സ്/2025 ഒക്ടോബർ 16-31/പേജ് 30).
കാവിസൂഫികൾ വിളിച്ചു പറഞ്ഞ സൂഫി വിശ്വാസ മന്ത്രം ഒരു നൂറ്റാണ്ടോളമായി സമസ്ത ഇവിടെ പ്രചരിപ്പിച്ച് വരുന്നതല്ലേ! നിരവധി പ്രഭാഷണങ്ങളും ഗ്രന്ഥങ്ങളും ചർച്ചകളും ഇന്നും അവരുടെതായി അവശേഷിക്കുന്നുണ്ട്. ചില ഉദാഹരണങ്ങൾ കാണാം:
“വിജയ ലക്ഷ്യം നേടാൻ ഇസ്‌ലാം നിശ്ചയിച്ച സംവിധാനങ്ങളാണ് ശരീഅത്ത്, ത്വരീഖത്ത്, ഹഖീഖത്ത്. ഇവ പരസ്പര വിരുദ്ധങ്ങളായ സംജ്ഞകളല്ല. ശരീഅത്തിലൂടെ ബാഹ്യ ശുദ്ധീകരണം നടക്കുന്നു. ശേഷം ത്വരീഖത്തിലേക്ക്. ശരീഅത്തിന്റെയും ത്വരീഖത്തിന്റെയും സമ്മേളനമാണ് ഹഖീഖത്ത് കൊണ്ട് സാധിച്ചെടുക്കുന്നത്’’ (സുന്നിവോയ്‌സ്/2024 ഒക്ടോബർ 1-15/പേജ് 12).
“ശരീഅത്തിനെ ലക്ഷ്യസാക്ഷാത്കാരത്തിനു സഞ്ചരിക്കാനുള്ള കപ്പലായും ത്വരീഖത്തിനെ ലക്ഷ്യം അടങ്ങിയ സമുദ്രമായും ഹഖീഖത്തിനെ മുത്തായും പണ്ഡിതന്മാർ വിശദീകരിക്കുന്നു. മുത്ത് ലഭിക്കാൻ കപ്പലിൽ കയറി ത്വരീഖത്താക്കുന്ന സമുദ്രത്തിലൂടെ യാത്ര ചെയ്ത് സമുദ്രത്തിന്റെ ആഴിയിൽ മുങ്ങിയേ പറ്റൂ. ശരീഅത്ത്, ത്വരീഖത്ത്, ഹഖീഖത്ത് എന്നിവ മൂന്നും പരസ്പരം ബന്ധപ്പെട്ടവയാണെന്നു സാരം. അപ്പോൾ ആദ്യമായി ശരീഅത്തും പിന്നെ ത്വരീഖത്തും ശേഷം ഹഖീഖത്തുമുണ്ടാവുന്നു. ഈ ക്രമം തെറ്റിച്ചവർക്ക് മുത്ത് കരസ്ഥമാക്കാൻ സാധ്യമല്ല’’ (സുന്നിവോയ്‌സ്/2025 ജൂൺ 16- 30/പേജ് 7).
സമസ്തയുടെ മേൽനോട്ടത്തിലുള്ള ജാറങ്ങളോടും മക്വ‌്‌ബറകളോടും ബന്ധിതമായി ഇതെല്ലാം നടന്നുകൊണ്ടിരിക്കെ അതിനെ വിമർശിക്കുന്നതിൽ എന്ത് അർഥമാണുള്ളത്? ശിയാക്കളിൽനിന്ന് സമസ്തക്കാർ കൈപ്പറ്റിയ നബി ﷺ, അലി(റ), ഹസൻ(റ), ഹുസൈൻ(റ), ഫാത്വിമ(റ) എന്നവരുടെ പേര് പതിപ്പിച്ച ‘പഞ്ച ദൈവ മുദ്ര’യായ ‘കൈപ്പത്തി’ തന്നെയാണ് ഇവരുടെയും ചിഹ്നം. സൂഫികൾ എല്ലാറ്റിനെയും ഉൾക്കൊണ്ട് പോകുന്നവരാണെന്ന ചിന്താഗതിയും ഇവർ അംഗീകരിച്ചിട്ടുണ്ട്.
“വൈവിധ്യങ്ങളെ വസ്തുതയായി അംഗീകരിച്ചുകൊണ്ടുതന്നെ മാനുഷികമായ സഹവർത്തിത്വം എല്ലാവരോടും വെച്ചുപുലർത്തുന്ന സമീപനമാണ് എക്കാലത്തും സൂഫിവര്യന്മാർ സ്വീകരിച്ചത്. ഇസ്‌ലാമിന്റെ ആത്മാവ് തൊട്ടറിഞ്ഞ ജീവിതം നയിച്ചതുകൊണ്ടാണ് അവർക്കതിനു സാധിക്കുന്നത്’’ (സുന്നിവോയ്‌സ്/2025 ഒക്ടോബർ 1 -15/പേജ് 18).
മമ്പുറമടക്കം പല ജാറങ്ങളിലും മതമൈത്രി പറഞ്ഞ് ഉറൂസുകളും നേർച്ചകളുമൊക്കെ സാമ്പാറിന് സമമാക്കിയത് ഇതുകൊണ്ടാകാം. കാവി സൂഫിസം ഉയർന്ന് വരുന്നതിലൂടെ സമൂഹം അന്ധവിശ്വാസങ്ങളിൽ തളച്ചിടപ്പെടുക മാത്രമല്ല മതനിഷ്ഠ കുറഞ്ഞവരായി മാറുന്നു എന്നതിൽ സമസ്തയുടെ ‘കൈ’ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നത് അനിഷേധ്യമാണ്.

